Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹത്രാസിലെ പെൺകുട്ടി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു; ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം പ്രിയങ്കാ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സംഘം പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ; രാജ്യമാകെ പ്രക്ഷോഭം കനക്കുമ്പോൾ നിലപാട് മയപ്പെടുത്തി യോ​ഗി ആദിത്യനാഥ്; ജുഡീഷ്യൽ അന്വേഷണമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധിയും

ഹത്രാസിലെ പെൺകുട്ടി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു; ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കം പ്രിയങ്കാ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് സംഘം പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ; രാജ്യമാകെ പ്രക്ഷോഭം കനക്കുമ്പോൾ നിലപാട് മയപ്പെടുത്തി യോ​ഗി ആദിത്യനാഥ്; ജുഡീഷ്യൽ അന്വേഷണമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധിയും

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ഹത്രാസിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം സന്ദർശിച്ചചിന് പിന്നാലെയാണ് സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. അതേസമയം, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നതെന്നാണ് സന്ദർശത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിനെ നീക്കം ചെയ്യണമെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടതായി പ്രിയങ്ക പറഞ്ഞു.

പെൺകുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ പങ്കെടുപ്പിക്കാതെ യുപി പൊലീസ് മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറിവരികയാണ്. അന്വേഷണം അട്ടിമറിക്കുമെന്നും യുപി പൊലീസിൽ വിശ്വാസമില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ഇന്ന് ആരോപിച്ചിരുന്നു. മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നാണ് യുപി പൊലീസ് അനുമതി നൽകിയത്.

അഞ്ചംഗ കോൺഗ്രസ് സംഘമാണ് ഹാഥ്‌റസിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനൊപ്പമുള്ള കോൺഗ്രസ് നേതാക്കൾ. ഡൽഹി-യു.പി അതിർത്തിയായ നോയിഡയിൽ നടന്ന നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് സംഘത്തിന് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുമതി ലഭിച്ചത്.

എംപിമാരടങ്ങുന്ന മുപ്പതംഗ സംഘത്തെ ഡൽഹി-നോയിഡ അതിർത്തിയിൽ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് ചർച്ചകൾക്ക് ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ അതിർത്തി കടത്തിവിട്ടത്. ഡൽഹി-നോയിഡ അതിർത്തിയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും രാഹുലിനും സംഘത്തിനും അഭിവാദ്യമർപ്പിക്കാനായി എത്തിയിരുന്നു. ഇവരെ പിന്നീട് ലാത്തിചാർജ് നടത്തിയാണ് പൊലീസ് നീക്കിയത്. 35 കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നെങ്കിലും കടത്തിവിട്ടില്ല.

എന്നാൽ യാത്രതിരിച്ച രാഹുലിനെ കാണാനെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ രാഹുൽ വാഹനത്തില‍ നിന്ന് ഇറങ്ങി. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമായി. ഹത്രസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഡൽഹി നോയിഡ പാത അടച്ചിട്ടിരുന്നു. വനിതാ പൊലീസുകാർ മുൻനിരയിൽ പിൻനിരയിൽ പുരുഷ ഉദ്യോഗസ്ഥർ പിന്നാലെ കുറ്റൻ ബാരിക്കേഡ്. ഈ നിലയിലാണ് ബാരിക്കേടുകൾ സൃഷ്ടിച്ചിരുന്നത്.

മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അതിർത്തിയിൽ കനത്ത പൊലീസ് സന്നാഹത്തെ യുപി സർക്കാർ വിന്യസിച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് രജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് - പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസ് സന്ദർശിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. രണ്ടു ദിവസം മുമ്പ് ഇരുവരേയും വഴിയിൽ തടഞ്ഞ് അറസ്റ്റ് ചെയ്ത ശേഷം യുപി പൊലീസ് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹത്രസ്സിലേക്ക് വീണ്ടും പോകുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്. പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിലും കുടുംബത്തെ ബന്ധികളാക്കി അർധരാത്രി പൊലീസ് മൃതദേഹം സംസ്‌കരിച്ചതിലും രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്.

ഹത്റാസ് കേസ് കൈകാര്യം ചെയ്തതിൽ പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി നേരത്തെ യുപി ഡിജിപി സമ്മതിച്ചിരുന്നു. രാഹുലിനേയും പ്രിയങ്കയേയും ഹത്റാസിലേക്ക് കടത്തിവിടാൻ അനുവദിക്കുന്നതിന് അൽപസമയം മുൻപ് യുപി അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാം​ഗങ്ങളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP