Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇല്ലാത്ത മെമ്പർ സെക്രട്ടറി ഉണ്ടാക്കിയത് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി; ശമ്പളമായി നൽകുന്നത് എഴുപതിനായിരത്തോളം രൂപയും; കരാർ ഒഴിവാക്കി അസിസ്റ്റന്റ് ഡയറക്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടു സർക്കാരിനു കത്ത് നൽകിയത് സാമൂഹ്യക്ഷേമ ഡയറക്ടർ; സർക്കാരിൽ നിന്നും വന്നത് നേതാവിന്റെ ഭാര്യയ്ക്ക് കാലാവധി വീണ്ടും നീട്ടി നൽകി ഒത്താശ ചെയ്ത ഉത്തരവും; പുതിയ അംഗങ്ങൾ വന്നിട്ടും ബോർഡ് യോഗം കൂടുന്നില്ല; ഓർഫനേജ് കൺട്രോൾ ബോർഡിൽ എല്ലാം തോന്നിയപടി

ഇല്ലാത്ത മെമ്പർ സെക്രട്ടറി ഉണ്ടാക്കിയത് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി; ശമ്പളമായി നൽകുന്നത് എഴുപതിനായിരത്തോളം രൂപയും; കരാർ ഒഴിവാക്കി അസിസ്റ്റന്റ് ഡയറക്ടറെ നിയമിക്കാൻ ആവശ്യപ്പെട്ടു സർക്കാരിനു കത്ത് നൽകിയത് സാമൂഹ്യക്ഷേമ ഡയറക്ടർ; സർക്കാരിൽ നിന്നും വന്നത് നേതാവിന്റെ ഭാര്യയ്ക്ക് കാലാവധി വീണ്ടും നീട്ടി നൽകി ഒത്താശ ചെയ്ത ഉത്തരവും; പുതിയ അംഗങ്ങൾ വന്നിട്ടും ബോർഡ് യോഗം കൂടുന്നില്ല; ഓർഫനേജ് കൺട്രോൾ ബോർഡിൽ എല്ലാം തോന്നിയപടി

എം മനോജ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനം പൂർണമായും അവതാളത്തിൽ. ഓർഫനെജ് കൺട്രോൾ ബോർഡ് യോഗം ചേർന്നിട്ട് തന്നെ ഒരു വർഷം കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ കൺട്രോൾ ബോർഡിന്റെ കാലാവധി തീർന്നതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്തി പുതിയ ബോർഡ് മെമ്പർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാൽ ബോർഡ് രൂപീകരിച്ചതായി സർക്കാരിന്റെ പ്രഖ്യാപനം വരുകയോ ബോർഡ് യോഗം ചേരുകയോ ചെയ്തിട്ടില്ല.

ബോർഡ് യോഗം കൂടാത്തതിനാൽ പുതിയ സ്ഥാപനങ്ങളുടെ അംഗീകാരം നൽകുന്ന പ്രവർത്തനമോ നിലവിലെ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകുന്ന നടപടിയോ നടക്കുന്നില്ല. ബോർഡ് യോഗം കൂടുകയോ തീരുമാനം എടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനം പൂർണമായും കുത്തഴിഞ്ഞ നിലയിലാണ്. ഇത് ദോഷകരമായി ബാധിച്ചിരിക്കുന്നത് ബോർഡിന്റെ കീഴിലുള്ള രണ്ടായിരത്തോളം അനാഥാലയങ്ങളെയും ഈ അനാഥാലയങ്ങളിലുള്ള ഒരു ലക്ഷത്തോളം അംഗങ്ങളെയുമാണ്.

പുതുതായി തുടങ്ങിയ സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി ഇതുവരെ ഇരുനൂറ്റമ്പതോളം അപേക്ഷകൾ ബോർഡിൽ കെട്ടിക്കിടക്കുന്നുണ്ട്. അംഗീകാരം പുതുക്കി നൽകാനായി തന്നെ നാനൂറിൽ കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. എല്ലാ അപേക്ഷകൾക്കും ശാപമോക്ഷം നൽകേണ്ടത് ബോർഡ് യോഗത്തിലാണ്. പക്ഷെ എന്ന് ബോർഡ് യോഗം കൂടാൻ കഴിയുമെന്ന് വകുപ്പുമായി ബന്ധപ്പെട്ട ആർക്കും ഒരു പിടിയുമില്ല. കോവിഡ് കാരണം യോഗങ്ങൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്.

പക്ഷെ അനാഥരുമായി ബന്ധപ്പെട്ട കാര്യം ആയതിനാൽ ഓൺലൈൻ യോഗത്തിന്റെ കാര്യത്തിൽ പോലും ഒരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. ഒരു സ്ഥാപനത്തിന്റെ അംഗീകാരം നൽകുന്നത് നാല് വർഷത്തെക്കാണ്. ഇത് പുതുക്കി നൽകേണ്ടത് ബോർഡ് ആണ്. അംഗീകാരം പുതുക്കി നൽകാതിരിക്കൽ സ്ഥാപനങ്ങളുടെ ഗ്രാന്റ്, വൈദ്യുതി ചാർജ് ഇളവ് തുടങ്ങി പ്രവർത്തനങ്ങളെ ബാധിക്കും. സ്ഥാപനങ്ങളിൽ ഇൻസ്‌പെക്ഷൻ നടത്തിയ ശേഷം അംഗീകാരം പുതുക്കി നൽകേണ്ടത് ബോർഡ് യോഗത്തിലാണ്. സ്ഥാപനങ്ങൾക്ക് പ്രശ്‌നങ്ങൾ വരുമ്പോൾ കൺട്രോൾ ബോർഡിൽ നിന്ന് ഇളവുകൾക്കായി കത്ത് നല്കുന്ന രീതിയാണ് അനുവർത്തിക്കുന്നത്.

ഓർഫനെജ് കൺട്രോൾ ബോർഡിന്റെ പ്രവർത്തനം പൂർണമായും കുത്തഴിഞ്ഞ നിലയിൽ ആണെങ്കിലും ബോർഡിലുള്ള പാർട്ടി നിയമനത്തെ ഇത് ബാധിച്ചിട്ടില്ല. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ മെമ്പർ സെക്രട്ടറി എന്ന ഇല്ലാത്ത പോസ്റ്റ് പാർട്ടി നേതാവിന്റെ ഭാര്യക്ക് വേണ്ടി ക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിപിഎം നേതാവിന്റെ ഭാര്യയായ അഡ്വക്കെറ്റ് സിന്ധുവിനെ പുറത്ത് നിന്ന് കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുത്തത്. ഓരോ വർഷം കഴിയുമ്പോൾ കരാർ നീട്ടി നല്കുകയാണ് ചെയ്യുന്നത്. ആ രീതിക്ക് ഈ കഴിഞ്ഞ നാല് വർഷവും ഒരു മുടക്കവും വന്നിട്ടില്ല. 68000 രൂപ ശമ്പളമുള്ള പോസ്റ്റാണ് സിപിഎം നേതാവിന്റെ ഭാര്യക്ക് വേണ്ടി സർക്കാർ സൃഷ്ടിച്ചത്.

ഇവരുടെ കാലാവധി കഴിഞ്ഞ മാസം തീർന്നിട്ടുണ്ട്. കാലാവധി തീർന്നപ്പോൾ ഈ പോസ്റ്റിൽ ഇവരെ നിയമിക്കരുത് എന്നാവശ്യപ്പെട്ടു സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടർ സർക്കാരിനു കത്ത് നൽകിയിരുന്നു. പകരം ഈ പോസ്റ്റിൽ അസിസ്റ്റന്റ്‌റ് ഡയരക്ടർ സുഭാഷ് ബാബുവിനെ നിയമിക്കാനാണ് കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ഡയറക്ടറുടെ ആവശ്യം തള്ളി ഇവരെ തന്നെ പോസ്റ്റിൽ നിയമിച്ചാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് ഈ സർക്കാർ ഉത്തരവ് ഇറങ്ങിയത്.

സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി സർക്കാർ ഭാഗത്ത് നിന്നുള്ള ഒത്താശയാണ് വന്നത്. കോൺട്രാക്റ്റ് പോസ്റ്റിൽ ഉള്ള സിന്ധുവിന് കോൺട്രാക്റ്റ് പുതുക്കി നൽകുന്നതിന്റെ ഭാഗമായാണ് സുഭാഷ് ബാബുവിന് താത്കാലിക ചാർജ് നൽകിയത്. പ്രൊമോഷൻ-ഡെപ്യൂട്ടേഷൻ ആയാണ് സാധാരണ മെമ്പർ സെക്രട്ടറി പോസ്റ്റിൽ നിയമനം നടത്തുന്നത്. ഇവിടെ സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി കോൺട്രാക്റ്റ് നിയമനം നൽകുകയായിരുന്നു. അതേസമയം ബോർഡ് മീറ്റിങ് കൂടുകയോ തീരുമാനം എടുക്കുകയോ ചെയ്യാനുള്ള ഒരു നടപടിയും തുടങ്ങിയിട്ടുമില്ല. .

ബോർഡിൽ ഉള്ളത് മൊത്തം പതിനാലു അംഗങ്ങളാണ്. അഞ്ചുപേർ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കണം. ഇവരെ തിരഞ്ഞെടുത്തിട്ടുണ്ട്. മൂന്നു എംഎൽഎമാരും ഒരു എംപിയും ബോർഡിലുണ്ട്. എംഎൽഎമാർ നിലവിൽ ബോർഡിൽ ഉണ്ട്. ആറുപേരെ സർക്കാർ നോമിനേറ്റ് ചെയ്യണം. ചെയ്തില്ലെങ്കിൽ നിലവിലെ ബോർഡ് തുടരും. എംപിയെയും അഞ്ച് പ്രതിനിധികളെയും സർക്കാർ നോമിനേറ്റ് ചെയ്യേണ്ടത്. പക്ഷെ ബോർഡ് രൂപീകരിച്ചുകൊണ്ട് സർക്കാരിന്റെ ഒരു ഉത്തരവ് ഇറങ്ങണം.

 

ആ ഉത്തരവ് ഒരു വർഷമായിട്ടും ഇറങ്ങിയിട്ടില്ല. സർക്കാരിലേക്ക് സാമൂഹ്യക്ഷേമവകുപ്പിൽ നിന്നും നിരന്തരം കത്തുകൾ പോയിട്ടുണ്ട്. ഉടനെ ഉത്തരവ് ഇറക്കാം എന്നല്ലാതെ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. ഈ ഉത്തരവ് ഇറങ്ങിയിട്ടില്ലെങ്കിലും ബോർഡ് യോഗം കൂടാൻ തടസമില്ല. തിരഞ്ഞെടുത്ത അംഗങ്ങൾ ഉണ്ട്. എംഎൽമാരുമുണ്ട്. പക്ഷെ ബോർഡ് യോഗം കൂടുന്ന ഒരു തീരുമാനവും ഭരണതലത്തിൽ വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP