Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന ഉത്തരവ് ബാധകം സാധാരണക്കാർക്ക് മാത്രമോ? തിരുവനന്തപുരം കോർപറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിങ് ഉദ്ഘാടനത്തിൽ പങ്കെടുത്തത് മുഴുവൻ ജീവനക്കാരും; കോർപറേഷനിൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 12 ജീവനക്കാർക്കും ഏഴ് കൗൺസിലർമാർക്കും; ഇരുപതോളം കൗൺസിലർമാർ നിരീക്ഷണത്തിലും; ആർക്കൊക്കെ രോഗമെന്ന് ആർക്കും ഒരുതിട്ടവുമില്ല; ഇങ്ങനെ പോയാൽ എങ്ങനെയെന്ന് ആരോഗ്യവകുപ്പും; നിരോധനാജ്ഞയ്ക്ക് കോർപറേഷനിൽ പുല്ലുവില

അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന ഉത്തരവ് ബാധകം സാധാരണക്കാർക്ക് മാത്രമോ? തിരുവനന്തപുരം കോർപറേഷന്റെ മൾട്ടിലെവൽ കാർ പാർക്കിങ് ഉദ്ഘാടനത്തിൽ പങ്കെടുത്തത് മുഴുവൻ ജീവനക്കാരും; കോർപറേഷനിൽ കോവിഡ് റിപ്പോർട്ട് ചെയ്തത് 12 ജീവനക്കാർക്കും ഏഴ് കൗൺസിലർമാർക്കും; ഇരുപതോളം കൗൺസിലർമാർ നിരീക്ഷണത്തിലും; ആർക്കൊക്കെ രോഗമെന്ന് ആർക്കും ഒരുതിട്ടവുമില്ല; ഇങ്ങനെ പോയാൽ എങ്ങനെയെന്ന് ആരോഗ്യവകുപ്പും; നിരോധനാജ്ഞയ്ക്ക് കോർപറേഷനിൽ പുല്ലുവില

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ കോവിഡ് ആശങ്കകൾ ശക്തമാകുന്നു. നിലവിൽ പന്ത്രണ്ടു ജീവനക്കാർക്കും ഏഴു കൗൺസിലർമാർക്കും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുപതിലധികം കൗൺസിലർമാർ നിരീക്ഷണത്തിലുമാണ്. ഇവരുമായി അടുത്ത് ഇടപഴകിയ ജീവനക്കാരും കൗൺസിലർമാരുമായി പ്രൈമറി കോൺടാക്ടിൽപ്പെടുന്ന പലരും ക്വാറന്റൈനിൽ പോയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ജീവനക്കാർ കോർപറേഷനിൽ പതിവ് പോലെ ജോലിക്ക് എത്തുമ്പോൾ കൗൺസിലർമാർ പൊതുരംഗത്ത് സജീവവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നും കോർപറേഷനിൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് യുദ്ധത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന കോർപറേഷനിൽ കോവിഡ് പടരുന്നത് ആരോഗ്യവകുപ്പിനും ആശങ്ക ഉയർത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന് നേരിട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അല്ല തലസ്ഥാനത്ത് നിലനിൽക്കുന്നത്. അതാത് ഡിപ്പാർട്ട്‌മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവരാണ് ആരൊക്കെ ക്വാറന്റൈനിൽ പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്. ആരോഗ്യവകുപ്പ് നേരിട്ട് ഒരു നിർദ്ദേശവും നൽകുന്നില്ല വേണ്ട നിർദ്ദേശങ്ങൾ മുൻകൂറായി കൈമാറിയിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. കോർപറേഷനിലെ സ്ഥിതി ആശങ്കാജനകമാണ് എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

പ്രധാനമന്ത്രി ആവാസ് യോജനയുടെ എഗ്രിമെന്റ് വയ്ക്കുന്ന സമയമാണിത്. ഒരുപാട് പേർ വിവരങ്ങൾ തിരക്കി കോർപറേഷൻ ഓഫീസിൽ എത്തുന്നു. ആനുകൂല്യങ്ങളുടെ രേഖകളുമായി പല ആളുകളും വരുന്നു. ഏതൊക്കെ സെക്ഷനിൽ പ്രവേശനമില്ല എന്ന കാര്യം കോർപറേഷൻ അധികൃതർ അനൗൺസ് ചെയ്തിട്ടില്ല. ആളുകൾ നിരന്തരം എത്തുന്നുണ്ട്. കോർപറേഷനിൽ എത്തുന്നവരെ ആളുകൾക്ക് അറിയില്ല. പോകേണ്ട സെക്ഷനിലേക്ക് പ്രവേശനമുണ്ടോ എന്ന കാര്യം. അവിടെയെത്തി പലരും നിരാശരായി മടങ്ങുന്നു. ഈ രീതിയിൽ ഒട്ടുവളരെ ആളുകൾ നിത്യേന കോർപറേഷൻ ഓഫീസിൽ എത്തുന്നുമുണ്ട്.

കോർപറേഷനിൽ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. ഡപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷന്മാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കെ തന്നെയാണ് ഇന്നലെ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത മൾട്ടിലെവൽ കാർ പാർക്കിംഗിന് ജീവനക്കാരെ മുഴുവൻ ഇരുത്തിയത്. കോവിഡ് ആയതിനാൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതു ഒഴിവാക്കാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് കോർപറേഷനിൽ ഉദ്ഘാടന മഹാമഹം നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പരമാവധി ഫലകങ്ങളിൽ ഭരരണകക്ഷി നേതാക്കളുടെ പേര് പതിപ്പിക്കാനാണ് ഉദ്ഘാടന മാമാങ്കം എന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ ആരോപണം. ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്നു യുഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാരണം ഉദ്ഘാടന പരിപാടികൾ ഒന്നും കോർപറേഷനിൽ മാറ്റിവയ്ക്കുന്നുമില്ല.

തിരുവനന്തപുരം കോർപറേഷനിൽ ആർക്കൊക്കെ കോവിഡ് ഉണ്ടെന്നോ ആരൊക്കെ ക്വാറന്റൈനിൽ തുടരുന്നു എന്ന കാര്യങ്ങളോ വെളിയിൽ വരുന്നില്ല. വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ ബാബുവിന് രണ്ടാം തവണയാണ് കോവിഡ് വന്നിരിക്കുന്നത്. കൂട്ടായ്മയോ ചർച്ചയോ കൂടാതെയാണ് കോർപറേഷനിൽ കാര്യങ്ങൾ നടക്കുന്നത്. മുൻനിരയിൽ നിന്നാണ് കോർപറേഷൻ കോവിഡ് യുദ്ധം നയിക്കുന്നത്. അതുകൊണ്ട് തന്നെ കോർപറേഷനെ കോവിഡ് വിഴുങ്ങുമോ എന്ന ആശങ്ക ശക്തമാവുകയാണ്.

ഈ സമയത്ത് കോർപറേഷനിൽ ഏകാധിപത്യപരമായാണ് കാര്യങ്ങൾ നടക്കുന്നത് എന്നാണ് കൗൺസിലർമാർ ഉയർത്തുന്ന ആരോപണം. ഭരണപക്ഷി കൗൺസിലർമാർക്കും കോർപറെഷനിലെ കോവിഡ് പ്രവർത്തനങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കോവിഡിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ല. കോവിഡ് പ്രശ്‌നത്തിൽ കോർപറേഷന്റെ അകത്ത് എന്ത് നടക്കുന്നു എന്ന കാര്യം പുറത്ത് എത്തുന്നുമില്ല. കൗൺസിലർമാർ വരെ മാധ്യമങ്ങൾ വഴിയാണ് കാര്യങ്ങൾ അറിയുന്നത്. കോവിഡ് പോലെ ഒരു മഹാമാരി തിരിനീട്ടുകയും അത് നഗരത്തെ കീഴടക്കുകയും ചെയ്യുന്ന അവസ്ഥയിൽ കോർപറേഷൻ അധികാരികളുടെ സമീപനം ആശങ്കയുണർത്തുന്നു എന്നാണ് കൗൺസിലർമാർ മറുനാടനോട് പറഞ്ഞത്. സർവകക്ഷി യോഗം വിളിക്കണം. അല്ലെങ്കിൽ പ്രതിപക്ഷ പാർട്ടികളെ വേറെ വേറെ ചർച്ചയ്ക്ക് വിളിക്കണം. പ്രതിപക്ഷവുമായി ആലോചിച്ച് കോവിഡ് കാര്യങ്ങൾ ചെയ്യണം. പ്രതിപക്ഷം പലപ്പോഴും കാര്യങ്ങൾ അറിയുന്നില്ല. ആശങ്കാകുലമായി കോവിഡ് മരിയ സാഹചര്യത്തിൽ ഈ സ്ഥിതി മാറണം. കോർപറേഷനിലെ ബിജെപി ഡെപ്യൂട്ടി നേതാവ് ഗിരികുമാർ മറുനാടനോട് പറഞ്ഞു.

കോർപറേഷനിലെ ഹെൽത്ത് ഓഫീസറും കക്ഷി നേതാക്കളും ഒരുമിച്ച് ഇരുന്നാൽ പല കാര്യങ്ങളും പരിഹരിക്കാൻ കഴിയും എന്നാണ് കൗൺസിലർമാർ പറയുന്നത്. പക്ഷെ ഈ ഒരു കൂട്ടായ്മ കോർപറേഷനിലില്ല. അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിയാത്ത ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒക്ടോബർ 30 വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ നഗരസഭ ഓഫീസിൽ വരേണ്ടെന്ന് കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.

കോവിഡ് പോസിറ്റീവ് ആയവർ ചികിത്സയിലും പ്രൈമറി കോൺടാക്റ്റ് ആയവരെ ക്വാറന്റൈനിൽ വിട്ടിട്ടുണ്ട് എന്നാണ് മേയർ കെ.ശ്രീകുമാറിന്റെ ഓഫീസ് മറുനാടനോട് പറഞ്ഞത്. കോവിഡ് ലക്ഷണങ്ങൾ തോന്നുന്നവർക്ക് എല്ലാം ആന്റിജൻ ടെസ്റ്റ് നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് മേയറുടെ ഓഫീസ് പ്രതികരിച്ചത്. കോർപറേഷനിലെ സ്ഥിതിയിൽ ആശങ്കയില്ലെന്നാണ് -കോർപ്പറേഷൻ സെക്രട്ടറി ബിനി കെ.യു.മറുനാടനോട് പറഞ്ഞത്. കോവിഡ് പോസിറ്റീവ് ആയവർ ചികിത്സയിലാണ്. പക്ഷെ ഇവരുമായി ആരൊക്കെ പ്രൈമറി കോൺടാക്റ്റ് നടത്തി എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. വലിയ ഓഫീസാണ്. വിപുലമായ പ്രവർത്തനവുമാണ്. അതുകൊണ്ട് തന്നെ പ്രൈമറി കോൺടാക്റ്റ് കണ്ടുപിടിക്കാൻ പ്രയാസമാണ്. അതിനാൽ പ്രൈമറി കോൺടാക്റ്റ് ആയവർ ആരൊക്കെഎന്ന് തിരക്കി അവരോടു ക്വാറന്റിനിൽ പോകാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. ക്വാറന്റൈൻ കഴിഞ്ഞു വരുന്നവരെ അവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ആന്റിജൻ ടെസ്റ്റിനു നിർദ്ദേശിച്ചിട്ടില്ല- ബിനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP