Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളാടി- മേപ്പാടി പാതയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് 40 വർഷം മുമ്പ്; 1975ൽ സ്വർഗംകുന്ന് കയറി കാട്ടിലൂടെ യാത്ര ചെയ്തു ആർഇസി വിദ്യാർത്ഥികൾ; ആനക്കാംപൊയിൽ പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം അവതരിപ്പച്ച ആശയം 'ചുരംകയറാതെ വയനാട്ടിലെത്താം' എന്ന്; മനോരമയുടെ വാർത്തകൾ ചലനങ്ങൾ ഉണ്ടാക്കിയത് ഭരണതലത്തിലും; പ്രതിബന്ധങ്ങൾ ഏറെയെങ്കിലും ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാതയാകുമെന്ന് പ്രഖ്യാപനം ആകാംക്ഷയോടെ കണ്ട് നാട്ടുകാർ

കള്ളാടി- മേപ്പാടി പാതയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് 40 വർഷം മുമ്പ്; 1975ൽ സ്വർഗംകുന്ന് കയറി കാട്ടിലൂടെ യാത്ര ചെയ്തു ആർഇസി വിദ്യാർത്ഥികൾ; ആനക്കാംപൊയിൽ പള്ളി വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം അവതരിപ്പച്ച ആശയം 'ചുരംകയറാതെ വയനാട്ടിലെത്താം' എന്ന്; മനോരമയുടെ വാർത്തകൾ ചലനങ്ങൾ ഉണ്ടാക്കിയത് ഭരണതലത്തിലും; പ്രതിബന്ധങ്ങൾ ഏറെയെങ്കിലും ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാതയാകുമെന്ന് പ്രഖ്യാപനം ആകാംക്ഷയോടെ കണ്ട് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത എന്ന നിലയിലാണ് സംസ്ഥാന സർക്കാർ കള്ളാടി- മേപ്പാടി തുരങ്കപാതയെ കുറിച്ച് അവതരിപ്പിക്കുന്നത്. ശാസ്ത്രീയമായി പഠനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും പാതയുമായി മുന്നോട്ടു പോകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതേസമയം ആനക്കാപൊയിലിലെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം നാൽപ്പതു വർഷം മുമ്പു ഈ തുരങ്ക പാതയെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. 40 വർഷം മുൻപ് 6 ലക്ഷം രൂപ ഭരണാനുമതി നൽകി സർവേ നടത്തിയത് ഒഴിച്ചാൽ മറ്റു കാര്യങ്ങളൊന്നും ഈ പദ്ധതിയുമായി മുന്നോട്ടു പോയിട്ടില്ല.

പദ്ധതിയുടെ സർവേ ആദ്യഘട്ടത്തിൽത്തന്നെ നിലച്ചു. പിന്നീട് ഈ വർഷമാണ് സ്വർഗംകുന്ന് കള്ളാടി തുരങ്കപാതയടക്കമുള്ള റോഡിന് വീണ്ടും ഭരണാനുമതി ലഭിച്ചത്. ആനക്കാംപൊയിൽ പള്ളിയിലെ വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റമാണ് 'ചുരംകയറാതെ വയനാട്ടിലെത്താം' എന്ന തലക്കെട്ടോടെ ആനക്കാംപൊയിൽ സ്വർഗംകുന്ന് കള്ളാടി മേപ്പാടി പാതയെന്ന ആശയം 1975 സെപ്റ്റംബർ 15ന് മനോരമ പത്രത്തിൽ ആദ്യമായി അവതരിപ്പിച്ചത്.

ചുരം റോഡിനു ബദലായി ഏറെക്കാലമായി നാട്ടുകാർ ചർച്ച ചെയ്യാറുള്ള ഈ പാത യാഥാർഥ്യമായാൽ മറിപ്പുഴയിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ മേപ്പാടിയിലെത്താമെന്നു പറഞ്ഞിട്ടുണ്ട്. തുടർന്ന് ചാത്തമംഗലം റീജനൽ എൻജിനീയറിങ് കോളജിലെ (ആർഇസി) ആറു വിദ്യാർത്ഥികൾ കാട്ടിൽ ഇതേ വഴിയിലൂടെ യാത്ര ചെയ്ത് മേപ്പാടിയിലെത്തി. മനോരമയിലെ ഈ രണ്ടു വാർത്തകൾ വായിച്ച അന്നത്തെ മന്ത്രി കെ.പങ്കജാക്ഷൻ 1976 ഏപ്രിൽ 12ന് ഈ വഴിയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ പാതയ്ക്ക് സർക്കാർ 6 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി 1980 ഒക്ടോബർ 9ന് വാർത്ത വന്നു.

മേപ്പാടിയിൽനിന്ന് എംഎൽഎ പി.സിറിയക് ജോണും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കള്ളാടി, സ്വർഗംകുന്ന് വഴി ആനക്കാംപൊയിലിലേക്ക് കാട്ടിലൂടെ നടന്ന് സർവേ നടത്തിയതായി 1980 മെയ്‌ 11ന് വാർത്ത വന്നു. ആനക്കാംപൊയിൽ മേപ്പാടി ബദൽ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദകസംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വാർത്ത 1984 സെപ്റ്റംബർ12ന് മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ഹാഖ് കുരിക്കൾ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു നിവേദകസംഘം രൂപം കൊണ്ടത്.

ഫാ. ജേക്കബ് പുത്തൻപുരയായിരുന്നു റോഡ് കമ്മിറ്റി പ്രസിഡന്റ്. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.ചിദംബരൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.എ.മുഹമ്മദ് തുടങ്ങിയ അനേകം പേരാണ് അക്കാലത്ത് റോഡിനായി വിയർപ്പൊഴുക്കിയത്. പിൽക്കാലത്ത് ആക്ഷൻ കമ്മിറ്റി തിരുവമ്പാടിയിലും ആനക്കാംപൊയിലിലും പല തവണ യോഗം ചേർന്ന് നിവേദനങ്ങൾ നൽകിയിരുന്നു. ബദൽ റോഡിന്റെ പ്രാരംഭ സർവേ ആദ്യഘട്ടത്തിൽത്തന്നെ മുടങ്ങി. സർവേക്കായി 35,000 രൂപയാണ് അന്ന് അനുവദിച്ചത്.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് എക്‌സി. എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം 9 ദിവസം സർവേ നടത്തി. ഇത്രയും ദിവസത്തെ ചെലവുകൾ നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ചേർന്ന് കണ്ടെത്തുകയായിരുന്നു. ഇത്രയും ദിവസംകൊണ്ട് മൂന്നര കിലോമീറ്റർ പിന്നിട്ടുവെങ്കിലും സർവേ നിലച്ചു. സർവേക്ക് അനുവദിച്ച പണത്തിൽ ഒരു പൈസ പോലും എത്തിയിരുന്നില്ല. 35 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ആനക്കാംപൊയിൽ കള്ളാടി മേപ്പാടി പാതയുടെ സർവേ സജീവമായി തുടങ്ങുന്നത്. ജോർജ് എം.തോമസ് എംഎൽഎയുടെയും പിഡബ്ല്യുഡി എക്‌സി. എൻജിനീയർ വിനയരാജിന്റെയും നേതൃത്വത്തിൽ കൊങ്കൺ റെയിൽ കോർപറേഷൻ സംഘം മറിപ്പുഴയിലും കള്ളാടിയിലുമായി സർവേ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

ആർഇസി വിദ്യാർത്ഥിയായിരുന്ന ടി കെ അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ അക്കാലത്ത് നടത്തിയ യാത്ര വലിയ ശ്രദ്ദ നേടിയിരുന്നു. പിൽക്കാലത്ത് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റായി വിരമിച്ച വള്ളിയിൽ ഗോപിനാഥ്, ലാർസൺ ആൻഡ് ടൂബ്രോ അസി. ജനറൽ മാനേജരായി വിരമിച്ച കല്യാൺ റാം, പട്ടാളക്കാരനായി മാറിയ അശോക് കുമാർ, മോഹൻദാസ്, ബാലകൃഷ്ണൻ എന്നിവരാണ് ടി.കെ.അബ്ദുൽ ലത്തീഫിനൊപ്പം യാത്രയ്‌ക്കൊരുങ്ങിയത്. രാവിലെ എട്ടോടെ തിരുവമ്പാടിയിൽനിന്ന് ജീപ്പിലാണ് സംഘം ആനക്കാംപൊയിൽ പള്ളിയിലെത്തിയത്.

പക്ഷേ ഇവരെക്കണ്ട് ഫാ. അഗസ്റ്റിൻ ഞെട്ടി. കയ്യിൽ ഒന്നോ രണ്ടോ കത്തിയും രണ്ടു ടോർച്ചും ഒരു അഗ്ഫ ക്ലിക്ക് ത്രീ ക്യാമറയും പന്ത്രണ്ട് വാഴപ്പഴവുമായാണ് വിദ്യാർത്ഥികൾ കാടുകയറാൻ വന്നത്. ഫാ. അഗസ്റ്റിൻ നാട്ടുകാരനായ ജോസഫ് കുളങ്ങര, അദ്ദേഹത്തിന്റെ മകൻ കുളങ്ങര ജോർജ്, പൂളക്കുഴി ദിവാകരൻ എന്നിവരെ സഹായത്തിനായി ഏർപ്പാടാക്കി. എട്ടരയോടെ യാത്ര തുടങ്ങിയ സംഘം സ്വർഗംകുന്നിൽ അപ്പച്ചന്റെ പുല്ലുമേഞ്ഞ കുടിയിലാണ് എത്തിയത്. കപ്പയും മീനും കാപ്പിയുമായി അപ്പച്ചൻ വിദ്യാർത്ഥിസംഘത്തെ സ്വീകരിച്ചു. ഇവർക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞു നൽകി.

സ്വർഗംകുന്നിൽനിന്ന് അപകടം പിടിച്ച മലഞ്ചെരിവുകൾ കടന്ന് സംഘം വൈകിട്ട് അഞ്ചരയോടെ കള്ളാടിയിലെത്തി. എന്നാൽ കള്ളാടിയിൽനിന്ന മേപ്പാടിയിലേക്കുള്ള യാത്രയിൽ നക്‌സലൈറ്റുകളാണെന്നു സംശയിച്ച് ഇവരെ പൊലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു. അടിയന്തരാവസ്ഥ തുടങ്ങിയ കാലമാണ്. വിദ്യാർത്ഥികളാണെന്നറിഞ്ഞ് വിട്ടയച്ച ഇവർ മേപ്പാടിയിൽ താമസിച്ച് പിറ്റേ ദിവസമാണ് കോളജിൽ തിരിച്ചെത്തിയത്. രണ്ടു ദിവസം കഴിഞ്ഞ് നിർദിഷ്ട പാതയെക്കുറിച്ച് മനോരമ പത്രത്തിൽ വിശദമായ ഒരു പഠനറിപ്പോർട്ടും പ്രസിദ്ധീകരിച്ചു. ഈ വാർത്തകൾ ശ്രദ്ധയിൽപെട്ടാണ് ആനക്കാംപൊയിൽ മേപ്പാടി പാതയ്ക്ക് അന്നത്തെ സർക്കാർ ഭരണാനുമതി നൽകിയത്.
കടപ്പാട്:മനോരമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP