Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ശരീരം പൊതിഞ്ഞിരുന്നത് ആശയക്കുഴപ്പമായി; വിദേശത്ത് നിന്നെത്തിയ മകൻ അച്ഛനെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ മുഖാവരണം മാറ്റി; അച്ഛന്റെ ശരീരമല്ലെന്ന് മകൻ പറഞ്ഞപ്പോൾ ചുളിവിന് കാരണം ഡയാലിലിസ് എന്ന് കരുതി സമാധാനിച്ചു; സംശയം കാരണം പ്രവാസി നൽകിയ പരാതി നിർണ്ണായകമായി; ഒടുവിൽ ദേവരാജന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടി; തിരുവനന്തപുരം മെഡിക്കൽ കോളേജിനെ നാണംകെടുത്തി വിവാദം; ഇതും കോവിഡിൽ കേരള മോഡൽ പിഴച്ചതിന് തെളിവ്

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ശരീരം പൊതിഞ്ഞിരുന്നത് ആശയക്കുഴപ്പമായി; വിദേശത്ത് നിന്നെത്തിയ മകൻ അച്ഛനെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ മുഖാവരണം മാറ്റി; അച്ഛന്റെ ശരീരമല്ലെന്ന് മകൻ പറഞ്ഞപ്പോൾ ചുളിവിന് കാരണം ഡയാലിലിസ് എന്ന് കരുതി സമാധാനിച്ചു; സംശയം കാരണം പ്രവാസി നൽകിയ പരാതി നിർണ്ണായകമായി; ഒടുവിൽ ദേവരാജന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടി; തിരുവനന്തപുരം മെഡിക്കൽ കോളേജിനെ നാണംകെടുത്തി വിവാദം; ഇതും കോവിഡിൽ കേരള മോഡൽ പിഴച്ചതിന് തെളിവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിനു പിന്നാലെ, കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാറി നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ചയെന്ന് വ്യക്തം. മാറി നൽകിയ മൃതദേഹം മകൻ തിരിച്ചറിഞ്ഞെന്ന വാദം തെറ്റാണെന്ന് ബന്ധുക്കളും പറയുന്നു. തെറ്റിധരിപ്പിച്ചാണ് മൃതദേഹം സംസ്‌കരിക്കാൻ സാഹചര്യമൊരുക്കിയത്. കോവിഡ് കേരളത്തിലെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നതിന് തെളിവാണ് ഈ സംഭവവും.

അതിനിടെ സംഭവം അന്വേഷിച്ച ആർഎംഒ ഡോ.മോഹൻ റോയ് ഇന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു റിപ്പോർട്ട് കൈമാറും. മോർച്ചറി ജീവനക്കാരുടെ ഭാഗത്താണു വീഴ്ച പറ്റിയതെന്നാണു നിഗമനം. സ്‌പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാർക്കും നേഴ്‌സുമാർക്കുമെതിരെ നടപടി എടുത്തിരുന്നു. ഇത് വിവാദവുമായി. ബലിയാടുകളെ കണ്ടെത്തുകയാണ് സർക്കാർ ചെയ്തത്. അതിനിടെയാണ് മൃതദേഹം മാറ്റി നൽകൽ വിവാദം. അതുകൊണ്ട് തന്നെ തൽകാലം ഇക്കാര്യത്തിൽ ആർക്കെതിരേയും നടപടികൾ ഉണ്ടാകില്ലെന്നാണഅ സൂചന.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാതന്റെ മൃതദേഹമാണു വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള കല്ലുകുത്തിവിള വീട്ടിൽ ആർ.ദേവരാജന്റേ (57) തെന്നു തെറ്റിദ്ധരിച്ചു ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. വൃക്ക രോഗത്തിന് 9 ദിവസമായി ഇവിടെ ചികിത്സയിലായിരുന്ന ദേവരാജൻ ഒന്നിനു രാവിലെയാണു മരിച്ചത്. പിന്നീടാണു കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി ചികിൽസയ്ക്കിടെയാണ് കോവിഡ് വന്നത് എന്നാണ് പ്രാഥമിക നിഗമനം. മരണ ശേഷം പിറ്റേന്നു വൈകിട്ടു മൃതദേഹം വിട്ടു നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ശരീരം പൊതിഞ്ഞിരുന്നതിനാൽ ബന്ധുക്കൾ പരിശോധിച്ചതുമില്ല. ഇതാണ് മൃതദേഹം മാറി പോകാൻ കാരണം.

തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കാരത്തിനു തൊട്ടുമുൻപു പിതാവിനെ അവസാനമായി കാണണമെന്നു വിദേശത്തു നിന്നെത്തിയ മകൻ അനൂപ് ആഗ്രഹം പ്രകടിപ്പിച്ചു. മുഖാവരണം മാറ്റി നോക്കിയപ്പോൾ ചുളിവുകളും നിറവ്യത്യാസവും കണ്ടുയ ഇതോടെ തന്റെ അച്ഛനല്ലെന്ന സംശയം അനൂപ് ഉന്നയിച്ചു. എന്നാൽ ഇതിന് കാരണം ഡയാലിസിസ് മൂലമാകാമെന്നു ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരത്തിനു ശേഷം വിഴിഞ്ഞം ഹെൽത്ത് ഇൻസ്‌പെക്ടറെ അനൂപ് വീണ്ടും സംശയമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണു മൃതദേഹം മാറിപ്പോയതു കണ്ടെത്തിയത്.

പിന്നീട് യഥാർഥ മൃതദേഹം ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞു. ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹത്തിനു പകരം മെഡിക്കൽ കോളേജ് മോർച്ചറിയിൽനിന്നും അജ്ഞാതന്റെ മൃതദേഹം മാറിനൽകിയത്. ശനിയാഴ്ച വൈകിട്ട് സംസ്‌കാരം നടത്തിയ ശേഷമാണ് ആശുപത്രി അധികൃതർ പിശക് മനസിലാക്കിയത്. ഞായറാഴ്ച രാവിലെ മെഡിക്കൽ കോളേജ് പൊലിസ് ദേവരാജന്റെ മകൻ അനൂപിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ദേവരാജന്റെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു. തുടർന്ന് മകനും ബന്ധുക്കളും മോർച്ചറിയിലെത്തി ദേവരാജന്റെ മൃതദേഹം തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കുകയായിരുന്നു.

ആദ്യം സംസ്‌കരിച്ച മൃതദേഹത്തിന്റെ മുഖം വ്യക്തമായി കണ്ടിരുന്നില്ലെന്ന് മകൻ അനുപ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദേവരാജൻ ഒക്ടോബർ ഒന്നിനാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. വൃക്കയും തകരാറിലായിരുന്നു. ഇന്നലെ വൈകിട്ടു ദേവരാജന്റെ മൃതദേഹം വീണ്ടും ബന്ധുക്കൾക്കു കൈമാറി. ശാന്തികവാടത്തിൽ തന്നെ സംസ്‌കാരം നടത്തി. ശോഭനയാണു ദേവരാജന്റെ ഭാര്യ. അശ്വതി മകളാണ്. മരുമകൻ: ബിനീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP