Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധന; സയനൈഡ് ഉള്ളിൽ ചെന്നാണു റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജോളി ജോസഫിന്റെ വില്ലത്തരങ്ങൾ കേരളത്തെ നടുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം; കേരളാ പൊലീസിന്റെ അന്വേഷണ മികവ് കൂടത്തായിയിലെ ആറ് മരണങ്ങളിലെ കൊലപാതകികളെ കണ്ടെത്തി; വ്യാജ എൻഐടി പ്രഫസറുടെ മുഖമൂടി അഴിഞ്ഞു വീണത് ഇങ്ങനെ

സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധന; സയനൈഡ് ഉള്ളിൽ ചെന്നാണു റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജോളി ജോസഫിന്റെ വില്ലത്തരങ്ങൾ കേരളത്തെ നടുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം; കേരളാ പൊലീസിന്റെ അന്വേഷണ മികവ് കൂടത്തായിയിലെ ആറ് മരണങ്ങളിലെ കൊലപാതകികളെ കണ്ടെത്തി; വ്യാജ എൻഐടി പ്രഫസറുടെ മുഖമൂടി അഴിഞ്ഞു വീണത് ഇങ്ങനെ

ജാസിം മൊയ്ദീൻ

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരക്ക് പിന്നിലെ സത്യം പുറം ലോകമറിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് കൂടത്തായിയിലെ 6 കൊലപാതകങ്ങളുടെയും ദുരൂഹത നിറഞ്ഞ കഥകൾ കല്ലറ നീക്കി പുറത്തുവന്നത്.

ഒരേ കുടുംബത്തിലെ ആറു പേരുടെ മരണവും കൊലപാതകമായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുത കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് പുറം ലോകമറിയുന്നത്. രണ്ട് ഇടവകകളിലെ മൂന്ന് കല്ലറകളിൽ നിന്ന് ആറ് മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ കേസിലെ ഒന്നാം പ്രതി ജോളി ജോസഫിനെ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എംഎസ് മാത്യു, പ്രജികുമാർ എന്നിവരായിരുന്നു രണ്ടും മൂന്നും പ്രതികൾ. ഇതിൽ പ്രജികുമാറിന് മാത്രമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്.

ജോളി ജോസഫും എംഎസ് മാത്യവും ഇപ്പോഴും ജയിലിലാണ്. ഒരു വർഷം പിന്നിടുമ്പോൾ ആറു കേസുകളിലെയും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളിൽ പ്രാരംഭ വാദവും തുടങ്ങി. അഡ്വ. ആളൂരും സംഘവുമാണ് പ്രതിഭാഗത്തിന് വേണ്ടി വാദിക്കുന്നത്. ഈ കേസിൽ ഇതുവരെ അറസ്റ്റിലായത് മുഖ്യപ്രതി ജോളി ജോസഫ് , ഇവർക്കു സയനൈഡ് എത്തിച്ചുനൽകിയ ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയ സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരാണ്.

ഇവർക്കു പുറമെ ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച സിപിഎം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി ഇ.മനോജ്കുമാർ, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ.സി.വിജയകുമാർ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസിൽ പ്രതി ചേർത്തു. 14 വർഷത്തിനിടയിൽ ഒരേ കുടുംബത്തിൽ നടന്നത് ആറ് കൊലപാതകങ്ങളാണ്. അതിലേറെ പരാജയപ്പെട്ട കൊലപാതക ശ്രമങ്ങളും നടന്നു. എല്ലാം ആസൂത്രണം ചെയ്തത് ജോളി ജോസഫ്. സയനൈഡൂം നായയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷവും ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്.

കേവലം പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ജോളി ജോസഫ് ഇക്കാലമത്രയും താൻ എൻഐടി പ്രൊഫസറാണെന്നും ആ കുടുംബത്തെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിച്ചു. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. ആറ് കൊലപാതകങ്ങൾക്കും സമാന സ്വഭാവമായിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അദ്ധ്യാപിക അന്നമ്മ തോമസ്, മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം.മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകൾ ആൽഫൈൻ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു മരിച്ചത്.

മരിച്ച റോയ് തോമസിന്റെ ഭാര്യയായിരുന്നു കേസിലെ ഒന്നാം പ്രതിയായ ജോളി ജോസഫ്. അഞ്ച് പേരെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണെങ്കിൽ ഭർ്ത്താവിന്റെ മാതാവിനെ കൊല്ലാൻ ഉപയോഗിച്ചത് നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമായ ഡോഗ്കിൽ ആയിരുന്നു. സ്വത്ത് തട്ടിയെടുക്കലും ഇഷ്ടവിവാഹം കഴിക്കലുമായിരുന്നു കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി.

2019 ജൂലൈയിലാണ് ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകൻ റോജോ തോമസ് കോഴിക്കോട് റൂറൽ എസ്‌പിക്ക് പരാതി നൽകുന്നത്. സ്വത്ത് തർക്കമാണ് പരാതിക്ക് പിന്നിലെന്ന നിഗമനത്തിൽ ആദ്യം കേസ് കാര്യമായി പരിഗണിച്ചില്ല. പിന്നീ്ട് കെജി സൈമൺ കോഴിക്കോട് റൂറൽ എസ്‌പിയായി ചുമതലയേറ്റെടുത്തതോടെയാണ് കേസിൽ കാര്യമായി പുരോഗതിയുണ്ടാകുന്നത്. സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. കൊലപാതക സാധ്യതയുണ്ടെന്നും ആറ് മരണങ്ങളിലും ദുരൂഹതയുണ്ടെന്നും ആദ്യം കണ്ടെത്തുന്നതും ജീവൻ ജോർജ്ജാണ്. ജീവൻ ജോർജ്ജിന്റെ അന്വേഷണ റിപ്പോർട്ട് ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസ് ശരിവെക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഇതോടെയാണ് രണ്ട് ഇടവകകളിലായി അടക്കം ചെയ്ത ആറ് പേരുടെയും കല്ലറ തുറക്കാൻ തീരുമാനിച്ചത്. കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. കൊല്ലപ്പെട്ട ആറ് പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷനൽ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചെങ്കിലും രണ്ടെണ്ണത്തിന്റെ ഫലം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പരിശോധന ഫലം ലഭിക്കാൻ വൈകുന്നതും കേസിന്റെ വേഗത കുറക്കുന്നു. ആറ് സംഘങ്ങളായാണ് കേസുകൾ അന്വേഷിച്ചത്. ഓരോ കൊലപാതകങ്ങളും ഓരോ സംഘങ്ങൾ. ഇതിൽ സിലി മാത്യു, റോയ് തോമസ് എന്നിവരുടെ കൊലപാതകങ്ങളിലാണ് ഇപ്പോൾ വാദം തുടങ്ങിയിരിക്കുന്നത്.

സിലിയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിലും സയനൈഡ് ഉള്ളിൽ ചെന്നാണു റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർ്ട്ടിലും വ്യക്തമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP