Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഉടമകളെ രക്ഷിക്കാൻ സഭാ അരമനയിൽ യോഗം ചേർന്നു: സർക്കാരുമായും ചർച്ച നടന്നതിന്റെ ഫലമായി എല്ലാ പരാതിക്കും ഒറ്റ എഫ്ഐആറായി: സംഗതി വിവാദമായതോടെ അരമനയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും ആരോപണം: പുതിയ പരാതികൾ രജിസ്റ്റർ ചെയ്യാൻ തയാറാകാതെ പൊലീസും: പോപ്പുലർ ഉടമകൾക്ക് വേണ്ടി സർക്കാർ ഒത്തുകളി നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു: യോഗം നടന്നത് അരമനയിൽ അല്ലെന്നും പുറത്തെന്നും വിശദീകരണം

പോപ്പുലർ ഉടമകളെ രക്ഷിക്കാൻ സഭാ അരമനയിൽ യോഗം ചേർന്നു: സർക്കാരുമായും ചർച്ച നടന്നതിന്റെ ഫലമായി എല്ലാ പരാതിക്കും ഒറ്റ എഫ്ഐആറായി: സംഗതി വിവാദമായതോടെ അരമനയിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നും ആരോപണം: പുതിയ പരാതികൾ രജിസ്റ്റർ ചെയ്യാൻ തയാറാകാതെ പൊലീസും: പോപ്പുലർ ഉടമകൾക്ക് വേണ്ടി സർക്കാർ ഒത്തുകളി നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു: യോഗം നടന്നത് അരമനയിൽ അല്ലെന്നും പുറത്തെന്നും വിശദീകരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിക്ഷേപകരുടെ കോടികൾ തട്ടി മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമകളെ രക്ഷിക്കാൻ ഒരു പ്രബല സഭ അരയും തലയും മുറുക്കി രംഗത്ത്. സർക്കാരുമായി ഇവർ നടത്തിയ ചർച്ചയുടെ ഫലമായിരുന്നു എല്ലാ കേസിനും കൂടി ഒരു എഫ്ഐആർ എന്ന വിചിത്ര നിയമമെന്ന വിവരവും പുറത്തു വരുന്നു.

അറസ്റ്റിലാകും മുൻപ് പോപ്പുലർ ഉടമകൾക്കൊപ്പം സഭാ അരമനയിൽ യോഗം ചേർന്നു. ഇതിന് പിന്നാലെയാണ് സർക്കാരിൽ സമ്മർദമുണ്ടായതും ഒറ്റ എഫ്ഐആർ എന്ന തീരുമാനത്തിൽ എത്തിയതും. സർക്കാരിന്റെ മൈലേജ് വർധിപ്പിക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു തുടർന്ന് നടന്ന പോപ്പുലർ ഉടമകളുടെ അറസ്റ്റ് നാടകം. നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുകയും എല്ലാ പരാതിക്കും പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ രക്ഷാപ്രവർത്തനം പാളി. ഇപ്പോൾ ലഭിക്കുന്ന പരാതികളിൽ മിക്ക സ്റ്റേഷനുകളിലും എഫ്ഐആർ ഇടുന്നത് വൈകിപ്പിക്കുകയാണ്.

പോപ്പുലർ ഉടമകളായ റോയിയും ഭാര്യയുമെല്ലാം ചേർന്നാണ് അരമനയിലെ ചർച്ചയിൽ പങ്കെടുത്തത്. കേസിൽ രക്ഷപ്പെടണമെങ്കിൽ സർക്കാരിന്റെ സഹായം ഇവർക്ക് ആവശ്യമായിരുന്നു. അതിന് വേണ്ടിയായിരുന്നു ചർച്ചയും യോഗവും. ഇതിന് പിന്നാലെ സർക്കാരിലെ ഉന്നതനെ കണ്ട് സഹായം ഉറപ്പാക്കി. എന്നാൽ, നിക്ഷേപകരുടെ കോടികൾ പോയ കേസ് ആയതിനാൽ അറസ്റ്റുമായി സഹകരിക്കണമെന്ന നിർദ്ദേശമാണ് അവിടെ നിന്ന് കിട്ടിയത്. സഹകരിച്ചാൽ വലിയ കേടുപാട് കൂടാത്ത വിധം കേസ് കൈകാര്യം ചെയ്യാമെന്നൊരു വാഗ്ദാനവും ലഭിച്ചത്രേ. അങ്ങനെയാണ് സഭയുടെ തന്നെ മറ്റൊരു അരമനയുടെ കീഴിൽ ഒളിവിൽ പാർത്തിരുന്ന റോയിയെയും ഭാര്യ പ്രഭയെയും പത്തനംതിട്ട-കോട്ടയം ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തുകൊണ്ടു വന്ന് പന്തളം പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറിയത്.

ഇവരെ പൊലീസിന് കൈയിൽ കിട്ടിയതിന് തൊട്ടുപിന്നാലെ പിണറായി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിവരം പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോൾ കൈമാറി കിട്ടിയ പ്രതികളുമായി പൊലീസ് സംഘം തിരുവല്ല പോലും പിന്നിട്ടിരുന്നില്ല. തങ്ങൾ യോഗം വിളിച്ചിരുന്നുവെന്ന ആരോപണം സഭാധികൃതർ നിഷേധിക്കുന്നില്ല. എന്നാൽ, അത് അരമനയിൽ വച്ചായിരുന്നില്ലെന്നും പുറത്തായിരുന്നുവെന്നും ഒരു പുരോഹിതനാണ് നേതൃത്വം നൽകിയത് എന്നുമുള്ള തരത്തിലൊരു പ്രചാരണം നടത്തുകയാണ്.

ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുവെന്ന് അറിഞ്ഞതോടെ അരമനയിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതായും ആരോപണമുണ്ട്്. ചില രാഷ്ട്രീയക്കാരുടെ പിന്തുണയും യോഗത്തിന് ലഭിച്ചിരുന്നു. ഹൈക്കോടതി ഇടപെടൽ വന്നതോടു കൂടി സർക്കാർ കൈയെടുത്തു. ഇതിന് ശേഷമാണ് പോപ്പുലർ തട്ടിപ്പിന് എതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതികരിക്കാൻ തയാറായത് എന്നതും ശ്രദ്ധേയമാണ്. എല്ലാം കൂട്ടിവായിക്കുമ്പോൾ സർക്കാർ ഭാഗത്തു നിന്നുള്ള അട്ടിമറി ശ്രമവും സംശയിക്കേണ്ടി വന്നിരിക്കുകയാണ്.

പരാതികൾ കൂടുതലായി വന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ലെന്ന് വ്യാപക പരാതി നിക്ഷേപകർക്ക് ഇടയിൽ നിന്നുണ്ട്. പരാതിയുമായി ചെല്ലുന്നവരെ പൊലീസ് പറഞ്ഞു വിടുകയാണെന്നും പരാതി വാങ്ങി വച്ചിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നുവെന്നുമാണ് ആക്ഷേപം. ആദ്യഘട്ടത്തിൽ പോപ്പുലർ ഉടമകൾ രക്ഷപ്പെടാൻ വേണ്ടി പല നാടകങ്ങളും അവതരിപ്പിച്ചിരുന്നു. അതിലൊന്നായിരുന്നു സ്ഥാപനം മറ്റൊരു ഫിനാൻസ് കമ്പനി ഏറ്റെടുക്കുന്നുവെന്ന തരത്തിൽ നടത്തിയ പ്രചാരണം.

ഇതിനായി വകയാറിലെ ആസ്ഥാനത്ത് മാനേജർമാരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു. പോപ്പുലറിനെ മറ്റൊരു സ്ഥാപനം ഏറ്റെടുക്കുന്നുവെന്നും നിക്ഷേപകർ പലിശയ്ക്കായി രണ്ടുമാസം കൂടി കാത്തിരിക്കണമെന്നും അനുനയത്തിലൂടെ പറയുകയായിരുന്നു ലക്ഷ്യം. ഈ രണ്ടു മാസം കൊണ്ട് വിദേശത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു ഉടമകളുടേത്. അതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി. ഔഡി ഉൾപ്പെടെയുള്ള ആഡംബര കാറുകൾ റോയി വിറ്റു കാശാക്കി. ഉണ്ടായിരുന്ന രണ്ടു ബെൻസ് കാറുകളിൽ ഒരെണ്ണം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശേഷിച്ചത് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതും വിറ്റിരിക്കാമെന്നാണ് നിഗമനം.

ഹൈക്കോടതി ിടപെടലിനെ തുടർന്ന് പണി മൊത്തം പാളിയതോടെ ആദ്യം രക്ഷകവേഷം കെട്ടിയ സർക്കാരും കൈവിട്ടു. പ്രൊട്ടക്ഷൻ ഓഫ് ദ ഇൻവെസ്റ്റർ ഓഫ് ദി ഇൻവെസ്റ്റ്സ് ആക്ട് 2013 കൂടി ചുമത്തിയതോടെ ഉടമകൾക്ക് ഉടനെയൊന്നും പുറത്തു വരാൻ കഴിയാത്ത സ്ഥിതിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP