Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശുപത്രിയിലെ ജീവനക്കാരന്റെ ഫോണിലെ ചാറ്റുകൾ വിരൽ ചൂണ്ടുന്നത് നിർണ്ണായക വ്യക്തിജീവിത പ്രശ്‌നങ്ങളിലേക്ക്; ഡോക്ടറെ ഭീഷണിപ്പെടുത്താൻ എത്തിയത് രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകരും; രാഷ്ട്രീയക്കാരുടെ വിരട്ടിനൊപ്പം 'മറ്റ് പ്രശ്‌നങ്ങളും' ആത്മഹത്യാ പ്രേരണയായി; എഴു വയസ്സുകാരിയുടെ മരണം തളർത്തിയ വേദനയ്‌ക്കൊപ്പം നീങ്ങിയ ഡോക്ടറെ തളർത്തിയത് ഒന്നിലധികം കാരണങ്ങൾ; ഡോ അനൂപ് കൃഷ്ണയുടെ ജീവനൊടുക്കലിന് പിന്നിലെ യാഥാർത്ഥ കാരണം ഉടൻ തെളിയുമെന്ന് പൊലീസ്

ആശുപത്രിയിലെ ജീവനക്കാരന്റെ ഫോണിലെ ചാറ്റുകൾ വിരൽ ചൂണ്ടുന്നത് നിർണ്ണായക വ്യക്തിജീവിത പ്രശ്‌നങ്ങളിലേക്ക്; ഡോക്ടറെ ഭീഷണിപ്പെടുത്താൻ എത്തിയത് രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകരും; രാഷ്ട്രീയക്കാരുടെ വിരട്ടിനൊപ്പം 'മറ്റ് പ്രശ്‌നങ്ങളും' ആത്മഹത്യാ പ്രേരണയായി; എഴു വയസ്സുകാരിയുടെ മരണം തളർത്തിയ വേദനയ്‌ക്കൊപ്പം നീങ്ങിയ ഡോക്ടറെ തളർത്തിയത് ഒന്നിലധികം കാരണങ്ങൾ; ഡോ അനൂപ് കൃഷ്ണയുടെ ജീവനൊടുക്കലിന് പിന്നിലെ യാഥാർത്ഥ കാരണം ഉടൻ തെളിയുമെന്ന് പൊലീസ്

ആർ പീയൂഷ്

കൊല്ലം: യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. ശസ്ത്രക്രിയക്കിടെ ഏഴു വയസ്സുകാരി മരണപ്പെട്ടതിന്റെ മാനസിക ആഘാതം മാത്രമല്ല ചില വ്യക്തിപരമായ സംഭവങ്ങൾ കൂടി ഡോക്ടറെ അലട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച നിർണ്ണായകമായ ചില രേഖകൾ കേസ് അന്വേഷിക്കുന്ന കിളികൊല്ലൂർ പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചു.

ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ ഫോണിലെ സന്ദേശങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ സന്ദേശങ്ങൾ ഡോക്ടറുടെ വ്യക്തിപരമായ ജീവിതത്തിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവയാണ്. ഡോക്ടറെ ഭീഷണിപ്പെടുത്തിയ ഓൺ ലൈൻ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും കൂടാതെ ഈ പ്രശ്നങ്ങളും മരണത്തിന് കാരണമാക്കിയതായാണ് പൊലീസ് അനുമാനം. അന്വേഷണം സന്ദേശങ്ങൾ കണ്ടെത്തിയ ജീവനക്കാരനെ കേന്ദ്രീകരിച്ചും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടർ അനൂപ് കൃഷ്ണയുടെ ആത്മഹത്യാ കേസ് മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.

കഴിഞ്ഞ ദിവസം മറുനാടൻ മലയാളി രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ വാർത്ത കൊടുക്കാതിരിക്കാൻ ഡോക്ടറോട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതായി ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തൽ പുറത്തുകൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കൊല്ലം കേന്ദ്രീകരിച്ചും തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന രണ്ട് ഓൺലൈൻ മാധ്യമങ്ങൾ ഭീഷണിപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞതായിട്ടാണ് ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. രണ്ട് മാധ്യമങ്ങളുടെയും പ്രധാനപ്പെട്ടവർ ഡോക്ടറോട് പണം ചോദിച്ചിരുന്നതായും ഫോൺ വഴി സംസാരിച്ച രേഖകൾ ഡോക്ടറുടെ ഫോണിൽ തന്നെ ഉണ്ട് എന്നും ജീവനക്കാരൻ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജീവനക്കാരൻ ആരാണെന്ന് തൽക്കാലം വെളിപ്പെടുത്താൻ കഴിയില്ല. എന്നാൽ ഇയാൾ ഇന്ന് കിളികൊല്ലൂർ പൊലീസിന് മുൻപാകെ ഇത് സംബന്ധിച്ച് മൊഴി നൽകുകയും പിന്നീട് ഇക്കാര്യം പരസ്യമായി പറയാമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരന്റെ വെളിപ്പെടുത്തൽ മറുനാടൻ മലയാളി വീഡിയോ ആയി റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്.

ജീവനക്കാരന്റെ ഈ വെളിപ്പെടുത്തലുകൾ ആത്മഹത്യാ കേസിൽ വൻ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. കൂടാതെ ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ ഈ ജീവനക്കാരനോട് വൈകുന്നേരം ഒരു ഓപ്പറേഷൻ ഉണ്ട് എന്നും അതിനായി തയ്യാറായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ജീവനക്കാരനോട് സംസാരിച്ചതിന് ശേഷം വന്ന ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചാൽ തന്നെ ആത്മഹത്യയുടെ പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയുമെന്നും ജീവനക്കാരൻ തറപ്പിച്ചു പറയുന്നു. അതേ സമയം പ്രാദേശിക പാർട്ടീ നേതാക്കൾ കേസ് ഒതുക്കി തീർക്കാം എന്ന രീതിയിലും പണം വാങ്ങിയതായും വിവരം ഉണ്ട്. ഇത് സംബന്ധിച്ചുള്ള രേഖകളും ഡോക്ടറുടെ ഫോണിലുണ്ടെന്നാണ് ജീവനക്കാരൻ പറയുന്നത്.

പൊലീസിന്റെ കൈവശമുള്ള ഫോണിൽ ഇതിന്റെ എല്ലാം ശബ്ദരേഖകൾ ഉണ്ടെന്നും ജീവനക്കാരൻ ഉറപ്പിച്ചു പറയുന്നുണ്ട്. ഫോൺ നിലവിൽ കിളികൊല്ലൂർ പൊലീസിന്റെ കൈവശമാണെങ്കിലും ഇതുവരെ ഫോൺ പരിശോധിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പാറ്റേൺ ലോക്കായതിനാൽ സൈബർ സെല്ലിലേക്ക് അയച്ചതിന് ശേഷം മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ ഡോക്ടറുടെ പണമിടപാട് സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ വിവിധ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവു മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ പവിത്രേശ്വരം മാറനാട് സ്വദേശി ആദ്യ എസ്.ലക്ഷ്മി (7) ഹൃദയാഘാതത്തെത്തുടർന്നു കഴിഞ്ഞ 23നു മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കൂ. ആശുപത്രിയിലെ ചികിത്സാരേഖകൾ, സിസി ടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. മരണകാരണം അറിയണമെന്നാവശ്യപ്പെട്ടു പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കൾ, ആശുപത്രി ജീവനക്കാർ എന്നിവരിൽ നിന്നു പൊലീസ് മൊഴിയെടുക്കും. അനൂപ് കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപം നടത്തിയതും അന്വേഷണ പരിധിയിലുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ അന്വേഷണ പരിധിയിൽ ഉണ്ടാകുമെന്നു പൊലീസ് വ്യക്തമാക്കി. ഡോ. അനൂപിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കു പരാതി നൽകി. രാഷ്ട്രീയ നേതാക്കൾക്കു പുറമേ സമൂഹ മാധ്യമങ്ങളിലൂടെ ചിലരും ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഡോക്ടർമാർക്കു സമാധാനപരമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഏബ്രഹാം വർഗീസ്, സെക്രട്ടറി പി. ഗോപികുമാർ എന്നിവർ ആവശ്യപ്പെട്ടു. മൂന്ന് ദിവസം മുൻപ് ഉച്ചയ്ക്ക് കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ തൂങ്ങി മരിച്ച നിലയിലാണു അനൂപിന്റെ മൃതദേഹം കണ്ടത്. രാഷ്ട്രീയക്കാരിൽ ചിലർ ഡോക്ടറെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

ഇതിനു ശേഷം അനൂപിനെ കാണാതായെന്നു കാട്ടി ഭാര്യ ഡോ. അർച്ചന ബിജു ഈസ്റ്റ് പൊലീസിൽ പരാതി നൽകി. തുടർന്നു ഡോക്ടറെ വർക്കലയിൽ നിന്നു കണ്ടെത്തുകയായിരുന്നു. ഡോ. ഉണ്ണിക്കൃഷ്ണന്റെയും രതീഭായിയുടെയും മകനാണു ഡോ. അനൂപ് കൃഷ്ണ. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP