Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിചെയിൻ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന നിഷാദ് കിളിയടുക്കിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹി; ഖാദിബോർഡിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി; കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകൾക്ക് രണ്ട് ലക്ഷം രൂപ നൽകി യുവാക്കളെ കൂടെ നിർത്തി; മാധ്യമങ്ങളെ കൂടെ നിർത്തിയത് പ്രസ് ക്ലബിന്റെ നിർമ്മാണത്തിന് സഹായം നൽകി; തട്ടിപ്പിനെതിരെ സംസാരിക്കുന്നവർക്ക് വാട്സ്ആപ്പിൽ മറുപടി നൽകുന്നത് പരിശീലനം നൽകിയവർ

മണിചെയിൻ തട്ടിപ്പിൽ അന്വേഷണം നേരിടുന്ന നിഷാദ് കിളിയടുക്കിൽ മുൻ യൂത്ത് കോൺഗ്രസ് ഭാരവാഹി; ഖാദിബോർഡിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതോടെ പാർട്ടിയിൽ നിന്നും പുറത്താക്കി; കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകൾക്ക് രണ്ട് ലക്ഷം രൂപ നൽകി യുവാക്കളെ കൂടെ നിർത്തി; മാധ്യമങ്ങളെ കൂടെ നിർത്തിയത് പ്രസ് ക്ലബിന്റെ നിർമ്മാണത്തിന് സഹായം നൽകി; തട്ടിപ്പിനെതിരെ സംസാരിക്കുന്നവർക്ക് വാട്സ്ആപ്പിൽ മറുപടി നൽകുന്നത് പരിശീലനം നൽകിയവർ

ജാസിം മൊയ്തീൻ

മലപ്പുറം: വ്യാജ ക്രിപ്റ്റോ കറൻസിയുടെ പേരിൽ മണിചെയ്ൻ മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന എൽആർ ടെക്നോളജീസ് സിഇഒ നിഷാദ് കിളിയടുക്കലിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിനിരയായവർ മഹാഭൂരിഭാഗവും ചെറുപ്പക്കാരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം മുടങ്ങിയിരിക്കുകയാണ്.

നിഷാദ് കിളിയടുക്കൽ യൂത്ത് കോൺഗ്രസ് അമരമ്പലം മണ്ഡലം കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഖാദി ബോർഡിൽ ജോലിതരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിവധയാളുകളിൽ നിന്ന് 80 ലക്ഷം രൂപയോളം കൈപറ്റിയതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഇയാൾ മണിചെയ്ൻ മാതൃകയിലുള്ള ബിസിനസുമായി രംഗത്ത് വന്നത്. ഈ ബിസിനസ് വഴി കോടികളാണ് നിഷാദ് സമ്പാദിച്ചിട്ടുള്ളത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനങ്ങൾ.

നിലവിൽ കൊച്ചിയിൽ താമസമാക്കിയിട്ടുള്ള നിഷാദിന്റെ നിലമ്പൂരിലെ പ്രവർത്തനങ്ങളെ നടപ്പിലാക്കുന്നത് കരുളായി സ്വദേശികളായ നാല് പേരാണ്. ഈ നാല് പേരുടെ വീടുകളിൽ ഇന്നലെ പൊലീസ് റെയ്ഡ് നടത്തുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. നാല് പേർക്കും ആഡംബര വാഹനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പദ്ധതിയിൽ ചേർന്നാൽ ഇതുപോലുള്ള സൗഭാഗ്യങ്ങൾ നിങ്ങൾക്കും ലഭിക്കുമെന്ന് പറഞ്ഞാണ് ഇവർ ആളുകളെ ചേർക്കുന്നത്. ഈ കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകൾക്ക് 2 ലക്ഷം രൂപ വീതം പ്രതിരോധ പ്രവർത്തനങ്ങൾക്കും സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകുന്നതിനും ഇയാൾ സഹായം നൽകിയിരുന്നു. നിലമ്പൂർ പ്രസ് ക്ലബിന്റെ നിർമ്മാണത്തിനും വലിയ സംഭാവന നൽകിയ നിഷാദിനെ പ്രസ്‌ക്ലബ് അനുമോദന ചടങ്ങ് നടത്തി ആദരിച്ചിരുന്നു.

അതുകൊണ്ട് നിലമ്പൂരിലെ മാധ്യമ പ്രവർത്തകരും ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മൗനം നടിക്കുകയും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇയാളെ പിന്തുണക്കുകയുമാണ്. രാഷ്ട്രീയ പാർട്ടികളും ഇയാളുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. അമരമ്പലത്ത് ഡിവൈഎഫ്ഐക്ക് ആംബുലൻസ് വാങ്ങാൻ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ നിരസിക്കുകയായിരുന്നു. കരുളായിയിൽ ഒരു പഞ്ചായത്ത് അംഗത്തിന് വീട് നിർമ്മിക്കാൻ രണ്ടര ലക്ഷം രൂപയും ഇയാൾ നൽകിയിട്ടുണ്ട്.സഹായം ചോദിച്ച് വരുന്നവർക്കൊക്കെ ഇയാൾ പണം നൽകിയിരുന്നു. ഇത്തരത്തിൽ നാട്ടിലെ ചെറുപ്പക്കാരെയും പ്രാദേശിക രാഷ്ട്രീയക്കാരെയും ഇയാൾ പണം നൽകി കൂടെ നിർത്തിയിരിക്കുകയാണ്.

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ പദ്ധതിക്കെതിരെ സംസാരിക്കുന്നവർക്ക് മറുപടി നൽകാനും നിരവധിയാളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പാരിതോഷികങ്ങളും നൽകുന്നുണ്ട്. നിലവിൽ ആരും നേരിട്ട് പരാതി നൽകിയിട്ടില്ല. ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയവർക്കെല്ലാം ഉടൻ തന്നെ അത് തിരികെ ലഭിക്കുമെന്ന് ഇടക്കിടെ നിഷാദ് നേരിട്ട് ഗ്രൂപ്പുകളിൽ ശബ്ദസന്ദേശം നൽകുന്നുണ്ട്. നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മണി ചെയിൻ മോഡൽ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ അനധികൃത നിക്ഷേപം സമാഹരിച്ച കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ നിന്നു പൊലീസ് വിവരം തേടി. നാലിൽ അധികം ബാങ്ക് അക്കൗണ്ടുകൾ വഴി നിഷാദ് നിക്ഷേപങ്ങൾ സ്വീകരിച്ചതായാണു വിവരം. നിക്ഷേപ പദ്ധതിയിൽ പങ്കുചേർന്ന്, മുടക്കിയതിനെക്കാൾ കൂടുതൽ ലാഭം കിട്ടിയവരുടെയും അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും.

മോറിസ് കോയിന്റെ മറവിൽ നടത്തിയിരുന്നത് മണി ചെയിൻ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും നിഷാദിനെ ചോദ്യം ചെയ്യുമെന്നും പൂക്കാട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണു പറഞ്ഞു. ഇടപാടിലേക്കു നിക്ഷേപകരെ കണ്ടെത്താൻ സഹായിച്ചിരുന്ന ഏജന്റുമാരിൽ 4 പേരിൽനിന്ന് ഇന്നലെ മൊഴിയെടുത്തു. പത്തുലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാൽ 50,000 രൂപ വീതമാണ് കമ്മിഷൻ ലഭിച്ചിരുന്നതെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ സംബന്ധിച്ച പ്രചാരണങ്ങൾ നടത്തിയിരുന്നത്. അതിനാൽ നിക്ഷേപകരുടെ വാട്സാപ് ഗ്രൂപ്പ് അഡ്‌മിന്മാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരം ചൊവ്വാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാർ ഉണ്ടെന്നാണ് ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അവകാശവാദം. നിക്ഷേപിക്കുന്ന പണം ഒരുവർഷം തികയുംമുൻപേ എട്ടിരട്ടിയായി മാറുമെന്ന വാഗ്ദാനത്തിൽ അടക്കം വീഴുന്നവരാണ് മോറിസ് കോയിൻ ഇടപാടിലും ചെന്നുപെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP