Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിദിനം പതിനയ്യായിരത്തോളം പേർ രോഗികളാവും; ഒരു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം 5ലക്ഷമാവും; അടിയന്തര നടപടികളില്ലെങ്കിൽ വീടുകളിൽ മരണമുണ്ടാകും; ടെസ്റ്റുകളിലല്ല ഇനിയുള്ള ശ്രദ്ധ മരണം ഒഴിവാക്കാൻ; കാര്യങ്ങൾ കൈവിട്ടിട്ടും സമൂഹവ്യാപനം പോലും സ്ഥിരീകരിക്കാതെ അധികൃതർ; ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ നിർദ്ദേശത്തിലും നടപടിയില്ല; ഒക്ടോബറും നവംബറും നിർണ്ണായകം; കേരളം കോവിഡ് സൂപ്പർ സ്പ്രെഡിലേക്കോ?

പ്രതിദിനം പതിനയ്യായിരത്തോളം പേർ രോഗികളാവും; ഒരു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം 5ലക്ഷമാവും; അടിയന്തര നടപടികളില്ലെങ്കിൽ വീടുകളിൽ മരണമുണ്ടാകും; ടെസ്റ്റുകളിലല്ല ഇനിയുള്ള ശ്രദ്ധ മരണം ഒഴിവാക്കാൻ; കാര്യങ്ങൾ കൈവിട്ടിട്ടും സമൂഹവ്യാപനം പോലും സ്ഥിരീകരിക്കാതെ അധികൃതർ; ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ നിർദ്ദേശത്തിലും നടപടിയില്ല; ഒക്ടോബറും നവംബറും നിർണ്ണായകം; കേരളം കോവിഡ് സൂപ്പർ സ്പ്രെഡിലേക്കോ?

എം മാധവദാസ്

തിരുവനന്തപുരം: ഈവർഷം ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യ നോവൽ കോറോണ വൈറസിനെ കേരളത്തിൽ സ്ഥിരീകരിക്കുന്നത്. എന്നാൽ തൊട്ടടുത്ത നാലുമാസങ്ങൾ കേരളം ശക്തമായി കോവിഡിനോട് പൊരുതി. കേരളാ മോഡൽ ആരോഗ്യ മാതൃക ലോക മാധ്യമങ്ങിൽ തലക്കെട്ടായി. അമേരിക്കയും, ബ്രിട്ടനും, ഇറ്റലിയും അടക്കമുള്ള വമ്പൻ രാജ്യങ്ങളിൽ ജനം മരിച്ചുവീഴുമ്പോൾ, കൊച്ചുകേരളത്തിന്റെ അതിജീവനം വലിയ ചർച്ചയായി. സർക്കാറിന്റെ ഭരണ നേട്ടങ്ങളിൽ ഒന്നായിപ്പോലും കോവിഡ് പ്രതിരോധം വളർന്നു. ഈ സമയത്ത് വന്ന ഏഷ്യാനെറ്റ് സർവേയിൽ പിണറായി സർക്കാറിന് തുടർ ഭരണവുമാണ് പ്രവചിക്കപ്പെട്ടത്.

എന്നാൽ മെയ് അവസാനം തൊട്ടുതന്നെ കാര്യങ്ങൾ കൈവിടുന്ന സൂചന കിട്ടി. ആഗസ്റ്റിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടന്നു. ഇപ്പോൾ അത് 8000 കടന്നിരിക്കയാണ്. വൈകാതെ അത് പതിനായിരം തൊടും. ടെസ്റ്റുകൾ കൂടുന്നതോടെ പ്രതിദിനം പതിനയ്യായിരം രോഗികളെ വരെ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ ഇപ്പോൾ പറയുന്നത്.

അതായത് ടെസ്റ്റ് പോസറ്റീവ് നിരക്ക് കേരളത്തിൽ കൂടുകയാണ്. ഇങ്ങനെ പോയാൽ രണ്ടുമാസത്തിനുള്ള മൊത്തം രോഗികളുടെ എണ്ണം അഞ്ചുലക്ഷം കടക്കുമെന്നാണ് ഐഎംഎയിലെ അടക്കമുള്ള വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. മരണ നിരക്കും അത് അനുസരിച്ച് കുടുകയാണ്. ഇന്നലെ മാത്രം 29പേരാണ് കോവിഡ്മൂലം കേരളത്തിൽ മരിച്ചത്. 'ആരിൽനിന്നും എപ്പോഴും പടരാമെന്ന നിലയിൽ കോവിഡ് കേരളത്തിൽ പിടിമുറക്കിയിരക്കയാണ്. സമൂഹവ്യാപനം എന്നേ ഉണ്ടായിക്കഴിഞ്ഞു. ഒക്ടോബറും നവംബറും കേരളത്തെ സംബന്ധിച്ച അതി നിർണ്ണാകമാണ്. ഒരൊറ്റ സിറ്റിപോലെ ചേർന്നുകിടക്കുന്ന അതീവ ജനസാന്ദ്രതയേറിയ ഈ സംസ്ഥാനത്ത് ഏത് നിമിഷവും ഒരു സൂപ്പർ സ്പ്രഡ് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ടെസ്റ്റിലും റൂട്ടുമാപ്പിലുമൊന്നും ആരോഗ്യവകുപ്പുതന്നെ ഇപ്പോൾ അധികം സമയം മെനക്കെടുത്തുന്നില്ല. പരമാവധി മരണം ഒഴിവാക്കുക എന്നതാണ് ഇനി നമ്മുടെ മുന്നിലുള്ള ലക്ഷ്യം. ഐഎംഎ ചൂണ്ടിക്കാട്ടിയപോലെ ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ ഇനിയും വൈകരുത്. '- ആരോഗ്യവിദഗധനും എഴുത്തുകാരനുമായ ഡോ എം മുരളീധരൻ ചൂണ്ടിക്കാട്ടുന്നു.

സൂപ്പർ സ്പ്രെഡ് തടയാൻ ആൾക്കൂട്ട നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് സൂപ്പർ സ്‌പ്രെഡ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ മേഖലയിലെ പ്രമുഖർ. പക്ഷേ സർക്കാർ പോളിസ്‌ക്ക് വിരുദ്ധമായതിനാൽ അത് തുറന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. 'ദിനംപ്രതി രോഗികളാവുന്നവരുടെ എണ്ണം അടുത്തു തന്നെ പതിനായിരം കടന്നേക്കും. രോഗലക്ഷണങ്ങളുള്ളവരെ മാത്രം പരിശോധിച്ചിട്ടും രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ആപത് സൂചനയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ട നിരോധനം സർക്കാർ പ്രഖ്യാപിച്ചത് നല്ലതാണ്. സൂപ്പർ സ്‌പ്രെഡിനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വേണ്ടത്'- ഒരു പ്രമുഖ ആരോഗ്യ പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ദിവസമായി എണ്ണായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയിൽ 95 ശതമാനത്തിലധികം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 8135 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 7013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് ആരോഗ്യവകുപ്പ്. 71,339 പേർ നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ മൂന്നാം തീയതി മുതൽ അഞ്ച് പേർ ഒത്ത് കൂടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയത്. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. പ്രാദേശിക സാഹചര്യം വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് കൂടുതൽ നടപടികൾ സ്വീകരിക്കാം. വിവാഹത്തിന് അമ്പത് പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം എന്നതൊഴിച്ചാൽ മറ്റെല്ലാ ആൾക്കൂട്ടങ്ങളേയും നിയന്ത്രിക്കാനാണ് സർക്കാർ തീരുമാനം.

രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രം പരിശോധിച്ചാൽ മതിയെന്നാണ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ നൽകിയിരിക്കുന്ന നിർദ്ദേശം. ഏഴ് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും എട്ടാം ദിവസം പരിശോധനയ്ക്ക് വിധേയമാകാം. 'പോസിറ്റീവ് കേസുകൾ കണ്ടെത്തുക എന്ന സാഹചര്യം കേരളത്തിൽ ഇനി ആവശ്യമില്ല. അങ്ങനെ കണ്ടെത്തുന്നതുകൊണ്ട് പ്രയോജനവും ഇല്ല. സമൂഹത്തിൽ അത്രത്തോളം രോഗം വ്യാപിച്ച് കഴിഞ്ഞു. എന്നാൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് വേണ്ട ചികിത്സ ലഭ്യമാക്കുക എന്നത് മാത്രമാണ് നിലവിൽ സംസ്ഥാനത്തിന് ചെയ്യാനാവുന്നത്. അതിനാൽ സർക്കാർ നിർദ്ദേശ പ്രകാരം രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രമാണ് ഇപ്പോൾ പരിശോധിക്കുന്നത്'-ഒരു ഡോക്ടർ ഇങ്ങനെയാണ് പ്രതികരിച്ചത്. ക്വാറന്റൈൻ പൂർത്തിയാക്കുന്നവർക്കും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും മാത്രമാണ് പരിശോധന എന്നിരിക്കെ കോവിഡ് നിരക്കിൽ വരുന്ന വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ കൂടി നടപ്പിലാവുന്നതോടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീളുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗലക്ഷണങ്ങൾ ഉള്ള കോവിഡ് രോഗികളെ പോലും ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. കിടക്കകളുടേയും ആരോഗ്യ പ്രവർത്തകരുടേയും കുറവ് രൂക്ഷമാണ്. കോവിഡ് ചികിത്സാ കേന്ദ്രങ്ങളെല്ലാം നിറഞ്ഞിരിക്കുന്നതിനാൽ രോഗ ലക്ഷണങ്ങളുള്ള രോഗികളെയും ഹോം ഐസൊലേഷനിൽ വിടേണ്ടതായി വരുന്നു.

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് തീവ്രമായിരിക്കുന്നത് കേരളത്തിൽ

രാജ്യത്ത് തന്നെ കോവിഡ് ബാധ ഏറ്റവും തീവ്ര നിരക്കൽ എത്തിനിൽക്കുന്നത് കേരളത്തിലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം ഉണ്ടായിരുന്നു. കേരളത്തിലെ രോഗ വർധന തോത് (മൂവിങ് ഗ്രോത്ത് റേറ്റ്- എംജിആർ) ദേശീയ ശരാശരിയിലും ഇരട്ടിയാണെന്നും പഠനം പറയുന്നു. ദിവസേന അമ്പതിനായിരം പരിശോധനകൾ മാത്രം ചെയ്യുമ്പോഴാണ് കേരളത്തിൽ എണ്ണായിരത്തിലധികം കോവിഡ് രോഗികളുണ്ടാവുന്നത്. 15 ശതമാനമാണ് പോസിറ്റിവിറ്റി റേറ്റ് എന്ന് ഡോക്ടർമാർ പറയുന്നു. ഗുരുതരാവസ്ഥ മുന്നിൽ കണ്ട് ബ്ലോക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന ബി കാറ്റഗറി രോഗികൾക്കും അതീവ ഗുരുതര കാറ്റഗറിക്കാർക്കും ചികിത്സ ഉറപ്പാക്കുന്ന തരത്തിൽ ആരോഗ്യ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. താൽക്കാലികമായെങ്കിലും ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും അവർ പറയുന്നു. 'അല്ലാത്തപക്ഷം ഉറപ്പായിട്ടും ഇപ്പോഴത്തെ സ്ഥിതിയിൽ കുറേ പേരുടെ മരണം വീടുകൾക്കുള്ളിൽ തന്നെ നടക്കും. സംസ്ഥാനത്തുള്ള സംവിധാനങ്ങൾക്ക് താങ്ങാനോ മോണിറ്റർ ചെയ്യാനോ കഴിയാത്ത തരത്തിൽ കാര്യങ്ങൾ എത്തും മുന്നെ ഏറ്റവും ഗുരുതരമായ അവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്. സ്ഥിരമായി സർക്കാർ സംവിധാനങ്ങളോട് മീറ്റിങ്ങുകളിൽ ആവശ്യപ്പെടുന്ന കാര്യവും ഇതാണ്', കോഴിക്കോട് ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ പ്രതികരിച്ചു.

സർക്കാരും ആരോഗ്യപ്രവർത്തകരും നടപ്പാക്കിയ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കോവിഡ് രോഗ വ്യാപനത്തിന്റെ വേഗത കുറക്കാനായി. ഇത്തരത്തിൽ വേഗത കുറച്ച് മരണ നിരക്ക് പിടിച്ച് നിർത്തുക എന്നതായിരുന്നു രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം മുതൽ ആരോഗ്യവകുപ്പിന്റെ ശ്രമം. എന്നാൽ സൂപ്പർ സ്‌പ്രെഡിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ ഇനി ചെയ്യാനാവുന്നത് ശക്തമായ നിയന്ത്രണങ്ങളും ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തുക എന്നത് മാത്രമാണെന്നും അവർ പറയുന്നു.

ആരോഗ്യ അടിയന്തരാവസ്ഥ വേണമെന്ന് ഐഎംഎ

കേരളത്തിൽ കൊറോണ രോഗ വ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതും ദിവസങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയടക്കമുള്ളവർ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചത്. രോഗ വ്യാപനം തടയാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ ആവശ്യമാണ്. രോഗ തീവ്രത ജനങ്ങളെ ബോധിപ്പിക്കണം. ഇതിന് വേണ്ടി പ്രത്യേക പ്രചാരണം വേണം. നിലവിലുള്ള മാനദണ്ഡങ്ങൾ ശക്തമായി നടപ്പാക്കണം. ആരോഗ്യ പ്രവർത്തകരിൽ വരെ രോഗ വ്യാപനം രൂക്ഷമാണ്. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ സാഹചര്യം മാറും. മിക്ക ആശുപത്രികളും നിറയുകയാണ്. ആരോഗ്യ പ്രവർത്തകരുടെ കാര്യങ്ങൾ കൂടി പരിഗമിച്ച് അടിയന്തരവാസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. കേരളത്തിലെ ആരോഗ്യ രംഗം ആ അവസ്ഥയിലാണുള്ളത്. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സംസ്ഥാനമാണ് കേരളം. ഏഴ് ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റ് മറ്റു സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് കേരളത്തിൽ. കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒരു മാസത്തിനിടെ 300 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ടെസ്റ്റുകൾ കേരളത്തിൽ കുറവാണ് എന്നും ഐഎംഎ പറയുന്നു.

ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സൂപ്പർ സ്പ്രെഡ് ഉണ്ടായാൽ വെന്റിലേറ്ററുകളും ഐസിയുകളും തികയുമോ എന്ന ആശങ്കയും ശക്തമാണ്. കാര്യങ്ങൾ നിയന്ത്രണ വിധേയം ആയില്ലെങ്കിൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ കണ്ടപോലുള്ള കൂട്ടമരണങ്ങൾ കേരളത്തിലും ആവർത്തിക്കുമെന്ന ഭീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ സൂപ്പർ സ്പ്രെഡുപോലൊരു സാഹചര്യം കേരളത്തിൽ ഉണ്ടാവില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമൊക്കെ താൽക്കാലിക ആശുപത്രികളിൽ ആക്കിയും, താൽക്കാലിക ജീവനക്കാരെ പരിശീലിപ്പിച്ചും ഈ അവസ്ഥ മറികടക്കാനുള്ള രീതികൾ അവർ ആവിഷ്‌ക്കരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP