Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് ആഘോഷമാക്കിയ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി! ഷൗക്കത്തിനെ ചോദ്യം ചെയ്ത മെഡിക്കൽ സീറ്റ് തട്ടിപ്പു കേസിൽ സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തു ഇഡി; നഗസഭയ്ക്ക് ബദലായി നടത്തിയ സാംസ്കാരിക പരിപാടിയിൽ സിബിയെ ആദരിച്ചതിന്റെ വിശദാംശങ്ങൾ തേടി; ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് സിബി സിപിഎം ഓഫിസിലെത്തിയെന്നും ആരോപണം; ബൂമാറാങ് ഇഫക്ടിൽ നിലമ്പൂരിലെ സിപിഎം

ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് ആഘോഷമാക്കിയ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി! ഷൗക്കത്തിനെ ചോദ്യം ചെയ്ത മെഡിക്കൽ സീറ്റ് തട്ടിപ്പു കേസിൽ സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്തു ഇഡി; നഗസഭയ്ക്ക് ബദലായി നടത്തിയ സാംസ്കാരിക പരിപാടിയിൽ സിബിയെ ആദരിച്ചതിന്റെ വിശദാംശങ്ങൾ തേടി; ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് സിബി സിപിഎം ഓഫിസിലെത്തിയെന്നും ആരോപണം; ബൂമാറാങ് ഇഫക്ടിൽ നിലമ്പൂരിലെ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതി സിബി വയലിന്റെ മൊഴിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്ത സംഭവം ആഘോഷമാക്കാൻ ഇറങ്ങിയ സിപിഎമ്മിന് കിട്ടിയത് എട്ടിന്റെ പണി. ഷൗക്കത്തിന് പിന്നാലെ സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറിയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതോടെ വിവാദം ചർച്ചയാകാതെ തലയൂരാനുള്ള ശ്രമത്തിലാണ് പാർട്ടി ഇപ്പോൾ. സിപിഎം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോഴിക്കോട് യൂണിറ്റ് ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്ത്. ഇന്നലെ ഉച്ചയ്ക്ക് 2ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8നാണ് അവസാനിച്ചത്.

നിലമ്പൂരിൽ ഇടതു അനുഭാവികൾ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്ക് സിബി വയലിൽ വൻതുക സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് പ്രധാനമായും ചോദിച്ചത്. നിലമ്പൂർ നഗരസഭയുടെ സാംസ്‌കാരിക പരിപാടിക്കു സിബി പണം നൽകിയതുമായി ബന്ധപ്പെട്ടു മുൻ നഗരസഭാധ്യക്ഷൻ ആര്യാടൻ ഷൗക്കത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

നഗരസഭയുടെ സാംസ്‌കാരിക പരിപാടിക്ക് ബദലായായിരുന്നു ഇടതു അനുഭാവികളുടെ പരിപാടി. ഇതിന്റെ സംഘാടകസമിതി കൺവീനർ ആയിരുന്നു പത്മാക്ഷൻ. പരിപാടിയിൽ വച്ചു സിബിയെ ആദരിച്ചിരുന്നു. പണം വാങ്ങി സിബി വഞ്ചിച്ചെന്ന പരാതിയിൽ പാർട്ടി ഓഫിസിൽ വച്ചു പത്മാക്ഷന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടന്നിരുന്നു.തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയ സിബിയെ കഴിഞ്ഞ നവംബറിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് സിബി സിപിഎം ഓഫിസിലെത്തിയതായും ആരോപണമുണ്ട്. ഈ കാര്യങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്.

നിലമ്പൂരിലെ വ്യവസായി എം.മൻസൂറിനെയും ഇഡി ഇന്നലെ ചോദ്യം ചെയ്തു. മൻസൂറുമായി ബന്ധമുണ്ടെന്ന സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ തട്ടിപ്പിന് ഇരയായവർക്കു പണം തിരിച്ചുകിട്ടാൻ ഇടപെടുക മാത്രമാണു ചെയ്തതെന്നു മൻസൂർ പറഞ്ഞു. സാംസ്‌കാരിക പരിപാടിക്കു പണം സംഭാവന ലഭിച്ച കാര്യങ്ങളാണു ഇഡി ചോദിച്ചറിഞ്ഞതെന്നു ഇ. പത്മാക്ഷൻ പറഞ്ഞു.

നേരത്തെ ഷൗക്കത്തിനെ ചോദ്യം ചെയ്തപ്പോൾ വലിയ പ്രചരണമായിരുന്നു സിപിഎം അണികൾ നടത്തിയിരുന്നത്. ഷൗക്കത്ത് നഗരസഭ ചെയർമാനായിരുന്നപ്പോഴും അതിന് ശേഷവും നടന്ന നിലമ്പൂർ പാട്ടുത്സവം ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോൺസർമാരിലൊരാളായിരുന്നു സിബി വയലിൽ. പാട്ടുത്സവത്തിനായി എല്ലാ വർഷവും കോടിക്കണക്കിന് രൂപ ചെലവിട്ടെന്നും ആരോപിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാനായിരുന്ന സമയത്ത് നടപ്പിലാക്കിയ പദ്ധതികൾക്ക് പിന്നിൽ സിബി വയലിന്റെ പണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ ട്രസ്റ്റിന്റെ മറവിൽ നടന്ന തട്ടിപ്പുകൾക്ക് ആര്യാടൻ ഷൗക്കത്തിന് കൂടി അറിവും പങ്കും ഉള്ളതായാണ് വിവരം.

ഉപരിപഠനാർത്ഥം വിദേശത്തേക്ക് വിദ്യാർത്ഥികളെ കയറ്റി അയച്ചിരുന്ന സ്ഥാപനമാണ് മേരിമാതാ. നിലമ്പൂരിലും മറ്റും ഇവർ സ്ഥാപിച്ച പരസ്യ ബോർഡുകളിലെല്ലാം സിബി വയലിനോടൊപ്പം ആര്യാടൻ ഷൗക്കത്തിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. നഗരസഭ ചെയർമാന്റെ കൂടി അറിവോടെയും സഹകരണത്തോടെയും പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ തന്നെയാണ് വിദേശത്തേക്ക് ഉപരിപഠനത്തിന് പോകാൻ വേണ്ടി വിദ്യാർത്ഥികൾ മേരിമാതയെ തെരഞ്ഞെടുത്ത്.

അമേരിക്ക, കാനഡ, അസ്‌ത്രേലിയ എന്നിവിടങ്ങളിൽ എംബിബിഎസ് പഠനത്തിന് സീറ്റ് വാഗ്ദാനം നൽകി വിദ്യാർത്ഥികളെ പറ്റിച്ച കേസിൽ കഴിഞ്ഞ വർഷം നവംബറിലാണ് സിബി അറസ്റ്റിലാകുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന സിബിയോട് മത്സരത്തിൽ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്.

പണം കൊടുത്ത് സ്ഥിരമായി വിവിധ സംഘനകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അവാർഡുകൾ വാങ്ങുന്ന സിബിക്ക് കേന്ദ്ര മന്ത്രിമാരെ കൊണ്ട് വന്ന് നിലമ്പൂരിൽ സ്വീകരണം നൽകിയതിന് പിന്നിലും ആര്യാടൻ ഷൗക്കത്തായിരുന്നു. സിബിക്കെതിരെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ മാത്രം 9 കേസുകൾ നിലവിലുണ്ട്. വിദേശ രാജ്യങ്ങൾക്ക് പുറമെ തൃശൂർ അമല, സിഎംസി വെല്ലൂർ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 30-35 ലക്ഷം രൂപയോളം വീതം വാങ്ങി വഞ്ചിച്ചെന്നും അദ്ദേഹത്തിനെതിരെ പരാതികളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP