Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു ആദ്യ പ്രഖ്യാപനം; പിന്നീടതു 2020 മാർച്ച് 31 ആയി; നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ കുറ്റപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; വനം വകുപ്പിന്റെ അനുമതികളിലെ കാലതാമസത്തെ പഴിച്ച് നിർമ്മാണ കമ്പനികൾ; ഈ വഴിയിലെ 100 മീറ്റർ കടക്കാൻ ഇപ്പോൾ വേണ്ടത് മൂന്ന് മണിക്കൂർ വരെ; ഇനി പ്രതീക്ഷ ഹൈക്കോടതി ഇപടെലിലും; മണാലി-ലേ ഹൈവേയിലെ സുന്ദര കാഴ്ചകൾ കുതിരാന് ഇനിയും അകലെ; കേരളത്തിലെ തുരങ്ക ഹൈവേയ്ക്ക് ശാപമോക്ഷമില്ല

2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു ആദ്യ പ്രഖ്യാപനം; പിന്നീടതു 2020 മാർച്ച് 31 ആയി; നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ കുറ്റപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; വനം വകുപ്പിന്റെ അനുമതികളിലെ കാലതാമസത്തെ പഴിച്ച് നിർമ്മാണ കമ്പനികൾ; ഈ വഴിയിലെ 100 മീറ്റർ കടക്കാൻ ഇപ്പോൾ വേണ്ടത് മൂന്ന് മണിക്കൂർ വരെ; ഇനി പ്രതീക്ഷ ഹൈക്കോടതി ഇപടെലിലും; മണാലി-ലേ ഹൈവേയിലെ സുന്ദര കാഴ്ചകൾ കുതിരാന് ഇനിയും അകലെ; കേരളത്തിലെ തുരങ്ക ഹൈവേയ്ക്ക് ശാപമോക്ഷമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സമുദ്രനിരപ്പിൽനിന്നു 10,000 അടി ഉയരത്തിൽ ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ 'അടൽ ' മണാലി ലേ ഹൈവേയിൽ 9.02 കിലോമീറ്റർ വിസ്മയമാകുകയാണ്. ഇതോടെ ചർച്ചയാകുന്നത് കുതിരാനിലെ അനാസ്ഥയാണ്. ദേശീയപാത 544ൽ പാലക്കാടിനും തൃശൂരിനുമിടയിൽ 945 മീറ്റർ കുതിരാൻ തുരങ്കം ഇന്നും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്നു. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ വരെ എണ്ണമറ്റ യോഗങ്ങൾ നടന്നെങ്കിലും വാഗ്ദാനങ്ങൾ നടപ്പായില്ല. നിർമ്മാണ കമ്പനി, ദേശീയപാത അഥോറിറ്റി എന്നിവരെയാണ് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നത്. പല അനുമതികൾ കിട്ടാൻ വൈകുന്നതും കുതിരാന് വിനായണ്.

2019 ഡിസംബർ 31നുള്ളിൽ ഒരു തുരങ്കം തീർക്കുമെന്നു പറഞ്ഞു. പിന്നീടതു 2020 മാർച്ച് 31 ആയി. ആ സമയം കോവിഡ് ലോക്ഡൗൺ ആയി. 10 മാസത്തോളമായി പണി നടക്കുന്നില്ല. നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണു പ്രധാന പ്രശ്‌നം. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതൽ വനഭൂമി വേണം. ഇതിന് അപേക്ഷ നൽകിയിട്ടുണ്ട്. തുരങ്ക മേഖലയിലെ പാറക്കെട്ടുകൾ, മണ്ണ് എന്നിവ നീക്കാൻ വനം വകുപ്പിന്റെ സമ്മതം വേണം. ഇതിനൊപ്പം കരാർ കമ്പനിയുടെ പ്രശ്‌നങ്ങളും. തുരങ്ക നിർമ്മാണത്തിന് ഉപകരാർ ഏറ്റെടുത്ത കമ്പനി കരാർ ഉപേക്ഷിച്ചു. പ്രധാന കരാർ കമ്പനിയും ഉപകരാർ കമ്പനിയും തമ്മിൽ ലഭിക്കേണ്ട പണത്തെക്കുറിച്ചു തർക്കം. അങ്ങനെ കുതിരാൻ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. എന്ന് തീരുമെന്ന് ആർക്കും അറിയാത്ത തുരങ്ക നിർമ്മാണം.

നിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെന്നു ദേശീയപാത അഥോറിറ്റി പറയുമ്പോൾ വനം വകുപ്പിന്റെ വിവിധ അനുമതികൾ ലഭിക്കാൻ വൈകുന്നതും തൊഴിലാളി സമരവും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ജനങ്ങൾ നടത്തിയ സമരങ്ങളുമാണു കമ്പനിക്കു പണി നീളുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. അങ്ങനെ എല്ലാവരും പരസ്പരം കുറ്റം പറയുന്നു. കുതിരാനിലെ രണ്ടു തുരങ്കങ്ങൾക്കും 14 മീറ്റർ വീതിയും 10 മീറ്റർ ഉയരവും വീതമാണുള്ളത്. ഒരു തുരങ്കത്തിന്റെ 90 ശതമാനവും രണ്ടാമത്തെ തുരങ്കത്തിന്റെ 60 ശതമാനവും പൂർത്തീകരിച്ചു. അതിന് അപ്പുറത്തേക്ക് പണി നീളുന്നില്ല.

പല കാരണങ്ങൾ കൊണ്ട് ഇരുപതോളം തവണ നിർമ്മാണം നിർത്തി വച്ചു. മഴക്കാലത്തു തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നീരുറവ പൊട്ടുന്നുണ്ട്. അഴുക്കുചാൽ നിർമ്മാണം പൂർത്തിയാക്കി വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനമായിട്ടില്ല. വൈദ്യുതി, അഗ്‌നിസുരക്ഷ, വെളിച്ചം എന്നീ സംവിധാനങ്ങൾ പൂർത്തീകരിക്കണം. വായു ക്രമീകരണ സൗകര്യങ്ങൾ വേണം.തുരങ്ക മുഖം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മഴക്കാലം ശക്തമാകുന്നതോടെ ശക്തമായ മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. ഈ വെല്ലുവളികൾക്ക് പരിഹാരം കണ്ടെത്താൻ ഇനിയും വർഷങ്ങൾ വേണ്ടി വരുമെന്നാണഅ ഉയരുന്ന വിലയിരുത്തൽ.

ദേശീയപാത 544-ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതകൾ യാത്രയെ കൂടുതൽ ദുരിതമാക്കുകയായിരുന്നു.

ലോക്ക് ഡൗൺ കാലയളവിൽ കേന്ദ്ര സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ദേശീയപാത 544 ലെ തൃശൂർ- പാലക്കാട് റീച്ചിലെ കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രിക്ക് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരൻ കത്തയച്ചിരുന്നു. നിർമ്മാണ കാലാവധി പൂർത്തിയാക്കിയിട്ടും, കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം കരാർ കമ്പനി പൂർത്തിയാക്കിയിട്ടില്ല. നിയമങ്ങൾ മറികടന്നാണ് കരാറുകാരൻ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചത്. കരാറുകാരന്റെ നിയമവിരുദ്ധമായ ഈ നടപടി സംസ്ഥാനത്തോടും ആയിരക്കണക്കിന് യാത്രക്കാരോടും കാട്ടുന്ന അനീതിയാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ നിന്നും റോഡ് നിർമ്മാണ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് തുരങ്ക നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടത്. 2019-20 സാമ്പത്തിക വർഷത്തിൽ കേന്ദ്ര റോഡ് ഫണ്ട് വിഹിതം അനുവദിക്കുന്നതിന് റോഡുകളുടെ പേര് വിവരം സഹിതം കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നുവെങ്കിലും തുക അനുവദിച്ച് കിട്ടിയിട്ടില്ല. ആയതിനാൽ മുൻ വർഷങ്ങളിൽ അനുവദിച്ചത് പോലെ കേരളം സമർപ്പിച്ച ലിസ്റ്റ് അംഗീകരിച്ച് കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി ജി.സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ ഇതും ഫലം കാണുന്നില്ലെന്നതാണ് വസ്തുത.

പ്രതീക്ഷ ഹൈക്കോടതിയിൽ

കുതിരാൻ പ്രദേശത്ത് 100 മീറ്ററോളം വരുന്ന ഭാഗം പിന്നിടാൻ യാത്രക്കാർ മൂന്ന് മുതൽ നാല് മണിക്കൂർ വരെ സമയം എടുക്കേണ്ടി വരുന്ന അവസ്ഥയുടെ സാഹചര്യത്തിൽ തുരങ്ക നിർമ്മാണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒക്ടോബർ 15നകം വിശദീകരണം ഹാജരാക്കണമെന്ന് ദേശീയപാത അഥോറിറ്റിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വിഷയത്തിൽ നിയമ പോരാട്ടം നടത്തുന്ന കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. ആശയാണ് വിശദീകരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതിക്കുള്ള ചോദ്യങ്ങൾക്ക് അഥോറിറ്റി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയപാത അറ്റകുറ്റപ്പണി നടത്തി ഗതാഗതകുരുക്കിന് പരിഹാരം കാണാനും തുരങ്ക നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാനും അഥോറിറ്റിക്കും കരാർ കമ്പനിക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി കോടങ്കണ്ടത്ത് കോടതിയെ സമീപിച്ചിരുന്നത്. ഇതിന്മേൽ സെപ്റ്റംബർ 29ന് മറുപടി ഫയൽ ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 29ന് കേസ് പരിഗണിച്ചപ്പോൾ അഥോറിറ്റി വിശദീകരണം സമർപ്പിച്ചില്ല.

പരിസ്ഥിതി, വനം വകുപ്പുകളുടെ ക്ലിയറൻസ് കിട്ടിയിട്ടും തുരങ്ക നിർമ്മാണം പൂർത്തിയാക്കാൻ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അഥോറിറ്റിക്കു വേണ്ടി ഹാജരായി സ്റ്റാൻഡിങ് കോൺസലിനോട് കോടതി ചോദിച്ചു. തുടർന്നാണ് 15നകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP