Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടു കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന തിരക്കഥ പൊളിഞ്ഞത് ജീവനക്കാരന്റെ മൊഴിയിലൂടെ; ഓഫീസിലെത്തി ആക്രമണം നടത്തിയ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ളവരെ കുടുക്കാനുള്ള ശ്രമമായിരുന്നെന്ന് രാജീവ്; എല്ലാം മുതലാളിമാരുടെ നിർദ്ദേശ പ്രകാരമെന്നും വെളിപ്പെടുത്തൽ; കേസ് അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസും

രണ്ടു കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന തിരക്കഥ പൊളിഞ്ഞത് ജീവനക്കാരന്റെ മൊഴിയിലൂടെ; ഓഫീസിലെത്തി ആക്രമണം നടത്തിയ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ളവരെ കുടുക്കാനുള്ള ശ്രമമായിരുന്നെന്ന് രാജീവ്; എല്ലാം മുതലാളിമാരുടെ നിർദ്ദേശ പ്രകാരമെന്നും വെളിപ്പെടുത്തൽ; കേസ് അന്വേഷണത്തെ വഴി തെറ്റിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: ബ്രിട്ടനിലെ അയ്യപ്പ ക്ഷേത്രത്തിനായി ചെങ്ങന്നൂരിൽ നിർമ്മിച്ച രണ്ടു കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന കേസിൽ വഴിത്തിരിവുണ്ടായത് പഞ്ചലോഹ വി​ഗ്രഹ നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാരൻ എല്ലാം വെളിപ്പെടുത്തിയതോടെ. ആക്രമണം നടത്തിയവരെ കുടുക്കുന്നതിനായാണ് വി​ഗ്രഹം മോഷണം പോയെന്ന് മൊഴി നൽകിയത് എന്ന് ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരൻ രാജീവ് പൊലീസിനോട് വ്യക്തമാക്കി. കേസ് ബലപ്പെടുത്തുന്നതിനായി ഉടമകൾ തന്നെയാണ് വിഗ്രഹം കവർച്ച ചെയ്യപ്പെട്ടെന്നു മൊഴി നൽകാൻ നിർദ്ദേശിച്ചത്. ഇതോടെ, സ്ഥാപന ഉടമകളായ മഹേഷ്പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കെതിരെ കേസെടുത്തതായി ഡിവൈഎസ്‌പി പി.വി.ബേബി പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു കേസ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരന്റെ നേതൃത്വത്തിൽ എത്തിയ സംഘം തൊഴിലാളികളെ മാരകമായി പരുക്കേൽപിച്ച് വിഗ്രഹം കവർന്നു എന്നാണ് ഉടമകൾ പൊലീസിനെ അറിയിച്ചത്. ഈ വിഗ്രഹം അടുത്ത ദിവസം സ്ഥാപനത്തിനു മുന്നിലെ കനാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയവർ സ്ഥലംവിട്ട ശേഷമാണു വിഗ്രഹം ഓഫിസ് മുറിയിൽ നിന്നു മാറ്റിയതെന്നു ഡിവൈഎസ്‌പി പറഞ്ഞു. പിന്നീട്, സ്ഥാപന ഉടമകൾ തന്നെയാണ് വിഗ്രഹം കനാലിൽ ഉപേക്ഷിച്ചതെന്നാണു പൊലീസ് കരുതുന്നത്. വിഗ്രഹത്തിനു കേടുപാടുകൾ ഇല്ലാതിരുന്നത് , അത് സുരക്ഷിതമായി കനാലിൽ ഇറക്കിവച്ചതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്താനിടയാക്കി.

ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ സ്ഥാപനത്തിൽ നിന്നും മോഷണം പോയ അയ്യപ്പ വിഗ്രഹം നീണ്ട തിരച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ദിവസം സ്ഥാപനത്തിന് സമീപമുള്ള ഓടയിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. വിഗ്രഹത്തിന്റെ തൂക്കവും മൂല്യവും തിട്ടപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിഗ്രഹം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

സ്ഥാപനത്തിൽ ജീവനക്കാർ ജോലി ചെയ്യുമ്പോൾ പതിനഞ്ചോളം പേർ എത്തി വിഗ്രഹം മോഷണം നടത്തി എന്ന കഥ അപ്പാടെ വിശ്വസിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. അതേ സമയം ചെങ്ങന്നൂരിലെ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ നിന്നും കെന്റ് ഹിന്ദു സമാജം ഓർഡർ ചെയ്ത വിഗ്രഹം മാത്രമാണ് കാണാതായതും. ഈ സ്ഥാപനത്തിൽ ഒരേസമയം 20 ഓളം വിഗ്രഹങ്ങളുടെ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ കെന്റിലേക്കുള്ള അയ്യപ്പ വിഗ്രഹം മാത്രം നഷ്ടമായതിൽ ദുരൂഹത തുടക്കം മുതൽ നിലനിൽക്കെയാണ് സമീപമുള്ള ഓടയിൽ നിന്നും വിഗ്രഹം കണ്ടെടുത്തതും.

വിഗ്രഹം രണ്ടു കോടി രൂപ മുതൽമുടക്ക് ഉള്ളതാണെന്ന് സ്ഥാപന ഉടമകൾ അവകാശപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക ആയിരുന്നു. ഇത്രയും വിലവരണമെങ്കിൽ കിലോക്കണക്കിന് സ്വർണം ഉപയോഗിക്കേണ്ടി വരും. എന്നാൽ തങ്ങൾ നിസാര തൂക്കത്തിൽ ഉള്ള സ്വർണം മാത്രമാണ് നൽകിയിരിക്കുന്നതെന്നു കെന്റ് സമാജവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇവിടെയാണ് പൊലീസ് പൊരുത്തക്കേടുകൾ പരിശോധിക്കുന്നത്.

സ്ഥാപന ഉടമകളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കും ആക്രമണത്തിൽ നിസാര പരുക്കേറ്റിരുന്നു. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ അയ്യപ്പ പഞ്ചലോഹ വിഗ്രഹം ഓഫീസിൽ നിന്നുമാണ് കവർച്ച ചെയ്യപ്പെട്ടത് എന്നായിരുന്നു പരാതി. മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കവർച്ചയ്ക്ക് എത്തിയതെന്നും സ്ഥാപന ഉടമകൾ പൊലീസിനെ അറിയിച്ചു. വിഗ്രഹത്തിന്റെ മൂല്യം രണ്ടു കോടി രൂപയാണെന്നു ഇവർ തന്നെയാണ് പൊലീസിനെ അറിയിച്ചിരിക്കുന്നതും.

കേസിന്റെ ഗൗരവം വർധിപ്പിക്കാൻ വിഗ്രഹത്തിന്റെ മൂല്യം കൂട്ടിപ്പറഞ്ഞതാകാം എന്ന് പൊലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. എന്നാൽ വിഗ്രഹ നിർമ്മാണ രംഗത്ത് വർഷങ്ങളുടെ പഴക്കവും ഈ രംഗത്തെ പ്രശസ്തരുമായ നിർമ്മാതാക്കൾ വീണ്ടുവിചാരം ഇല്ലാതെ അത്തരം ബാലിശമായ കാര്യങ്ങൾക്കു മുതിരുമോ എന്ന ചോദ്യവും അന്വേഷണ സംഘത്തിന് മുന്നിൽ ഉയർന്നു. അതല്ല രണ്ടു കോടി തന്നെയാണ് മൂല്യമെങ്കിൽ അതിനുള്ള പണം എവിടെ നിന്നും എത്തുന്നുവെന്നതും അന്വേഷണ വഴിയിൽ തെളിയിക്കേണ്ടി വരും.

മാത്രമല്ല ജീവനക്കാരുള്ളപ്പോൾ അക്രമികൾ ധൈര്യസമേതം കയറി വന്നതിലും പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സ്ഥാപനത്തിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഉടമകൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനം സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയത് എന്തുകൊണ്ട് എന്ന ചോദ്യവും ഇപ്പോൾ സ്ഥാപന ഉടമകൾ നേരിടുകയാണ്. എന്നാൽ നിർമ്മാണക്കരാർ വെറും രണ്ടു ലക്ഷം രൂപയുടേത് ആയിരുന്നെന്നും നിർമ്മാണത്തിനുള്ള സ്വർണം ഉൾപ്പെടെയുള്ള സമഗ്രികൾ കെന്റ് സമാജം ഭാരവാഹികൾ കൈമാറുക ആയിരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെ വ്യക്തതയ്ക്കാണ് കെന്റ് സമാജം ഭാരവാഹികളുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നത്.

വിഗ്രഹം മോഷ്ടിക്കാൻ എത്തിയവരുടെ അക്രമത്തിൽ രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഉലകനാഥൻ എന്നയാളുടെ വാരിയെല്ല് ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ അക്രമം നടക്കുമ്പോൾ ജോലിയിൽ ഉണ്ടായിരുന്ന രാജീവൻ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 16 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP