Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിത്തറയുണ്ടാക്കിയത് മാരാർ-രാമൻ പിള്ള-മുകുന്ദൻ-രാജഗോപാൽ കൂട്ടുകെട്ട്; ഇപ്പോൾ നടക്കുന്നത് നേതാക്കൾ തമ്മിലെ കുതികാൽ വെട്ട്; ദേശീയ ജനറൽ സെക്രട്ടറിയായി പരിഗണിച്ച മോദിയുടെ വിശ്വസ്തനെ മൂലയ്ക്കിരുത്താൻ ഉയർത്തിയത് സംഘടനയ്ക്ക് വേണ്ടത് മറ്റ് പാർട്ടികളിൽ നിന്നെത്തിയ നേതാക്കളെന്ന തന്ത്രം; ഓർഗനൈസറിന്റെ മുൻ പത്രാധിപരെ വെട്ടിയത് മറ്റൊരു കരുത്തനെ കേരളത്തിൽ നിന്ന് വളർത്താതിരിക്കാൻ; ബാലശങ്കറിനെ ഒഴിവാക്കിയതും പരിവാറിൽ ചർച്ച; ബിജെപി പുനഃസംഘടനയിൽ അതൃപ്തി തുടരുമ്പോൾ

അടിത്തറയുണ്ടാക്കിയത്  മാരാർ-രാമൻ പിള്ള-മുകുന്ദൻ-രാജഗോപാൽ കൂട്ടുകെട്ട്; ഇപ്പോൾ നടക്കുന്നത് നേതാക്കൾ തമ്മിലെ കുതികാൽ വെട്ട്; ദേശീയ ജനറൽ സെക്രട്ടറിയായി പരിഗണിച്ച മോദിയുടെ വിശ്വസ്തനെ മൂലയ്ക്കിരുത്താൻ ഉയർത്തിയത് സംഘടനയ്ക്ക് വേണ്ടത് മറ്റ് പാർട്ടികളിൽ നിന്നെത്തിയ നേതാക്കളെന്ന തന്ത്രം; ഓർഗനൈസറിന്റെ മുൻ പത്രാധിപരെ വെട്ടിയത് മറ്റൊരു കരുത്തനെ കേരളത്തിൽ നിന്ന് വളർത്താതിരിക്കാൻ; ബാലശങ്കറിനെ ഒഴിവാക്കിയതും പരിവാറിൽ ചർച്ച; ബിജെപി പുനഃസംഘടനയിൽ അതൃപ്തി തുടരുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആർ.ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടു പരിവാർ വൃത്തങ്ങളിൽ പുതിയ വിവാദം. ഇക്കുറി വന്ന ബിജെപി ദേശീയ ഭാരവാഹിപ്പട്ടികയിൽ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെട്ട ഒരു പേര് ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടിരുന്ന ബാലശങ്കറിന്റെതായിരുന്നു. ബാലശങ്കർ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിമാറും എന്ന സൂചനകൾ പരിവാർ വൃത്തങ്ങളിൽ ശക്തവുമായിരുന്നു.

പുനഃസംഘടനയിൽ ആർഎസ്എസിലെ റാം മാധവിനെയും മുരളീധർ റാവുവിനെയും വെട്ടിയതും ബാലശങ്കർ വിവാദത്തിനൊപ്പം പരിവാർ രാഷ്ട്രീയത്തിൽ പുകയുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ജനറൽ സെക്രട്ടറിയാകുമെന്ന സൂചനകളും ബാലശങ്കറിന് ലഭിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ബാലശങ്കറിന്റെ പേര് വെട്ടിമാറ്റപ്പെട്ടു എന്ന വിവാദമാണ് പരിവാറിൽ ഉടലെടുത്തിരുന്നത്.

കേരളവുമായി ബന്ധപ്പെട്ടു ദേശീയ നേതൃത്വത്തിലേക്ക് പോകുന്ന പേരുകളിൽ പലതും വെട്ടിമാറ്റപ്പെടുന്നുണ്ട്. ഇതിനു പിന്നിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണെന്ന ആരോപണം ശക്തമാണ്. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയിട്ടില്ല. പക്ഷെ സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ഉപാധ്യക്ഷനാക്കിയും മലയാളിയായ ടോം വടക്കനെ ദേശീയ വക്താവാക്കി മാറ്റുകയും ചെയ്തിരുന്നു.

ഈ ആരോപണവുമായി ചേർത്ത് ബാലശങ്കറിന്റെ പേര് വെട്ടിയതിലും കൂട്ടിവായിക്കപ്പെടുന്നത് വി.മുരളീധരന്റെ പേര് തന്നെയാണ്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ബി.എൽ.സന്തോഷും വി.മുരളീധരനും തമ്മിൽ സൗഹൃദം ശക്തമാണ്. എബിവിപി കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇവർ തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. ബി.എൽ.സന്തോഷ് വി.മുരളീധരന്റെ താത്പര്യങ്ങൾക്ക് അരുനിൽക്കുകയാണ് എന്ന ആരോപണം കൃഷ്ണദാസ് ഗ്രൂപ്പിൽ ശക്തമാണ്. മുരളീധരൻ-ബി.എൽ.സന്തോഷ് കൂട്ടുകെട്ടാണ് കെ.സുരേന്ദ്രനെ കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് വാഴിച്ചത് എന്ന ആരോപണമാണ് ശക്തമായി നിലനിൽക്കുന്നത്.

ഇതേ ആരോപണം തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടിയതിനു പിന്നിലും ഉയരുന്നത്. ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറിയായാൽ അത് തനിക്കും തന്റെ ഗ്രൂപ്പിനും കേരളത്തിലെ താത്പര്യങ്ങൾക്കും പിന്നീട് വലിയ വെല്ലുവിളിയായി മാറും എന്ന തിരിച്ചറിവിലാണ് പട്ടികയിൽ നിന്നും ബാലശങ്കറിന്റെ പേര് വെട്ടാൻ മുരളീധരൻ സമ്മർദ്ദം ചെലുത്തിയത് എന്നാണ് പരിവാർ രാഷ്ട്രീയത്തിലെ സംസാരം. മറ്റ് പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് പരിഗണന കൊടുക്കണമെന്ന ന്യായം അവതരിപ്പിച്ച് കേരളത്തിലെ നേതാക്കളെ തന്ത്രത്തിൽ വെട്ടുകയായിരുന്നു. ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരനും പോലും ഇങ്ങനെ ദേശീയ നേതൃനിരയിലെ സ്ഥാനം നഷ്ടമായി.

ആർ എസ് എസ് മുഖപത്രം ഓർഗനൈസറിന്റെ പത്രാധിപരായിരുന്ന ബാലശങ്കറിന്റെ പേര് വെട്ടിയതിൽ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്നിടയിലും അതൃപ്തി മുളപൊട്ടിയിട്ടുണ്ട്. കേരളത്തിലെ താത്പര്യങ്ങളുടെ പേരിലാണ് ബാലശങ്കർ വെട്ടിമാറ്റപ്പെട്ടത് എന്ന ശ്രുതികൾ വന്നതോടെയാണ് ആർഎസ്എസ് നേതാക്കൾക്കിടയിൽ അതൃപ്തി മുതലെടുത്തത്. കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറണം എന്ന് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു ആഗ്രഹമുണ്ട്. പക്ഷെ വി.മുരളീധരൻ അടക്കമുള്ള നേതാക്കളെ വെച്ച് കേരളത്തിൽ നടത്താവുന്ന മുന്നേറ്റങ്ങൾക്ക് പരിധിയുണ്ടെന്നു ആർഎസ്എസിന് അറിയാം.

ജനസ്വാധീനമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു അറിയാം. കേരള ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് കെ.ജി.മാരാർ- കെ.രാമൻ പിള്ള -പി.പി.മുകുന്ദൻ-ഒ.രാജഗോപാൽ കൂട്ടുകെട്ടായിരുന്നു. അതിനു ശേഷം പൊതുസമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്ന നേതാക്കൾ കേരളത്തിൽ വന്നിട്ടില്ല. ദേശീയ നേതൃത്വം അധികാരത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ടു കേരളത്തിലെ പദവികളും സ്ഥാനമാനങ്ങളും വീതിച്ചെടുക്കുന്നതിലും ഗ്രൂപ്പ് വഴക്കുകൾ സജീവമാക്കുന്നതിലും മാത്രമാണ് കേരള നേതാക്കൾക്ക് താത്പര്യം.

ബിജെപി ഒറ്റയ്കക്ക് നിന്നാലോ, കേരളത്തിലെ എൻഡിഎ കൂട്ടുകെട്ട് ശക്തമായി മുന്നോട്ടു കൊണ്ടുപോയാലോ കേരളത്തിൽ തിരഞ്ഞെടുപ്പ് വിജയം അസാധ്യമാണെന്നു കേരളത്തിലെ നേതാക്കൾക്കുമറിയാം. അതുകൊണ്ടാണ് പരിവാർ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ഇവർ മുന്നോട്ടു പോകുന്നത്. ഈ ഗ്രൂപ്പ് കളികൾ അതിരുവിടുമ്പോൾ മാത്രമാണ് ദേശീയ നേതൃത്വവും കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ബിജെപി രാഷ്ട്രീയത്തിൽ ഇടപെടാറ് . ഈ ഗ്രൂപ്പ് കളി തന്നെയാണ് ബാലശങ്കറിന്റെ പേര് വെട്ടലും പിന്നിൽ നടന്നത് എന്നാണു പരിവാർ രാഷ്ട്രീയത്തിലെ സംസാരം.

വി.മുരളീധരനെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉള്ള നേതാവാണ് ബാലശങ്കർ. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്‌റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്.

ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്. ബാലശങ്കർ കേരളത്തിലെ ബിജെപി പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു. ബാലശങ്കറിന് കേരള താത്പര്യങ്ങളുമുണ്ട്. ഈ രീതിയിൽ ശക്തനായ ബാലശങ്കർ ദേശീയ ജനറൽ സെക്രട്ടറി പദവിയിൽ വന്നാൽ അത് വലിയ ഭീഷണിയാകും എന്ന് വി.മുരളീധരനു അറിയാം.

ഇത് കേരള ബിജെപി രാഷ്ട്രീയത്തിലും അലകൾ സൃഷ്ടിക്കും. ഇതുകൊണ്ട് തന്നെയാണ് ബി.എൽ.സന്തോഷ് വഴി ബാലശങ്കറിന്റെ പേര് വെട്ടിയത് എന്നാണു ഉയരുന്ന ആരോപണം. കൃഷ്ണദാസ് പക്ഷത്തേയും ശോഭാ സുരേന്ദ്രനേയും കേന്ദ്ര പുനഃസംഘടനയിൽ പൂർണമായും തഴഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP