Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെറുപ്പം മുതൽ ഇടുപ്പെല്ലിന് പ്രശ്‌നം; കൂലിപ്പണിയെടുത്ത് ജീവിക്കുമ്പോൾ രോഗം കലശലായി; ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും ഭക്ഷണം കഴിക്കാൻ പിന്നെ ആശ്രയിച്ചത് ലോട്ടറി കച്ചവടം; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോലും ചികിൽസയ്ക്ക് ചോദിച്ചത് ഒരു ലക്ഷം; 20,000 കണ്ടെത്തിയപ്പോൾ അത് രണ്ട് ലക്ഷമായി; എല്ലാം പ്രതീക്ഷയും പോയപ്പോൾ ദൈവ ദൂതനെ പോലെ ആ ഡോക്ടറെത്തി; ആത്മഹത്യ ചെയ്തത് കരുണ മാത്രമുള്ള നല്ല മനുഷ്യൻ; ഡോക്ടർ അനൂപ് കൃഷ്ണയെ കുറിച്ചോർത്ത് പരവൂരിലെ രാധാകൃഷ്ണൻ വിതുമ്പുമ്പോൾ

ചെറുപ്പം മുതൽ ഇടുപ്പെല്ലിന് പ്രശ്‌നം; കൂലിപ്പണിയെടുത്ത് ജീവിക്കുമ്പോൾ രോഗം കലശലായി; ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും ഭക്ഷണം കഴിക്കാൻ പിന്നെ ആശ്രയിച്ചത് ലോട്ടറി കച്ചവടം; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോലും ചികിൽസയ്ക്ക് ചോദിച്ചത് ഒരു ലക്ഷം; 20,000 കണ്ടെത്തിയപ്പോൾ അത് രണ്ട് ലക്ഷമായി; എല്ലാം പ്രതീക്ഷയും പോയപ്പോൾ ദൈവ ദൂതനെ പോലെ ആ ഡോക്ടറെത്തി; ആത്മഹത്യ ചെയ്തത് കരുണ മാത്രമുള്ള നല്ല മനുഷ്യൻ; ഡോക്ടർ അനൂപ് കൃഷ്ണയെ കുറിച്ചോർത്ത് പരവൂരിലെ രാധാകൃഷ്ണൻ വിതുമ്പുമ്പോൾ

ആർ പീയൂഷ്

കൊല്ലം: ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനൂപ് ഓർത്തോ കെയർ ഹോസ്പിറ്റൽ ഉടമ അനൂപ് കൃഷ്ണ സഹ ജീവികളോട് ഏറെ കാരുണ്യമുള്ള ഡോക്ടറായിരുന്നു. നിരവധി പേർക്ക് സൗജന്യ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നിട്ടുള്ളയാളാണ്. അനൂപ് കൃഷ്ണയുടെ കാരുണ്യത്തിൽ അങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു വന്നയാളാണ് ലോട്ടറി കച്ചവടക്കാരനായ പരവൂർ നെടുങ്ങോലം പാറയിൽ കാവ് രഞ്ജിത്ത് ഭവനിലെ രാധാകൃഷ്ണൻ.

രാധാകൃഷ്ണന് ചെറുപ്പം മുതൽ ഇടുപ്പെല്ലിന് പ്രശ്ങ്ങളുണ്ടായിരുന്നു. കൂലിപ്പണിയെടുത്താണ് ഭാര്യയും രണ്ടു കുട്ടികൾക്കുമൊപ്പം കഴിഞ്ഞു വന്നിരുന്നത്. ആറുവർഷം മുൻപ് രോഗം കടുത്തതോടെ വലിയ ജോലി ചെയ്യാനാകാത്ത അവസ്ഥയിലേക്കെത്തി. അങ്ങനെ ലോട്ടറികച്ചവടം തുടങ്ങി. ഇതിനിടയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പോയെങ്കിലും ഇടുപ്പെല്ല് മാറ്റി വയ്ക്കണമെന്ന നിർദ്ദേശമാണ് ലഭിച്ചത്. അന്ന് ഒരുലക്ഷം രൂപയ്ക്കടുപ്പിച്ച് വേണമായിരുന്നു.

എന്നാൽ അത് കണ്ടെത്താൻ കഴിയാതെ മരുന്ന് മാത്രം കഴിച്ച് പോരുകയായിരുന്നു. ഇടുപ്പെല്ല് മാറ്റിവച്ചില്ലെങ്കിൽ എഴുന്നേറ്റിരിക്കാൻ പോലും കഴിയാതെ കിടപ്പിലാകുമെന്ന് ഡോക്ടർമാർ ആവർത്തിച്ചു. എങ്ങനെയെങ്കിലും പണം കണ്ടെത്താനായി രാധാകൃഷ്ണന്റെ ശ്രമം. ക്ഷേത്രങ്ങളിലും പള്ളികളിലും സഹായത്തിനായി അപേക്ഷ നൽകി. എന്നാൽ തുശ്ചമായ സഹായം മാത്രമേ ലഭിച്ചുള്ളൂ. 20,000 രൂപയ്ക്കടുത്ത് കണ്ടെത്തിയപ്പോഴേക്കും ഒരു വർഷം കഴിഞ്ഞു. അപ്പോഴേക്കും ചികിത്സാ ചെലവ് ഉരട്ടിയായി. രണ്ടു ലക്ഷം രൂപ വേണമെന്നായി മെഡിക്കൽ കോളേജ് അധികൃതർ.

ഒന്നും നടക്കില്ല എന്ന് ഓർത്ത് വിഷമിച്ചിരിക്കുമ്പോഴാണ് നാട്ടുകാരിലൊരാൾ എങ്ങനെയെങ്കിലും പത്രത്തിൽ ഒരു വാർത്ത കൊടുക്കാൻ ഉപദേശിച്ചത്. അങ്ങനെ മാതൃഭൂമിയുടെ പരവൂർ ലേഖകനെ കണ്ട് വിവരം ധരിപ്പിച്ചു. 2020 ഫെബ്രുവരി 9 ന് സഹായം തേടിയുള്ള വാർത്ത പ്രസിദ്ധീകരിച്ചു. ഈ വാർത്ത ശ്രദ്ധയിൽപെട്ട് ഡോ.അനൂപ് കൃഷ്ണയും സംഘവും രാധാകൃഷ്ണന്റെ വീട്ടിലെത്തുകയും എല്ലാ ചികിത്സയും ഏറ്റെടുത്തുകൊള്ളാമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ രാധാകൃഷ്ണനെ കടപ്പാക്കടയിലെ അനൂപ് ഓർത്തോകെയറിലേക്ക് വാഹനത്തിൽ കൂട്ടിക്കൊണ്ട് പോയി. ഫെബ്രുവരി 13 ന് ഇടപ്പെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 19 ന് തിരികെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അന്നു തൊട്ടുള്ള തുടർ ചികിത്സയും സൗജന്യമായിട്ടാണ് രാധാകൃഷ്ണന് അനൂപ് കൃഷ്ണ നൽകിയിരുന്നത്.

എല്ലാം ഭേദമായ ശേഷം ഓണത്തിന് ഒരാഴ്ച മുൻപ് തന്റെ ലോട്ടറിക്കച്ചവടം രാധാകൃഷ്ണൻ പുനരാരംഭിച്ചു. ഡോക്ടറുടെ മരണം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു എന്നാണ് രാധാകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. നല്ല മനസ്സുള്ളയാലായിരുന്നു ഡോക്ടർ. എന്നെപോലെ വേറെയും ചിലരെ ഡോക്ടർ സൗജന്യമായി ചികിത്സിച്ചിട്ടുണ്ട്. എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നതും. ഒരിക്കലും അലോഹ്യത്തോടെ അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല. ദുർബല മനസ്സായതു കൊണ്ടാവാം ഇങ്ങനെ ഒരു സംഭവത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നും രാധാകൃഷ്ണൻ പറയുന്നു. ആശുപത്രി ചെലവിന് പുറമേ മറ്റു ചെലവ്ക്കു കൂടി അനൂപ് കൃഷ്ണ രാധാകൃഷ്ണനെ സഹായിച്ചിട്ടുണ്ട്. അനൂപ് ഓർത്തോകെയറിന്റെ ജനക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി രാധാകൃഷ്ണനെപോലെയുള്ള നിർദ്ധനരായ നിരവധി പേർക്ക് ചികിത്സയും ശസ്ത്രക്രിയയും ചെയ്തു വന്നിരുന്നു. ഡോക്ടറുടെ അകാല വിയോഗം എല്ലാവരെയും ഒരു പോലെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ 23നാണ് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ജന്മനായുള്ള കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ആദ്യ ലക്ഷ്മി ഹദയാഘാതത്തെത്തുടർന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു.

രണ്ടു ദിവസം മുൻപാണ് കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ടായിരുന്നു. ഏഴു വസുള്ള മകനാണ് ഡോ. അനൂപിനുള്ളത്. തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ തന്റെ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നത് വലിയ തോതിൽ ഉലച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കവേയാണ് ഡോ. അനൂപ് ആത്മഹത്യ ചെയ്തത്.

എഴുകോൺ സ്വദേശികളായ സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു. വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടർന്ന് ഉടൻ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു.

മൃതദേഹവുമായി എത്തിയ ആബുലൻസ് ആശുപത്രി എത്തും മുൻപ് പൊലീസ് തടഞ്ഞിരുന്നു. കുട്ടി മരിച്ചത് അനസ്തേഷ്യ നൽകിയതിലെ പിഴവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സർജൻ. എന്നാൽ, അനസ്തേഷ്യ വിഭാഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു. എന്നാൽ, ആശുപത്രി ഉടമ എന്ന നിലയിൽ കുട്ടിയുടെ മരണവും അതേ തുടർന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ 7 വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് അനൂപ് ഓർത്തോ കെയർ. ആയിരത്തോളം ശസ്ത്രക്രിയകൾ ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഇത്തരം ഒരു ചികിത്സാ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നു ഡോക്ടർ എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത ഡോ. അനൂപ് ഇത്തരമൊരു അന്ത്യം അർഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിർന്ന് കഴിഞ്ഞാൽ ഇത്തരം സർജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാൻ അനസ്തെറ്റിസ്റ്റ് കൂടെയായ സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. പക്ഷേ ഓപ്പറേഷന് ശേഷം വെൻട്രിക്കുലാർ ഫെബ്രില്ലേഷൻ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറായ അർച്ചനയാണ് അനൂപിന്റെ ഭാര്യ. മകൻ: കിത്തു(7).

ഡോക്ടറുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് എ.എസ് ശരത് മോഹൻ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി പ്രദീപിനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ശരത് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP