Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതർക്ക്‌ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉടൻ നൽകണം; തോക്കും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്‌സിഡിയും നൽകണം; ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നും ചന്ദ്രശേഖർ ആസാദ്

രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതർക്ക്‌ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉടൻ നൽകണം; തോക്കും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്‌സിഡിയും നൽകണം; ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളാം എന്നും ചന്ദ്രശേഖർ ആസാദ്

മറുനാടൻ ഡെസ്‌ക്‌

അതിക്രമങ്ങൾ നേരിടാൻ ദളിത് വിഭാ​ഗങ്ങൾക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി നൽകണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ജനങ്ങൾക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങൾക്ക് ഉടൻ ആയുധ ലൈൻസ് നൽകണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സ്വയം പ്രതിരോധം തീർക്കാനാണിത് എന്നും അദ്ദേഹം പറയുന്നു. തോക്കും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്‌സിഡി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സ്വയം പ്രതിരോധം തീർത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടന എല്ലാവർക്കും ഉറപ്പു നൽകുന്നു. രാജ്യത്തെ 20 ലക്ഷം വരുന്ന ദളിതർക്ക്‌ ഉടൻ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. തോക്കുകളും പിസ്റ്റളുകളും വാങ്ങാൻ സർക്കാർ 50 ശതമാനം സബ്‌സിഡി അനുവദിക്കണം. ഞങ്ങൾ സ്വയം പ്രതിരോധം തീർത്തോളം' ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു. ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ യുപി പൊലീസിനും സർക്കാരിനുമെതിരേ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ഭീം ആർമിയുടെ ആവശ്യം.

അതിനിടെ, ചന്ദ്രശേഖർ ആസാദ് ഹാത്രാസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കും. ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ആസാദ് സന്ദർശിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര, സിപിഐ നേതാക്കൾ തുടങ്ങിയവർ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദും എത്തുന്നത്. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു.

വെള്ളിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ഭീം ആർമി മേധാവി പങ്കെടുത്തിരുന്നു. ഹാത്രാസ് സംഭവത്തിനെതിരെ നൂറുകണക്കിന് ആളുകൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി അണിനിരന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ജന്തർ മന്തറിൽ ആസാദ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ യുവതി മരിച്ച ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിക്ക് പുറത്തും ഭീം ആർമി നേരത്തെ പ്രതിഷേധിച്ചിരുന്നു.

'യുപിയിലെ വാരണാസിയിൽ നിന്നുള്ള എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ ഒരു വാക്കുപോലും പറയാത്തതെന്താണ്'എന്നും ചന്ദ്രശേഖർ ആസാദ് ചോദിച്ചിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ ഹാഥറസിലേക്ക് പോകുന്നതിൽ നിന്ന് യു.പി സർക്കാർ തടഞ്ഞിരുന്നു.

നാല് വർഷങ്ങൾക്ക് മുമ്പ് ഭീം ആദ്മി സംഘടന രൂപീകരിച്ചുകൊണ്ടാണ് ആസാദ് ഉത്തർപ്രദേശിന്റെ രാഷ്ട്രീയകളരിയിൽ ശ്രദ്ധേയനായത്. അംബേദ്കറിന്റെയും കാൻഷിറാമിന്റെയും ആശയങ്ങളായിരുന്നു ആസാദിന്റെ പാതയിൽ ശക്തിപകർന്നത്. ദലിതരുടെ അവകാശങ്ങൾക്ക് വേണ്ടി ഉറച്ച ശബ്ദത്തിൽ വാദിച്ച ആസാദിന് ജയിൽവാസമടക്കം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. 2017 ൽ സഹറാൻപൂരിൽ ദളിതരും ഠാക്കൂറുമാരും തമ്മിലുണ്ടായ സംഘർഷമായിരുന്നു അതിന്റെ കാരണം. ഏകദേശം ഒന്നരവർഷക്കാലമാണ് ആസാദിന് ജയിലിൽ കഴിയേണ്ടിവന്നത്.

രാഷ്ട്രീയക്കാരന്റെ സ്ഥിരം ശൈലിയിലായിരുന്നില്ല ആസാദിന്റെ ഇടപെടലുകൾ. കൂളിങ് ഗ്ലാസും പിരിച്ചുവച്ച മീശയും ആസാദിന് ആകർഷണീയത സമ്മാനിച്ചു. ഇടപെടലുകളിലെ വ്യത്യസ്തത കൂടിയായപ്പോൾ ആസാദ് പലർക്കും പ്രീയപ്പെട്ടവനായി മാറുകയായിരുന്നു. സഹറാൻപൂർ സംഭവത്തെ തുടർന്ന് ജയിൽവാസമനുഷ്ഠിച്ചതോടെയാണ് ആസാദ് ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. പുറത്തിറങ്ങിയ രാവൺ പതിന്മടങ്ങ് കരുത്തനായിരുന്നു. ദലിതരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന രാവൺ, യോഗി സർക്കാരിനും വലിയ വെല്ലുവിളികൾ സമ്മാനിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP