Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം നിറഞ്ഞുനിന്നപ്പോൾ പൊടി പോലുമില്ലാതെ ശോഭാ സുരേന്ദ്രൻ; വി. മുരളീധരൻ പാർട്ടി പിടിച്ചപ്പോൾ കണക്കുതീർക്കാൻ അവസരം കാത്ത് കൃഷ്ണദാസ് പക്ഷം; കുമ്മനത്തിനെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ഉയർത്തിയതിന്റെ രസക്കേടിൽ ആർഎസ്എസ്; കോർകമ്മറ്റിയിലും തിളച്ചത് പാർട്ടി വിഭാഗീയത; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ; ലോക്‌സഭാ ഫലം ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിൽ തലപുകഞ്ഞ് കേന്ദ്രനേതൃത്വവും

സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം നിറഞ്ഞുനിന്നപ്പോൾ പൊടി പോലുമില്ലാതെ ശോഭാ സുരേന്ദ്രൻ; വി. മുരളീധരൻ പാർട്ടി പിടിച്ചപ്പോൾ കണക്കുതീർക്കാൻ അവസരം കാത്ത് കൃഷ്ണദാസ് പക്ഷം; കുമ്മനത്തിനെ അവഗണിച്ച് അബ്ദുള്ളക്കുട്ടിയെ ഉയർത്തിയതിന്റെ രസക്കേടിൽ ആർഎസ്എസ്; കോർകമ്മറ്റിയിലും തിളച്ചത് പാർട്ടി വിഭാഗീയത; നിയമസഭാ തിരഞ്ഞെടുപ്പിൽ നേമവും നഷ്ടമാകുമെന്ന വിലയിരുത്തലിൽ നേതാക്കൾ; ലോക്‌സഭാ ഫലം ആവർത്തിച്ചേക്കുമെന്ന  വിലയിരുത്തലിൽ തലപുകഞ്ഞ് കേന്ദ്രനേതൃത്വവും

എം മനോജ് കുമാർ

 തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ പടലപ്പിണക്കങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ഉലച്ചേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വന്മുന്നേറ്റത്തിനു ബിജെപി കേന്ദ്ര നേതൃത്വത്തിനു ആഗ്രഹമുണ്ടെങ്കിലും ഇത്തവണയും വിജയം കൈപ്പിടിയിൽ നിന്നും നഷ്ടമാകുമെന്ന ഭീതിയിലാണ് സംസ്ഥാന നേതൃത്വം. പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയും നേതൃത്വത്തോട് ഇടഞ്ഞു നിന്ന് ശോഭാ സുരേന്ദ്രൻ പയറ്റുന്ന നിഴൽ യുദ്ധവുമെല്ലാം തിരഞ്ഞെടുപ്പ് സാധ്യതകളെ ഉലച്ചേക്കും എന്നാണ് പാർട്ടിയിൽ പൊതുവായി നിലനിൽക്കുന്ന വിലയിരുത്തൽ. സ്വർണക്കടത്തും ലൈഫ് മിഷനും കെടി ജലീലുമെല്ലാം വിവാദങ്ങളായപ്പോഴും ചാനലുകളിൽ ശോഭാ സുരേന്ദ്രന്റെ പൊടിപോലും കണ്ടിരുന്നില്ല. ഇത് മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു. കൃഷണദാസ്-മുരളീധര പക്ഷങ്ങളുടെ പടലപ്പിണക്കങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിലാണ്.

കൊണ്ടും കൊടുത്തും പോയിക്കൊണ്ടിരിക്കുന്ന വിഭാഗീയതയിൽ ഇപ്പോൾ വി.മുരളീധരൻ ഗ്രൂപ്പിനാണ് പൂർണ ആധിപത്യം. കെ.സുരേന്ദ്രനിലൂടെ പാർട്ടി മുരളീധരൻ ഗ്രൂപ്പ് പിടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃതലത്തിലും ജില്ല തലത്തിലും മുരളീധരൻ ഗ്രൂപ്പിന് ആധിപത്യമുണ്ട്. പക്ഷെ നേതാക്കൾക്കിടയിൽ കൃഷ്ണദാസിനും എം ടി.രമേശിനും എഴുതി തള്ളാൻ കഴിയാത്ത സ്വാധീനവുമുണ്ട്. ഈ ഗ്രൂപ്പ് യുദ്ധങ്ങൾ പലപ്പോഴും പരിധി ലംഘിച്ച് പോകുമ്പോൾ ഒന്നും ചെയ്യാൻ കഴിയാത്ത നിസഹായ അവസ്ഥയിലാണ് കേന്ദ്ര നേതൃത്വം. കേരളത്തിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ പറ്റാത്തതിന് കാരണം വിഭാഗീയതയാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. പക്ഷെ വിഭാഗീയതയ്ക്ക് ശമനമുണ്ടാകുന്ന ലക്ഷണങ്ങളുമില്ല. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലും ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനു മുന്നിൽ എത്തിയത് വിഭാഗീയത ആസ്പദമാക്കിയുള്ള
പരാതികളാണ്. തങ്ങളുടെ വിയോജിപ്പുകൾ കൃഷ്ണദാസ് പക്ഷം സന്തോഷിനെ അറിയിച്ചു എന്നാണു വാർത്തകൾ. ദേശീയ നേതൃത്വത്തിന്റെ നടപടികൾ കാത്തിരിക്കുകയാണ് കൃഷദാസ് പക്ഷം.

അബ്ദുള്ളകുട്ടിയുടെ കാര്യത്തിൽ ഞെട്ടലിൽ ആർഎസ്എസ്

തങ്ങൾക്ക് പ്രിയങ്കരനായ കുമ്മനത്തിനു ഒരു പദവിയും നൽകാതെ സിപിഎം-കോൺഗ്രസ് വഴി ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകിയ ഞെട്ടലിൽ നിന്നും സംസ്ഥാന ആർഎസ്എസ് നേതൃത്വം ഇതുവരെ പുറത്ത് വന്നിട്ടുമില്ല. ആർഎസ്എസ് പിന്തുണയോടെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടു പോലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആർഎസ്എസിന്റെ കണ്ണുമടച്ചുള്ള പിന്തുണ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ലഭിക്കണമെന്നുമില്ല. അവസ്ഥ ഇതായിരിക്കെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ആശയറ്റ പോരാട്ടം നടത്തേണ്ടി വരുമെന്ന ഭീതിയിലാണ് പാർട്ടിയിലെ വലിയ ഒരു വിഭാഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേമം സീറ്റുപോലും ഇത്തവണ ലഭിക്കില്ലെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്ത് സീറ്റ് വിജയവും പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും നേമം പോലും കൈപ്പിടിയിൽ നിന്ന് വഴുതിയേക്കും എന്ന ഭീതി സംസ്ഥാന നേതൃത്വത്തിൽ ശക്തമാണ്.

കാത്തിരിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അനുഭവമോ?

കഴിഞ്ഞ പാർലമെന്റിൽ ബിജെപിക്ക് സംഭവിച്ചതിന്റെ തനിപ്പകർപ്പാകും നിയമസഭാ തിരഞ്ഞെടുപ്പിലേത് എന്നാണ് നേതൃത്വത്തിലെ പലരുടെയും വ്യക്തിപരമായ വിലയിരുത്തൽ. ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ഹിന്ദു മനസ്സിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് ഇടത് രാഷ്ട്രീയത്തിനു എതിരാകണം എന്ന ചിന്ത ജനങ്ങളിൽ വേരോടി. ബിജെപിക്ക് വോട്ടു ചെയ്താൽ വിജയം സിപിഎമ്മിനാകും എന്ന് പോലും ജനങ്ങൾ ഭയന്നു. ഇരുപത് മണ്ഡലങ്ങളിലും ഇടത് വിരുദ്ധ കാറ്റ് ആഞ്ഞു വീശി. ആലപ്പുഴ ഒഴിച്ച് മുഴുവൻ സീറ്റും ഇടതു മുന്നണിക്ക് നഷ്ടമായി. പ്രതീക്ഷയോടെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോരാടിയെങ്കിലും വോട്ടുകൾ വർദ്ധിപ്പിക്കാനല്ലാതെ തിരഞ്ഞെടുപ്പ് വിജയത്തിന് ശബരിമല ബിജെപിയെ സഹായിച്ചില്ല. ഇക്കുറിയും ഇടത് വിരുദ്ധ തരംഗം തന്നെ നിലനിൽക്കുന്നു. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം തന്നെയാവും ബിജെപിയെ കാത്തിരിക്കുക എന്നാണ് വലിയ വിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ തന്നെ കൈവശമുള്ള നേമം സീറ്റിൽ പാർട്ടിയിലെ ഏറ്റവും ജനകീയനായ കുമ്മനത്തെ മത്സരിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സുരേഷ് ഗോപി, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെടുമങ്ങാട്, കോവളം സീറ്റുകളിൽ ശക്തമായ മത്സരത്തിനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. കോന്നിയിൽ വിജയപ്രതീക്ഷ നിലനിർത്തുമ്പോൾ കാസർകോട് മണ്ഡലങ്ങളിൽ കഴിഞ്ഞ കാലത്തെ പോലെ നേട്ടം കൊയ്യാൻ കഴിഞ്ഞെക്കില്ലെന്നും പാർട്ടി തലത്തിൽ വിലയിരുത്തലുണ്ട്.

സ്ഥാനാർത്ഥികൾ പാർട്ടിക്ക് താത്പര്യമുള്ളവർ മാത്രം:

തങ്ങൾക്ക് താത്പര്യമുള്ള നേതാക്കളെ പാർട്ടി നേതൃത്വം നിർത്തും. അത് ജനങ്ങൾക്ക് സ്വീകാര്യരാകാത്ത സ്ഥാനാർത്ഥികളാകും. ബിജെപി ശക്തമായ പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കും. പക്ഷെ വിജയം കൈപ്പിടിയിൽ നിന്നും ഒഴുകിപ്പോകും. ഇതിനു അപവാദം ഒ.രാജഗോപാൽ മാത്രമായിരുന്നു. ബിജെപിയിൽ സമ്മിതിയുള്ള നേതാവാണ് രാജഗോപാൽ. പക്ഷെ പൊതുസമ്മിതിയുണ്ട്. ഇതാണ് നേമത്തിൽ ഫലം നിർണ്ണയിച്ചത്. ബാർക്കോഴ സമരവുമായി ബന്ധപ്പെട്ടു നിയമസഭയിലെ വി.ശിവൻകുട്ടിയുടെ പ്രകടനം മണ്ഡലത്തിൽ ശക്തമായ എതിർ വികാരമുണ്ടാക്കി. എപ്പോഴും മത്സരിച്ച് പരാജയമടയാനാണ് രാജഗോപാലിന്റെ നിയോഗം. നേമത്ത് എങ്കിലും എങ്കിലും രാജഗോപാൽ വിജയിക്കണമെന്നു ജനങ്ങളിൽ പലരും ആഗ്രഹിച്ചു. രാജഗോപാൽ വിജയസോപാനത്തിൽ എത്തുകയും കേരളത്തിലെ പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല നേമത്ത് ഉള്ളത്. അതുകൊണ്ട് തന്നെയാണ് കൈവശമുള്ള നേമം പോലും നഷ്ടമായേക്കും എന്ന ഭീതി ബിജെപിയിലെ വലയം ചെയ്തിരിക്കുന്നത്. നേമത്ത് രാജഗോപാലിനുള്ള അനുകൂല ഘടകങ്ങൾ കുമ്മനത്തിനില്ല. കുമ്മനം പാർട്ടിയിൽ സമ്മതനാണ്. പൊതുസമൂഹത്തിൽ ഈ രീതിയിൽ സമ്മിതി കുമ്മനത്തിനില്ല. ഇത് നേമത്ത് തിരിച്ചടിച്ചേക്കും എന്ന വിലയിരുത്തലും ശക്തമാണ്.

നേട്ടമുണ്ടാക്കാൻ മാത്രം മത്സരിക്കുന്നതെന്തിന്?

തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ മാത്രം എന്തിനു ബിജെപി മത്സരിക്കണം എന്ന ചിന്ത നേതാക്കളിൽ പ്രബലമാണ്. കേരളം ഭരിക്കാൻ വേണ്ടി തിരഞ്ഞെടുപ്പിൽ പൊരുതുക. വിജയിക്കാൻ മത്സരിക്കുക. അത് അഞ്ചോ പത്തോ മണ്ഡലങ്ങളിൽ മാത്രമല്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും മത്സരിക്കണം. എല്ലാവിടെയും ജയിക്കാൻ വേണ്ടി മത്സരിക്കണം. ഇതൊഴിവാക്കി വിജയ സാധ്യതയുണ്ടെന്നു നേതൃത്വം കരുതുന്ന മണ്ഡലങ്ങളിൽ ഉറച്ച പോരാട്ടം നടത്തും. കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെങ്കിലും സ്ഥാനാർത്ഥി തോൽക്കും. ഈ രീതിയിലാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുന്നത്. ഇതിനു ഒരു ഫുൾസ്റ്റോപ്പ് ഇടാറായി എന്നാണ് വലിയ വിഭാഗം നേതാക്കളുടെ ചിന്ത. 

പാർട്ടിക്ക് സ്വീകാര്യരായ ആളുകളെ എന്നത് മാറ്റി ജനങ്ങൾക്ക് സ്വീകാര്യരായ സ്ഥാനാർത്ഥികൾ വരണം. ഇതേ ബിജെപിയെ രാഷ്ട്രീയ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കൂ എന്ന വികാരവും ഇപ്പോൾ നേതാക്കൾക്കിടയിൽ ശക്തമാണ്. പാർട്ടി 140 മണ്ഡലങ്ങളിലും ജയിക്കാനായി മത്സരിക്കട്ടെ. ജയിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ-ഇതാണ് നേതാക്കളുടെ. മനസിലെ പൊതുവികാരം. പക്ഷെ ഇതിനൊക്കെ അപ്പുറത്ത് ഗ്രൂപ്പ് പോരുകൾ പാർട്ടിയെ തുറിച്ച് നോക്കുകയാണ്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷമാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. സുരേന്ദ്രനെക്കാളും സീനിയർ ആണ് പാർട്ടിയിൽ ശോഭ. ശോഭ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മുരളീധര പക്ഷത്തിന്റെ പിന്തുണയോടെ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി മാറി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിട്ടും വിഭാഗീയതകൾ മൂർച്ചിക്കുകയാണ്. ഇതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുഭവമാകും ബിജെപിയെ കാത്തിരിക്കുകയെന്നു നേതാക്കൾ തന്നെ മനക്കണക്ക് കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP