Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ബ്രോ..കോളേജിൽ ഒരുപരിപാടിക്ക് ക്ഷണിക്കാൻ വന്ന പെൺകുട്ടിയെ താങ്കളുടെ ഓഫീസിൽ റൂമിൽ വച്ച് അവളുടെ സമ്മതം ഇല്ലാതെ ദേഹത്ത് കൈവച്ച ഞരമ്പ് രോഗിയല്ലേ താങ്കൾ; അവളുടെ ആത്മധൈര്യം കൊണ്ട് അവൾ കുതറിയോടി; തനിക്ക് നാണം ഉണ്ടോടോ? ഹത്രാസിലെ ക്രൂരപീഡനത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്ത എൻ.പ്രശാന്ത് ഐഎഎസിനെതിരെ സൈബറാക്രണം; കള്ളക്കഥ മെനഞ്ഞവരെ വെറുതെ വിടില്ലെന്ന് ബ്രോ

'ബ്രോ..കോളേജിൽ ഒരുപരിപാടിക്ക് ക്ഷണിക്കാൻ വന്ന പെൺകുട്ടിയെ താങ്കളുടെ ഓഫീസിൽ റൂമിൽ വച്ച് അവളുടെ സമ്മതം ഇല്ലാതെ ദേഹത്ത് കൈവച്ച ഞരമ്പ് രോഗിയല്ലേ താങ്കൾ; അവളുടെ ആത്മധൈര്യം കൊണ്ട് അവൾ കുതറിയോടി; തനിക്ക് നാണം ഉണ്ടോടോ? ഹത്രാസിലെ ക്രൂരപീഡനത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്ത എൻ.പ്രശാന്ത് ഐഎഎസിനെതിരെ സൈബറാക്രണം; കള്ളക്കഥ മെനഞ്ഞവരെ വെറുതെ വിടില്ലെന്ന് ബ്രോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുപിയിലെ ഹത്രാസിലെ ക്രൂരപീഡനത്തെ കുറിച്ച് ഡോ.സതീഷ് കുമാർ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത ഐഎഎസ് എൻ.പ്രശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ കുപ്രചാരണം. ഹൃദയസ്പർശിയായ ഒരുപോസ്റ്റ് ഷെയർ ചെയ്തതിനാണ് പഴയ കളക്ടർ ബ്രോയോട് കൊമ്പുകോർക്കാൻ വന്നത്. വിനയ് മൈനാഗപ്പള്ളി എന്ന ഐഡിയിൽ നിന്നാണ് പ്രശാന്തിനെതിരായ ആക്രമണം. പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെ ബ്രോ ഏതോ പെൺകുട്ടിയെ കയറി പിടിച്ച കശ്മലനും, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാജ്യ വിരുദ്ധനും, ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട അഴിമതിക്കാരനും കൊള്ളക്കാരനും ഒക്കെ ആണെന്നൊക്കെയാണാണ് വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം.

ഉത്തർ പ്രദേശിലെ ഈ വിഷയം ഷേർ ചെയ്യാൻ താൻ യോഗ്യനല്ലെന്ന് പറഞ്ഞതിന് പുറമേ നൂറ് ശതമാനം അസത്യവും അസംബന്ധവും ആയൊരു വ്യക്തിഹത്യാ കമന്റ് വിനയ് ഇട്ടുവെന്നും പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു. അവസാനം അതിലേക്ക് ഒരിച്ചിരി രാഷ്ട്രീയം എടുത്തിട്ടു.' വെറുതെയല്ല തന്നെ അൽഫോൻസ് കണ്ണന്താനം പുറത്താക്കിയത് എന്ന് ചേർത്തു.' ബിജെപി സംസ്ഥാന അധ്യക്ഷനെ കൂടി കമന്റിലേക്ക് മെൻഷൻ ചെയ്യുകയും ചെയ്തു. ഇതോടെ കമന്റുകൾക്ക് പിന്തുണയുമായി പലരും വരാൻ തുടങ്ങിയെന്ന് പ്രശാന്ത് ഐഎഎസ് പറഞ്ഞു.

വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കള്ളക്കഥ മെനഞ്ഞവരെ വെറുതെ വിടില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രശാന്ത് കുറിച്ചു. 'വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തിൽ ഭാവനയിൽ ചമച്ചെടുക്കുന്ന കള്ള കഥകൾ ഉണ്ടാക്കിയാൽ പേടിച്ച് നാവടക്കാൻ ഈയുള്ളവൻ ശീലിച്ചിട്ടില്ല. 14 വർഷത്തെ സർവ്വീസിൽ ഇതാദ്യമായിട്ടൊന്നുമല്ല പെണ്ണ്‌കേസിൽ പെടുത്തിക്കളയുമെന്ന് ഭീഷണി വരുന്നത്. കോഴിക്കോട്ടിരിക്കുമ്പോഴും അതിന് മുമ്പ് തിരുവനന്തപുരത്തുള്ളപ്പോഴും ഇമ്മാതിരി വിരട്ടൊക്കെ കുറേ കണ്ടതാണ്. സങ്കിയും കോങ്ങിയും കമ്മിയും എല്ലാം ഇക്കാര്യത്തിൽ കണക്കാ. ഇത്രേം കാലമായിട്ട് ആളെ തിരിഞ്ഞിട്ടില്ലെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കുന്നത് നന്ന്. '

എൻ.പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അങ്ങനെയാണ് ഈയുള്ളവൻ സ്ത്രീ പീഡകൻ ആയത്. രാജ്യ ദ്രോഹിയും

ഫേസ്‌ബുക്കിലെ വിഷം വമിക്കുന്ന ലോകത്ത് നിന്ന് ടാറ്റാ പറഞ്ഞ് പോയത് കഴിഞ്ഞ കൊല്ലമാണ്. കോവിഡ് കാലത്താണ് ഒഴിവാക്കാമായിരുന്ന പുനഃപ്രവേശം.

ഹത്രാസിലെ ക്രൂര പീഡനത്തെ പറ്റിയുള്ള സതീഷ് കുമാർ ഡോക്ടറുടെ ശക്തമായ പോസ്റ്റ് വായിച്ചാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ലക്ഷ്മിയാണ് രാവിലെ എന്നെക്കൊണ്ട് വായിപ്പിച്ചത്. പെൺമക്കളുള്ള ആർക്കും തോന്നുന്ന മാനസികമായ ഉലച്ചിൽ. വലിയ രോഷവും വേദനയും നിസ്സഹായതയും പൊട്ടിപ്പുറപ്പെടുന്ന ശക്തമായ ഭാഷ. ഡോക്ടർ സതീഷ് കുമാർ മുമ്പും തന്റെ മകളെക്കുറിച്ച് എഴുതിയ കുറിപ്പുകളെല്ലാം ഹൃദയസ്പർശി ആയിരുന്നു. ഒരച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ് കുറിപ്പുകൾക്ക് ഒരു പ്രത്യേക മാനം കൈവരാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. നല്ല മലയാളം വായിച്ച് ശീലിച്ചവർക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ എഴുത്ത്. ശീലമില്ലാത്തവർക്ക് അത് സായുധവിപ്ലവത്തിന്റെ നേതാവിന്റെ ഹുങ്കാരമായി തോന്നും. ഫേസ്‌ബുക്കിൽ പാത്രമറിഞ്ഞ് വിളമ്പാൻ ബട്ടണില്ലല്ലോ.(ആ പോസ്റ്റ് friends -only ആക്കിയിട്ടുണ്ട്.)

ഡോ.സതീഷ്‌കുമാറിന്റെ ഈ പോസ്റ്റും എന്നത്തെയും പോലെ ഷെയർ ചെയ്തു. കഥ തീർന്നു.

പിന്നെ കേൾക്കുന്നത് ഞാൻ ഏതോ പെൺകുട്ടിയെ കയറി പിടിച്ച കശ്മലനും, കലാപത്തിന് ആഹ്വാനം ചെയ്യുന്ന രാജ്യ വിരുദ്ധനും, ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട അഴിമതിക്കാരനും കൊള്ളക്കാരനും ഒക്കെ ആണെന്നൊക്കെയാണ്.

'വിനയ് മൈനാഗപ്പള്ളി' എന്ന പേര് കാണിച്ചതായിട്ടുള്ള ഐ.ഡിയിൽ നിന്നൊരാൾ ഉത്തർ പ്രദേശിലെ ഈ വിഷയം ഷേർ ചെയ്യാൻ ഞാൻ യോഗ്യനല്ലെന്ന് പറഞ്ഞത് നൂറ് ശതമാനം അസത്യവും അസംബന്ധവും ആയൊരു വ്യക്തിഹത്യാ കമന്റ് ഇട്ടു. പിന്നീടത് കാപ്‌സ്യൂളുകളായി വിതരണം ചെയ്തു.

ആ കമന്റിലെ കഥ പരിണമിച്ചത് എങ്ങനെയാണെന്ന് എഡിറ്റ് ഹിസ്റ്ററി കൊണ്ട് തന്നെ കാണാം. നിങ്ങളുടെ സൗകര്യാർത്ഥം ആ മഹാപരിണാമ ജാലത്തിന്റെ മൂന്ന് നിർണ്ണായക ഘട്ടങ്ങൾ ഞാൻ ഇതിനൊപ്പം ഇമേജുകൾ ആയി ചേർക്കുന്നുണ്ട്. നുണക്കഥ മുഴുവനായി ആദ്യം തന്നെ എഴുതി തയ്യാറാക്കിയ ശേഷം പോസ്റ്റിയില്ലെങ്കിൽ ഇങ്ങനെ അബദ്ധം സംഭവിക്കും സുഹൃത്തേ.

1. കോളേജിലെ ഒരു പരിപാടിക്ക് ക്ഷണിക്കാൻ വന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് എന്റെ ഓഫീസ് റൂമിൽ വെച്ച് അവളുടെ സമ്മതത്തിന് വിരുദ്ധമായി ഞാൻ കൈ വെച്ചു. അവൾ കുതറി ഓടി.
അതായിരുന്നു ആദ്യ കമന്റ്.

എന്നാൽ ഒരു ഇരുപത് മിനിട്ട് കഴിഞ്ഞപ്പോളേക്കും അതിനൊരു ഗുമ്മ് പോരാ എന്നദ്ദേഹത്തിന് തോന്നി.
കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ ഒരു പെൺകുട്ടി ഒറ്റയ്ക്ക് വരിക എന്നതിൽ തന്നെ ഒരു വിശ്വാസ്യത കുറവ് ഉണ്ടല്ലോ.അപ്പോൾ കമന്റ് തിരുത്തി.

2. കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ വന്നവരുടെ കൂട്ടത്തിൽ നിന്ന് ഐ.എ.എസ് കൊച്ചിങ്ങിനെ പറ്റി സംശയം ചോദിക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി പ്രത്യേകം വന്ന പെൺകുട്ടിയെ ഓഫീസ് റൂമിൽ വെച്ച് ഞാൻ ദേഹത്ത് കൈവെച്ചു എന്നായി. കുറച്ചൂടി വിശ്വാസ്യത തോന്നുന്നില്ലേ?

പക്ഷെ പത്ത് മിനിട്ട് കഴിഞ്ഞപ്പോളേക്കും അയാൾക്ക് തന്നെ അത് തോന്നതായി. കോളേജിലെ പരിപാടിക്ക് ക്ഷണിക്കാൻ വന്ന ബാക്കി കുട്ടികൾ ഒക്കെ അടുത്തോ പുറത്തോ നിൽക്കുമ്പോൾ അതിലൊരു പെൺകുട്ടിയെ ഓഫീസിൽ വിളിച്ചു ദേഹത്ത് കൈവെയ്ക്കാനുള്ള ബുദ്ധിമോശം ആരാണ് ചെയ്യുക?
കുട്ടി കുതറി പുറത്തേക്ക് ഓടി പോയാൽ ബാക്കിയുള്ളവർ അകത്തേക്ക് ഓടി വന്നു കളക്ടറുടെ ദേഹത്ത് കൈ വെയ്ക്കില്ലേ? അപ്പൊ അതിനും അത്ര ഗുമ്മില്ല.

3. അപ്പോഴാണ് അവസാനത്തെ അടവ്. അതിലേക്ക് ഒരിച്ചിരി രാഷ്ട്രീയം എടുത്തിട്ടു. വെറുതെയല്ല തന്നെ അൽഫോൻസ് കണ്ണംന്താനം പുറത്താക്കിയത് എന്ന് ചേർത്തു. ബിജെപി സംസ്ഥാന അധ്യക്ഷനെ കൂടി കമന്റിലേക്ക് മെൻഷൻ ചെയ്യുകയും ചെയ്തു.

അതോടെ സംഗതി കളറായി. പത്തമ്പത് പേർ പിന്തുണയുമായൊക്കെ വരാൻ തുടങ്ങി.

 

 

സ്ഥലം സർക്കാർ ഓഫീസാണെന്നതോ, പൊതുസ്ഥലമാണെന്നതോ, CCTV സംവിധാനവും, വിസിറ്റർ രജിസ്റ്ററും ഒക്കെ ഉള്ളതാണെന്നും മറ്റും ചിന്തിക്കാൻ ബുദ്ധിശക്തി ഇല്ലാത്തവർക്ക് കാപ്‌സ്യൂൾ തുടർന്നും കഴിക്കാം.

അതിനിടയ്ക്ക് അയാൾക്ക് റിപ്ലൈ ആയി അടിസ്ഥാന രഹിതവും അവഹേളനപരവുമായ കമന്റ് ഇട്ടതിന്റെ പേരിൽ നിയമ നടപടി സ്വീകരിക്കും എന്ന് ഞാൻ കമന്റ് ചെയ്തിരുന്നു. സുഹൃത്തുക്കളായ അഭിഭാഷകർക്ക് കമന്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചു നൽകുകയും ചെയ്തിരുന്നു.

അവരിൽ സുഹൃത്തായ ഒരു വക്കീൽ പറഞ്ഞത്, 'നിയമപരമായല്ല, വ്യക്തിപരമായുള്ള അടുപ്പം വെച്ച് പറയുക ആണെങ്കിൽ ഇതിന് കൂടുതൽ പ്രചാരം കൊടുക്കുന്നത് തനിക്ക് വെറുതേ വേണ്ടാത്ത ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്യുക. ബഹുജനം പലവിധമാണ്. ഒരാളേ പറ്റി ഇങ്ങനെയൊരു ദൂഷ്യം കേട്ടാൽ ഒരു തെളിവും ഇല്ലെങ്കിലും അത് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. അവരിത് ആഘോഷിക്കും. അതുകൊണ്ട് ആ കമന്റ് കൂടുതൽ പേരിലേക്ക് എത്തും മുൻപ് അങ്ങ് ഡിലീറ്റ് ചെയ്തു അയാളെ ബ്ലോക്ക് ചെയ്‌തേക്കൂ. നിയമപരമായി ചെയ്യേണ്ടത് നമുക്ക് തീർച്ചയായും ചെയ്യാം. എന്നാൽ വീടിന് മുന്നിൽ ഒരാൾ കാഷ്ഠിച്ചു വച്ചാൽ അത് ചെയ്തവനെ കണ്ടെത്തി കൈകാര്യം ചെയ്യും മുൻപ് ആ കാഷ്ഠം നമ്മൾ തൂത്തു കളയണം. അല്ലെങ്കിൽ നമ്മുടെ വീടാണ് നാറുക.' എന്നാണ്.


ആലോചിച്ചപ്പോൾ അത് ശരിയാണ് എന്നെനിക്കും തോന്നി. അങ്ങനെ ഡിജിറ്റൽ എവിഡൻസ് ഉറപ്പാക്കിയ ശേഷം ആ കമന്റ് ഞാൻ ഡിലീറ്റ് ചെയ്യുകയും അയാളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്നെ വ്യക്തിഹത്യ നടത്തി പോസ്റ്റിട്ട അയാൾക്കും കാപ്‌സ്യൂൾ വിതറിയവർക്കും എതിരെ സിവിലും ക്രിമിനലുമായി നിയമ നടപടികൾ സ്വീകരിക്കാൻ വേണ്ടതൊക്കെ ചെയ്യാൻ വക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു.

പിന്നെ കേൾക്കുന്നത് അയാൾ എന്റെ പോസ്റ്റിലെ സ്‌ക്രീൻഷോട്ട് വെച്ചു സ്വന്തം ടൈംലൈനിൽ പോസ്റ്റ് ഇടുകയും അതിലേക്ക് ആളുകളെ മെൻഷൻ ചെയ്ത് വരുത്തുകയും ഒക്കെ ചെയ്യുന്നു എന്നാണ്.
ഞാൻ കേസ് കൊടുക്കും എന്ന് ബോധ്യം വന്നപ്പോൾ അതിനെ കടത്തി വെട്ടാൻ എനിക്കെതിരെ എൻ.ഐ.എ, റോ, ഐ.ബി, മോസ്സാദ് എന്നിവർക്കൊക്ക ആയാളും പരാതി കൊടുക്കുന്നുണ്ടത്രേ ?

അങ്ങനെയാണ് ഞാൻ സ്ത്രീ പീഡകനും ഞരമ്പ് രോഗിയും അഴിമതിക്കാരനും രാജ്യദ്രോഹിയും ഒക്കെ ആയത്.

ഹത്രാസിലെ പെൺകുട്ടിയുടെ വേദന ഏറ്റെടുത്തു കൊണ്ട് ഒരു പോസ്റ്റ് ഷെയർ ചെയ്തതാണ് ഇന്നാട്ടിലെ വലിയ പിഴ. മനുഷ്യനായി ജനിച്ചാൽ പോരാ, മനുഷ്യത്വം വേണം. മനസ്സിൽ തട്ടിയത് ഷേർ ചെയ്യുമ്പോൾ കഴിഞ്ഞാഴ്ച മറ്റേ വിഷയം ഷേർ ചെയ്യാത്തതെന്തെന്ന് ചോദിക്കുന്ന മനസ്സുകൾ നന്നാവാൻ എന്താ ചെയ്യാൻ പറ്റുക?

വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തിൽ ഭാവനയിൽ ചമച്ചെടുക്കുന്ന കള്ള കഥകൾ ഉണ്ടാക്കിയാൽ പേടിച്ച് നാവടക്കാൻ ഈയുള്ളവൻ ശീലിച്ചിട്ടില്ല. 14 വർഷത്തെ സർവ്വീസിൽ ഇതാദ്യമായിട്ടൊന്നുമല്ല പെണ്ണ്‌കേസിൽ പെടുത്തിക്കളയുമെന്ന് ഭീഷണി വരുന്നത്. കോഴിക്കോട്ടിരിക്കുമ്പോഴും അതിന് മുമ്പ് തിരുവനന്തപുരത്തുള്ളപ്പോഴും ഇമ്മാതിരി വിരട്ടൊക്കെ കുറേ കണ്ടതാണ്. സങ്കിയും കോങ്ങിയും കമ്മിയും എല്ലാം ഇക്കാര്യത്തിൽ കണക്കാ. ഇത്രേം കാലമായിട്ട് ആളെ തിരിഞ്ഞിട്ടില്ലെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസ്സിലാക്കുന്നത് നന്ന്.

ഞാനൊരു IAS കാരനായിട്ടല്ല ജനിച്ചത്. മനുഷ്യൻ വിത്ത് മനുഷ്യത്വം ഫസ്റ്റ്. നിയമം പഠിച്ചതുകൊണ്ട് സർവ്വീസ് ചട്ടങ്ങളുടെ അതിർവരമ്പുകൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ നിശ്ചയവുമുണ്ട്. വക്കീലിനെ നിയമം പഠിപ്പിക്കാനും തളക്കാനും വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറേറ്റൊന്നും പോരാ മിസ്റ്റർ പെരേരാ.

വിനയ് മൈനാഗപ്പള്ളി, whoever this fellow is, എന്ന കഥാകാരനെതിരെ സിവിലായും ക്രിമിനൽ ആയും നിയമ നടപടി സ്വീകരിക്കും. ഇത്തരത്തിൽ ഹീനമായ വ്യക്തിഹത്യക്ക് മുതിർന്ന ടിയാൻ ശിക്ഷിക്കപ്പെടും എന്നുറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഒരു ഡസണോളം കാപ്‌സ്യൂൾ കുമാരന്മാരുടെയും IP അഡ്രസ് എടുത്തിട്ടുണ്ട്.

ഒരു ക്രൂര പീഡനത്തിനെതിരെ ചങ്ക് പൊട്ടിയെഴുതിയ സതീഷ്‌കുമാറെന്ന ഒരച്ഛന്റെ കുറിപ്പ് ഷേർ ചെയ്യുന്നത് പോലും ഇത്രമേൽ വിഷം വമിച്ച് വ്യക്തിയാക്രമണത്തിന് കാരണമാക്കുന്നവർ സമൂഹത്തിന് തന്നെ അപകടമാണ്. അത്തരക്കാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുക എന്നത് ഒരു വ്യക്തി എന്നതിലുപരി ഒരു സാമൂഹിക ജീവി എന്ന നിലയിൽ കൂടിയുള്ള എന്റെ ബാധ്യതയാണ്. ഒരച്ഛനെന്നനിലയിലും.

സതീഷിന്റെ ഹൃദയസ്പർശിയായ പോസ്റ്റ് ഷേർ ചെയ്ത് ഞാനെന്റെ വക ഒരു സ്‌മൈലി മാത്രമാണിട്ടത്- '??''. അതല്ലാതെ വേറൊന്നും അതിൽ പറയാനില്ല. ഏതായാലും സതീഷ്‌കുമാറിന്റെ എഴുത്തും അർത്ഥവും മനസ്സിലാവാത്തവർക്ക് ശബ്ദതാരാവലി മതിയാവില്ല. ഉള്ള് തകർന്ന വിലാപത്തെ സായുധവിപ്ലവത്തിന്റെ അലർച്ചയായി തോന്നിയവർക്ക് നമോവാകം. പുവർ ഫെലോസ്. ഇവർക്ക് സാഹിത്യവാസന ഇല്ലാത്തത് മനസ്സിലാക്കാം. പക്ഷേ സരസ്വതീദേവി ഇത്രക്ക് ശപിച്ച് വിടുമോ? അവിശ്വസനീയം തന്നെ.

പിന്നെ, ദയവായി ഇതിൽ രാഷ്ട്രീയം കൂട്ടി കലർത്തി സ്വയം പരിഹാസ്യരാവാതിരിക്കുക. ബുദ്ധി ഉപയോഗിക്കാനാണ് തന്നിട്ടുള്ളത്. നമ്മളൊക്കെ ആദ്യവും അവസാനവും മനുഷ്യരാണ്. സഹജീവികളോട് ലേശം കരുണ തോന്നിയെന്ന് വച്ച് നിങ്ങൾക്ക് ഒരു കുറച്ചിലും വരില്ല. ഡൽഹിയും വാളയാറും ആംബുലൻസും ഹത്രാസും എല്ലാം ഇന്ത്യയിലാണ്. മക്കൾ നമ്മുടെയും.

മനസ്സ് നന്നാവട്ടെ.
ഇന്ത്യ നന്നാവട്ടെ.

Edit: മുതിർന്ന ചില നേതാക്കൾ ഇപ്പോൾ വിളിച്ച് ഈ വിവരക്കേടിന് അവരുടെ സംഘടനക്ക് യാതൊരു പങ്കുമില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നത് ബെല്ലും ബ്രേക്കുമില്ലാത്ത വെകിളിക്കൂട്ടങ്ങളാണെന്നും പറഞ്ഞു. സംഘടനയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നത് ഇത്തരക്കാരാണെന്നും. നിയമപരമായ നീക്കങ്ങൾക്ക് പിന്തുണയും അറിയിച്ചു. വളരെ സന്തോഷം.

എല്ലാ പാർട്ടിക്കാരും പോറ്റിവളർത്തുന്ന കാപ്‌സ്യൂൾ തൊഴിലാളികൾ അവർ തന്നെ തുറന്ന് വിടുന്ന ഫ്രാങ്കിൻസ്റ്റീൻ ആവുന്നില്ലേ എന്ന് സ്വയം ചിന്തിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP