Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുറ്റുപാടും താമസിക്കുന്നത് ഠാക്കൂർ സമുദായക്കാർ; ദേശീയ നേതാക്കൾ എത്തിയതോടെ കുടുംബത്തെ ഒറ്റപ്പെടുത്തി നിരന്തരം ഭീഷണികളുമായി സവർണ സമുദായംഗങ്ങൾ; വീടു സന്ദർശിക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിയും ഒരുകൂട്ടം ഠാക്കൂർ സമുദായത്തിലെ യുവാക്കൾ; 'ഠാക്കൂറുകൾ ജനിക്കുന്നതുതന്നെ തിരിച്ചടിക്കുന്നതിനാണ്; പുറത്തുവരൂ, നിങ്ങളുടെ വല്യേട്ടന്മാർ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്' എന്ന പരസ്യ ഭീഷണി പൊലീസുകാർ മുന്നിൽ നിൽക്കേ

ചുറ്റുപാടും താമസിക്കുന്നത് ഠാക്കൂർ സമുദായക്കാർ; ദേശീയ നേതാക്കൾ എത്തിയതോടെ കുടുംബത്തെ ഒറ്റപ്പെടുത്തി നിരന്തരം ഭീഷണികളുമായി സവർണ സമുദായംഗങ്ങൾ; വീടു സന്ദർശിക്കാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിയും ഒരുകൂട്ടം ഠാക്കൂർ സമുദായത്തിലെ യുവാക്കൾ; 'ഠാക്കൂറുകൾ ജനിക്കുന്നതുതന്നെ തിരിച്ചടിക്കുന്നതിനാണ്; പുറത്തുവരൂ, നിങ്ങളുടെ വല്യേട്ടന്മാർ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്' എന്ന പരസ്യ ഭീഷണി പൊലീസുകാർ മുന്നിൽ നിൽക്കേ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേസിലെ ഹാത്രാസിൽ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സംഘടിതമായി ഒറ്റപ്പെടുത്തുന്നു. ചുറ്റുമുള്ള ഠാക്കൂർ ഭവനങ്ങൾക്ക് നടുവിൽ ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്. പ്രതികൾ ഉൾപ്പെടുന്ന സവർണ സമുദായാംഗങ്ങളിൽ നിന്നും നിരന്തരം ഭീഷണികളാണ് കുടുംബം നേരിടുന്നത്. ബിജെപി മുൻ എംഎൽഎ രാജ്വീർ പെഹൽവാന്റെ നേതൃത്വത്തിൽ, പ്രതികൾക്കു വേണ്ടി പ്രത്യേക യോഗം നടന്നു. കുടുംബത്തിന്റെ സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിനു 15 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇന്നലെ ഹത്രസിലെത്തിയ എഎപി എംപി സഞ്ജയ് സിങ്ങിനു നേരെ മഷി കുടഞ്ഞു.

പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നാണ് ആഗ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ റിപ്പോർട്ട്. എന്നാൽ, ക്രൂരത നടന്ന് 11 ദിവസം കഴിഞ്ഞാണ് സാംപിൾ ശേഖരിച്ചതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ആദ്യം പരിശോധിച്ച അലിഗഡ് ജെഎൻഎംസി ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടന്നതായി രേഖപ്പെടുത്തിയിരുന്നു. ഹത്രസ് സംഭവത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് സർക്കാർ കുറ്റപ്പെടുത്തി. വംശീയ കലാപങ്ങൾ സൃഷ്ടിച്ചു സർക്കാരിനെ താറടിച്ചു കാണിക്കാനുള്ള നീക്കം സുരക്ഷാ ഏജൻസികൾ കണ്ടെത്തിയെന്നാണു സർക്കാരിന്റെ വിശദീകരണം. നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി നിശ്ശബ്ദ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. സിപിഎം, സിപിഐ സംഘം ഇന്നു ഹത്രസിലെത്തും. നോയിഡയിൽ പ്രതിഷേധിച്ച അഞ്ഞൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.

്അതിനിടെ ഹത്രസിൽ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി യുവതി കൊല്ലപ്പെട്ട കേസിലെ പ്രതികളെ അനുകൂലിച്ചും സംഭവസ്ഥലം സന്ദർശിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഭീഷണിപ്പെടുത്തിയും ഒരുകൂട്ടം യുവാക്കൾ. പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ സാന്നിധ്യത്തിലാണ് യുവാക്കളുടെ ഭീഷണി. ഞായറാഴ്ച, കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച ചന്ദ്രശേഖർ ആസാദിനും അനുയായികൾക്കുമെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനാണ് കേസ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഏകദേശം 500ഓളം ആളുകൾ പ്രതികൾക്ക് പിന്തുണ അറിയിക്കുന്നതാണുള്ളത്. എന്നാൽ ഇവർക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രതികൾക്ക് പിന്തുണയുമായി തുറന്ന യോഗങ്ങളാണ് നടക്കുന്നതെന്നും പെൺകുട്ടിയുടെ കുടുംബം സുരക്ഷിതരല്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. കുടുംബത്തിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാഷ്ട്രീയ സവർണ പരിഷത്ത്' എന്ന സംഘടനയാണ് പ്രതികൾക്ക് പിന്തുണയുമായി യോഗങ്ങൾ സംഘടിപ്പിക്കുന്നത്. അറസ്റ്റിലായ നാല് പേർക്കുമെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും സിബിഐ ഇതു പുറത്തുകൊണ്ടുവരുമെന്നും അവർ പറഞ്ഞു.

'നിങ്ങൾക്ക് സിബിഐയിൽ വിശ്വാസമില്ലേ? അദ്ദേഹം (ചന്ദ്രശേഖർ ആസാദ്) സിബിഐയെ വിശ്വസിക്കുന്നില്ല. രാഷ്ട്രീയം കളിക്കുന്നതിനാണ് ഇവിടെ വന്നത്. അദ്ദേഹത്തെ ഞങ്ങൾ ഒന്നു കാണും. അപ്പോൾ അദ്ദേഹത്തിന് സിബിഐയിൽ വിശ്വാസം വരും.' വിഡിയോയിൽ ഒരാൾ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സമീപത്ത് നിൽക്കുന്നതും കാണാം. 'ഠാക്കൂറുകൾ ജനിക്കുന്നതുതന്നെ തിരിച്ചടിക്കുന്നതിനാണ്. പുറത്തുവരൂ, നിങ്ങളുടെ വല്യേട്ടന്മാർ നിങ്ങളെ കാണാൻ കാത്തിരിക്കുകയാണ്.' ചന്ദ്രശേഖർ ആസാദിനോട് വിഡിയോയിൽ പറയുന്നു. അറസ്റ്റിലായ ഒരാൾക്ക് പെൺകുട്ടിയുടെ സഹോദരന്റെ അതേ പേരാണെന്നും യഥാർഥത്തിൽ സഹോദരനാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇപ്പോൾ പ്രതികളായവരെ കുടുക്കാനാണ് കുടുംബത്തിന്റെ ശ്രമമെന്നും വിഡിയോയിൽ ആരോപിക്കുന്നു.

അതേസമയം കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തങ്ങളെ കാണിക്കാതെ രാത്രി സംസ്‌കരിച്ചതിൽ പ്രതിഷേധവുമായി കുടുംബം. സംസ്‌കരിച്ചത് സഹോദരിയുടെ മൃതദേഹംതന്നെയാണെന്ന സ്ഥിരീകരണം ഔദ്യോഗികമായി ലഭിക്കാതെ അസ്ഥി ഒഴുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സഹോദരൻ പറഞ്ഞു. മൃതദേഹം ദഹിപ്പിച്ച സ്ഥലത്തുനിന്ന് സഹോദരൻ അസ്ഥികൾ ശേഖരിച്ചിരുന്നു. ''മനുഷ്യത്വംകൊണ്ടാണ് അതു ചെയ്തത്. അല്ലാതെ, ഞങ്ങൾക്കു നീതി ലഭിച്ചതുകൊണ്ടല്ല. ഈ അസ്ഥി അവളുടേതാണെന്ന് എന്താണ് ഉറപ്പ്'' -സഹോദരൻ ചോദിച്ചു.

അതിനിടെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ ദേശീയ വനിത കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് വിശദീകരണം തേടി. വിവേകമില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും അപലപിക്കുന്നതായും അധ്യക്ഷ രേഖ ശർമ പറഞ്ഞു. ഹത്രസ് സംഭവത്തെക്കുറിച്ചുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സത്യാമ ദുബെ ആണു കോടതിയെ സമീപിച്ചത്.

ഇതിനിടെ, ഹത്രസ്, ബൽറാംപുർ എന്നിവിടങ്ങളിൽ ദലിത് യുവതികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളിൽ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഇന്ത്യൻ ഓഫിസ് ആവശ്യപ്പെട്ടു. ഹത്രസിൽ ജാതി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അജ്ഞാതർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു കേസെടുത്തു. പ്രതിഷേധമുയർത്തിയവരെ ലക്ഷ്യമിട്ടാണു പൊലീസ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP