Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടർ അനൂപിന്റെ സ്മാർട്ട് ഫോൺ പാറ്റേൺ ലോക്ക് തുറന്നാൽ പുറത്തുവരിക ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; ശസ്ത്രക്രിയക്കിടെ കുട്ടി ഹൃദയാഘാതം മൂലം മരിച്ചതിന്റെ ഷോക്കിലിരുന്ന ഡോക്ടറെ തളർത്തിക്കളഞ്ഞത് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നുമുള്ള രണ്ട് ഫോൺ കോളുകൾ; പണം തേടിയുള്ള കോളുകളുടെ രഹസ്യം മറുനാടനോട് വെളിപ്പെടുത്തിയത് കടപ്പാക്കട അനൂപ് ഓർത്തോ കെയർ സെന്ററിലെ ജീവനക്കാരൻ; യുവഡോക്ടറെ ഭീഷണിയിലൂടെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരുടെ വിവരം ഇങ്ങനെ

ഡോക്ടർ അനൂപിന്റെ സ്മാർട്ട് ഫോൺ പാറ്റേൺ ലോക്ക് തുറന്നാൽ പുറത്തുവരിക ഞെട്ടിക്കുന്ന സംഭാഷണങ്ങൾ; ശസ്ത്രക്രിയക്കിടെ കുട്ടി ഹൃദയാഘാതം മൂലം മരിച്ചതിന്റെ ഷോക്കിലിരുന്ന ഡോക്ടറെ തളർത്തിക്കളഞ്ഞത് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നുമുള്ള രണ്ട് ഫോൺ കോളുകൾ; പണം തേടിയുള്ള കോളുകളുടെ രഹസ്യം മറുനാടനോട് വെളിപ്പെടുത്തിയത് കടപ്പാക്കട അനൂപ് ഓർത്തോ കെയർ സെന്ററിലെ ജീവനക്കാരൻ; യുവഡോക്ടറെ ഭീഷണിയിലൂടെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരുടെ വിവരം ഇങ്ങനെ

ആർ പീയൂഷ്

കൊല്ലം: ചികിത്സാ പിഴവിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദംമൂലം യുവ ഡോക്ടർ അനൂപ് കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രിയിലെ ഒരു ജീവനക്കാരൻ. ഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കൊല്ലം കേന്ദ്രീകരിച്ചും തിരുവനന്തപുരം കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന രണ്ട് ഓൺലൈൻ മാധ്യമങ്ങൾ ഭീഷണിപ്പെടുത്തിയതായി ഡോക്ടർ പറഞ്ഞതായി ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് മാധ്യമങ്ങളുടെയും പ്രധാനപ്പെട്ടവർ ഡോക്ടറോട് പണം ചോദിച്ചിരുന്നതായും ഫോൺ വഴി സംസാരിച്ച രേഖകൾ ഡോക്ടറുടെ ഫോണിൽ തന്നെ ഉണ്ട് എന്നും ജീവനക്കാരൻ പറയുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ ജീവനക്കാരൻ ആരാണെന്ന് തൽക്കാലം വെളിപ്പെടുത്താൻ കഴിയില്ല. എന്നാൽ ഇയാൾ നാളെ കിളികൊല്ലൂർ പൊലീസിന് മുൻപാകെ ഇത് സംബന്ധിച്ച് മൊഴി നൽകുകയും പിന്നീട് ഇക്കാര്യം പരസ്യമായി പറയാമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരന്റെ വെളിപ്പെടുത്തൽ മറുനാടൻ മലയാളി വീഡിയോ ആയി റെക്കോർഡ് ചെയ്ത് വച്ചിട്ടുണ്ട്.

ജീവനക്കാരന്റെ ഈ വെളിപ്പെടുത്തലുകൾ ആത്മഹത്യാ കേസിൽ വൻ വഴിത്തിരിവാണ് ഉണ്ടാക്കുന്നത്. ഡോക്ടർ ആത്മഹത്യ ചെയ്തതിന് പിന്നിൽ ഇവരുടെ ഭീഷണിയും ഉണ്ട് എന്നു തന്നെ ഉറപ്പിക്കാം. കൂടാതെ ആത്മഹത്യ ചെയ്യുന്ന ദിവസം രാവിലെ ഈ ജീവനക്കാരനോട് വൈകുന്നേരം ഒരു ഓപ്പറേഷൻ ഉണ്ട് എന്നും അതിനായി തയ്യാറായി ഇരിക്കണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ജീവനക്കാരനോട് സംസാരിച്ചതിന് ശേഷം വന്ന ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചാൽ തന്നെ ആത്മഹത്യയുടെ പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയുമെന്നും ജീവനക്കാരൻ തറപ്പിച്ചു പറയുന്നു. അതേ സമയം പ്രാദേശിക പാർട്ടി നേതാക്കൾ കേസ് ഒതുക്കി തീർക്കാം എന്ന രീതിയിലും പണം വാങ്ങിയതായും വിവരം ഉണ്ട്. ഇത് സംബന്ധിച്ചുള്ള രേഖകളും ഡോക്ടറുടെ ഫോണിലുണ്ട്.

അതേ സമയം ഡോക്ടറുടെ പി.ആർ.ഒ നേരിൽ കണ്ട് വാർത്ത കൊടുക്കരുതെന്നും നല്ല ഒരു സംഖ്യയുടെ പരസ്യം നൽകാമെന്നും അറിയിച്ചിരുന്നതായി കൊല്ലത്തെ ഓൺലൈൻ മാധ്യമപ്രവർത്തകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. എന്നാൽ മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുടെ പക്ഷത്ത് മാത്രമേ നിൽക്കൂ എന്ന് മറുപടി പറഞ്ഞയക്കുകയായിരുന്നു എന്നാണ് മാധ്യമ പ്രവർത്തകൻ പറയുന്നത്. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകനെ ബന്ധപ്പെടാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ വിശദീകരണം ലഭ്യമായിട്ടില്ല. പൊലീസ് ഡോക്ടറുടെ ജീവനക്കാരന്റെ മൊഴിയിൽ ഇവർക്കെതിരെ കേസെടുക്കുമെങ്കിൽ വിശദ വിവരം പുറത്ത് വിടുന്നതായിരിക്കും. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകൻ പോസ്റ്റ് മാർട്ടം റിപ്പോർട്ട് കയ്യിൽ കിട്ടിയെന്നും അതിൽ ഡോക്ടറുടെ പിഴവുണ്ടെന്ന് പറയുന്നുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. തിരുവനന്തപുരത്തെ ഓഫീസിൽ എത്തി സംസാരിക്കാമെങ്കിൽ വാർത്ത കൊടുക്കാതിരിക്കാം എന്ന് പറഞ്ഞിരുന്നതായും ജീവനക്കാരൻ പറയുന്നു.

പൊലീസിന്റെ കൈവശമുള്ള ഫോണിൽ ഇതിന്റെ എല്ലാം ശബ്ദരേഖകൾ ഉണ്ടെന്നും ജീവനക്കാരൻ ഉറപ്പിച്ചു പറയുന്നുണ്ട്. ഫോൺ നിലവിൽ കിളികൊല്ലൂർ പൊലീസിന്റെ കൈവശമാണെങ്കിലും ഇതുവരെ ഫോൺ പരിശോധിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പാറ്റേൺ ലോക്കായതിനാൽ സൈബർ സെല്ലിലേക്ക് അയച്ചതിന് ശേഷം മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കൂടാതെ ഡോക്ടറുടെ പണമിടപാട് സംബന്ധിച്ചുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ വിവിധ രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

എഴുകോൺ സ്വദേശികളായ സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയായ ആദ്യ ലക്ഷ്മി ഹൃദയാഘാതം ഉണ്ടാവുകയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു.

രണ്ടു ദിവസം മുൻപാണ് കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഏഴു വസുള്ള മകനാണ് ഡോ. അനൂപിനുള്ളത്. തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ തന്റെ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നത് വലിയ തോതിൽ ഉലച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കവേയാണ് ഡോ. അനൂപ് ആത്മഹത്യ ചെയ്തത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP