Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഈ ഐപിഎല്ലിലെ ആദ്യ പത്ത് വിക്കറ്റ് വിജയം; ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ പത്ത് വിക്കറ്റ് നേട്ടം; ചെന്നൈയ്ക്കിത് രണ്ടാമത്തെ സമ്പൂർണ്ണ വിജയം; ഈ സീസണിൽ ദുബായിൽ രണ്ടാമത് ബാറ്റ് ചെയ്ത ആദ്യ ടീമായി ധോണിപ്പട; ഐപിഎല്ലിലെ പത്ത് വിക്കറ്റ് വിജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും; വാട്‌സണും ഡുപ്ലേസിയും കാട്ടിയത് യഥാർത്ഥ പവർ ക്രിക്കറ്റ്; വയസൻ പട അല്ലെന്ന് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഈ ഐപിഎല്ലിലെ ആദ്യ പത്ത് വിക്കറ്റ് വിജയം; ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ പത്ത് വിക്കറ്റ് നേട്ടം; ചെന്നൈയ്ക്കിത് രണ്ടാമത്തെ സമ്പൂർണ്ണ വിജയം; ഈ സീസണിൽ ദുബായിൽ രണ്ടാമത് ബാറ്റ് ചെയ്ത ആദ്യ ടീമായി ധോണിപ്പട; ഐപിഎല്ലിലെ പത്ത് വിക്കറ്റ് വിജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടും; വാട്‌സണും ഡുപ്ലേസിയും കാട്ടിയത് യഥാർത്ഥ പവർ ക്രിക്കറ്റ്; വയസൻ പട അല്ലെന്ന് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വയസൻ പട അല്ലെന്ന് തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർ ജയം. ഈ ഐപിഎല്ലിലെ ആദ്യ പത്ത് വിക്കറ്റ് വിജയം. ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ പത്ത് വിക്കറ്റ് നേട്ടം. ധോണിപ്പട അങ്ങനെ ഐപിഎല്ലിൽ സാധ്യത നിർത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ചെന്നൈയുടെ 'വയസ്സൻപട' അനായാസം മറികടന്നു, അതും 2.2 ഓവറുകൾ ബാക്കി നിൽക്കെ, ഒരു വിക്കറ്റ് പോലും വീഴാതെ. ഫാഫ് ഡുപ്ലേസി (53 പന്തിൽ 87), ഷെയ്ൻ വാട്‌സൻ (53 പന്തിൽ 83) എന്നിവരുടെ അർധ സെഞ്ചുറി പ്രകടനത്തിലാണ് പഞ്ചാബിനെ ചെന്നൈ കെട്ടുകെട്ടിച്ചത്. 2020 ഐപിഎല്ലിൽ ദുബായിൽ രണ്ടാമത് ബാറ്റ് ചെയ്ത് വിജയിച്ച ആദ്യത്തെ ടീമും ചെന്നൈയാണ്.

2020 ഐപിഎല്ലിൽ ഏറ്റവും തിളക്കമാർന്ന വിജയമാണ് ഇത്. ജയത്തോടെ അവസാന സ്ഥാനക്കാരായിരുന്ന ചെന്നൈ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ചെന്നൈയുടെ ചരിത്രത്തിലെ രണ്ടാമത്തെ പത്തു വിക്കറ്റ് വിജയമാണ് ഇന്നത്തേത്. 2013ൽ പഞ്ചാബിനെ ചെന്നൈ പത്ത് വിക്കറ്റിന് തോൽപിച്ചിട്ടുണ്ട്.

ഐപിഎല്ലിലെ പത്ത് വിക്കറ്റ് വിജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാട്‌സണും ഡുപ്ലേസിയും ചേർന്ന് പടുത്തുയർത്തിയത്. കൊൽക്കത്തയ്ക്കു വേണ്ടി ഗുജറാത്തിനെതിരെ 2017ൽ ഗൗതം ഗംഭീർ- ക്രിസ് ലിൻ ജോടി നേടിയ 184 ഉയർന്ന സ്‌കോർ. മുംബൈയ്ക്കു വേണ്ടി, രാജസ്ഥാനെതിരെ 2012ൽ സച്ചിനും ഡെയ്ൻ സ്മിത്തും ചേർന്ന് നേടിയ 163 റൺസും അപരാജിത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഡെക്കാൻ ചാർജേഴ്‌സിന് വേണ്ടി, മുംബൈയ്‌ക്കെതിരെ 2008ൽ ഗിൽക്രിസ്റ്റ് വിവി എസ് ലക്ഷ്മണും ചേർന്ന് നേടിയത് 155 റൺസായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അർധ സെഞ്ചുറി (52 പന്തിൽ 63) പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത്. നല്ല തുടക്കമാണ് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ മായങ്ക് അഗർവാളും കെ.എൽ. രാഹുലും ചേർന്ന് 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 പന്തിൽ 26 റൺസെടുത്താണ് മായങ്ക് മടങ്ങിയത്. മൻദീപ് സിങ്ങും ഭംഗിയായി ബാറ്റുവീശി.

16 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സ് ഉൾപ്പെടെ അടിച്ച് 27 റൺസെടുത്തു. സ്‌കോർ 94 ൽ നിൽക്കെ ജഡേജയാണ് മൻദീപിനെ പുറത്താക്കിയത്. 46 പന്തിൽനിന്ന് കെ.എൽ. രാഹുൽ അർധസെഞ്ചുറി തികച്ചു. രാഹുലിന്റെ സീസണിലെ രണ്ടാം അർധസെഞ്ചുറിയാണിത്. രാജസ്ഥാൻ റോയൽസിനെതിരെ താരം 69 റൺസ് നേടിയിരുന്നു. ഇതിനു പുറമേ ബാംഗ്ലൂരിനെതിരെ സെഞ്ചുറിയും (132*) സ്വന്തമാക്കി. നിക്കോളാസ് പുരാനും മികച്ച പിന്തുണ നൽകിയതോടെ പഞ്ചാബ് സ്‌കോർ 150 പിന്നിട്ടു. ചെന്നൈയ്ക്കു വേണ്ടി ഷാർദൂൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

പിന്നീട് ചെന്നൈ എല്ലാ അർത്ഥത്തിലും തകർത്തു. ഇതുവരെ കണ്ട ചെന്നൈയെ അല്ല ഇന്ന് പഞ്ചാബിനെതിരെ കണ്ടത്. ബൗണ്ടറികൾ അടിച്ചുകൂട്ടി ഫാഫ് ഡുപ്ലേസി ഷെയ്ൻ വാട്‌സൻ സഖ്യം 181 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പഞ്ചാബിനെതിരെ കെട്ടിപ്പടുത്തത്. പഞ്ചാബ് ക്യാപ്റ്റൻ രാഹുൽ സകല തന്ത്രങ്ങളും നോക്കിയെങ്കിലും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും വീഴ്‌ത്താൻ അവർക്കു സാധിച്ചില്ല. 17.4 ഓവറിൽ പഞ്ചാബ് ഉയർത്തിയ വിജയലക്ഷ്യം ചെന്നൈ മറികടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP