Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ പ്രീമിയർ ലീഗ് സ്ട്രൈക്കർ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിൽ

മുൻ പ്രീമിയർ ലീഗ് സ്ട്രൈക്കർ ഗാരി ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിൽ

സ്വന്തം ലേഖകൻ

കൊച്ചി: ആരാധകരുടെ ആകാംക്ഷകൾക്കിടയിൽ മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ഗാരി ഹൂപ്പറുമായുള്ള കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കർ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുന്ന കാര്യം സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇംഗ്ലണ്ടിലെ ഹാർലോയിൽ നിന്നുള്ള 32കാരനായ ഗാരി ഹൂപ്പർ, ഏഴാം വയസിൽ തന്നെ ടോട്ടനം ഹോട്സ്പർ അക്കാദമിയിൽ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു. ലില്ലി വൈറ്റ്സിലെ ഏഴുവർഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്ലറ്റിക്കിൽ ചേർന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയർ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോൺഫറൻസ് സൗത്തിലേക്ക് (നാഷണൽ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തെൻഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ താരം നേടി. സൗത്തെൻഡിലെ രണ്ടുവർഷം തുടർന്നുള്ള സീസണുകളിൽ രണ്ടു വിജയകരമായ വായ്പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളുമായി ഹെർഫോർഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വൺ ക്ലബ്ബായ സ്‌കന്തോർപ് യുണൈറ്റഡിൽ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

സ്‌കന്തോർപിലെ മികച്ച ഫോം 2010ൽ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പന്മാരായ സെൽറ്റിക്കിൽ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണിൽ തന്നെ സെൽറ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പർ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടർന്നുള്ള രണ്ടു സീസണുകളിൽ തുടർച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളിൽ 31 ഗോൾ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസൺ പ്രകടനം ഡബിൾ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.

അടുത്ത സീസണിൽ നോർവിച്ച് സിറ്റി എഫ്സിയുമായി കരാർ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറർ ആയാണ് ഹൂപ്പർ നോർവിച്ചിനൊപ്പം ആദ്യവർഷം പൂർത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്‌ത്തപ്പെട്ടു. എന്നാൽ ഹൂപ്പറിന്റെ ക്ലിനിക്കിൽ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടൻ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു.

കളത്തിൽ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്റ്റേഴ്സിനായി മികച്ച ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ഗോളടി മികവിൽ ആരാധകർ ഉടനെ തന്നെ താരവുമായി ഇഷ്ടത്തിലാവും. അത്തരം കഴിവുള്ള ഒരു കളിക്കാരൻ ടീമിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന സീസണിൽ താരത്തോടൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

2015-16 സീസണിൽ വായ്പയിലൂടെ ഷെഫീൽഡിലേക്ക് മാറിയ ഹൂപ്പർ തുടർന്നുള്ള മൂന്നു വർഷം ടീമിനായി കഠിനാധ്വാനം ചെയ്തു. ഓസ്ട്രേലിയൻ ലീഗിലെ വെല്ലിങ്ടൺ ഫിയോണിക്സിനൊപ്പം കളിച്ച ഒരേയൊരു സീസണിൽ തന്നെ എട്ട് തവണയാണ് ഹൂപ്പർ സ്‌കോർ ചെയ്തത്. ഇത് ടീമിനെ ലീഗിൽ മൂന്നാം സ്ഥാനെത്തെത്തിച്ചു. യുവാക്കളും ഊർജസ്വലരും ചേർന്ന കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലാണ് ഹൂപ്പർ ചേരുന്നത്. താരത്തിന്റെ അനുഭവസമ്പത്തും ഫുട്ബോൾ വൈദഗ്ധ്യവും യുവ ടീമിനെ വരാനിരിക്കുന്ന സീസണിൽ ശക്തമായി മുന്നേറാൻ സഹായിക്കും.

എന്റെ കളി ജീവിതത്തിലെ അടുത്ത അധ്യായം കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണെന്നും അതിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും ഗാരി ഹൂപ്പർ പറഞ്ഞു. തന്റെ പരിചയ സമ്പത്ത് ടീമിനെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടീമിന് വേണ്ടി നിർണായ ഗോളുകൾ നേടാനും വെല്ലുവിളികൾ അതിജീവിക്കാനും ഐഎസ്എൽ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സഹതാരങ്ങളെ കണ്ടുമുട്ടാനും പുതിയ സീസണിനായി പരിശീലനം ആരംഭിക്കാനുമുള്ള ആകാംക്ഷയിലാണ് ഞാൻ-ഗോവയിൽ പ്രീ സീസണിനായി ഉടൻ ടീമിനൊപ്പം ചേരുന്ന ഗാരി ഹൂപ്പർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP