Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജുകളിലെ പുതിയ കോഴ്‌സുകളുടെ പ്രഖ്യാപനം വെള്ളത്തിൽ വരച്ചതു പോലെ! നൂറ് കോഴ്‌സുകൾ ഉടനെന്ന് പറഞ്ഞിട്ടും സർക്കാർ-എയ്ഡഡ് കോളജുകളിൽ കോഴ്‌സുകൾ വന്നില്ല; നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ചത് വിഴുങ്ങി മുഖ്യമന്ത്രിയും; സ്വാശ്രയ മേഖലക്ക് മാത്രം അനുവദിച്ചത് 7,000 സീറ്റുകൾ; സംസ്ഥാനത്ത് ഉന്നത പഠനം പണമുള്ളവന് മാത്രം പ്രാപ്യമാക്കി പിണറായി വിജയൻ; കോറോണക്കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിറ്റ് കാശാക്കി ഇടത് സർക്കാർ

കോളേജുകളിലെ പുതിയ കോഴ്‌സുകളുടെ പ്രഖ്യാപനം വെള്ളത്തിൽ വരച്ചതു പോലെ!  നൂറ് കോഴ്‌സുകൾ ഉടനെന്ന് പറഞ്ഞിട്ടും സർക്കാർ-എയ്ഡഡ് കോളജുകളിൽ കോഴ്‌സുകൾ വന്നില്ല; നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ചത് വിഴുങ്ങി മുഖ്യമന്ത്രിയും; സ്വാശ്രയ മേഖലക്ക് മാത്രം അനുവദിച്ചത് 7,000 സീറ്റുകൾ; സംസ്ഥാനത്ത് ഉന്നത പഠനം പണമുള്ളവന് മാത്രം പ്രാപ്യമാക്കി പിണറായി വിജയൻ; കോറോണക്കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിറ്റ് കാശാക്കി ഇടത് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 'സംസ്ഥാനത്തെ സർക്കാർ‌‍- എയ്ഡഡ് കോളജുകളിൽ 150 പുതിയ കോഴ്സുകൾ അനുവദിക്കും. ആദ്യത്തെ നൂറ് കോഴ്സുകൾ സെപ്റ്റംബർ 15നകം പ്രഖ്യാപിക്കും.' ഓ​ഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലെ 14-ാം മിനിറ്റിലെ പ്രഖ്യാപനമായിരുന്നു ഇത്. ഇന്ന് തീയതി ഒക്ടോബർ നാല്. സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലോ എയ്ഡഡ് കോളജിലോ ഒരു പുതിയ കോഴ്സ് പോലും ആരംഭിക്കാനോ പ്രഖ്യാപിക്കാനോ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ബിരുദ പഠനത്തിനുള്ള പ്രവേശനം ആരംഭിച്ച് കഴിഞ്ഞു. ഒന്നാം ഘട്ട അലോട്ട്മെന്റും പൂർത്തിയായി. മറ്റ് സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ഉപരിപഠനത്തിന് സൗകര്യമില്ലെന്നിരിക്കെ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസിലാണ്.

സർക്കാർ/ എയ്ഡഡ് കോളജുകളിലായി പുതിയ 150 കോഴ്സുകൾ കഴിഞ്ഞ മാസം അനുവദിക്കും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണദിനത്തിന് തലേന്നാളിൽ നൂറുദിന കർമ്മ പരിപാടി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞിരുന്നത്. സെപ്റ്റംബർ 15നകം100 പുതിയ കോഴ്സുകൾ പ്രഖ്യാപിക്കും എന്നും അന്ന് വാ​ഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാ​ഗമായി ഉന്നത വിദ്യാഭ്യാസം നേടിയ 1000 പേർക്ക് തൊഴിൽ ലഭിക്കും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 100 ദിന കർമ്മ പരിപാടിയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്കും ഉന്നത വിദ്യാഭ്യാസം നേടാൻ ആ​ഗ്രഹിച്ച വിദ്യാർത്ഥികൾക്കും ഏറെ ​ഗുണകരമായിരുന്ന ഈ പദ്ധതി നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല.

ഒണാശംസകൾ അറിയിക്കാനും നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിക്കാനുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓ​ഗസ്റ്റ് 30ന് പ്രത്യേക വാർത്താ സമ്മേളനം നടത്തിയത്. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും എന്നായിരുന്നു അന്നത്തെ വാ​ഗ്ദാനം. ഈ സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷവും അതിന് മുമ്പും പണിയാരംഭിച്ച സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ നൂറുദിന കർമ്മ പദ്ധതിയിൽ ഇടംപിടിച്ചു. പുതുതായി ആരംഭിക്കും എന്ന് പറഞ്ഞ വിരളം ചില കാര്യങ്ങളിൽ ഒന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയിൽ 150 പുതിയ കോഴ്സുകൾ എന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം വെറും ജല രേഖയായി മാറി. ഒന്നും നടന്നില്ല എന്ന് മാത്രമല്ല, ഈ കാലഘട്ടത്തിൽ സ്വാശ്രയ കോളജുകൾക്ക് വാരിക്കോരി കോഴ്സുകൾ അനുവദിക്കുകയും ചെയ്തു.

സർക്കാർ-എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ വന്നില്ലെന്ന് മാത്രമല്ല, സ്വാശ്രയ കോളജുകൾക്ക് പണം കൊയ്യാനുള്ള അവസരം കോവിഡ് കാലത്ത് ഒരുക്കി കൊടുക്കുക കൂടിയാണ് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് സ്വയം വിളിക്കുന്നവർ ചെയ്യുന്നത്. അധികാരത്തിന് പുറത്ത് നിന്നപ്പോൾ സ്വാശ്രയ മേഖലക്കെതിരെ സമരംചെയ്തവർ ഈ വർഷം മാത്രം സ്വാശ്രയ മേഖലയിൽ അനുവദിച്ചത് 7000 ഡി​ഗ്രി/ പിജി സീറ്റുകളാണ്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സുകളും സീറ്റ് വർധനയും അനുവദിച്ചു സർക്കാർ ഉത്തരവ് കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. ഇതോടെ ഈ മേഖലയിൽ ഏഴായിരത്തോളം ഡിഗ്രി, പിജി സീറ്റുകൾ കൂടി ലഭ്യമാകും. കോവിഡ് സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കു സംസ്ഥാനത്തു തന്നെ ഉപരിപഠന സൗകര്യം ഒരുക്കാനാണിത് എന്നാണ് സർക്കാർ വാദം.

കേരള ഒഴികെ മൂന്നു സർവകലാശാലകളും പുതിയ കോഴ്സുകളുടെ സീറ്റിന്റെ എണ്ണം അറിയിച്ചിരുന്നു. കേരളയിൽ പുതിയ കോഴ്സുകൾക്കു സീറ്റ് തീരുമാനിക്കും മുൻപു സർക്കാരിന്റെ അനുമതി തേടണമെന്നു വ്യക്തമാക്കിയിട്ടുണ്ട്.കേരളയ്ക്കു കീഴിലുള്ള 42 സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സും 10 സ്വാശ്രയ കോളജുകളിൽ സ്ഥിരം സീറ്റ് വർധനയുമാണ് അനുവദിച്ചത്. എംജിയിൽ 50 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സും അധിക സീറ്റും അനുവദിച്ചു. കാലിക്കറ്റിൽ 98 കോളജുകളിലും കണ്ണൂർ സർവകലാശാലയിൽ 37 കോളജുകളിലും പുതിയ കോഴ്സ് അനുവദിച്ചു.

സർക്കാർ- എയ്ഡഡ് കോളജുകളിൽ പ്രവേശനം ലഭിക്കാതെ വരുന്ന കുട്ടികൾ വൻ തുക ഫീസ് നൽകി സ്വാശ്രയ കോളജുകളിൽ പഠിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സർക്കാർ, എയ്ഡഡ് കോളജുകളിലെ ഡിഗ്രി, പിജി കോഴ്സുകളിൽ 10– 20 % സീറ്റ് കൂട്ടി നേരത്തേ ഉത്തരവിറക്കിയിരുന്നു എങ്കിലും ആ ഉത്തരവിൽ തന്നെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകരുത് എന്ന് പറഞ്ഞിരുന്നതിനാൽ പല കോളജുകളിലും ഈ വർധനവ് പ്രായോ​ഗികമാകില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലത്തിൽ കോവിഡ് കാലത്ത് സ്വാശ്രയ കോളജുകൾക്ക് പണം വാരാനുള്ള അവസരം ഒരുക്കുക മാത്രമാണ് സംസ്ഥാനത്തെ ഇടത് സർക്കാർ ചെയ്യുന്നത്.

കേരളത്തിലെ സ്വാശ്രയ മേഖലക്കെതിരെ സമരം ചെയ്തവരാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീറെഴുതുന്നത്. സീറ്റുകൾ ലഭിക്കണമെങ്കിൽ പോലും വിദ്യാർത്ഥികൾ വൻ തുകകൾ മാനേജ്മെന്റിന് സംഭാവന നൽകണം. ഇത് കൂടാതെയാണ് ഉയർന്ന ഫീസും വാങ്ങുന്നത്. എയ്ഡഡ് കോളേജുകൾ വിദ്യാർത്ഥി പ്രവേശനത്തിനും അദ്ധ്യാപക/അനധ്യാപക നിയമനത്തിനും ലക്ഷങ്ങൾ കോഴയായി വാങ്ങുന്നുണ്ട്. വിദ്യാർത്ഥി പ്രവേശനത്തിൽ 40 ശതമാനം സീറ്റ് (20 ശതമാനം മാനേജ്മെന്റ് ക്വാട്ട, 20 ശതമാനം കമ്യൂണിറ്റി ക്വാട്ട) ലേലം വിളിച്ചുകൊടുക്കുകയാണ് പല മാനേജ്മെന്റുകളും ചെയ്യുന്നത്. സർക്കാർ ശമ്പളം നൽകുന്ന അദ്ധ്യാപകരെ നിയമിക്കുന്നതിൽ നോട്ടുകെട്ടിന്റെ കനം മാത്രമാണ് ഇക്കൂട്ടർക്ക് മാനദണ്ഡം. സ്വാശ്രയ കോളജുകളിലാകട്ടെ തുച്ഛമായ ശമ്പളത്തിനാണ് ഉന്നത വിദ്യാഭ്യാസ യോ​ഗ്യതകൾ ഉള്ളവർ ജോലി ചെയ്യുന്നത്.

വഞ്ചിച്ചത് അഭ്യസ്തവിദ്യരേയും

പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഫലത്തിൽ വഞ്ചിച്ചത് വിദ്യാർത്ഥികളെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് ചെറുപ്പക്കാരെ കൂടിയാണ്. ആ​ഗസ്റ്റ് 18ന് സംസ്ഥാനത്തെ ധനമന്ത്രി തന്റെ ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർക്കുള്ള വാ​ഗ്ദാനം ആയിരുന്നു അത്. പി.എസ്.സി നിയമന വിവാ​ദം-5 എന്ന ശീർഷകത്തിൽ അ​ദ്ദേഹം പറഞ്ഞിരുന്നത് മൂവായിരത്തോളം പുതിയ തസ്തികകൾ അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു.

സെപ്റ്റംബർ മാസത്തിൽ 100 കോഴ്സുകളെങ്കിലും പുതുതായി അനുവദിക്കും. അതിനുള്ള തസ്തികകളും. കൂടുതൽ വിശദമായ ചർച്ചകൾക്കു ശേഷം മറ്റൊരു പുതിയ 100 കോഴ്സുകൾ കൂടി അനുവദിക്കുന്നതിനും പരിപാടിയുണ്ട്. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ജോലി സമയം 16 മണിക്കൂറാക്കിയാലും നിലവിലുള്ള ലിസ്റ്റിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പു വരുത്തുക എന്നതാണ് സർക്കാരിന്റെ നിലപാട്. അംഗീകൃത മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജോലി സമയം കുറച്ചുകൊണ്ട് തൊഴിൽ നൽകുകയാണോ കൂടുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ ഉതകുന്ന രീതിയിൽ കോഴ്സുകളുടെ എണ്ണം കൂട്ടുകയാണോ അഭികാമ്യം എന്ന് നിങ്ങൾതന്നെ തീരുമാനിക്കുക - ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെയാണ്. സെപ്റ്റംബർ മാസത്തിൽ സർക്കാർ കോളജുകളിൽ 100 പുതിയ കോഴ്സുകൾ അനുവദിച്ചിരുന്നെങ്കിൽ മൂവായിരത്തിൽ അധികം അദ്ധ്യാപക തസ്തികകൾ മാത്രം സൃഷ്ടിക്കപ്പെടുമായിരുന്നു. ഒന്നും നടന്നില്ല എന്ന് മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും വാ​ഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നത് തുടരുകയും ചെയ്തു.

മുഖ്യമന്ത്രി ഓ​ഗസ്റ്റ് 30ന് നടത്തിയ പ്രത്യേക വാർത്താ സമ്മേളനം കാണാം.

(ഇതിൽ 14-ാം മിനിറ്റിലാണ് 150 പുതിയ കോഴ്സുകൾ അനുവദിക്കും എന്ന് പിണറായി വിജയൻ പറയുന്നത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP