Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കായംകുളം സ്വദേശിയുടെ വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു പ്രചരിപ്പിച്ചത് ഗുരുവായൂർ ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥർ 85,000 രൂപ പിഴ ഈടാക്കിയെന്ന്; സൈബർ ലോകത്തെ തെറിവിളി കേട്ടുമടുത്ത ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയപ്പോൾ വസ്തുത തെളിഞ്ഞു; കായംകുളത്തുകാരൻ കിരൺ മാത്യൂ പറഞ്ഞത് താൻ പകർത്തിയ ചിത്രങ്ങൾ മറ്റാരോ തെറ്റായി പ്രചരിപ്പിച്ചെന്ന്; വസ്തുത ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റുമായി യുവാവ്

കായംകുളം സ്വദേശിയുടെ വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങൾ കാണിച്ചു പ്രചരിപ്പിച്ചത് ഗുരുവായൂർ ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥർ 85,000 രൂപ പിഴ ഈടാക്കിയെന്ന്; സൈബർ ലോകത്തെ തെറിവിളി കേട്ടുമടുത്ത ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയപ്പോൾ വസ്തുത തെളിഞ്ഞു; കായംകുളത്തുകാരൻ കിരൺ മാത്യൂ പറഞ്ഞത് താൻ പകർത്തിയ ചിത്രങ്ങൾ മറ്റാരോ തെറ്റായി പ്രചരിപ്പിച്ചെന്ന്; വസ്തുത ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റുമായി യുവാവ്

ആർ പീയൂഷ്

ആലപ്പുഴ: ഗുരുവായൂർ ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥർ 85,000 രൂപ പിഴ ഈടാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചരണമാണ് നടന്നത്. എന്നാൽ, ഈ പ്രചരണത്തിന്റെ വസ്തുത ഒടുവിൽ പുറത്തുവന്നു. കായംകുളം സ്വദേശിയുടെ വാഹനം പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ചിത്രം വച്ചുള്ള പ്രചരണത്തിന്റെ സത്യം കണ്ടെത്തിയത് കായംകുളം പൊലീസാണ്. സംഭവത്തിൽ കാറുടമയെ വിളിച്ചു വരുത്തി താക്കീത് നൽകുകയും ഉദ്യോഗസ്ഥരോട് ക്ഷമ പറഞ്ഞതിനെ തുടർന്ന് കേസ് പിൻവലിച്ച് വെറുതെ വിടുകയും ചെയ്തു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സന്ദേശമായിരുന്നു അലോയി വീൽ ഘടിപ്പിച്ച വാഹനത്തിന് വീൽ ഒന്നിന് 5,000 രൂപ നിരക്കിൽ 20,000 രൂപയും മറ്റ് പിഴകളെല്ലാം കൂട്ടി 85,000 രൂപയോളം പിഴ ഈടാക്കി എന്നത്. വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രങ്ങളടക്കമാണ് പ്രചരണം നടത്തിയത്. ഇത് ശ്രദ്ധയിൽപെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കായംകുളത്ത് നടത്തിയ പരിശോധനയുടെ ചിത്രങ്ങളാണെന്ന് കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കായംകുളം ഡി.വൈ.എസ്‌പിക്ക് പരാതി നൽകുകയായിരുന്നു.

എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആലപ്പുഴയിലെ മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ എസ്. അഭിലാഷും അഡീ.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജീ നമ്പൂതിരിയും സെപ്റ്റംബർ 24 ന് കായംകുളം പ്രൈവറ്റ് സ്റ്റാന്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ എരുവ സ്വദേശി കിരൺ മാത്യൂ ജേക്കബ് എന്നയാളുടെ ഹോണ്ട ജാസ് കാർ ഉദ്യോഗസ്ഥർ പരിശോധിച്ചു. പരിശോധനയിൽ വാഹനത്തിൽ പല ഭാഗങ്ങളും ഇളക്ക് അൾട്രേഷൻ നടത്തിയതായി കണ്ടെത്തി. പുക കുഴൽ മാറ്റി വണ്ടിയുടെ ശബ്ദത്തിനും വലിയ വ്യത്യാസം വരുത്തിയിരുന്നു. തുടർന്ന് നിയമ ലംഘനങ്ങൾ ഇയാളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും പിഴ വിവരം അറിയിക്കുകയും ചെയ്തു. പുക കുഴൽ മാറ്റിയതിന് 5,000 രൂപ പിഴ ഈടാക്കുകയും വിട്ടയക്കുകയും ചെയ്തു. ഇതിനിടയിൽ ഇയാൾ ചിത്രങ്ങൾ പകർത്തിയിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അവിടെ നിന്നും മറ്റു പല ഗ്രൂപ്പുകളിൽ പോകുകയും മറ്റാരോ ഇത് വ്യാജ സന്ദേശത്തിന്റെ കൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

കായംകുളം ഡി.വൈ.എസ്‌പിയുടെ നിർദ്ദേശാനുസരണം സ്റ്റേഷൻ ഹൗസ് ഓഫീസർ കാറുടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. താൻ ഇത് നല്ല ഉദ്ധേശത്തോടെയാണ് പോസ്റ്റ് ചെയ്തതെന്നും മറ്റാരോ ദുരുപയോഗം ചെയ്തതാണെന്നും പൊലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി. ഇയാൾ പോസ്റ്റ് ചെയ്ത വാട്ട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളും തെളിവായി കാണിച്ചു. തുടർന്ന് ഇയാൾ താനെടുത്ത ഫോട്ടോയുൾപ്പെടെ നടത്തിയ പ്രചരണം വ്യാജമാണെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാൽ മറ്റു നടപടികളൊന്നും വേണ്ട എന്നാവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരാതിയും പിൻവലിച്ചു.

കഴിഞ്ഞ കുറേ ആഴ്ചകളായി വ്യാപകമായി മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അനാവശ്യമായി വൻതുകകൾ പിഴയീടാക്കുന്നതായി കാട്ടിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. വാഹന പ്രേമികളുടെ വാട്ട്‌സാപ്പ് കൂട്ടായ്മയിൽ ഒരു വാഹനത്തിൽ അലോയ് വീലുണ്ടായിരുന്നതിനാൽ നാലു ടയറുകൾക്കും 5000 രൂപ വച്ച് 20,000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ സന്ദേശം പ്രചരിച്ചിരുന്നു. പിന്നീട് ചില ഓഡിയോ ക്ലിപ്പുകളിൽ പെറ്റി എഴുതുന്ന ഉദ്യോഗസ്ഥന് കമ്മീഷനുണ്ടെന്നും കൂടിയ തുക എഴുതുമ്പോൾ അത്രയും കമ്മീഷൻ ലഭിക്കാനാണ് ഇത്തരത്തിൽ പെറ്റി എഴുതുന്നതെന്നുമാണ് മറ്റൊരാരോപണം.

വീടിന്റെ കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് വരെ ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നു എന്നും സന്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഒട്ടു മുക്കാലും വ്യാജ പ്രചരണങ്ങളാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില ഇടങ്ങളിൽ നിന്നും പൊതു ജനങ്ങൾക്ക് മോശം അനുഭവം ഉണ്ടാകുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP