Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരാട്ട് ഫൈസലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ളത് വളരെ അടുത്തബന്ധം; സ്വർണ്ണക്കടത്തിൽ കസ്റ്റംസ് നിരീക്ഷണത്തിൽ നിർത്തിയപ്പോൾ ഫൈസൽ സി എം രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ശിവശങ്കരൻ കുടുങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടി ഫൈസൽ വിളിച്ചതും പിണറായിയുടെ ഓഫീസിലെ 'കരുത്തനെ'; ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

കാരാട്ട് ഫൈസലും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ളത് വളരെ അടുത്തബന്ധം;  സ്വർണ്ണക്കടത്തിൽ കസ്റ്റംസ് നിരീക്ഷണത്തിൽ നിർത്തിയപ്പോൾ ഫൈസൽ സി എം രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ശിവശങ്കരൻ കുടുങ്ങിയപ്പോൾ നെഞ്ചിടിപ്പു കൂടി ഫൈസൽ വിളിച്ചതും പിണറായിയുടെ ഓഫീസിലെ 'കരുത്തനെ'; ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

എം മനോജ് കുമാർ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമോ? കസ്റ്റംസ് ചോദ്യം ചെയ്യുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവരുമ്പോൾ അത്തരം സാധ്യതകൾ വർദ്ധിക്കുകയാണ്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്തിൽ അഭേദ്യമായ ബന്ധം ഉണ്ടെന്നു കസ്സംസ് അന്വേഷണത്തിൽ തെളിഞ്ഞ കൊടുവള്ളി നഗരസഭാ ഇടതു കൗൺസിലർ കാരാട്ടു ഫൈസലിനു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനുമായി ഉള്ളത് ഉറ്റബന്ധം. രവീന്ദ്രനുമായുള്ള ഉറ്റബന്ധം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കാരാട്ട് ഫൈസൽ വ്യക്തമാക്കിയിട്ടുണ്ട്. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.എം.രവീന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച 80 കിലോ സ്വർണം വിൽക്കാൻ സ്വർണ്ണക്കടത്ത് സംഘത്തെ സഹായിച്ചത് ഫൈസലാണെന്നാണു കസ്റ്റംസ് കണ്ടെത്തിയത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ കൊച്ചിയിൽ ചോദ്യം ചെയ്ത ജൂലൈ 27 മുതൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ് സി.എം.രവീന്ദ്രൻ. എൻഐഎയും കസ്റ്റംസും അടക്കമുള്ള അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ കഴിയവേ തന്നെയാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു കാരാട്ട് ഫൈസൽ സി.എം.രവീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നത്. രവീന്ദ്രന്റെയും കാരാട്ട് ഫൈസലിന്റെയും ഫോണുകളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഫൈസലും രവീന്ദ്രനും നടത്തിയ നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. 

മുഖ്യമന്ത്രിയുടെ എഡീഷണൽ പിഎഎസ് രവീന്ദ്രന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്തത് മുതൽ രവീന്ദ്രനെയും അന്വേഷണ സംഘം നോട്ടമിട്ടിരുന്നു. സ്വപ്നയുമായി രവീന്ദ്രനും ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. ഇത് സ്വപ്നയും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. കാരാട്ട് ഫൈസലിനു നയതന്ത്രവഴിയിലെ സ്വർണ്ണക്കടത്തുമായി ഉറ്റബന്ധം ഉണ്ടെന്നു കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് ആദ്യമേ വിവരം ലഭിച്ചിരുന്നു. ശക്തമായ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതിനാൽ കാരാട്ട് ഫൈസലിൽ നിരീക്ഷണം ഏർപ്പെടുത്തുകയാണ് അന്വേഷണ സംഘം ചെയ്തത്.

സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായാൽ താനും അറസ്റ്റിലാകും എന്ന് കാരാട്ട് ഫൈസലിനു ഉറപ്പുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ ഭയപ്പാടോടെയാണ് ഫൈസൽ ദിവസങ്ങൾ തള്ളിനീക്കിയത്. ഇതിന്നിടയിലാണ് സി.എം.രവീന്ദ്രനുമായി രഹസ്യ കൂടിക്കാഴ്ച കാരാട്ട് ഫൈസൽ നടത്തുന്നത്. രവീന്ദ്രനുമായി ഫോൺ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയുടെ വിവരങ്ങളും ഫോൺ സംഭാഷണങ്ങളും അന്വേഷണ ഏജൻസികൾ ചോർത്തിയെടുത്തിരുന്നു. കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെകൂടി കസ്റ്റംസ് ചോദ്യം ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്.

78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷമാണ് സ്വർണക്കടത്തു കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി.റമീസിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോഴാണ് കാരാട്ട് ഫൈസലിനു സ്വർണ്ണക്കടത്ത് കേസിലുള്ള ബന്ധം അന്വേഷണ ഏജൻസികൾക്ക് മനസിലാകുന്നത്. ഫൈസലിന്റെ രാഷ്ട്രീയ ബന്ധം മനസിലാക്കിയതോടെയാണ് പഴുതടച്ച് അന്വേഷണം ഈ കാര്യത്തിൽ വന്നത്. ഫൈസലും രവീന്ദ്രനും നിരീക്ഷണത്തിൽ തുടരവേ തന്നെയാണ് ഇവർ തമ്മിൽ രഹസ്യ കൂടിക്കാഴ്ചയും നിരന്തര ഫോൺ സംഭാഷണങ്ങളും നടന്നത്. ഇതെല്ലാം അന്വേഷണ ഏജൻസികൾ മനസിലാക്കുകയും നിർണ്ണായക ഘട്ടത്തിൽ ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

രവീന്ദ്രനെ ചോദ്യം ചെയ്താൽ പിണറായി സർക്കാരിനുള്ള കടുത്ത പ്രഹരമായി ഈ ചോദ്യം ചെയ്യലും മാറും. മടിയിൽ കനമില്ലാത്തവന് ഭയപ്പെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വർണ്ണക്കടത്തിലുള്ള ബന്ധം നിഷേധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഏതു നിമിഷവും കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് ഭയന്ന് കഴിയുകയാണ്. ശിവശങ്കറിന്റെ കാര്യം ഇങ്ങനെ തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ കൂടി കസ്റ്റംസ് വലയിൽ കുടുങ്ങാൻ പോകുന്നത്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത കാരാട്ട് ഫൈസലുമായി ഉറ്റബന്ധമാണ് മുഖ്യമന്ത്രിയുടെ എഡീഷണൽ പിഎസിന് ഉള്ളത്. ഇതിന്റെ വിശദാംശങ്ങൾ വെളിയിൽ വരുമ്പോൾ പിടിച്ചു നില്കാനും രവീന്ദ്രനെ സംരക്ഷിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് ബുദ്ധിമുട്ട് വരും.

സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ എല്ലാമേല്ലായിരുന്നു എന്ന വസ്തുത ശിവശങ്കർ തന്നെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ മുൻപാകെയുമുണ്ട്. പക്ഷെ ലൈഫ് മിഷൻ കേസിൽ അഴിമതി ഉൾപ്പെടെയുള്ള വകുപ്പ് സിബിഐ എഫ്‌ഐആറിൽ ചേർത്താൽ ശിവശങ്കർ അറസ്റ്റിലാകും. ഇതൊഴിവാക്കാനാണ് സർക്കാർ ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെക്കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ശിവശങ്കറിന്റെ കാര്യം ഇങ്ങനെ തുടരുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ കൂടി സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് വലയിൽ കുടുങ്ങാൻ പോകുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഫൈസലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്. മൂന്നുമാസം നീണ്ട അന്വഷണങ്ങൾക്കു ശേഷമാണ് സി.എം.രവീന്ദ്രനിലെക്ക് കൂടി സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നീളുന്നത്. നേരത്തെ കസ്റ്റംസ് പിടികൂടിയ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. സിപിഎമ്മിന്റെ ജനജാഗ്രതാ യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ കാരാട്ട് ഫൈസലിന്റെ വാഹനത്തിൽ യാത്ര ചെയ്തത് വിവാദമായിരുന്നു.

രവീന്ദ്രനെ മാറ്റണമെന്ന ആവശ്യം സ്വർണ്ണക്കടത്തു വിവാദത്തിൽ പാർട്ടി കേന്ദ്രങ്ങളിൽ ശക്തമായിരുന്നു. സിപിഎമ്മിന് ഭരണതുടർച്ച നഷ്ടമാക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ ചില തലകൾ ഉരുളണമെന്ന ആവശ്യമാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉയരുന്നത്. എം.ശിവശങ്കർ-രവീന്ദ്രൻ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത്. ഈ കൊക്കസിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവർത്തിച്ചതെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.

ഈ കോക്കസിന്റെ ഭാഗമായ രണ്ടു പേരും തെറിച്ചു. രവീന്ദ്രൻ മാത്രം എന്തുകൊണ്ട് തുടരുന്നു എന്ന ചോദ്യമാണ് മുഴങ്ങുന്നത്. പാർട്ടി തലത്തിൽ മാത്രമല്ല സർക്കാർ തലത്തിലും ഈ ചോദ്യം ശക്തമാണ്. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്താണ് ദേശീയതലത്തിൽ തന്നെ സിപിഎമ്മിന്റെ ഇമേജ് മോശമാക്കിയത്. ശിവശങ്കർ പുറത്തായി. സ്വപ്ന സുരേഷ് അഴിക്കുള്ളിലും. രവീന്ദ്രനെ ഉടൻ പുറത്താക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ മുഴങ്ങുന്നത്. തന്റെ ഓഫീസ് കേന്ദ്രമാക്കി നടന്ന സ്വർണ്ണക്കടത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം ഉന്നയിക്കാൻ പാർട്ടി നേതൃത്വം താത്ക്കാലത്തേക്ക് തയ്യാറല്ലെങ്കിലും രവീന്ദ്രനെ എതിരെയുള്ള നീക്കങ്ങൾ പാർട്ടി തലത്തിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP