Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഫോണെന്നല്ലേ പറഞ്ഞുള്ളൂ ഗോൾഡ് എന്നെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ വലിയ പ്രശ്നമായിപ്പോയേനെ? യൂണിടെക് എംഡിയുടെ വെളിപ്പെടുത്തൽ വീണ്ടും നിഷേധിച്ച് ചെന്നിത്തല; സന്തോഷ് ഈപ്പൻ എന്ന് പറയുന്നയാളെ കണ്ടിട്ട് പോലുമില്ല; കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിലുള്ളത്; ആരും തനിക്ക് ഫോൺ തന്നിട്ടില്ല; നുണ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും; സിപിഎം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നുവെന്നും പ്രതിപക്ഷ നേതാവ്

'ഫോണെന്നല്ലേ പറഞ്ഞുള്ളൂ ഗോൾഡ് എന്നെങ്ങാൻ പറഞ്ഞിരുന്നെങ്കിൽ വലിയ പ്രശ്നമായിപ്പോയേനെ? യൂണിടെക് എംഡിയുടെ വെളിപ്പെടുത്തൽ വീണ്ടും നിഷേധിച്ച് ചെന്നിത്തല; സന്തോഷ് ഈപ്പൻ എന്ന് പറയുന്നയാളെ കണ്ടിട്ട് പോലുമില്ല; കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിലുള്ളത്; ആരും തനിക്ക് ഫോൺ തന്നിട്ടില്ല; നുണ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും; സിപിഎം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നുവെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി ഫോൺ നൽകിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ ആവർത്തിച്ചു നിഷേധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്നും ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കവേ ചെന്നിത്തല പറഞ്ഞു.

യു.എ.ഇ ദേശീയ ദിനാചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ അങ്ങനെയൊരു ഐഫോൺ തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ഉന്നയിക്കുന്നത് വില കുറഞ്ഞ ആരോപണങ്ങളാണ്. ഫോണന്നെല്ലേ പറഞ്ഞുള്ളു, ഗോൾഡെന്ന് പറഞ്ഞില്ലല്ലോ, അങ്ങനെ പറഞ്ഞിരുന്നേൽ വലിയ പ്രശ്മായി പോയേനെ എന്നും ചെന്നിത്തല പരിഹസിച്ചു. സന്തോഷ് ഈപ്പൻ എന്ന് പറയുന്നയാളെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

ഉത്തരവാദിത്വത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർക്കെതിരെ നടത്തുന്ന ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതൊക്കെ വെറും ചീപ്പായ കാര്യമാണ്. അഭിഭാഷകനായ ആസിഫലിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഈ പറയുന്ന സന്തോഷ് ഈപ്പനെ ഞാൻ കണ്ടിട്ടുമില്ല. എനിക്ക് ഒട്ട് ഫോൺ തന്നിട്ടുമില്ല. ഞാൻ ആകെ ചെയ്തത് ആ പരിപാടിക്ക് പോയതാണ്. യുഎഇ ദിനത്തിൽ മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. രണ്ട് വർഷം ഞാൻ പോയിട്ടില്ല. അവർ നിർബന്ധിച്ചു രണ്ട് വർഷമായി വന്നിട്ടില്ല. ഇത്തവണ വരണമെന്ന് പറഞ്ഞു. അങ്ങനെയാണ് പോയത്. രാജഗോപാൽ, വിജയകുമാർ അടക്കം അവിടെയുണ്ടായിരുന്നു. വന്നവർക്കെല്ലാം അവർ കൂപ്പൺ കൊടുത്തിരുന്നു. അതിൽ നറുക്കെടുപ്പിൽ ആർക്കൊക്കെയാണ് സമ്മാനം കിട്ടിയത് എന്ന് പോലും അറിയില്ല. ഏതായാലും ഫോൺ എന്നല്ലേ പറഞ്ഞുള്ളൂ. സ്വർണമെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു

നറുക്കെടുപ്പിൽ ചിലർക്ക് സമ്മാനം കൊടുക്കണമെന്ന് പറഞ്ഞു. വിശന്ന കുട്ടി മണ്ണ് തിന്ന സംഭവം അറിഞ്ഞ് അവിടെ പോകണമെന്ന് വി എസ് ശിവകുമാർ അറിയിച്ചത് അനുസരിച്ച് അങ്ങോട്ട് പോകാൻ ഒരുങ്ങുമ്പോഴാണ് നറുക്കെടുത്തവർക്ക് സമ്മാനം നൽകണമെന്ന് പറഞ്ഞത്. ഞാനും വിജയകുമാറും ഒ രാജഗോപാലും അടക്കമുള്ള അതിഥികളും അവിടെയുണ്ട്. ആകെ എനിക്ക് ഒരു ഷാൾ തന്നു. ഞാൻ അത് അവിടെയുള്ള ഒരാൾക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്ക് ആരും ഫോൺ തന്നിട്ടില്ല. ഇനി എനിക്ക് വേണ്ടി ആരെങ്കിലും ഫോൺ വാങ്ങി അടിച്ചുകൊണ്ടുപോയോ എന്ന് എനിക്കറിയില്ല. ഞാൻ ഏതായാലും ഇതിനെ നിയമപരമായി നേരിടാൻ പോകുകയാണ്. ഒരുപരിപാടിക്ക് വിളിക്കുക. സമ്മാനം തന്നുവെന്ന് പറയുക. ഇതൊക്കെ വളരെ മോശമായ കാര്യമാണ്.

യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലായിരുന്നു ചെന്നിത്തലയ്ക്ക് ഫോൺ വാങ്ങി നൽകിയ കാര്യം വെളിപ്പെടുത്തിയത്. ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണുകളും കമ്മിഷൻ ഇനത്തിൽ സ്വപ്നയ്ക്ക് കൈമാറിയിരുന്നു എന്നായിരുന്നു നിർമ്മാണക്കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരമാണ് അഞ്ച് ഐഫോണുകൾ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് കൊടുത്തെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു. ഫോൺ വാങ്ങിയതിന്റെ ബില്ലും കോടതിയിൽ ഹാജരാക്കിയിരുന്നു.

2019 ഡിസംബർ രണ്ടിന് നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പൻ പറയുന്നു. നവംബർ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്ററിൽ നിന്ന് ഫോൺ വാങ്ങിയതെന്നാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഇടപാടിൽ ക്രമക്കേട് ആരോപിച്ച സിബിഐ ആരംഭിച്ച അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആണ് വെളിപ്പെടുത്തൽ. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ അന്വേഷണം നടത്തുന്നത്തിൽ നിന്ന് സിബിഐയെ വിലക്കണം എന്നാണ് സന്തോഷ് ഈപ്പൻ ഹരജിയിൽ ആവശ്യപ്പെടുന്നത്.

ഇതിന് പുറമെ 2019 ഓഗസ്റ്റ് രണ്ടിന് യു.എസ് ഡോളറായി 3.80 കോടി രൂപ യു.എ.ഇ. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവൻ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നൽകിയെന്നും തിരുവനന്തപുരം കവടിയാറുള്ള കോഫി ഷോപ്പിൽ വച്ചാണ് തുക കൈമാറിയതെന്നും സന്തോഷ് ഈപ്പൻ പറയുന്നുണ്ട്. കൂടാതെ ഇപ്പോൾ സ്വർണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് 68 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യ്തിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. സ്വപ്ന മുഖേന യു.എ.ഇ. കോൺസുലേറ്റ് ആവശ്യപ്പെട്ടപ്രകാരമാണ് കമ്മിഷൻ നൽകിയത്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാർ കിട്ടുമെന്ന പ്രതീക്ഷയാണ് നടപടിക്ക് പിന്നിലെന്നും ഹരജിയിൽ അവകാശപ്പെടുന്നു.

അതേസമയം യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നിട്ടുണ്ട്. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP