Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതു-സ്വകാര്യ ​ഗതാ​ഗതങ്ങൾ തുടരും; ബാങ്കുകൾ പ്രവർത്തിക്കും; ചടങ്ങുകളിലും ആരാധനാലയങ്ങളിലും 20 പേർ; പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല; കാസർകോട്, കണ്ണൂർ ജില്ലകൾക്ക് ബാധകമല്ല; കണ്ടെയ്മെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണം; ഇന്ന് രാവിലെ ഒമ്പതിന് നിലവിൽ വരുന്ന നിയന്ത്രണങ്ങൾ ഇവയൊക്കെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് രാവിലെ ഒമ്പത് മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒഴികെ ജില്ലാ കളക്ടർമാർ 144 പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ നിരോധനാജ്ഞ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

ബാങ്കുകൾ പ്രവർത്തിക്കും. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി. പൊതു‌ചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്‍ന്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളിൽ സമാന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്നലെ നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കാതെ തന്നെ ആൾക്കൂട്ടം ഒഴിവാക്കാനും സമ്പർക്ക വ്യാപനം തടയാനും ഉദ്ദേശിച്ചാണ് നടപടികൾ.

തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ:

പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആർപിസി 144 പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ശനിയാഴ്ച (ഒക്ടോബർ 3) രാവിലെ ഒൻപതു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

കണ്ടെയ്ന്മെന്റ് സോണുകളിൽ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളിൽ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇൻഡോർ, ഔട്ട്ഡോർ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണുകളിൽ പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസർവീസുകൾ അനുവദിക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്‌ക്കൊഴികെ ആളുകൾ കണ്ടെയ്ന്മെന്റ് സോണിൽ നിന്നും പുറത്തേക്കു പോകുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ പൊലീസ് ഏർപ്പെടുത്തണം.

കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് അഞ്ചു പേരിൽ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാർത്ഥനാ ചടങ്ങുകൾക്കും ശവസംസ്‌കാര ചടങ്ങുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകൾ നടത്താം.

എന്നാൽ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. കണ്ടെയ്ന്മെന്റ് സോൺ അല്ലാത്ത ഇടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഇളവുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം.
ഒക്ടോബർ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണം. ബാങ്കുകൾ, കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുൻപിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളിൽത്തന്നെ കഴിയണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.

മറ്റു ജില്ലകളിലെ നിയന്ത്രണങ്ങൾ:

വിവാഹങ്ങളിൽ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കു. സാംസ്കാരിക പരിപാടികൾ, സർക്കാർ നടത്തുന്ന പൊതു പരിപാടികൾ,രാഷ്ട്രിയ, മത ചടങ്ങുകൾ,തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു. മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഓഫിസുകൾ, കടകൾ, റസ്റ്റോറന്റുകൾ, ജോലിയിടങ്ങൾ, ആശുപത്രികൾ, പരീക്ഷ കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു. ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽഅധികം കൂട്ടം കൂടാൻ പാടില്ല.

കോവിഡ് വ്യാപനം തടയാൻ നിരോധനാജ്ഞ പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. നിരോധനാജ്ഞ ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ലായിരുന്നു. പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ നാളെ രാവിലെ മുതൽ ഒക്ടോബർ 31 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി വ്യക്തത വരുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നും കടകൾ അടച്ചിടില്ലെന്നും അദ്ദേഹം അറിയിച്ചു.

സമ്പൂർണ ലോക്ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നും പരിശോധിച്ച് ജില്ലാ കളക്ടർമാർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.

ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടർമാർക്ക് 144 അനുസരിച്ച് നടപടിയെടുക്കാമെന്നതാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ സംസ്ഥാനത്തെ പൊതുഗതാഗതം പൂർണ സജ്ജമായതും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന ഉത്തരവ് പ്രായോഗികമാണോ എന്ന ചോദ്യമാണ് ഉയർന്നത്. ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ 144 പ്രഖ്യാപിക്കാൻ കളക്ടർമാരോട് സർക്കാർ നിർദ്ദേശിച്ചത് നിയമപരമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കളക്ടർമാർക്ക് യുക്തമായ സാഹചര്യങ്ങളിൽ 144 പ്രഖ്യാപിക്കാൻ നേരത്തെതന്നെ അധികാരമുണ്ട്. ഈ പശ്ചാത്തലത്തിൽ സർക്കാരും ചീഫ് സെക്രട്ടറിയും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തൊട്ടാകെ നിരോധനാജ്ഞ ഇല്ലെന്ന് വ്യക്തമാക്കി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ രംഗത്തെത്തിയിരുന്നു. ഓരോ ജില്ലയിലെയും സാഹചര്യം നോക്കി ഇക്കാര്യത്തിൽ കളക്ടർമാർക്ക് ഉത്തരവിറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങളുടെ ഇളവുകളിലും കളക്ടർക്ക് വ്യക്തതവരുത്താമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാർക്കിലും ബീച്ചിലും ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെമുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒരു സമയം അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. അഞ്ചുപേരിൽ കൂടുതൽ പൊതുഇടങ്ങളിൽ കൂട്ടംകൂടിയാൽ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. എന്നാൽ മരണം, വിവാഹച്ചടങ്ങുകൾ എന്നിവയ്ക്ക് നിലവിലെ ഇളവുകൾ തുടരും.തീവ്രബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക. ജില്ലയിലെ സ്ഥിതി വിലയിരുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ആവശ്യമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാം.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കേരളത്തിൽ ഇന്നലെ 9258 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂർ 812, പാലക്കാട് 633, കണ്ണൂർ 625, ആലപ്പുഴ 605, കാസർഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

20 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശി തങ്കപ്പൻ (82), പൂവാർ സ്വദേശി ശശിധരൻ (63), ചപ്പാത്ത് സ്വദേശി അബ്ദുൾ അസീസ് (52), പോത്തൻകോട് സ്വദേശി ഷാഹുൽ ഹമീദ് (66), കൊല്ലം ഓയൂർ സ്വദേശി ഫസിലുദീൻ (76), കൊല്ലം സ്വദേശി ശത്രുഘനൻ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശൻ (63), തങ്കശേരി സ്വദേശി നെൽസൺ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠൻ നായർ (92), കനാൽ വാർഡ് സ്വദേശി അബ്ദുൾ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എൻ. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിർമല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 184 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8274 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂർ 807, പാലക്കാട് 441, കണ്ണൂർ 475, ആലപ്പുഴ 590, കാസർഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

93 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂർ 23, എറണാകുളം 11, കാസർഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂർ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എൻഎച്ച്എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂർ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂർ 303, കാസർഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,15,778 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 30,853 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്നലെ 63 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP