Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുരം കയറാതെ വയനാട്ടിലെത്താൻ ഇനി ഏറെ നാൾ വേണ്ട; ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ലോഞ്ചിങ് നാളെ; നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക മൂന്ന് വർഷം കൊണ്ട്

ചുരം കയറാതെ വയനാട്ടിലെത്താൻ ഇനി ഏറെ നാൾ വേണ്ട; ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ലോഞ്ചിങ് നാളെ; നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക മൂന്ന് വർഷം കൊണ്ട്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ചുരം കയറാതെ വയനാട്ടിലെത്താൻ ഇനി അധിക നാൾ കാത്തിരിക്കേണ്ട. മൂന്നു വർഷം കൊണ്ട് പൂർത്തിയാകുന്ന ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ലോഞ്ചിങ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിങ്കളാഴ്ച രാവിലെ പത്തിന് വിഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരിക്കും. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ടി.പി രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എംപിമാരായ രാഹുൽ ഗാന്ധി, എളമരം കരീം, എം വി ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുക്കും. തിരുവമ്പാടിയിൽ നടക്കുന്ന ചടങ്ങിൽ ജോർജ്.എം. തോമസ് എംഎൽഎ, താമരശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിൽ, ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവരും പങ്കെടുക്കും.

കൊങ്കൺ റെയിൽ കോർപറേഷനാണ് (കെആർസിഎൽ) തുരങ്ക പാതയുടെ നിർമ്മാണ ചുമതല. കെആർസിഎല്ലിന്റെ നേതൃത്വത്തിൽ സർവേ നടപടികൾ സെപ്റ്റംബർ 23ന് ആരംഭിച്ചു. നിർമ്മാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെആർസിഎൽ, കിഫ്ബി, പിഡബ്ല്യുഡി എന്നിവർ ത്രികക്ഷി കരാറിൽ ഒപ്പിട്ടിട്ടുണ്ട്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. പുതിയ പാത വരുമ്പോൾ വയനാട്ട് യാത്രയിലെ പ്രധാന കുരുക്കായ താമരശേരി ചുരം ഒഴിവാക്കാം.

12 കിലോമീറ്റർ ചുരത്തിലെ 9 ഹെയർപിൻ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയായിരുന്നു. ഇവ പരിഹരിക്കപ്പെടും. പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റർ ദൂരം കുറയും. തെക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് നഗരം പൂർണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം. 30 വർഷങ്ങൾക്കപ്പുറത്ത് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട കൊച്ചി–ബെംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും. തുരങ്കപാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടില്ല. ജൈവവ്യവസ്ഥയെ ബാധിക്കുകയുമില്ല.

പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിനിർദ്ദേശ പ്രകാരം വഴി ഇങ്ങനെ:

  • കോഴിക്കോട്ടുനിന്ന് യാത്ര ചെയ്യുന്നയാൾ കുന്നമംഗലം, എൻഐടി, അഗസ്ത്യന്മുഴി, തിരുവമ്പാടി, പുല്ലൂരാംപാറ വഴിയാണ് ആനക്കാംപൊയിലിൽ എത്തിച്ചേരുക. നിലവിൽ റോഡുണ്ട്. പലയിടത്തും വീതികൂട്ടൽ നടന്നുവരികയാണ്.
  •  തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവർ നിലമ്പൂരിൽനിന്നുള്ള മലയോരഹൈവേയിലൂടെ കക്കാടംപൊയിൽ, കൂടരഞ്ഞി, പുന്നയ്ക്കൽ വഴി പുല്ലാരാംപാറ വരെയെത്തും. ഇവിടെനിന്ന് ആനക്കാംപൊയിൽ വഴി മറിപ്പുഴയിലെത്തും.
  • ∙കൊയിലാണ്ടി ഭാഗത്തുനിന്നുള്ളവർ‍ക്ക് താമരശേരി ചുങ്കം, കോടഞ്ചേരി വഴി കണ്ണപ്പൻചാൽ‍ ആർച്ചുപാലം കയറിയാൽ മറിപ്പുഴയിലേക്ക് നേരെയെത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP