Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചത് ലാവ്‌ലിൻ പേടിയിലോ? സുപ്രീംകോടതി കേസ് ഫയൽ വീണ്ടും തുറക്കുമ്പോൾ ഏകോപനത്തിന് സിഎം ഓഫീസിൽ പ്രത്യേക സംവിധാനം; നിയമോപദേശകരായി ജയകുമാറും വേലപ്പൻ നായരും ഉണ്ടായിട്ടും മതിവാരതെ പിണറായി സർക്കാർ; ഹൈക്കോടതിയിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എം.രാജേഷും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ചെലവു ചുരുക്കൽ വാക്കുകളിൽ മാത്രമാകുമ്പോൾ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമകാര്യ സെൽ രൂപീകരിച്ചത് ലാവ്‌ലിൻ പേടിയിലോ? സുപ്രീംകോടതി കേസ് ഫയൽ വീണ്ടും തുറക്കുമ്പോൾ ഏകോപനത്തിന് സിഎം ഓഫീസിൽ പ്രത്യേക സംവിധാനം; നിയമോപദേശകരായി ജയകുമാറും വേലപ്പൻ നായരും ഉണ്ടായിട്ടും മതിവാരതെ പിണറായി സർക്കാർ; ഹൈക്കോടതിയിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എം.രാജേഷും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്; ചെലവു ചുരുക്കൽ വാക്കുകളിൽ മാത്രമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെരിയയിൽ സിബിഐയെ എതിർക്കാൻ ഹൈക്കോടതിയിലും നടത്തിയ പോരാട്ടം വെറുതെയായി. ഒടുവിൽ ലൈഫ് മിഷനിലും പൊളിഞ്ഞു. ഇതിനെല്ലാം കാരണം ഉപദേശകരുടെ കുറവാണോ എന്ന് സർക്കാരിന് സംശയം. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമകാര്യ സെൽ രൂപീകരിച്ച് ഉത്തരവിറങ്ങിയതെന്നാണ് സൂചന. ചെലവ് ചുരുക്കലിന്റെ കാലത്ത് മറ്റൊരു ചെലവ് സൃഷ്ടിക്കൽ.

നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ ചീഫ് സെക്രട്ടറിയും നിയമകാര്യ സെല്ലിനു രൂപം നൽകിയിട്ടുണ്ട്. വിജിലൻസിൽ പ്രവർത്തിച്ചിരുന്ന അഭിഭാഷകനെയാണ് സെല്ലിൽ നിയമിച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമേയുള്ള പുതിയ നിയമനം അധികച്ചെലവാണെന്ന ആക്ഷേപം ശക്തമാണ്. ഇതുയരുമെന്ന് മനസ്സിലാക്കി തന്നെയാണ് മുഖ്യമന്ത്രിയും തീരുമാനം എടുത്തിരിക്കുന്നത്. ഭരണത്തിന്റെ അവസാന നാളുകളിൽ കൂടുതൽ കേസുകൾ ഉയർന്നുവരുമെന്നും അതിൽ ക്രിയാത്മക ഇടപെടൽ വേണമെന്നും വാദമുണ്ട്.

ലാവ്‌ലിൻ കേസും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുകായണ്. മുമ്പ് ഈ കേസിലെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോയാണ്. അവർ ഇപ്പോൾ സർവ്വീസിൽ ഇല്ല. ഈ സാഹചര്യത്തിൽ ലാവ്‌ലിൻ കേസ് കൂടി നോക്കേണ്ട ചുമതലയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ സെല്ലിന് കൈവരും. സർക്കാരിൽ നിരവധി നിയമ വിദഗ്ദ്ധർ പ്രവർത്തിക്കുമ്പോഴാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എം.രാജേഷിനാണ് സെല്ലിന്റെ അധിക ചുമതല. യാത്രാബത്തയും ഓണറേറിയവും പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സ്‌പെഷൽ ലെയ്‌സൺ ഓഫിസറായി മുതിർന്ന അഭിഭാഷകനെ നേരത്തേ നിയമിച്ചിരുന്നു. 1.10 ലക്ഷം രൂപയാണ് ശമ്പളം. അഡ്വ. ജനറൽ ഓഫിസുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തിനായാണ് നിയമനം. ഇതുകൂടാതെ നിയമകാര്യങ്ങളിൽ ഉപദേശം നൽകാൻ എൻ.കെ.ജയകുമാറിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിച്ചിട്ടുണ്ട്. നിയമകാര്യങ്ങൾ ഔദ്യോഗികമായി കൈകാര്യം ചെയ്യാൻ നിയമസെക്രട്ടറിയും ഓഫിസർമാരുമുണ്ട്.

അഡ്വക്കേറ്റ് ജനറലിനും കാബിനറ്റ് പദവി നൽകിയതുൾപ്പെടെ വിവാദങ്ങൾ പലതായിരുന്നു. ഒരു ലക്ഷത്തിലധികം പ്രതിമാസ ശമ്പളനിരക്കിൽ അടുത്തകാലത്ത് ലെയ്സൺ ഓഫീസറായി വേലപ്പൻ നായരെ മുഖ്യമന്ത്രി നിയമിച്ചതും വലിയ ചർച്ചയായി. ഇതൊന്നും കാണാതെ മുമ്പോട്ട് പോകാനാണ് നിലവിൽ പിണറായിയുടെ തീരുമാനം. ലാവ്ലിൻ കേസ് അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തരമായി കേൾക്കണമെന്ന് സിബിഐ. ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാകും വ്യാഴാഴ്ച കേസ് പരിഗണിക്കുക. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നതാണ് കേസ്.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ കഴിഞ്ഞമാസം ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടെങ്കിലും വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്. 11 മാസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31-ന് ലാവലിൻ കേസ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിലെത്തിയിരുന്നു. 2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെട്ടിരുന്നു. വിശദമായി വാദം കേൾക്കേണ്ട കേസായതിനാൽ സുപ്രീംകോടതിയിൽ നേരിട്ട് വാദം കേൾക്കൽ ആരംഭിച്ചശേഷമേ പരിഗണിക്കാവൂ എന്നുകാട്ടി പ്രതി ആർ. ശിവദാസൻ കത്ത് നൽകിയിരുന്നു. ശിവദാസന്റെ അപേക്ഷയെ ആരും എതിർത്തിട്ടില്ല.

2017 ഒക്ടോബർ മുതൽ 19 തവണയാണ് ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു. ലാവലിൻ കേസിൽ പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യർ, ശിവദാസൻ, രാജശേഖരൻ നായർ എന്നിവരുടെ വിചാരണ സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോൺഗ്രസ് നേതാവ് വി എം. സുധീരനും കേസിൽ കക്ഷിചേർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP