Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നുണപരിശോധന; ഫൊറൻസിക് പരിശോധന റിപ്പോർട്ടിനു പിന്നാലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ്; പെൺകുട്ടി കൊല്ലപ്പെട്ടത് കഴുത്തിലെ പരിക്കെന്ന് വരുത്തി തീർക്കാനും ശ്രമം; പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശമില്ല; പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളി; എസ്‌പി അടക്കമുള്ള അന്വേഷണ സംഘത്തിനെ തെറിപ്പിച്ച് യോഗിയുടെ നടപടിയും  

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ദലിത് പെൺകുട്ടി പീഡനത്തിനിരയായില്ലെന്ന ഫൊറൻസിക് പരിശോധന റിപ്പോർട്ടിനു പിന്നാലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം നടന്നിട്ടില്ലെന്ന് വ്യക്തമായതിനാലാണ് നുണപരിശോധന നടത്തുന്നതെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

കഴുത്തിലുണ്ടായ പരുക്കാണു മരണകാരണമെന്നും ഉത്തർപ്രദേശ് എഡിജി പ്രശാന്ത് കുമാർ നേരത്തെ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശമുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ മൊഴിയിലും പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നും മർദിച്ചെന്നു മാത്രമാണു സൂചിപ്പിച്ചതെന്നുമായിരുന്നു എഡിജിയുടെ വിശദീകരണം. സംഭവത്തിന്റെ പേരിൽ ജാതിസംഘർഷമുണ്ടാക്കാൻ ശ്രമിച്ചവരെ പിടികൂടുമെന്നും എഡിജി പറഞ്ഞിരുന്നു. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപണം ഉയർത്തുന്നതിനിടെയാണ് പൊലീസിന്റെ വിചിത്ര നടപടി.

അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് എസ്‌പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കേസിൽ അറസ്റ്റിലായവർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്ന് നിർദേശിച്ചതും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ മരിച്ച പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷറിനെതിരെ ഇത് വരെ നടപടിയില്ല.

ഹത്രസ് പീഡനത്തിൽ ഒടുവിൽ യുപി സർക്കാർ കുറ്റമേറ്റു. കേസുമായി ബന്ധപ്പെട്ട് എസ്‌പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടി സ്വീകരിച്ചത്. അങ്ങനെ ജനരോഷത്തിന് മുന്നിൽ യോഗി സർക്കാരും തലകുനിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായവർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ഹത്രസിൽ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ സംസ്‌കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി ഉയർന്നിരുന്നു. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്‌കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നു. ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്‌കാരം നടത്തിയതെന്നാണ് ആരോപണം. ആദ്യമെല്ലാം ഇത് സർക്കാർ നിഷേധിച്ചു. എന്നാൽ വീഡിയോ തെളിവിനൊപ്പം ഉയർന്ന ജനരോഷം കണ്ടില്ലെന്ന് നടിക്കാൻ യോഗി സർക്കാരിനുമായില്ല. അങ്ങനെ പൊലീസിലെ കുറ്റക്കാർക്കെതിരേയും നടപടി വരികയാണ്.

സെപ്റ്റംബർ 14ന് പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽവച്ച് ചൊവ്വാഴ്ചാണ് 19കാരിയായ ദലിത് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളുടെ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തു. ഹത്രസിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് യുപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനിടെയാണ് യോഗിയുടെ പ്രസ്താവന. ഇതിന് മുമ്പോരിക്കലും പൊലീസിനെ കുറ്റപ്പെടുത്താനോ നടപടി എടുക്കാനോ മുതിരാത്ത യോഗിയാണ് അതിശക്തമായി പ്രതികരിക്കുന്നത്.

പെൺകുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു. ഭാവിയിലേക്ക് മാതൃകയാകുന്ന രീതിയിലുള്ള ശിക്ഷയായിരിക്കും അവർക്ക് ലഭിക്കുക. ഇത് സർക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമായിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും കുടുംബത്തിന് പുതിയ വീടും 25 ലക്ഷം രൂപ സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അദ്ദേഹം ഉറപ്പു നൽകി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആക്രമണം രൂക്ഷമായതിനുപിന്നാലെയാണ് പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്.

ഹത്രസ് സംഭവത്തിനു ശേഷം സംസ്ഥാനത്ത് 14ഉം 11ഉം വയസുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ഇതിനിടെ ഹത്രസ് സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കി. സമാനമായ രീതിയിൽ തൃണമൂൽ കോൺഗ്രസ് എംപിമാരേയും പൊലീസ് തടഞ്ഞു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. ഇതോടെയാണ് വിഷയം രാജ്യാന്തരമായി പുതിയ തലത്തിലേക്ക് ചർച്ചയായത്. ഡൽഹി മുഖ്യന്ത്രി അരവിന്ദ് കെജ്രിവാളും പ്രതിഷേധത്തിന്റെ ഭാഗമായി.

ഹത്രസിൽ നാലംഗ സംഘത്തിന്റെ അതിക്രൂര പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട ദലിത് പെൺകുട്ടി രാജ്യത്തിനുമുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾക്കു ജീവന്റെയും ആത്മാഭിമാനത്തിന്റെയും വിലയുണ്ട്. ഇതിനുശേഷവും യുപിയിലടക്കം സമാനസംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന യാഥാർഥ്യം രാജ്യത്തിന് തന്നെ നാണക്കേടാണ്. വീട്ടിൽനിന്നു കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്കു പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതര പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. അതീവഗുരുതരാവസ്ഥയിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 വയസ്സുകാരി ചൊവ്വാഴ്ച പുലർച്ചെ മരിച്ചതോടെ ഈ ക്രൂരമരണം രാജ്യത്തു പ്രതിഷേധത്തിന്റെ കൊടുങ്കാറ്റിനു കെട്ടഴിച്ചുവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP