Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജലസേചന വകുപ്പിൽ നിന്നും പെൻഷനായ ആളുടെ വീട്ടിൽ കയറി മോഷണം; പുരാവസ്തുക്കൾ മോഷ്ടിച്ചതിന് അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേർ; വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത് സിപിഎം ഓഫീസിൽ നിന്നും; മോഷ്ടാക്കളെ കുടുക്കിയത് സമീപ പ്രദേശത്തു സ്ഥാപിച്ച സിസി ടി വി; മോഷണ സംഘത്തിൽ ഉണ്ടായിരുന്ന പ്രശാന്തിന് കഞ്ചാവു മാഫിയയുമായി അടുത്ത ബന്ധം; മോഷണ മുതലുകൾ മാറ്റുന്നതിനായി ഉപയോഗിച്ച കാറുകളും കസ്റ്റഡിയിൽ

ജലസേചന വകുപ്പിൽ നിന്നും പെൻഷനായ ആളുടെ വീട്ടിൽ കയറി മോഷണം; പുരാവസ്തുക്കൾ മോഷ്ടിച്ചതിന് അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു പേർ; വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത് സിപിഎം ഓഫീസിൽ നിന്നും; മോഷ്ടാക്കളെ കുടുക്കിയത് സമീപ പ്രദേശത്തു സ്ഥാപിച്ച സിസി ടി വി; മോഷണ സംഘത്തിൽ ഉണ്ടായിരുന്ന പ്രശാന്തിന് കഞ്ചാവു മാഫിയയുമായി അടുത്ത ബന്ധം; മോഷണ മുതലുകൾ മാറ്റുന്നതിനായി ഉപയോഗിച്ച കാറുകളും കസ്റ്റഡിയിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: പുരാവസ്തുക്കൾ മോഷണം നടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 5 പേർ അറസ്റ്റിൽ. സിപിഎം പന്നൂർ ബ്രാഞ്ച് സെക്രട്ടറി കരിമണ്ണൂർ പന്നൂർ തെറ്റാമലയിൽ വിഷ്ണു (22)സുഹൃത്തുക്കളായ തച്ചുമഠത്തിൽ പ്രശാന്ത്(24),പാറയ്ക്കൽ വീട്ടിൽ രാകേഷ് (30),തച്ചുമഠത്തിൽ സുധി(28),കാവാട്ടുകുന്നേൽ സനീഷ് (19)എന്നിവരെയാണ് ഇന്നലെ വൈകിട്ട് കരിമണ്ണൂർ പൊലീസ് മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്. ജലസേചന വകുപ്പിൽ നിന്നും പെൻഷൻ പറ്റിയ ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ വീട്ടിൽ ഈ മാസം 19-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളത്. വിഷ്ണുവിനെ സി പി എം ഓഫീസിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാർട്ടി ഓഫീസിന് സമീപത്തുനിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ്് പൊലീസ് മറുനാടനോട് വ്യക്തമാക്കിയത്.

താൻ 5 വയസുമുതൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളിൽ നിന്നും 15 ഇനം വസ്തുക്കൾ നഷ്ടപ്പെട്ടതായിട്ടാണ് ജോൺസൺ പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിട്ടുള്ളത്.പഴയകാലത്തെ 10 എച്ച് പി യുടെ മോട്ടോറുകൾ ,വാൽവ് റേഡിയോകൾ ,ഗ്രാമഫോണുകൾ,പരമ്പരാഗതമായി കൈമാറിക്കിട്ടിയ വീട്ടുപകരണങ്ങൾ ,വിഗ്രഹം എന്നിവ നഷ്ടപ്പെട്ട വസ്തുവകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് പരാതി നൽകിയ ശേഷം നടത്തിയ വിശദമായ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടുവെന്നും ജോൺസൺ അറിയിച്ചു.

പരിസരപ്രദേശങ്ങളിലെ സി സി ടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകളാണ് പ്രതികളെ കുടുക്കുന്നതിന് പൊലീസിന് സഹായകമായത്.പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാർ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മോഷണത്തിൽ ഇയാൾ അടക്കം അറസ്റ്റിലായവരുടെ പങ്ക് പൊലീസിന് വ്യക്തമായത്. പ്രശാന്തിന് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.അടുത്തകാലത്തായി കരിമണ്ണൂരിലും സമീപപ്രദേശങ്ങളിലും ലഹരിമാഫിയ പിടിമുറുക്കിയതായും ഇതെത്തുടർന്ന് ഇവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അടിപിടിയുമൊക്കെ വർദ്ധിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.

വിഷ്ണു കരിമണ്ണൂരിലെ ബീവറേജ് ഔട്ടലറ്റിന്റെ വാച്ചറായി ജോലിചെയ്തുവരികയായിരുന്നു. സി പി എം കരിമണ്ണൂർ ലോക്കൽകമ്മറ്റി മെമ്പർ,ഡി വൈ എഫ് ഐ കരിമണ്ണൂർ മേഖല സെക്രട്ടറി,എസ് എഫ് ഐ ഇടുക്കി ജില്ലാ വൈസ്സ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നതായിട്ടാണ് വ്യാപകമായി പ്രചരിക്കുന്ന വിവരം. ജോൺസൺ സംഭവമുണ്ടായതിന്റെ പിന്നാലെ പൊലീസിൽ പരാതി നൽകിയെങ്കിലും കോവിഡ് പ്രശ്നങ്ങൾ ചൂണ്ടികാട്ടി അന്വേഷണം പേരിന് മാത്രമാക്കി ചുരുക്കിയിരുന്നു.ഈ വിവരം മനസ്സിലാക്കിയ ജോൺസൺ ഇക്കാര്യം പരിചയക്കാരനായ എസ് പി കെ ജി സൈമനെ അറിയിച്ചിരുന്നു. ഇതിന് ശേഷം പൊലീസ് അന്വേഷണം ശക്തിപ്പെടുത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നെന്നാണ് അറിയുന്നത്.

മോഷണ മുതലുകൾ മാറ്റുന്നതിനായി രണ്ട് കാറുകൾ, ഒരു ഓട്ടോറിക്ഷ,ബൈക്ക് എന്നിവ ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.കാറുകളിലൊന്ന് പ്രശാന്തിന്റേതാണ്. ഈ കാർ കസ്റ്റഡിയിലൈടുക്കുന്നതിനായി പൊലീസ് ഇന്നലെ സ്ഥലത്തെത്തിയിരുന്നു. എന്നാൽ സ്റ്റാർട്ടാവാത്തതിനാൽ ഈ നീക്കം വിഫലമായി. പൊളിക്കാൻ ആക്രി വിലയ്ക്ക് വിറ്റ കാറായിരിക്കാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. താൻ സ്വന്തമായി റിപ്പയറിങ് നടത്തിയാണ് കാർ കൊണ്ടുനടന്നിരുന്നതെന്നാണ് പ്രശാന്ത് പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതിനാൽ ഇന്ന് ഇയാളെ എത്തിച്ച് കാർ സ്റ്റാർട്ടാക്കി കസ്റ്റഡിയിലാക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.

മോഷ്ടിച്ച സാധനങ്ങൾ പലസ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതായിട്ടാണ് പിടിയിലായവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.ഇന്ന് ഇവിടങ്ങളിൽ തെളിവെടുപ്പുനടത്തി മോഷമമുതലുകൾ വീണ്ടെടുക്കുന്നതിനാണ് പൊലീസ് നീക്കം.തുടർന്ന് നടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP