Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

26 വർഷം കൊണ്ട് തീർക്കേണ്ട പണി ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കി; അടൽ ബിഹാരി വാജ്‌പേയി ശിലാസ്ഥാപനം നടത്തിയ പദ്ധതി ഇഴഞ്ഞുനീങ്ങിയത് യുപിഎ സർക്കാരിന്റെ കാലത്ത്; ഓരോ വർഷവും 1400 മീറ്റർ വീതം നിർമ്മാണം പൂർത്തിയാക്കി സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാക്കിയത് മോദി സർക്കാർ; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം മണാലി-ലേ റോഡ് ദൂരം 46 കിലോമീറ്റർ കുറയ്ക്കും; അടൽ തുരങ്കം രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

26 വർഷം കൊണ്ട് തീർക്കേണ്ട പണി ആറ് വർഷത്തിനുള്ളിൽ പൂർത്തിയാക്കി; അടൽ ബിഹാരി വാജ്‌പേയി ശിലാസ്ഥാപനം നടത്തിയ പദ്ധതി ഇഴഞ്ഞുനീങ്ങിയത് യുപിഎ സർക്കാരിന്റെ കാലത്ത്; ഓരോ വർഷവും 1400 മീറ്റർ വീതം നിർമ്മാണം പൂർത്തിയാക്കി സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാക്കിയത് മോദി സർക്കാർ; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം മണാലി-ലേ റോഡ് ദൂരം 46 കിലോമീറ്റർ കുറയ്ക്കും; അടൽ തുരങ്കം രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി. യുപിഎ ഭരണകാലത്ത് രാജ്യത്തിന്റെ പ്രതിരോധ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തു. രാജ്യത്തിന്റെ സുരക്ഷയേക്കാൾ എൻഡിഎ സർക്കാരിന് മറ്റൊന്നും പ്രധാനമല്ല. 2004-14 കാലഘട്ടത്തിൽ ഭരണത്തിലിരുന്ന യുപിഎ സർക്കാരിനെതിരെയാണ് മോദി വിമർശനം ഉന്നയിച്ചത്. മുൻ സർക്കാരുകൾക്ക് കാർഷിക മേഖലയിലെ പരിഷ്‌കരണങ്ങൾക്ക് വേണ്ട ധൈര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലായിരുന്നു. തന്ത്രപ്രധാനമായ കാഴ്ചപ്പാടിൽ ഒരുഡസൻ പദ്ധതികളെങ്കിലും എടുത്തുപറയാനാകുും. അവയെല്ലാം അവഗണിക്കപ്പെടുകയായിരുന്നു, മോദി പറഞ്ഞു. ദേശീയ താൽപര്യത്തെയും രാജ്യസംരക്ഷണത്തെയുംകാൾ പ്രാധാന്യം ഈ സർക്കാരിന് വേറൊന്നുമില്ല. എന്നാൽ, പ്രതിരോധ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത കാലമുണ്ടായിരുന്നു, അദ്ദേഹം കോൺഗ്രസിനെ ലാക്കാക്കി വിമർശിച്ചു. അടൽ തുരങ്കം രാഷ്ട്രത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിമാചലിലെ ദുർഘടമായ പീർ പഞ്ചൽ മലനിരകളിൽ തുരങ്ക നിർമ്മാണം പൂർത്തിയാക്കിയ ബോർഡർ റോഡ് ഓർഗനൈസേഷനെയും ഇന്ത്യയിലെ എൻജിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

തുരങ്കം ഹിമാചൽ പ്രദേശ്, ലേ, ലഡാക്ക്, ജമ്മു കാശ്മീർ എന്നിവിടങ്ങളെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകർ, വിനോദസഞ്ചാരികൾ, സൈനികർ, യുവാക്കൾ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. അതിർത്തിപ്രദേശങ്ങളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ- അടൽ ടണലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണാലിയിൽ രാഷ്ട്രത്തിന് സമർപ്പിച്ചത്.. 9.02 കിലോമീറ്റർ ദൈർഘ്യമുള്ള അടൽ തുരങ്കം, മണാലിയെ ലാഹൗൽ സ്പിതി താഴ് വരയുമായി വർഷത്തിൽ ഉടനീളം ബന്ധിപ്പിക്കുന്നു. നേരത്തെ കനത്ത ഹിമപാതം മൂലം വർഷത്തിൽ ആറ് മാസവും ഈ താഴ്‌വരയിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 3000 മീറ്റർ ഉയരത്തിലുള്ള (10,000 അടി) ഹിമാലയത്തിലെ പീർ പഞ്ചാൽ മലനിരകളിൽ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചത്. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ മണാലി-ലേ റോഡ് ദൂരം 46 കിലോമീറ്ററും യാത്രാ സമയം 4-5 മണിക്കൂറും കുറയും.

സെമി ട്രാൻസ്വേഴ്സ് വെന്റിലേഷൻ സംവിധാനം, എസ്.സി.എ.ഡി.എ നിയന്ത്രിത അഗ്‌നിശമന സംവിധാനം, ഇലുമിനേഷൻ ആൻഡ് മോണിറ്ററിങ് സംവിധാനം തുടങ്ങിയ ഏറ്റവും നവീനമായ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനം ഉപയോഗിച്ചാണ് തുരങ്ക നിർമ്മാണം നടത്തിയത്. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി തുരങ്കത്തിന്റെ ദക്ഷിണ പ്രവേശന കവാടത്തിൽ നിന്നും, ഉത്തര കവാടത്തിലേയ്ക്ക് യാത്ര ചെയ്യുകയും പ്രധാന തുരങ്കത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്ന അടിയന്തര ബഹിർഗമന കവാടം സന്ദർശിക്കുകയും ചെയ്തു. 'ദ മേക്കിങ് ഓഫ് അടൽ ടണൽ' എന്നചിത്രപ്രദർശനം അദ്ദേഹം വീക്ഷിച്ചു.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആഗ്രഹവും പ്രദേശത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെ ദശാബ്ദങ്ങളായുള്ള സ്വപ്നവും യാഥാർഥ്യമായ ഇന്ന്, ചരിത്രദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഹിമാചൽ പ്രദേശിന്റെ വലിയൊരു ഭാഗത്തിന്റെയും കേന്ദ്ര ഭരണ പ്രദേശമായ ലേ-ലഡാക്കിന്റെയും ജീവനാഡിയാകുന്ന തുരങ്കം മണാലിയിൽ നിന്നും കെയ്‌ലോങ്ങിലേയ്ക്കുള്ള യാത്രാ സമയം 3-4 മണിക്കൂർ കുറയ്ക്കും. ഇനി മുതൽ ഹിമാചൽ പ്രദേശിന്റെയും ലേ - ലഡാക്കിന്റെയും ഭാഗങ്ങൾ എല്ലായ്‌പ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കപ്പെടുമെന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർഷകർ, പഴം-പച്ചകറി കച്ചവടക്കാർ, യുവാക്കൾ എന്നിവർക്ക് തലസ്ഥാനമായ ഡൽഹിയിലേയ്ക്കും മറ്റ് വിപണികളിലേയ്ക്കും സുഗമമായി ഇനി എത്താനാകും.അതിർത്തി സുരക്ഷാസേനയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനും പട്രോളിങ് പ്രവർത്തനങ്ങൾക്കും, അതിർത്തിയിലെ ഈ കണക്ടിവിറ്റി പദ്ധതി സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്വപ്നം യാഥാർത്ഥ്യമാകാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച എഞ്ചിനീയർമാർ, സാങ്കേതികവിദഗ്ദ്ധർ, തൊഴിലാളികൾ എന്നിവരുടെ പരിശ്രമത്തെ പ്രധാനമന്ത്രി അഭിനനന്ദിച്ചു.
ഇന്ത്യയുടെ അതിർത്തി അടിസ്ഥാന സൗകര്യരംഗത്തിന്, അടൽ തുരങ്കം പുതുശക്തി നൽകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകോത്തര സംവിധാനത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ഇത് നിലകൊള്ളുമെന്നും അഭിപ്രായപ്പെട്ടു.

തുരങ്കത്തിന്റെ അപ്രോച്ച് റോഡിന് 2002 ൽ അടൽ വാജ്‌പേയിയാണ് ശിലാസ്ഥാപനം നിർവഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടൽ ഗവൺമെന്റിനുശേഷം, പദ്ധതി മന്ദഗതിയിലാവുകയും 2013- 2014 വരെ 1300 മീറ്റർ (തുരങ്കത്തിന്റെ 1.5 കിലോമീറ്ററിൽ താഴെ) വരെ മാത്രമാണ് നിർമ്മിക്കാനായത്. അതായത് പ്രതിവർഷം 300 മീറ്റർ മാത്രം. ഇതേ വേഗതയിൽ നിർമ്മാണം തുടരുകയാണെങ്കിൽ, 2040 ൽ മാത്രമേ തുരങ്കം പൂർത്തിയാക്കാനാവൂ എന്ന് വിദഗ്ദ്ധർ വിശദീകരിച്ചു.

ഇതേ തുടർന്ന്, സർക്കാർ പദ്ധതി ദ്രുതഗതിയിലാക്കുകയും ഓരോ വർഷവും 1400 മീറ്റർ വീതം നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. നിർമ്മാണം പൂർത്തിയാക്കാൻ കണക്കാക്കിയിരുന്ന കാലയളവ് 26 വർഷമായിരുന്നെങ്കിലും ആറ് വർഷം കൊണ്ട് തുരങ്കം പണി പൂർത്തിയാക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിക്കു അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിൽ ആകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്, അചഞ്ചലമായ രാഷ്ട്രീയ ഇച്ഛാശക്തിയും രാഷ്ട്ര പുരോഗതിക്ക് പ്രതിബദ്ധതയും ആവശ്യമാണ്. ഇത്തരം പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണ പുരോഗതി വൈകുന്നത്, ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ നേട്ടങ്ങൾ നഷ്ടപ്പെടുത്താനിടയാകും.

2005 ൽ തുരങ്കത്തിന്റെ പ്രതീക്ഷിത നിർമ്മാണ ചെലവ് 900 കോടി രൂപയായിരുന്നു. പക്ഷേ, നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയതുമൂലം, ഇന്ന് അതിന്റെ മൂന്നിരട്ടിയോളം ഏതാണ്ട് 3200 കോടി രൂപയോളം ചെലവിട്ടാണ് പണി പൂർത്തിയാക്കിയത്. അടൽ തുരങ്കത്തിന്റേതുപോലുള്ള സമീപനം മറ്റ് പ്രധാന പദ്ധതികൾക്കും സ്വീകരിക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു.

വ്യോമസേനയ്ക്കാവശ്യമുള്ളതും, നയതന്ത്ര പ്രാധാന്യമുള്ളതുമായ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡി എയർസ്ട്രിപ്പ്, 40 - 45 വർഷമായി പൂർത്തിയാക്കാനായിട്ടില്ല. ബോഗിബീൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെങ്കിലും പിന്നീട് അതിന്റെ പുരോഗതി തടസ്സപ്പെട്ടു. അരുണാചലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമായിരുന്നു ഇത്. 2014 നുശേഷം ഈ പാലത്തിന്റെ നിർമ്മാണത്തിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായതായും ഏകദേശം 2 വർഷം മുമ്പ് അടൽജിയുടെ ജന്മദിനത്തോടനുബന്ധിച്ച് പാലത്തിന്റെ ഉദ്ഘാടനം നടന്നതായും അദ്ദേഹം പറഞ്ഞു.

 

ബീഹാറിലെ മിഥിലാഞ്ചലിലെ രണ്ട് പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള കോസി മഹാസേതുവിനും അടൽജി ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. 2014 നുശേഷം, ഈ ഗവൺമെന്റ് കോസി പാലത്തിന്റെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കുകയും ഏതാനും ആഴ്ചകൾക്കുമുമ്പ് പാലത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു.ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ടെന്നും, പാലം, റോഡ്, തുരങ്കം എന്നിങ്ങനെ അതിർത്തിയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഗതിവേഗം കൈവന്നതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധസേനയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ആവിഷ്‌ക്കരിച്ച നിരവധി സംരംഭങ്ങളെ പ്രധാനമന്ത്രി പരാമർശിച്ചു. മുൻ ഗവൺമെന്റ് നടപ്പാക്കാതെയിരുന്ന വൺ റാങ്ക് വൺ പെൻഷൻ, ആധുനിക യുദ്ധവിമാനം, ആധുനിക യന്ത്രത്തോക്കുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ അതിശൈത്യകാലത്തേയ്ക്ക് വേണ്ട ഉപകരണങ്ങൾ എന്നിവയുടെ സംഭരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മുൻ ഗവൺമെന്റുകൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായിരുന്നെന്നും നിലവിൽ സാഹചര്യം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ ഉൽപ്പാദനരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇളവുകൾ അനുവദിച്ചതുപോലുള്ള പരിഷ്‌ക്കരണ നടപടികൾ രാജ്യത്ത് തന്നെ ആധുനിക ആയുധങ്ങൾ നിർമ്മിക്കുന്നതിന് വഴിതെളിക്കും.

'ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്' എന്ന പദവി സൃഷ്ടിച്ചതും പ്രതിരോധ സേനയുടെ ആവശ്യത്തിനായുള്ള ഉപകരണങ്ങളുടെ സംഭരണം, നിർമ്മാണം എന്നിവയുടെ ഏകോപനത്തിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചതുമുള്ള പരിഷ്‌കരണങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ ഇന്ത്യയുടെ നിലവാരം ഉയരുന്നതിന് ആനുപാതികമായി അടിസ്ഥാന സൗകര്യം, സാമ്പത്തികം, നയതന്ത്രം എന്നീ മേഖലകളിലും അതേ വേഗതയിൽ പുരോഗതി ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്തമാകണമെന്ന രാജ്യത്തിന്റെ നിശ്ചദാർഢ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് അടൽ തുരങ്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP