Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്...' എന്ന് യാചിച്ചിട്ടും അക്രമികൾ കുത്തിക്കൊന്ന കായംകുളത്തെ സിയാദ്; തിരുവോണത്തലേന്ന് വെഞ്ഞാറമൂട്ടിൽ വെട്ടിവീഴ്‌ത്തപ്പെട്ട ഹഖും മിഥിലാജും; ഇപ്പോൾ തൃശൂരിൽ കൊല്ലപ്പെട്ടത് ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന സനൂപ്; കേരളത്തിൽ 45 ദിവസത്തിനുള്ളിൽ ജീവൻ പൊലിഞ്ഞത് നാല് സിപിമ്മുകാർക്ക്; പെരിയയിൽ കൈ പൊള്ളിയ സിപിഎം ആയുധം താഴെവെച്ചിട്ടും ചോരക്കളി അവസാനിക്കുന്നില്ല

'എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്...' എന്ന് യാചിച്ചിട്ടും അക്രമികൾ കുത്തിക്കൊന്ന കായംകുളത്തെ സിയാദ്; തിരുവോണത്തലേന്ന് വെഞ്ഞാറമൂട്ടിൽ വെട്ടിവീഴ്‌ത്തപ്പെട്ട ഹഖും മിഥിലാജും; ഇപ്പോൾ തൃശൂരിൽ കൊല്ലപ്പെട്ടത് ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന സനൂപ്; കേരളത്തിൽ 45 ദിവസത്തിനുള്ളിൽ ജീവൻ പൊലിഞ്ഞത് നാല് സിപിമ്മുകാർക്ക്; പെരിയയിൽ കൈ പൊള്ളിയ സിപിഎം ആയുധം താഴെവെച്ചിട്ടും ചോരക്കളി അവസാനിക്കുന്നില്ല

എം റിജു

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കുശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത ഒരു വർഷമാണ്, ഉത്തര മലബാറിൽ കടന്നുപോയത്. കൃപേഷ്, ശരത്ലാൽ എന്ന രണ്ട് ചെറുപ്പക്കാരെ അരിഞ്ഞു തള്ളിയതിന് സിപിഎം കൊടുക്കേണ്ടി വന്ന രാഷ്ട്രീയ വിലയും വലുതായിരുന്നു. തങ്ങളുടെ കുത്തക സീറ്റായ കാസർഗോഡ് പാർലിമെന്റ് മണ്ഡലം നഷ്ടപ്പെടുന്നതിന് കാരണങ്ങളിൽ ഒന്ന് ഈ കൊലയെ തുടർന്നുണ്ടായ ജനരോഷമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടി അണികൾ പരമാവധി സംയമനം പാലിക്കണമെന്നും ഇത്തരം പ്രശ്നങ്ങളിലേക്ക് പോകരുതെന്നും ഉൾപ്പാർട്ടി തലത്തിൽ കർശന നിർദ്ദേശം നേതാക്കൾ നൽകിയിരുന്നു.

സിപിഎം കത്തി തഴെവെക്കുന്നുവെന്ന രീതിയിലാണ്, ഇന്ത്യൻ എക്സപ്രസ് അടക്കമുള്ള പത്രങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ഹൃദയഭൂമികയായ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാത്ത ഒരു വർഷം കടന്നുപോയി എന്നതും പ്രശംസാർഹമാണ്. അക്രമരാഷ്ട്രീയത്തിന്റെ പേരിൽ എക്കാലവും പഴികേട്ട പാർട്ടിയാണ് സിപിഎം.

ഇപ്പോൾ സിപിഎം സംയമനത്തിന്റെ പാതയിലേക്ക് വന്നപ്പോൾ മറ്റ് പാർട്ടികൾക്ക് അതേ രീതിയിൽ മാറാൻ കഴിയുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം കഴിഞ്ഞ 45 ദിവസത്തിനിടെ നാല് സിപിഎം പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. മിക്കതിലും കോൺഗ്രസും ആർഎസ്എസും ആരോപിതരാണ്. പൂർണ്ണമായും രാഷ്ട്രീയമല്ല, പ്രാദേശിക പ്രശ്നങ്ങളും ഈ കൊലപാതകങ്ങൾക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷേ അക്രമരാഷ്ട്രീയത്തെ അതേ അളവിൽ തള്ളിപ്പറയാനും പ്രാദേശിക സംഘർഷങ്ങൾക്ക് സംരക്ഷണം കൊടുക്കാതിരിക്കാനും മറ്റു പാർട്ടികളും ശക്തമായി ശ്രദ്ധിക്കേണ്ടതുണ്ട്.

45 ദിവസത്തിനുള്ളിൽ നാല് കൊലകൾ

ഓഗസ്ത് 19ന് കായംകുളത്ത് സിയാദ് എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നത് വൻ വിവാദമാമിരുന്നു. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ് അക്രമികൾ വെട്ടിവീഴ്‌ത്തിയത്.'എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..' കുത്തേറ്റ് റോഡിൽ കിടന്ന് യാചിച്ചിട്ടും അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർ‌സ്റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക് കാല് അടിച്ചൊടിച്ചു.കോൺഗ്രസ് പ്രവർത്തകർ ആണ് കേസിൽ ആരോപിതർ ആയത്. പക്ഷേ കേസിൽ രാഷ്ട്രീയമില്ലെന്ന് മന്ത്രി ജി സുധാകരൻ അടക്കമുള്ളവർ പിന്നീട് പറഞ്ഞിരുന്നു. എന്നാലും പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതും സംരക്ഷണം കൊടുക്കുന്നത് കോൺഗ്രസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.

ഓഗസ്ത് 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും ചിലർ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ കേസിലും കോൺഗ്രസുകാർ ആരോപിതരായി. കോൺഗ്രസ് തിരിച്ചും ആരോപണം ഉയർത്തി. പ്രതികൾക്ക് എംപി അടൂർ പ്രകാശുമായുള്ള ബന്ധമടുമെന്നും ആരോപണം ഉയർന്നു. എന്നാൽ അടൂർ പ്രകാശ് ഇത് നിഷേധിക്കയാണ്. എന്നാൽ എത്ര നിഷേധിച്ചാലും, പ്രദേശികകാരണങ്ങൾ എന്തൊക്കെയുണ്ടായാലും രാഷട്രീയ ബന്ധം ഈ കൊലയിലും പ്രകടമാണ്.

സനൂപ് ഒരു നാടിന്റെ ഏറ്റവും പ്രിയപ്പെട്ടവൻ

ക്രൂരമായ കൊലപാതങ്ങൾ കണ്ട് തരിച്ച് നിൽക്കുമ്പോഴാണ് തൃശ്ശൂർ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ വഴിയിൽ കുത്തിക്കൊന്നത്. ബിജെപി ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ഈ സംഭവത്തിൽ ആരോപിതർ ആയത്. സിപി എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ് കൂലിപ്പണിക്കാരനാണ്.കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്എസ്, ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരാണ്. ്.സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഒരു നാടിന്റെ പ്രിയപ്പെട്ടവൻ ആയിരുന്നു സനൂപ്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട സനൂപിന് പുതുശ്ശേരി കോളനി തന്നെയായിരുന്നു വീട്. നാടിന് പ്രിയപ്പെട്ടവൻ, മരത്തംകോട് ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ 'സനതക്കുടു' എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. കോളനിയുടെയും നാടിന്റെയും എന്താവശ്യത്തിനും മുന്നിൽ നിൽക്കുന്ന സനൂപിന്റെ മരണം, ഒരു നാടിന് മുഴുവൻ വേദനയാണ് സമ്മാനിച്ചത്.

സനൂപ് ഇനി മനസുകളിൽ ആളിക്കത്തുന്ന അഗ്നിയാകുമെന്നായിരുന്നു ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം കുറിച്ചത്. ഒരു അനാഥന്റെ മടക്കയാത്ര, പക്ഷേ ആ യാത്ര നാടിനെയാകെ അനാഥമാക്കിയതായി തോന്നി. ആർത്തലച്ചു കരയാത്ത, ഒന്ന് വിതുമ്പാത്ത ഒരാളെയും കാണാൻ കഴിഞ്ഞില്ല. എത്രമേൽ സനൂപ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.കണ്ടു നിന്നവർക്ക് ആ ആത്മ ബന്ധത്തിന്റെ തീഷ്ണത മനസ്സിലാകും.വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു.

സനൂപ് ജീവിച്ചു തീർത്തത്, ഒരുപാട് അമ്മമാർക്ക് നടുവിലയിരുന്നു. ഒത്തിരി സഹോദര്യങ്ങൾക്ക് ചുറ്റുമായിരുന്നു. നടന്ന വഴികളിൽ ത്യാഗത്തിന്റെ പാദമുദ്രകൾ. ആർഎസ്എസി നെതിരായ ധീരത. വിശപ്പ് മാറ്റാനും, രക്തം നൽകാനും, ആക്രി പെറുക്കിയും അധ്വാനിച്ചും നാടിനെ ഊട്ടാനും,നടക്കുമ്പോൾ, നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ,അവന്റെ ധീരതയും ത്യാഗവും നന്മയും', എഎ റഹീം കുറിച്ചു.

ഇരുപതാം വയസിലാണ് അനൂപ് ബ്രാഞ്ച് സെക്രട്ടറിയാകുന്നത്. രണ്ടാം തവണയും സെക്രട്ടറി സ്ഥാനത്ത് തുടർന്നു. കോളനിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനും, പൊതിച്ചോറ് എത്തിക്കാനുമെല്ലാം മുൻകൈ എടുത്തത് സനൂപാണ്. സനൂപിന്റെ വിയോഗവാർത്തക്കിടയിലും, സനൂപ് പറഞ്ഞുറപ്പിച്ച് സമാഹരിച്ച പൊതിച്ചോറുകൾ മുടങ്ങാതെ വിതരണം ചെയ്യാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചത്.ടിപി വധക്കേസ് അടക്കമുള്ള ഒരുപാട് രാഷ്ട്രീയ കൊലപാതങ്ങൾ കണ്ടവരാണ് കേരളീയർ. പ്രാദേശിക സംഘർഷങ്ങൾ രാഷ്ട്രീയമായി മാറുന്ന അവസ്ഥയും നാം ഒരുപാട് കണ്ടതാണ്.

അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത സംയമനവും കൊലപാതകികളെ ഒറ്റപ്പെടുത്താനുമുള്ള നടപടികളാണ് ഓരോ രാഷ്ട്രീയ പാർട്ടിയും എടുക്കേണ്ടത്. രാഷ്ട്രീയ നിരീക്ഷകൻ എം പി ചെക്കുട്ടി ഇങ്ങനെ വിലയിരുത്തുന്നു. ' പെരിയ ഇരട്ടക്കൊലക്കുശേഷം ഏതാണ്ട് ആയുധം താഴെ വെച്ച അവസ്ഥയിലാണ് സിപിഎം. ആ രണ്ട് ചെറുപ്പക്കാരുടെ മരണം രാഷ്ട്രീയമായി അവർക്ക് അത്രയേറെ ദോഷം ചെയ്തിരുന്നു. പക്ഷേ ആ സംയമനം മറ്റ് പാർട്ടികളുടെ ഭാഗത്ത്നിന്ന് കാണുന്നില്ല. അക്രമികളെ ഒറ്റപ്പെടുത്താനുള്ള സമീപനമാണ് എല്ലാവരും സ്വകരിക്കേണ്ടത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP