Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര മന്ത്രി വി മുരളീധരൻ തള്ളിപ്പറഞ്ഞത് കേന്ദ്ര ഏജൻസികളേയും ആഭ്യന്തര ധനമന്ത്രാലയങ്ങളേയും; മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്‌നേഹികൾ ' തീരുമാനിക്കുമായിരിക്കുമെന്നും സിപിഎം നേതാവ് പി രാജീവ്

കേന്ദ്ര മന്ത്രി വി മുരളീധരൻ തള്ളിപ്പറഞ്ഞത് കേന്ദ്ര ഏജൻസികളേയും ആഭ്യന്തര ധനമന്ത്രാലയങ്ങളേയും; മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്‌നേഹികൾ ' തീരുമാനിക്കുമായിരിക്കുമെന്നും സിപിഎം നേതാവ് പി രാജീവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര ഏജൻസികളേയും ആഭ്യന്തര ധനമന്ത്രാലയങ്ങളേയും തള്ളിപ്പറഞ്ഞ് ഇന്ന് വീണ്ടും രംഗത്ത് വന്നത് അതീവ ഗൗരവതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലൂടെയല്ല എന്ന് ആവർത്തിച്ച വി മുരളീധരൻ സ്വകാര്യ ബാഗേജായിരുന്നെന്ന പുതിയ വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണെന്നും രാജീവ് പറഞ്ഞു. ഇത്തരത്തിൽ കേന്ദ്ര ഏജൻസികളെയും കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളെയും തള്ളിപ്പറയുന്നയാൾ മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്‌നേഹികൾ ' തീരുമാനിക്കുമായിരിക്കുമെന്നും പി രാജീവ് പറയുന്നു.

നയതന്ത്ര ബാഗേജാണെന്ന് സിപിഎം ആവർത്തിക്കുന്നത് ആരെയോ രക്ഷപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണമാണ് പിടിച്ചതെന്ന് ആദ്യം ആധികാരികമായി വ്യക്തമാക്കിയത് അഭ്യന്തര മന്ത്രാലയമായിരുന്നു. എൻഐഎയെ അന്വേഷണം ഏൽപ്പിച്ച ഉത്തരവിൽ 'camouflage' എന്ന ഇംഗ്ലീഷ് വാക്കാണ് ഉപയോഗിച്ചിരുന്നത്. സിപിമ്മിന് ഇംഗ്ലീഷ് അറിയാത്തതാണ് കുഴപ്പമെന്നായിരുന്നു മുരളീധര ഭാഷ്യം.

മന്ത്രിയുടെ ഇംഗ്ലീഷ് പ്രാവീണ്യം മനസിലാക്കിയതുകൊണ്ടായിരിക്കാം എൻഐഎ യുടെ ഔദ്യോഗിക കുറിപ്പിൽ 'Through diplomatic baggage' എന്ന് വ്യക്തമായി പറഞ്ഞു. എന്നാൽ, മന്ത്രി നിലപാട് ആവർത്തിച്ചു. അതു കൊണ്ടു കൂടിയാകാം കേന്ദ്ര ധന സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടിയിൽ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും ലളിതമായ വാക്കാണ് പ്രയോഗിച്ചത്. 'in diplomatic baggage' എന്നാണ് മറുപടിയിൽ പറഞ്ഞിരിക്കുന്നത്.

ഇത്രയും ലളിതമായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടും വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി നയതന്ത്ര ബാഗേജല്ലെന്ന് ആവർത്തിക്കുന്നത് ആരെ രക്ഷിക്കാനായിരിക്കും.ഇനി പാർലമെന്റിൽ നൽകിയ ഉത്തരത്തിൽ മറ്റൊരു വാചകം കൂടിയുണ്ട്. '' following due procedure, MEA provided clearance to customs authorities'' എന്നു തുടങ്ങുന്ന വാചകത്തിലെ 'MEA' എന്നത് അങ്ങയുടെ മന്ത്രാലയമാണ് സാർ. 'ഈ due process എന്നത് നയതന്ത്ര ബാഗേജ് തുറക്കുന്നതിനുള്ള നടപടി ക്രമമാണ് സാർ'. സ്വകാര്യ ലഗേജ് എന്ന് ഇന്ന് അങ്ങ് പറഞ്ഞ വിഭാഗത്തിൽപ്പെട്ടതായിരുന്നു സ്വർണം അടങ്ങിയ ബാഗേജ് എങ്കിൽ അത് ജൂൺ 30 നു തന്നെ കസ്റ്റംസ് തുറക്കുമായിരുന്നു. അതിന് വിദേശ കാര്യ മന്ത്രാലത്തിന്റെ അനുമതിയൊന്നും കസ്റ്റംസിനു വേണ്ടതില്ല.

നയതന്ത്ര ബാഗേജ് ആരുടെ മേൽവിലാസത്തിലാണ് വന്നതെന്നും പാർലമെന്റിലെ ഉത്തരം വ്യക്തമാക്കുന്നു. അപ്പോൾ നയതന്ത്ര ബാഗേജായതു കൊണ്ട് അറ്റാഷെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യണ്ടി വരും. നയതന്ത്ര വഴിയിലൂടെ തുടർച്ചയായി സ്വർണ്ണക്കടത്ത് നടത്തുന്നുവെന്നാണ് എൻഐഎ പറയുന്നത്. നയതന്ത്ര സംവിധാനങ്ങളെല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ മാത്രം നിയന്ത്രണത്തിലാണ്. അപ്പോൾ ചോദ്യം ചെയ്യൽ ശരിയായ വഴിക്ക് പോയാൽ എവിടെ എത്തി നിൽക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് നയതന്ത്ര ബാഗേജല്ലെന്ന് മുരളിധരൻ ആവർത്തിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ അന്വേഷണ ഏജൻസികളെയും ധന, അഭ്യന്തര മന്ത്രാലയങ്ങളേയും പരസ്യമായി തള്ളിപ്പറയുന്ന ആൾ മന്ത്രി സ്ഥാനത്തു തുടരാമോ എന്ന് 'രാജ്യസ്‌നേഹികൾ ' തീരുമാനിക്കുമായിരിക്കുമെന്നും പി രാജീവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP