Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിങ്കളാഴ്‌ച്ച ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സിബിഐ സംഘത്തിന് മുന്നിൽ ഹാജരാക്കേണ്ടത് ആറ് രേഖകൾ; കൊച്ചി സിബിഐ ഓഫീസിൽ നേരിട്ട് ഹാജരാകുകയോ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനെ അയക്കുകയോ വേണമെന്ന് നിർദ്ദേശം; രേഖകൾ എല്ലാം വിജിലൻസ് പിടിച്ചെടുത്തതോടെ സിബിഐ ആവശ്യപ്പെട്ട എല്ലാ ഫയലും ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്ന കാര്യത്തിലും അവ്യക്തത

തിങ്കളാഴ്‌ച്ച ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സിബിഐ സംഘത്തിന് മുന്നിൽ ഹാജരാക്കേണ്ടത് ആറ് രേഖകൾ; കൊച്ചി സിബിഐ ഓഫീസിൽ നേരിട്ട് ഹാജരാകുകയോ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനെ അയക്കുകയോ വേണമെന്ന് നിർദ്ദേശം; രേഖകൾ എല്ലാം വിജിലൻസ് പിടിച്ചെടുത്തതോടെ സിബിഐ ആവശ്യപ്പെട്ട എല്ലാ ഫയലും ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്ന കാര്യത്തിലും അവ്യക്തത

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ യു.വി ജോസ് സിബിഐ സംഘത്തിന് മുന്നിൽ ഹാജരാക്കേണ്ടത് ആറു രേഖകൾ. റെഡ് ക്രസൻറും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെൻററും സംബന്ധിച്ച വിവരങ്ങൾ, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, വടക്കാഞ്ചേരി നഗരസഭ, കെ.എസ്​.ഇ.ബി എന്നിവ ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ നടത്തിയ ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്‍ൻറ് വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്. അഞ്ചാം തിയതി കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകുമ്പോളാണ് രേഖകൾ കൈമാറേണ്ടതെന്നാണ്​ നിർദ്ദേശം.

യു.വി ജോസോ അല്ലെങ്കിൽ രേഖകൾ വിശദീകരിക്കാൻ കഴിയുന്ന ഉദ്യോഗസ്ഥനോ തിങ്കളാഴ്‍ച രേഖകളുമായി എത്തണം എന്നാണ് സിബിഐ നിർദ്ദേശം. സിബിഐ രേഖകൾ ആവശ്യപ്പെട്ട് കത്ത് നൽകിയതിന് പിറകെ വിജിലൻസ് ലൈഫ് മിഷൻ ഓഫീസിൽ പരിശോധന നടത്തി രേഖകൾ പലതും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ ആവശ്യപ്പെട്ട എല്ലാ ഫയലും ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതാണ് പ്രധാനം. ലൈഫ്​ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്​ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

യു.വി.ജോസ് സിബിഐയ്ക്ക് നൽകിയ മൊഴിയിൽ പറഞ്ഞത് മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത് എന്നാണ്. സിഇഒ എന്ന നിലയിൽ പദ്ധതി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. കരാർ എല്ലാം മുകളിൽ നിന്നും വന്നതാണ്. സ്വയം രക്ഷപ്പെടാനുള്ള ശക്തമായ മൊഴികൾ യു.വി.ജോസിന്റെ കയ്യിൽ നിന്നും വന്നപ്പോൾ കൂടുതൽ കുരുക്കിലാകുക ലൈഫ് മിഷനിൽ യു.വി.ജോസിനെ നിയന്ത്രിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ തന്നെയാണ്.

ലൈഫ് മിഷൻ പദ്ധതിയിലെ ഇടപാടുകളുടെ അന്വേഷണത്തിൽ സിബിഐ ഏറെ മുന്നേറിക്കഴിഞ്ഞതായി സൂചന. ലൈഫ് മിഷന്റെ നിർമ്മാണകരാർ ലഭിച്ച സന്തോഷ് ഈപ്പനെ തന്നെയാണ് സിബിഐ മുഖ്യ കരുവാക്കിയത്. മിഷനുമായി ബന്ധപ്പെട്ടു അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ഭാര്യ യൂണിടാക് ഡയരക്ടർ ആണ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഭാര്യയെ കൂടി സിബിഐ വിളിച്ചു വരുത്തിയിരുന്നു. ഇത് സന്തോഷ് ഈപ്പനെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു വഴി കൂടിയായിരുന്നു.

സന്തോഷ് ഈപ്പനെ ഭാര്യയെ ചോദ്യം ചെയ്തപ്പോൾ പ്രതി ചേർത്തത് ലെഫ് മിഷൻ എംഡി സന്തോഷ് ഈപ്പനെ മാത്രമാണ്. കൃത്യമായ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ ഭാര്യയെ സാക്ഷിയാക്കുകയോ പ്രതിപ്പട്ടികയിൽ നിന്ന് മാറ്റുകയോ ചെയ്യുമെന്ന സൂചനകളാണ് സിബിഐ നൽകിയത്. ഇതിന്റെ സന്ദേശം മനസിലായതിനാൽ അറിയാവുന്ന കാര്യങ്ങൾ മുഴുവൻ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഴ നൽകിയില്ല കമ്മിഷൻ നൽകി എന്നാണ് സന്തോഷ് ഈപ്പൻ പറഞ്ഞത്. ഇടനിലക്കാർക്ക് കമ്മിഷൻ നൽകുക സ്വാഭാവികമാണ്. അതിനാൽ കമ്മിഷൻ നൽകി. ഈ കമ്മിഷൻ ഒരു കൈക്കൂലിയല്ല എന്നാണ് ഈപ്പൻ പറഞ്ഞത്.

ലെഫ് മിഷനെ കുറിച്ചും അതിന്റെ ഉള്ളുകള്ളികളെക്കുറിച്ചും വ്യക്തമായ ചിത്രം സന്തോഷ് ഈപ്പന്റെ കയ്യിലുണ്ട് എന്നാണ് ചോദ്യം ചെയ്യൽ വേളയിൽ സിബിഐയ്ക്ക് മനസിലാക്കാൻ കഴിഞ്ഞത്. ലൈഫ് മിഷൻ കമ്മിഷന്റെ കാര്യങ്ങൾ, സ്വപ്ന സുരേഷ് സുരേഷ് ബന്ധം തുടങ്ങി എല്ലാ കാര്യങ്ങളും ഈപ്പൻ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി എന്ന നിലയിൽ കരാർ ലഭിക്കാൻ ഏതറ്റം വരെയും പോകേണ്ടി വരും എന്ന കാര്യമാണ് സിബിഐയ്ക്ക് മുന്നിൽ ഈപ്പൻ വെളിപ്പെടുത്തിയത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ നീങ്ങുമ്പോൾ ഇതിനു ഇടനിലക്കാരായി ആളുകൾ ഉണ്ടാകും.

കരാർ ലഭിക്കുമ്പോൾ വിയർപ്പിന്റെ വില അവർക്ക് കമ്മിഷൻ എന്ന രീതിയിൽ നൽകും. പക്ഷെ ഇത് കൈക്കൂലിയല്ല. സ്വപ്ന ഇടനിലക്കാരിയാണ്. സ്വപ്ന വഴിയാണ് തനിക്ക് കമ്മിഷൻ ലഭിച്ചത്. അതുകൊണ്ട് തന്നെ സ്വപ്ന പറഞ്ഞ രീതിയിൽ കമ്മിഷൻ ആയി തുക നൽകി. വടക്കാഞ്ചേരി പ്രോജക്റ്റ് ഒരു തുടക്കം മാത്രം. മറ്റു ലൈഫ് മിഷൻ പ്രോജക്ടുകളും ലഭിക്കും. അതിനൊക്കെ കമ്മിഷൻ തുകയും നൽകേണ്ടി വരും. ഇത് നൽകാൻ കമ്പനി എന്ന നിലയിൽ തങ്ങൾ തയ്യാറാണ്. ഏത് കമ്പനിയും കരാർ എടുത്താൽ ഇടനിലക്കാർക്ക് കമ്മിഷൻ നൽകും. ആ രീതിയിലുള്ള ഇടപാടാണ് നടന്നത്.

സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുമ്പോൾ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ സിബിഐ മുകളിൽ ആരൊക്കെ എന്ന രീതിയിൽ ചോദ്യങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഈ മൊഴിയിൽ നിന്നാണ് ലൈഫ് മിഷൻ സിഇഒ യു.വി.ജോസിലെക്കും ശിവശങ്കറിലേക്കും സഞ്ചരിച്ചത്. ശിവശങ്കറിലേക്ക് സഞ്ചരിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ ആയ മുഖ്യമന്ത്രിയിലേക്കും സ്വാഭാവികമായി അന്വേഷണം നീങ്ങും. അവതാരങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അകറ്റി നിർത്തും എന്ന് പ്രഖ്യാപനം നടത്തിയിട്ട് സ്വപ്ന പോലുള്ള അവതാരങ്ങൾ എങ്ങനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് വന്നും എന്നും കമ്മിഷൻ കൈപ്പറ്റി എന്നും ചോദിക്കുമ്പോൾ ലൈഫ് മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിബിഐയ്ക്ക് മുന്നിൽ മറുപടി പറയേണ്ടി വരും. അത് റെഡ് ക്രസന്റും യൂണിറാക്കും തമ്മിലുള്ള ഇടപാടാണ് എന്ന് മുഖ്യമന്ത്രിക്ക് പറഞ്ഞ ഒഴിയാൻ കഴിയില്ല. കാരണം കരാർ ഒപ്പ് വെച്ചിരിക്കുന്നത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലാണ്. ധാരണാപത്രം ഒപ്പ് വെച്ചതും മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ചും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP