Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാർക്കറ്റ് ഇന്ന് തുറന്നു; കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി; തുറന്നത് മാർക്കറ്റിലേക്കുള്ള നാല് പ്രവേശന കവാടങ്ങൾ മാത്രം; സാധനം വാങ്ങാനെത്തുന്നവരുടെ താപനില പരിശോധിച്ച് പ്രവേശനം

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാർക്കറ്റ് ഇന്ന് തുറന്നു; കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി; തുറന്നത് മാർക്കറ്റിലേക്കുള്ള നാല് പ്രവേശന കവാടങ്ങൾ മാത്രം; സാധനം വാങ്ങാനെത്തുന്നവരുടെ താപനില പരിശോധിച്ച് പ്രവേശനം

ജാസിം മൊയ്ദീൻ

കോഴിക്കോട്: സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കോഴിക്കോട് പാളയം മാർക്കറ്റ് ഇന്ന് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കും. ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. തീരുമാന പ്രകാരം മാർക്കറ്റിലേക്ക് വ്യാപാരികൾ എത്തിതുടങ്ങി.

കർശന നിയന്ത്രണങ്ങളോടെയാണ് സാധനം വാങ്ങാനെത്തുന്നവരെയും വ്യാപാരികളെയും തൊഴിലാളികളെയും മാർക്കറ്റിലേക്ക് കടത്തി വിടുന്നത്. കോവിഡ് നെഗറ്റീവായ കച്ചവടക്കാർക്ക് മാത്രമാണ് വ്യാപാരം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. കോവിഡ് നെഗറ്റീവായ കച്ചവടക്കാർ, തൊഴിലാളികൾ, പോർട്ടർമാർ എന്നിവർക്ക് കോർപറേഷൻ തിരിച്ചറിയൽ കാർഡ് നൽകും. കടകളിൽനിന്നുള്ള കച്ചവടം പകൽ 11 വരെ മാത്രമായിരിക്കും ഉണ്ടാകുക. ബാക്കി സമയം ഉന്തുവണ്ടി കച്ചവടക്കാരാകും മാർ്ക്കറ്റിലുണ്ടാകുക. ഉന്തുവണ്ടി കച്ചവടക്കാർക്ക് പകൽ 11ന് ശേഷമേ പാളയത്തേക്ക് പ്രവേശനം അവദിക്കുകയുള്ളൂ.മാർക്കറ്റിലേക്ക് ആകെയുള്ള എട്ട് പ്രവേശന കവാടങ്ങളിൽ നാല് എണ്ണം മാത്രമാണ് തുറക്കുക. ഇതുവഴി അകത്ത് പ്രവേശിക്കുന്നവരുടെ താപനില പരിശോധിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അടച്ചിട്ട കവാടങ്ങളിൽ പൊലീസ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.മാർക്കറ്റിലെത്തുന്ന പൊതുജനങ്ങളും വ്യാപാരികളും തൊഴിലാളികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ക്വിക്ക് റെസ്പോൺസ് ടീം ഉറപ്പാക്കും.

സെപ്റ്റംബർ 23ന് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിൽ 233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 760 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാളയം മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മാർക്കറ്റ് അടച്ചിടുകയും വ്യാപാരികളും തൊഴിലാളികളും അടക്കം മുഴുവൻ പേരും ക്വാറന്റെയിനിൽ പോകുകയായിരുന്നു. ഇതിൽ നെഗറ്റീവ് ആയവരാണ് നിരീക്ഷണം പൂർ്ത്തിയാക്കിയതിന് ശേഷം ഇന്ന് വീണ്ടും വ്യാപാരം നടത്താനെത്തുന്നത്. മാർക്കറ്റ് അടച്ചതിനെ തുടർന്ന് വേങ്ങേരി കാർഷിക മൊത്ത വിതരണ കേന്ദ്രത്തിലായിരുന്നു താൽക്കാലികമായി പച്ചക്കറി ഇറക്കുമതിയും വിൽപ്പനയും നടന്നിരുന്നത്. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പഴം, പച്ചക്കറി വിപണന കേന്ദ്രമാണ് പാളയം മാർക്കറ്റ്. ദിനം പ്രതി നൂറ് കണക്കിന് ലോറികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്നത്.

രാത്രി 10 മണിയോടെയെത്തുന്ന ലോറികളിൽ നിന്ന് പുലർച്ചെ വരെ ചരക്കിറക്കുന്ന ചുമട്ടുതൊഴിലാളികളും ഇവിടെ സജീവമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോറി തൊഴിലാളികളും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി ചരക്കെടുക്കാൻ വരുന്ന ചില്ലറ വ്യാപാരികളും തമ്മിൽ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് പാളയം മാർക്കറ്റ്. അതിനാൽ തന്നെ കോവിഡ് വ്യാപനത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഇടം. രാത്രി 10 മണിക്ക് ശേഷമാണ് പാളയം മാർക്കറ്റ് സജീവമാകുന്നത്. പുലർച്ചെ വരെ ഈ തിരക്ക് തുടരും. ചുമട്ട് തൊഴിലാളികളും വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും വാഹനങ്ങളിലെ ഡ്രൈവർമാരുമെല്ലാം ഈ സമയത്ത് പാളയം ബസ്റ്റാന്റിലടക്കം ഉണ്ടാകും. ഒരു തരത്തിലും നിയന്ത്രിക്കാനാകാത്ത തിരിക്കായിരിക്കും ഈ സമയങ്ങളിൽ ഉണ്ടാകുക. പൊലീസിനോ ആരോഗ്യ വകുപ്പിനോ ഇടപെടുന്നതിന് പരിമിതകളുണ്ടാകും. പാതിരാത്രി ആയതിനാൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥരും ഉണ്ടാകാറില്ല.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ചരക്കെടുക്കാനെത്തുന്നവർക്കും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെ കുറവാണ്. തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ലോഡുകൾ വരുന്നത്. ഈ വാഹനങ്ങളിലുള്ളവരും മാർക്കറ്റിലെ തൊഴിലാളികളും തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. കണ്ടയ്ന്മെന്റ് സോണുകളിൽ നിന്നുള്ളവരും ഇവിടേക്ക് ചരക്കെടുക്കാൻ വരുന്നു. നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതും രോഗ വ്യാപനത്തിന് കാരണമായി.പഴം, പച്ചക്കറി ഹോൾസെയിൽ കടകൾ, ചായക്കടകൾ തുടങ്ങി ഇരുന്നൂറിലധികം വ്യാപാര കേന്ദ്രങ്ങളാണ് പാളയം മാർക്കറ്റിനോടനുബന്ധിച്ചുള്ളത്.

ഇതിനു പുറമെ തളി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പൂജാ സാധനങ്ങളും പൂക്കളും വിൽക്കുന്ന കടകളും ഇതിന് സമീപത്ത് തന്നെയാണ്. ഈ സ്ഥാപങ്ങളിലെയെല്ലാം തൊഴിലാളികളും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമടക്കം രണ്ടായിരത്തിലധികം ആളുകൾ ദിവസേന പാളയം മാർക്കറ്റുമായി ഇടപെടുന്നു. ഇവരെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലുള്ളവരും നിരവധിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP