Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ടത് താനാണോ? അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം പങ്കെടുത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അനുമതി കിട്ടിയേനെ; സ്മിത മേനോൻ ഇരുന്നത് വേദിയിൽ അല്ല; സ്മിത മേനോൻ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; പി ആർ ഏജന്റ് എന്ന നിലയിലാണ് പങ്കെടുത്തത് എന്നു വിശദീകരിച്ചു സ്മിതയും

അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ടത് താനാണോ? അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം പങ്കെടുത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അനുമതി കിട്ടിയേനെ; സ്മിത മേനോൻ ഇരുന്നത് വേദിയിൽ അല്ല; സ്മിത മേനോൻ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; പി ആർ ഏജന്റ് എന്ന നിലയിലാണ് പങ്കെടുത്തത് എന്നു വിശദീകരിച്ചു സ്മിതയും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: യു.എ.ഇയിലെ മന്ത്രിതല പരിപാടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം പി.ആർ. ഏജന്റ് സ്മിത മേനോൻ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി. അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകേണ്ടത് താനാണോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം പങ്കെടുത്ത സമ്മേളനത്തിൽ അനുമതി ചോദിച്ചിരുന്നെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അനുമതി കിട്ടിയേനെയെന്നും മുരളീധരൻ വിശദീകരിക്കുന്നു.

സ്മിത മേനോൻ ഇരുന്നത് വേദിയിൽ അല്ലെന്ന് ആവർത്തിച്ച മുരളീധരൻ അവരുടെ ഫേസ്‌ബുക്ക് പോസ്റ്റും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ വായിച്ചു. കഴിഞ്ഞ നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല യോഗത്തിൽ വി മുരളീധരനൊപ്പം സ്മിതാ മേനോൻ എന്ന സ്ത്രീ പങ്കെടുത്തതിനെതിരെ എൽജെഡി നേതാവ് സലീം മടവുരാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. സ്മിത നയതന്ത്ര സംഘത്തിലുണ്ടായിരുന്നില്ലെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതി.

എന്നാൽ PR ഏജന്റ് എന്ന നിലയിൽ ആണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്റെ വിശദീകരണം. ആർക്കും പങ്കെടുക്കാവുന്ന ഓപ്പൺ കോൺഫറൻസ് ആയിരുന്നു അതെന്നും ചെലവ് സ്വയം വഹിച്ചതാണെന്നും സ്മിതാ മേനോൻ വ്യക്തമാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോൻ പ്രതികരിക്കുന്നു. താൻ സ്വന്തം ചെലവിലാണ് പി.ആർ വർക്കിനായി പോയതെന്നും സർക്കാർ ചെലവിലല്ല ഞാൻ പോയതെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

അന്താരഷ്ട്ര ഇവന്റ് റിപ്പോർട്ട് ചെയ്യാൻ ലഭിച്ച അവസരം വിനിയോഗിക്കുക മാത്രമാണ് ചെയ്ത്. വി മുരളീധരനോട് അങ്ങോട്ട് ആവശ്യപ്പെട്ടപ്പോൾ സമാപന ദിവസം വന്നുകൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. അതിന് അനുസരിച്ചാണ് പോയതെന്നും അവർ പേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

സ്മിതയുടെ ഫേസ്‌ബുക്ക് പോസ്റ്റ്  ചുവടേ:

കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോൺഫ്രൻസിൽ എന്നെ കണ്ടതിന് ഫേസ്‌ബുക്ക് പ്രോഫൈലിൽ നിന്ന് ചില പഴയ ഫോട്ടോകൾ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവർത്തകർക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.

എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവർത്തകർ ഇന്നലെ വിളിച്ചപ്പോൾ ഞാൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞ മറുപടി പൂർണ്ണമായും കൃത്യമായും മാധ്യമങ്ങളിൽ വരാത്തതു കൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.

അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA) പരിപാടിയുടെ സമാപന ദിവസം ഞാൻ പത്രക്കുറിപ്പ് തയ്യാറാക്കാൻ ഇരിക്കുന്നതും പിന്നീട് അപ്രൂവൽ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാൻ നടത്തുന്ന സമ്മേളനമാണ്. പത്രക്കാർക്കും ചാനലുകാർക്കും പങ്കെടുക്കാൻ അനുമതിയുള്ള പരിപാടിയായിരുന്നു അത്.

മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (MCJ) പോസ്റ്റ് ഗ്രാജുവേറ്റായ ഞാൻ 2007 മുതൽ കൊച്ചിയിൽ പി.ആർ ഏജൻസി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോൺഫ്രൻസുകൾക്ക് പി.ആർ ചെയ്യുന്ന എനിക്ക് ഒരു പി.ആർ പ്രൊഫഷണൽ എന്ന നിലക്ക് വേണ്ടതിലധികം സ്നേഹവും പിന്തുണയും മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്‌ച്ചപ്പാടുകൾ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നെവരെ പ്രവർത്തിച്ചിട്ടില്ല.

മേൽ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോൾ പി. ആർ റിപ്പോർട്ടിങ് ചെയ്യാൻ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോൺഫ്രൻസ് ചെയ്യാൻ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്. മീഡിയ എൻട്രി ഉണ്ടോ എന്ന് അന്യേഷിച്ച ശേഷം സമാപന ദിവസം വന്നോളാൻ അനുവാദം തന്നു. ഞാൻ സ്വന്തം ചെലവിൽ കൊച്ചിയിൽ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവർത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്പോൺഡന്റ്സിന്റെ നമ്പറുകൾ തന്നത്. സമാപന ദിവസം ഞാൻ ചെന്നപ്പോൾ ഗൾഫ് ന്യൂസ്', റോയിട്ടേഴ്സ്, ഖലീജ് ടൈംസ്, ഗൾഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവർ പരിപാടി റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവർ ചെയ്തു.

എന്റെ ചേട്ടനും ഭാര്യയും ദുബായിൽ ഡോക്ടർമാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാൻ ചേട്ടന്റെ വീട്ടിൽ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവർക്ക് ആ ഫോട്ടോകളും കാണാം. ഞാൻ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയിൽ ബോക്സിൽ കാണും. ന്യൂസ് ഗൂഗിൾ ചെയ്താൽ കിട്ടും. സർക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല.

ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്, പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭർത്താവിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലർ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും. എന്റെ തൊഴിലാണ് ഞാൻ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവർത്തകർക്ക് അറിയാം. എനിക്ക് അത്രയും മതി.-സ്മിതാ മേനോൻ കുറിക്കുന്നു.

യു.എ.ഇയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോൻ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാൽ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരൻ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സംഭവത്തിൽ വി. മുരളീധരൻ പ്രോട്ടോകോൾ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.

2019 നവംബറിൽ യുഎഇയിൽ നടന്ന ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ വി മുരളീധരടനക്കമുള്ള സംഘം പങ്കെടുത്തിരുന്നു. ഇതിൽ സ്മിത മോനോൻ എന്ന സ്ത്രീയും ഉൾപ്പെടുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.

എറണാകുളത്തെ പിആർ സ്ഥാപനത്തിൽ മാനേജരായ ഇവർ ഔദ്യോഗിക നയതന്ത്ര സംഘത്തിന്റെ ഭാഗമല്ലെന്ന് എംബസി നൽകിയ വിവരവകാശ രേഖയിൽ നിന്നും വ്യക്തമാണ്. അതിനാൽ ഇവർ ഇങ്ങനെ സമ്മേളനത്തിൽ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP