Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർ ഇന്ത്യ വൺ വിമാനം ഇന്ത്യൻ മണ്ണ്തൊട്ടു; പറക്കുന്ന വൈറ്റ് ഹൗസിനോട് കിടപിടിക്കും വിമാനം ഡൽഹി എയർപോർട്ടിൽ ഇറങ്ങിയത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ; പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം ഇനി വ്യോമസേന പൈലറ്റുമാർ ഏറ്റെടുക്കും; ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തെ പോലും അതിജീവിക്കുന്ന വിമാനം പറന്നെത്തിയത് ടെക്സാസിൽ നിന്ന്

എയർ ഇന്ത്യ വൺ വിമാനം ഇന്ത്യൻ മണ്ണ്തൊട്ടു; പറക്കുന്ന വൈറ്റ് ഹൗസിനോട് കിടപിടിക്കും വിമാനം ഡൽഹി എയർപോർട്ടിൽ ഇറങ്ങിയത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ; പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം ഇനി വ്യോമസേന പൈലറ്റുമാർ ഏറ്റെടുക്കും; ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തെ പോലും അതിജീവിക്കുന്ന വിമാനം പറന്നെത്തിയത് ടെക്സാസിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി ഒരുക്കുന്ന പുതിയ ബി 777 വിമാനങ്ങളിൽ ഒന്ന് ഇന്ത്യയിലെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് എയർ ഇന്ത്യ വൺ വിമാനം ഡൽഹി എയർപോർട്ടിൽ ഇറങ്ങിയത്. ടെക്സാസിൽ നിന്നാണ് വിമാനം ഇന്ത്യയിൽ എത്തിയത്. അടുത്ത വർഷം ജൂലൈ മുതലാണ് പുതിയ ബോയിങ് വിമാനം പറന്നു തുടങ്ങുക.

വിമാനം എത്തിയതോടെ പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയർ ഇന്ത്യയിൽ നിന്ന് വ്യോമസേന പൈലറ്റുമാർ ഏറ്റെടുക്കും. വിമാനത്തിന്റെ പരിപാലനം എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് നിർവഹിക്കും. വിമാനം നിർമ്മാതാക്കളായ ബോയിങ് ജൂലൈയിൽ എയർ ഇന്ത്യയിലേക്ക് എത്തിക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും അതിന്റെ വിതരണം രണ്ടുതവണ വൈകി - ജൂലൈയിൽ ഒരിക്കൽ കോവിഡ്പാൻഡെമിക് മൂലം കൈമാറ്റം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റിലും വിമാനം കൈമാറ്റം ചെയ്യാനായിരുന്നില്ല.

ബോയിംഗിൽ നിന്ന് വിമാനം സ്വീകരിക്കുന്നതിനായി ഓഗസ്റ്റ് ആദ്യ വാരം ദേശീയ വിമാനക്കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ യുഎസിലെത്തിയിരുന്നു. പുതിയ ബി 777 വിമാനങ്ങൾ പറത്താൻ ആറു പൈലറ്റ്മാർക്ക് വ്യോമസേന പരിശീലനം നൽകിക്കഴിഞ്ഞു. കൂടുതൽ പൈലറ്റ്മാർക്കു പരിശീലനം നൽകുമെന്നും വ്യോമസേന അറിയിച്ചു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ നിലവിൽ ബി 747 വിമാനത്തിലാണു യാത്ര ചെയ്യുന്നത്. എയർ ഇന്ത്യയുടെ രണ്ട് ദീർഘദൂര ബോയിങ് 777 വിമാനങ്ങളിൽ മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിനു' തുല്യമാകും ബി 747. രണ്ടാമത്തെ വിമാനം കൈമാറുന്ന കാര്യത്തിൽ തീരുമാനം പിന്നീട്.

പറക്കുന്ന വൈറ്റ് ഹൗസ് എന്നാണ് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് 1 അറിയപ്പെടുന്നത്. അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക. വിമാനത്തിനുള്ളിൽനിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. വിപുലമായ വാർത്താവിനിമയ സംവിധാനം. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിൽസാ സൗകര്യങ്ങൾ. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. എത്രനേരവും ആകാശത്തു തുടരാം. ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തിൽപ്പോലും ക്ഷതമേൽക്കില്ല.

യുഎസ് സഹകരണത്തോടെ എയർ ഇന്ത്യ 1 ഉം സമാനരീതിയിൽ ആധുനികവൽക്കരിക്കാനാണ് ഇന്ത്യയുടെ നീക്കം. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്‌സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ് (SPS) എന്നീ പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ യുഎസിനോടു വാങ്ങുന്നത്. 1350 കോടി രൂപയാണ് (19 കോടി ഡോളർ) ഇവയുടെ വില. വിൽപനയ്ക്ക് യുഎസ് കോൺഗ്രസ് കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഡാലസിലുള്ള ബോയിങ് കമ്പനിയുടെ ആസ്ഥാനത്താണ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ രൂപകൽപന ചെയ്യുന്നത്.

ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവിൽ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണു ഉപയോഗിക്കുന്നത്. ഈ വിമാനത്തിൽ നിന്നു വ്യത്യസ്തമായി ബോയിങ് 777നു തുടർച്ചയായി യുഎസ് വരെ പറക്കാനാകും. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP