Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ട്രോളർമാർക്ക് ബിഗ് സല്യൂട്ട്; ഷിഹാബ് രണ്ടുനാൾ കൊണ്ട് ബിഗ് ഹിറ്റ്; 'കാലം കാത്ത് വച്ച നിധിയാണ് ഫിറോസ്‌ക്ക' എന്ന പാട്ട് വൈറലായപ്പോൾ അയ്യേ മുഖസ്തുതി എന്ന് കളിയാക്കിയവർ അറിയാൻ: ഇത് ചങ്കിൽ നിന്ന് വന്ന പാട്ടാണ് കേട്ടോ; നന്മമരമായ ഫിറോസ് കുന്നുംപറമ്പിലിനെ വാഴ്‌ത്തി പാടിയതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയ മാപ്പിള പാട്ട് ഗായകൻ മറുനാടനോട് സംസാരിക്കുന്നു

ട്രോളർമാർക്ക് ബിഗ് സല്യൂട്ട്; ഷിഹാബ് രണ്ടുനാൾ കൊണ്ട് ബിഗ് ഹിറ്റ്; 'കാലം കാത്ത് വച്ച നിധിയാണ് ഫിറോസ്‌ക്ക' എന്ന പാട്ട് വൈറലായപ്പോൾ അയ്യേ മുഖസ്തുതി എന്ന് കളിയാക്കിയവർ അറിയാൻ: ഇത് ചങ്കിൽ നിന്ന് വന്ന പാട്ടാണ് കേട്ടോ; നന്മമരമായ ഫിറോസ് കുന്നുംപറമ്പിലിനെ വാഴ്‌ത്തി പാടിയതിന്റെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങിയ മാപ്പിള പാട്ട് ഗായകൻ മറുനാടനോട് സംസാരിക്കുന്നു

ആർ പീയൂഷ്

മലപ്പുറം: ഫിറോസ് കുന്നുംപറമ്പിലിനെ പുകഴ്‌ത്തി 'കാലം കാത്ത് വച്ച നിധിയാണ് ഫിറോസ്‌ക്ക' എന്ന ഗാനം സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി പ്രചരിക്കുകയാണ്. ഒരു കൊച്ചു പെൺകുട്ടിയുമായി ഈ പാട്ട് പാടിയ ഗായകൻ അഭിമുഖം നടത്തുമ്പോൾ ഫിറോസിനെ പറ്റി ചോദിക്കുന്ന വീഡിയോയും ഇതിനൊപ്പം തന്നെ വൈറലാണ്. ട്രോൾ ഗ്രൂപ്പുകളിലാണ് ഇത്തരം വീഡിയോകൾ ആദ്യം പ്രത്യക്ഷപെട്ടത്. പിന്നീട് വൈറലാവുകയും വലിയ വിമർശനങ്ങൾ നേരിടുകയും ചെയ്തു. പാട്ടു പാടിയ ഗായകനെ അവഹേളിച്ചു കൊണ്ടാണ് പലരും കമന്റുകൾ ചെയ്തത്. ഈ പാട്ടുപാടിയ ഷിഹാബ് അരീക്കോട് പാട്ടിനെയും വിമർശനങ്ങളെയും കുറിച്ച് മറുനാടനോട് സംസാരിക്കുന്നു.

ഫിറോസ് ഇക്കയോടുള്ള സ്നഹവും ബഹുമാനവും കൊണ്ടാണ് ഇത്തരം ഒരു പാട്ട് പാടിയത്. എന്റെ സുഹൃത്തായ റജീബ് അരീക്കോടിനെക്കൊണ്ടാണ് പാട്ടെഴുതിയത്. പിന്നീട് സംഗീതം ചെയ്ത് പാടുകയായിരുന്നു. ഫിറോസ് ഇക്ക നിരവധി കാരുണ്യ പ്രവർത്തനം ചെയ്യുന്നയാളായതിനാൽ അദ്ദേഹത്തെ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. എനിക്ക് അദ്ദേഹവുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. എന്റെ ഒരു ബന്ധുവിന് മജ്ജമാറ്റി വയ്ക്കുവാനായി 15 ലക്ഷത്തോളം രൂപ അദ്ദേഹം ശേഖരിച്ചു നൽകിയിരുന്നു. മറ്റൊരു രോഗിക്ക് വേണ്ടി ശേഖരിച്ച പണത്തിൽ നിന്നും ബാക്കി വന്ന തുകയായിരുന്നു അത്. മലപ്പുറം ജില്ലയിൽ ഫിറോസ് ഇക്കയ്ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുന്ന റഫീക്ക് വഴിയായിരുന്നു സഹായം ലഭിച്ചത്. പിന്നീട് മറ്റു നാലുപേർക്കു കൂടി ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റഫീക്ക് വഴി ഫിറോസ് ഇക്ക സഹായം ചെയ്യുകയും അവരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ കാണാൻ പാലക്കാട്ടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് കാലം കാത്ത് വച്ച നിധിയാണ് ഫിറോസ്‌ക്കാ എന്ന ഗാനം രൂപപ്പെടുത്തിയത്; ഷിഹാബ് പറയുന്നു.

ഒരിക്കലും ഫിറോസ് പറഞ്ഞിട്ടല്ല ഗാനം ചിട്ടപ്പെടുത്തി ആലപിച്ചതെന്ന് ഷിഹാബ് പറയുന്നു. ഗാനം ചിട്ടപ്പെടുത്തി റെക്കോഡ് ചെയ്ത ശേഷം കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വീട്ടിലേക്ക് സുഹൃത്തുക്കളായ അറക്കൽ മുത്ത്, ജംഷീദ് അരീക്കോട് എന്നിവരുമായി പോയി. അവിടെ ചെന്ന് കുശലാന്വേഷണങ്ങൾ കഴിഞ്ഞ് ചായകുടിയും മറ്റും കഴിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ഗാനത്തിന്റെ കാര്യം ഫിറോസിനോട് സൂചിപ്പിച്ചത്. അപ്പോൾ പാട്ട് പാടി കേൾപ്പിക്കുകയായിരുന്നു. പാട്ട് വീഡിയോ ആയി ചിത്രീകരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ എന്റെ ദൃശ്യങ്ങൾ ഒഴിവാക്കണമെന്നും അല്ലെങ്കിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും ഫിറോസ് പറഞ്ഞു. ഇതോടെ പാട്ട് കേട്ടിരിക്കുന്ന ദൃശ്യങ്ങൾ മാത്രം പ്രദർശിപ്പിക്കാൻ തീരമാനിക്കുകയായിരുന്നു. എന്നാൽ ഞായറാഴ്ച യൂട്യൂബിൽ ഗാനം റിലീസ് ചെയ്തതോടെ വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ഇതോടെ തൽക്കാലത്തേക്ക് വീഡിയോ പ്രൈവറ്റ് ആക്കി വച്ചു. എന്നാൽ യൂട്യൂബിൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ വീണ്ടും ഗാനം പബ്ലിഷ് ചെയ്യുകയായിരുന്നു എന്നും ഷിഹാബ് പറഞ്ഞു.

1993 മുതൽ മാപ്പിളപ്പാട്ട് രംഗത്തുണ്ട്. പിന്നണി ഗാനരംഗത്തും സംഗീത സംവിധാന രംഗത്തും ഏറെ കാലമായുണ്ട്. കലോത്സവങ്ങളിൽ നിവധി കുട്ടികൾക്ക് മാപ്പിളപ്പാട്ട് പരിശീലനം നൽകുന്ന ആളാണ്. ഫിറോസിക്കയെപ്പറ്റി പാടിയ പാട്ട് ഒരു ആമുഖ ഗാനം പോലെ പാടിയ ഒന്നാണ്. ഇഎംസിനെക്കുറിച്ചും പാണക്കാട് ശിഹാബ് തങ്ങളെക്കുറിച്ചുമൊക്കെ ഞാൻ പാടിയിട്ടുണ്ട്. ഒരിക്കലും ഫിറോസ് ആവശ്യപ്പെട്ടിട്ടല്ല ഇത് പാടിയത്. 27 വർഷമായി ഇപ്പോൾ ഗാനരംഗത്ത് വന്നിട്ട്. രണ്ടു വർഷം മുൻപ് 25 വർഷമായതിന് നാട്ടിലെ ഒരു സാംസ്കാരിക പരിപാടിയിൽ വച്ച് കണ്ണൂർ ഷെരീഫ് ഇക്ക എന്നെ ആദരിച്ചിരുന്നു.

'ആരോരും അറിയാതിരുന്ന അരിക്കോട്ടെ ഒരു എളിയ പാട്ടുകാരൻ ഇന്ന് നിരവധി പേരറിയുന്ന ഗായകനാണ്. ട്രോളന്മാർക്ക് നന്ദിയുണ്ടെന്നാണ് ട്രോളുകളോടും വിമമർശനങ്ങളോടുമുള്ള ഷിഹാബിന്റെ പ്രതികരണം. ഒരുപാട് പേർക്ക് നന്മ ചെയ്യുന്ന ഫിറോസ് ഇക്ക എനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ്. ട്രോളുന്നവർ പറയുന്നത്, അദ്ദേഹത്തെ ഇരുത്തി മുഖസ്തുതി പാടി എന്നാണ്. മുഖസ്തുതി പാടുന്നവരെ കല്ലുവാരി എറിയണം എന്നാണ് എന്റെ വിശ്വാസം എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ ഒരിക്കലും ഞാൻ മുഖസ്തുതി പാടുകയില്ല. ഫിറോസിക്ക വീഡിയോ ഷൂട്ട് ചെയ്യാനായി ആദ്യം സമ്മതിച്ചില്ല, സ്റ്റുഡിയോയിൽ പാടിയാൽ പോരെ എന്നാണ് അദ്ദേഹം ചോദിച്ചത്. യൂ ട്യൂബിലേക്കാണ് എന്ന് പറഞ്ഞാണ് അവസാനം വീഡിയോ എടുത്തത്. അതിത്ര വൈറലാകുമെന്ന് കരുതിയില്ല എന്നും ഷിഹാബ് പറയുന്നു.

ഒരു കുട്ടിയോട് സംസാരിക്കുന്നതിനിടെ കരയുന്ന വീഡിയോയും ചിലർ ട്രോളായി പ്രചരിപ്പിക്കുന്നുണ്ട്. ആ വീഡിയോ നിങ്ങൾ മുഴുവനായി കണ്ട് നോക്കൂ. കോവിഡ് കാരണം സ്‌കൂളുകളെല്ലാം അടച്ചിരിക്കുന്നതിനാൽ സുഹൃത്തിന്റെ കുട്ടിയുമായി നടത്തിയ സംഭാഷണത്തിലെ ഒരു ഭാഗം മാത്രമാണത്. എന്താണ് നന്മയെന്ന കുട്ടിയുടെ ചോദ്യത്തിന് സാന്ദർഭികവശാലാണ് ഫിറോസ് ഇക്കയുടെ കാര്യം പറഞ്ഞത്. അതിന് ആ കുട്ടി തന്ന മറുപടി ഫിറോസ് കുന്നമ്പറമ്പിലിന്റെ നന്മയെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക് എന്റെ കണ്ണ് നിറച്ചു. വീഡിയോയിൽ എന്റെ അഭിനയം അല്ല. 2016ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഞാൻ പഠിപ്പിച്ച മാപ്പിളപാട്ടിൽ നാലു പുരസ്‌കാരങ്ങളാണ് കിട്ടിയത്. അന്നൊന്നും ഒരു ഫോട്ടോയ്ക്ക് വേണ്ടിയും പോസ് ചെയ്തിട്ടില്ല.

എന്നെ ട്രോളുന്നവർക്ക് ബിഗ് സല്യൂട്ട് മാത്രമാണ് തിരിച്ചു നൽകാനുള്ളത്. എന്നെ വളർത്താൻ കഠിന പരിശ്രമം നടത്തുന്നവരാണ് അവർ. ആദ്യം ട്രോൾ ചെയ്ത ആളെ കണ്ടാൽ എന്തായാലും സമ്മാനം നൽകും. ട്രോളുകളെ പോസിറ്റീവ് ആയാണ് എടുക്കുന്നതെന്നും ഷിഹാബ് അരീക്കോട് പറയുന്നു. വിമർശിക്കുന്നവരോട് ഒന്നുകൂടി ചോദിക്കാനുണ്ട് ഷിഹാബിന്, കേരളം കാത്ത് വച്ച നിധി പിന്നെ ആരാണ്. ഫിറോസിക്ക ചെയ്യുന്ന നന്മ ചെയ്യാനായി ഒരു രാഷ്ട്രീയ നേതാവിനും, ആർക്കും സാധിച്ചിട്ടില്ല. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഇനിയും പാടും ഫിറോസിനെപ്പറ്റി, അതിൽ ട്രോളുകളുണ്ടായാൽ വിഷമമില്ലെന്നും ഷിഹാബ് പറയുന്നു. വിമർശനങ്ങളും ട്രോളുകളും വരുമ്പോഴും പുതിയ പാട്ടുകളുടെ തിരക്കിലാണ് ഷിഹാബ്. കണ്ണൂർ ഷെരീഫ് പാടിയ രണ്ടു പാട്ടുകൾ ട്യൂൺ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനായി പുതിയ പാട്ടുകൾ വരുന്നുണ്ട്. കുറച്ച് മാപ്പിളപ്പാട്ടുകളുടെ പിന്നണി പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഷിബാഹ് പറഞ്ഞു.

അരീക്കോട് കാവനൂർ സ്വദേശിയായ ഷിഹാബ് വിവഹിതനും നാലു കുട്ടികളുടെ പിതാവുമാണ്. ഗാന രംഗത്ത് നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. തൊണ്ടയിൽ അടുത്തിടെ ഒരു രോഗം വന്നപ്പോൾ അത് ക്യാൻസറിലേക്ക് പോകേണ്ടതായിരുന്നു. നല്ലവരായ സുഹൃത്തുക്കൾ പണം പിരിച്ചെടുത്ത് നൽകിയതിനെ തുടർന്ന് നടത്തിയ ചികിത്സയിലാണ് അസുഖം ഭേദമായത്. കാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ് ഷിഹാബ്. ഇഷൽ മെഹഫിൽ എന്ന മാപ്പിളപ്പാട്ട് പഠന കേന്ദ്രം നടത്തുന്നുണ്ട്. ഇവിടെ നിർദ്ധനരായ കുട്ടികളിൽ നിന്നും ഫീസ് വാങ്ങാതെയാണ് പഠിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീത് അഭ്യസിച്ചിട്ടുണ്ട്. മദറസയിൽ പടിക്കുമ്പോൾ പാട്ടുപാടുന്നത് കണ്ട് അന്നത്തെ ഉസ്താദ് എൻ.സി മുഹമ്മദാണ് സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP