Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വയനാട്ടിലേക്കുള്ള തുരങ്കപാത സർക്കാറിന്റെ വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രം! കൊട്ടിദ്‌ഘോഷിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി പദ്ധതിയുടെ പ്രഖ്യാപന ഉദ്ഘാടനവും നടത്തിയത് വനംമന്ത്രാലയത്തിന്റെയോ പാരിസ്ഥിതിക അനുമതിയോ കിട്ടാൻ അപേക്ഷ പോലും കൊടുക്കാതെ; മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കുതിരാൻ തുരങ്കത്തിന്റെ ഗതിയാകുമെന്ന് ഭയം; കോടിക്കണക്കിനു രൂപയുടെ പാറ പൊട്ടിച്ചു കടത്താനുള്ള നീക്കമെന്ന സംശയവുമായി പരിസ്ഥിതി പ്രവർത്തകർ

വയനാട്ടിലേക്കുള്ള തുരങ്കപാത സർക്കാറിന്റെ വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രം! കൊട്ടിദ്‌ഘോഷിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി പദ്ധതിയുടെ പ്രഖ്യാപന ഉദ്ഘാടനവും നടത്തിയത് വനംമന്ത്രാലയത്തിന്റെയോ പാരിസ്ഥിതിക അനുമതിയോ കിട്ടാൻ അപേക്ഷ പോലും കൊടുക്കാതെ; മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കുതിരാൻ തുരങ്കത്തിന്റെ ഗതിയാകുമെന്ന് ഭയം; കോടിക്കണക്കിനു രൂപയുടെ പാറ പൊട്ടിച്ചു കടത്താനുള്ള നീക്കമെന്ന സംശയവുമായി പരിസ്ഥിതി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു സർക്കാർ തട്ടിക്കൂട്ടിയ പദ്ധതികളുടെ കൂട്ടത്തിലാണ് ഈ തുരങ്കപാതയും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രൊജക്ട് ഉദ്ഘാടനം നടത്തിയപ്പോഴും സർക്കാറിന് ഇക്കാര്യത്തിൽ എത്രകണ്ട് ആത്മാർത്ഥയുണ്ട് എന്ന കാര്യത്തിൽ സംശയം ശക്തമാണ്. നാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ, പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് എത്രകണ്ട് ആത്മാർത്ഥത പദ്ധതിയുടെ കാര്യത്തിൽ ഉണ്ട് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.

പരിസ്ഥിതി ദുർബല പ്രദേശമായ പശ്ചിമഘട്ടം തുരന്നു കൊണ്ടുള്ള തുരങ്കപാത നിർമ്മിക്കുമ്പോൾ അതിന് ആദ്യം വേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം അനുമതിയാണ്. വനമേഖല ഉൾപ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്. വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ വാങ്ങാൻ അപേക്ഷ പോലും നൽകായാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. വടക്കാഞ്ചേരിയിലെ കുതിരാനിലെ തുരങ്ക പാത പോലും ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാറിന്റെ നടപടി വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന ആക്ഷേപം ശക്തമാണ്.

അതേസമയം ഗൗരവമായ പഠനം നടത്തിയതിനു ശേഷമാണ് വനഭൂമിക്കടിയിൽ പാറ തുരന്ന് 7 കിമി ദൂരമുള്ള തുരങ്ക പാത നിർമ്മിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. രാജ്യത്തിലെ തന്നെ മൂന്നാമത്തെ ദൈർഘ്യമേറിയ തുരങ്കപാതയാണിത്. വൈദഗ്ധ്യം ഉള്ള കൊങ്കൺ റെയിൽവേ കോർപ്പേറേഷനെയാണ് പദ്ധതി ഏൽപിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ തുരങ്കപാത പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതേസമയം മുഖ്യമന്ത്രി പറഞ്ഞത് ഗൗരവമായ പഠനം നടത്തിയത് ആരാണ് എന്ന ചോദ്യമാണ് പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നത്.

ഇതിൽ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ രംഗത്തുവന്നു കഴിഞ്ഞു. ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോർട്ട്? പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചിൽ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിർമ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? തുടങ്ങിയ ചോദ്യങ്ങലാണ് ഹരീഷ് ഉന്നയിക്കുന്നത്. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന സംശയവും ഹരീഷ് വാസുദേവൻ ഉന്നയിക്കുന്നു. മലയിടിഞ്ഞു പാതി വഴിയിൽ നിർത്തി പോയാലും കൊങ്കൺ കമ്പനിയെ മുന്നിൽ നിർത്തി സബ്‌കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷൻ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോൾ ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പു ഫണ്ടും ലഭിക്കാമന്നും ഹരീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു? വയനാട്ടിലേക്ക് പോകാൻ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. വികസനത്തെ തുരങ്കം വെയ്ക്കാൻ സമ്മതിക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. വനമേഖല ഉൾപ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്. വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ കിട്ടാൻ അപേക്ഷ പോലും കൊടുക്കും മുൻപ് പദ്ധതി പൂർത്തിയാക്കും എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ദാ, നിർമ്മാണ ഉദ്ഘാടനവും കഴിഞ്ഞു.

ഒരു പദ്ധതി വേണോ വേണ്ടയോ എന്നറിയാൻ സാമ്പത്തികമായും പാരിസ്ഥിതികമായും സാങ്കേതികമായും വയബിൾ ആണോ എന്നറിയണം. അതിനു ഫീസിബിലിറ്റി പഠനം വേണം. വയബിൾ ആണെന്ന് കണ്ടാൽ പാരിസ്ഥിതിക ആഘാത പഠനം വേണം. പദ്ധതി കൊണ്ടുണ്ടാകാവുന്ന ആഘാതങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് അത് പറയും. പരിഹരിക്കാനാകാത്ത ആഘാതമാണെങ്കിലോ, സാമ്പത്തികമോ സാങ്കേതികമോ ആയി പദ്ധതി നഷ്ടമാണെങ്കിലോ അത് ഉപേക്ഷിക്കും. ഇല്ലെങ്കിൽ മുന്നോട്ടു പോകും. ഇവിടെ കാലാകാലങ്ങളായി താമരശ്ശേരി ചുരത്തിൽ മലയിടിയാതെ ഉള്ള റോഡ് പരിപാലിക്കാനോ വീതി കൂട്ടാനോ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് മലയിടിച്ചു അടിയിലൂടെ തുരങ്കമുണ്ടാക്കി പുതിയ പദ്ധതി.

ആരാണ് ഇതിന്റെ ഫീസിബിലിറ്റി പഠിച്ചത്? എവിടെ പഠനറിപ്പോർട്ട്? പരിസ്ഥിതികമായ എന്തൊക്കെ ആഘാതം ഉണ്ടാകും? മണ്ണിടിച്ചിൽ പ്രദേശമാണോ? ഇത്രയധികം പണം ചെലവിട്ടു നിർമ്മിക്കേണ്ട പ്രയോറിറ്റി എന്താണ്? 100 ദിവസത്തെ വികസന പദ്ധതികളിൽ സർക്കാരിന്റെ തന്നെ SDG ക്കും കാലാവസ്ഥാ നയത്തിനും എതിരായ എത്രയെണ്ണം ഉണ്ട്? ഇതൊന്നും പരിഗണിക്കാതെ ആണല്ലോ മന്ത്രിസഭ ഈ പദ്ധതി തുടങ്ങാൻ അംഗീകാരം നൽകിയത്. രാഷ്ട്രീയമായോ, ജനാധിപത്യപരമായോ, നിയമപരമായോ അത് ശരിയായ തീരുമാനമല്ല. Informed consent അല്ല. പദ്ധതി വേണമെന്ന് ആദ്യം തീരുമാനിച്ചിട്ടു അതിന്റെ ആഘാതം പേരിന് പഠിക്കുന്നതിന്റെ നാശമാണ് നാം വിഴിഞ്ഞത്ത് കണ്ടുകൊണ്ടിരിക്കുന്നത്.

ഇടുക്കിയിൽ ഗ്യാപ്പ് റോഡ് നിർമ്മാണത്തിന്റെ പേരിൽ കോടിക്കണക്കിനു രൂപയുടെ കല്ലു പൊട്ടിച്ചു കടത്തി. സർക്കാർ കുറ്റകരമായ മൗനം പാലിച്ചു കൊള്ളയ്ക്ക് ഒത്താശ ചെയ്തു. മലയിടിഞ്ഞു മനുഷ്യർ മരിച്ചു, കൃഷിഭൂമി തകർന്നു, പലരുടെയും സ്വപ്നങ്ങളും. ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. കുതിരാനിൽ വർഷങ്ങളായി ഒരു തുരങ്കം തുറക്കാൻ ആകാതെ കിടക്കുന്നു. ദേശീയപാത കേന്ദ്രത്തിന്റെ തലയിൽ ആയതുകൊണ്ട് സൈബർ സഖാക്കളും ന്യായീകരണ തൊഴിലാളികളും ക്യാപ്‌സൂൾ ഒട്ടിച്ചു മുന്നേറുന്നു.

കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ തുരങ്കപാതയുടെയും പിന്നിലെന്ന് ഞാൻ ന്യായമായി സംശയിക്കുന്നു. അല്ലെങ്കിൽ ഇത്തരം പദ്ധതികൾ രഹസ്യമായി തീരുമാനിക്കപ്പെടില്ലല്ലോ. പഠനങ്ങൾ വേണ്ടെന്ന് വെയ്ക്കില്ലല്ലോ. മലയിടിഞ്ഞു പാതി വഴിയിൽ നിർത്തി പോയാലും കൊങ്കൺ കമ്പനിയെ മുന്നിൽ നിർത്തി സബ്‌കൊണ്ട്രാക്റ്റ് കമ്പനിയും കമ്മീഷൻ ഏജന്റുമാരും അവരുടെ തലമുറയും രക്ഷപ്പെടും. ചിലപ്പോൾ LDF ന്റെ തെരഞ്ഞെടുപ്പ് ഫണ്ടും കയിച്ചിലാകും.
ഇടിയുന്ന താമരശേരി ചുരത്തിനു ബദലായി തുരങ്കം ആകാമെങ്കിൽ എല്ലാവർക്കും നല്ല കാര്യമാണ്. കുറെ കാർബൺ എമിഷൻ പോലും തടയാനാകും. എന്നാലത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കപ്പെടേണ്ട ഒന്നാണ്.

നിലനിൽക്കുന്ന വികസനം വേണമെന്ന പരിസ്ഥിതി ദിനത്തിലെ പ്രസംഗങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ, ഈ പദ്ധതിയുടെ സമഗ്രമായ ഫീസിബിലിറ്റി റിപ്പോർട്ട് ഉണ്ടാക്കണം. അത് ജനങ്ങൾക്ക് ഇടയിൽ ചർച്ച ചെയ്യണം. അല്ലാതെ ഭൂരിപക്ഷമുള്ളതിന്റെ പേരിൽ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കിൽ അത് ഈ നാട്ടിൽ നടക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചില അശാസ്ത്രീയ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ പരിസ്ഥിതി സ്‌നേഹികളെ വികസനവിരോധികൾ എന്നു മുദ്ര കുത്തിയിട്ടു കാര്യമില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ആകണം. അതിനു തയ്യാറാകാൻ സർക്കാരിനോട് പൗരൻ എന്ന നിലയ്ക്ക് ആവശ്യപ്പെടുന്നു. നന്ദി.

അഡ്വ.ഹരീഷ് വാസുദേവൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP