Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേ ഘടകത്തിൽ പ്രവർത്തിക്കുന്ന സഖാവിന്റെ മകളുടെ വിവാഹ വാർഷികത്തിന് കമന്റിട്ടത് ആദരാഞ്ജലികളെന്ന്; സിപിഎം നാട്ടിക ഏരിയ കമ്മിറ്റി അം​ഗം വി.കെ ജ്യോതിപ്രകാശിനെതിരെ കേസെടുത്ത് പൊലീസ്; പാർട്ടിക്കുള്ളിലെ വിഭാ​ഗീയത നേതൃത്വത്തിനും തലവേദന

ഒരേ ഘടകത്തിൽ പ്രവർത്തിക്കുന്ന സഖാവിന്റെ മകളുടെ വിവാഹ വാർഷികത്തിന് കമന്റിട്ടത് ആദരാഞ്ജലികളെന്ന്; സിപിഎം നാട്ടിക ഏരിയ കമ്മിറ്റി അം​ഗം വി.കെ ജ്യോതിപ്രകാശിനെതിരെ കേസെടുത്ത് പൊലീസ്; പാർട്ടിക്കുള്ളിലെ വിഭാ​ഗീയത നേതൃത്വത്തിനും തലവേദന

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: നാട്ടികയിൽ സിപിഎമ്മിനുള്ളിലെ ചേരിപ്പോര് രൂക്ഷമാകുന്നു. നാട്ടിക ഏരിയ കമ്മിറ്റി അം​ഗങ്ങൾ തമ്മിലുള്ള തർക്കം കുടുംബാം​ഗങ്ങളെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു. ഏരിയ കമ്മിറ്റി അം​ഗങ്ങളായ വിഷ്ണുദാസും അഡ്വ. ജ്യോതി പ്രകാശും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയാകുന്നത്. വിഷ്ണുദാസിന്റെ മകളുടെ വിവാഹ വാർഷിക ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ അതിൽ ആദരാഞ്ജലി എന്ന് കമന്റിട്ട വി.കെ ജ്യോതിപ്രകാശിന്റെ നടപടിയാണ് ഇപ്പോൾ വിവാ​ദമായിരിക്കുന്നത്. സംഭവത്തിൽ ജ്യോതി പ്രകാശിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വി.കെ ജ്യോതിപ്രകാശിനെതിരെ കോടതി നിർദ്ദേശ പ്രകാരമാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. ഇതേ ഏരിയ കമ്മിറ്റിയിലെ അംഗമായ ഐകെ വിഷ്ണുദാസിന്റെ മകളും കേരള വർമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഐ.വി വിദ്യ മെയ് അഞ്ചിന് ഇട്ട എഫ് ബി പോസ്റ്റിലാണ് ജ്യോതി പ്രകാശ് ഇത്തരത്തിൽ കമന്റിട്ടത്. വിദ്യയും, ഭർത്താവും അദ്ധ്യാപകനുമായ പ്രേംശങ്കറും ജ്യോതി പ്രകാശിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിൽ ജ്യോതി പ്രകാശിനെതിരെ വിഷ്ണുദാസ് പാർട്ടിക്ക് നൽകിയ പരാതിയിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. അന്വേഷണ കമ്മീഷന്റേത് മെല്ലെപ്പോക്കാണെന്ന് വിമർശനമുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റാണ് വിഷ്ണുദാസ്. ഇതേ ബാങ്കിന്റെ നിയമോപദേശകനാണ് അഡ്വ.ജ്യോതി പ്രകാശ്. വിഷ്ണുദാസിനെതിരെ വ്യാജ പരാതി നൽകാൻ ജ്യോതി പ്രകാശ് അടക്കമുള്ള ഏരിയ നേതാക്കൾ ബാങ്കിന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവം നേരത്തെ പുറത്തുവന്നിരുന്നു. അനധികൃതമായി വായ്പ അനുവദിക്കുന്നതിനുൾപ്പെടെ വിഷ്ണുദാസ് കൂട്ടുനിൽക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹത്തെ പദവിയിൽ നിന്ന് തെറിപ്പിക്കാൻ വ്യാജപരാതി നൽകാൻ ഡ്രൈവറെ സമ്മർദ്ദം ചെലുത്തിയത്. ഇ.പി ജയരാജൻ പി.കെ ശ്രീമതി, കെ രാധാകൃഷ്ണൻ തുടങ്ങി പ്രമുഖ നേതാക്കളുടെ ഡ്രൈവറായി പ്രവർത്തിച്ച ഷക്കീറിനെയാണ് ജോലി കളയിക്കുമെന്നും സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തിയത്. ഇതിൽ ഏരിയ നേതാക്കൾക്കെതിരെ ഷക്കീർ ജില്ലാ നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു.

അതേസമയം വായ്പാക്രമക്കേടിന് ഒത്താശ ചെയ്യാൻ സമ്മർദ്ദം ചെലുത്തിയതിൽ വിഷ്ണുദാസ് പാർട്ടിക്ക് പരാതി നൽകിയെങ്കിലും ഏരിയ കമ്മിറ്റി ജ്യോതിപ്രകാശിനൊപ്പമാണ് നിലയുറപ്പിച്ചത്. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇദ്ദേഹം ആദരാഞ്ജലി എന്ന കമന്റിട്ടതെന്നാണ് പരാതി. ഇത്തരമൊരു കമന്റ് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും ഇതുസംബന്ധിച്ച് പലരോടും വിശദീകരിക്കാൻ നിർബന്ധിതരായെന്നും ഡോ. ഐവി ദിവ്യയും പ്രേംശങ്കറും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഏരിയ കമ്മിറ്റിയിൽ മൂന്ന് വനിതാ നേതാക്കളുണ്ടെങ്കിലും സഹപ്രവർത്തകന്റെ മകൾക്ക് നേരെയുണ്ടായ മോശം പ്രവൃത്തിയിൽ പ്രതികരിക്കാൻ തയ്യാറാകാത്തതിൽ വിമർശനമുയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP