Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം കേരളത്തിൽ; 36 മടങ്ങ് തിരിച്ചറിയാത്ത കോവിഡ് രോഗികൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം; 14 ജില്ലകളിലും സീറോളജിക്കൽ സർവേ നടത്താനും നിർദ്ദേശം;2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തിൽ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാമെന്ന് നിഗമനം; രോഗബാധിതരായ പൊലീസുകാരുടെ എണ്ണവും വർധിക്കുന്നു; ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതല നൽകാനും നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം കേരളത്തിൽ; 36 മടങ്ങ് തിരിച്ചറിയാത്ത കോവിഡ് രോഗികൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പഠനം; 14 ജില്ലകളിലും സീറോളജിക്കൽ സർവേ നടത്താനും തീരുമാനം; 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തിൽ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാമെന്ന് നിഗമനം; രോഗബാധിതരായ പൊലീസുകാരുടെ എണ്ണവും വർധിക്കുന്നു; ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമത നൽകാനും നീക്കം

തിരുവനന്തപുരം: കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ദ്ധർ. അൺലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങൾക്ക് പിന്നാലെയുമാണ് രോഗബാധിതർ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുൻപ് വരെ ആയിരം രോഗികൾ റിപ്പോർട്ട ചെയ്ത കേരളത്തിൽ ദിനം പ്രതി 8,000 രോഗികൾ വരെ എത്തിയ സ്ഥിതിയായി.

അതിനാൽ തന്നെ രോഗവ്യാപന നിരക്ക് കൂടുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വ്യക്തമാക്കുന്നത്.തിരിച്ചറിയാത്ത രോഗികള് 36 ഇരട്ടിവരെ കേരളത്തിൽ ഉണ്ടെന്ന് ഐ.എം.എ വ്യക്തമാക്കുന്നത്. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പുറത്തുവന്നാൽ ഈ കണക്കിൽ മാറ്റങ്ങളുണ്ടാകാം.

ഐസിഎംആർ സർവേയിൽ പരിശോധിച്ചവരിൽ 6.6% പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതർ 59,640 ആയിരുന്നു.

ടെസ്റ്റുകൾ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കൽ സർവേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കിൽ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സർവേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.

ഇപ്പോൾ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തിൽ അതിന്റെ 36 മടങ്ങ് എന്ന കണക്കിൽ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം. ഒരു സമൂഹത്തിൽ 30% പേർ രോഗികളായാൽ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തൽ. ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും കേരളത്തിലെ കോവിഡ് കണക്കുകളിൽ പഠനം നടത്തുന്ന ഡോ. എൻ.എം.അരുൺ പറഞ്ഞു.

അതേസമയം, നിലവിലുള്ളതിന്റെ 10,15 ഇരട്ടി വരെ മാത്രമേ തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതർ ഉണ്ടാകാൻ സാധ്യതയുള്ളൂവെന്ന് ഡോ. പത്മനാഭ ഷേണായ് പറഞ്ഞു. സീറോളജിക്കൽ സർവേയിൽ ഉപയോഗിക്കുന്ന കിറ്റിന്റെ കൃത്യതക്കുറവു മൂലം ഫാൾസ് പോസിറ്റീവ് സാധ്യത കൂടുതലായതുകൊണ്ടാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് അറിയാനും പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും 14 ജില്ലകളിലും സീറോളജിക്കൽ സർവേ നടത്തണമെന്ന് വിദഗ്ധസമിതി നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
പൊലീസുകാരുടെ കോവിഡ് സഹായം പകുതിയാക്കുന്നു.തിരുവനന്തപുരംന്മ കോവിഡ് ചികിത്സയ്ക്കു പൊലീസുകാർക്കു നൽകിയിരുന്ന 10,000 രൂപയുടെ സഹായം 5000 ആക്കി കുറയ്ക്കാൻ തീരുമാനം. കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം വർധിക്കുന്നതിനാലാണിത്.

രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വർധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് എംജിആർ) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തിൽ 7 ദിവസത്തെ എംജിആർ 28 ആണ്. ദേശീയതലത്തിൽ 11 മാത്രം. 30 ദിവസത്തെ എംജിആർ രാജ്യത്ത് 45 ആണെങ്കിൽ കേരളത്തിൽ 98.

താരതമ്യേന ടെസ്റ്റുകൾ കുറവെന്നാണ് കണ്ടെത്തൽ. ഡൽഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതർ വർധിച്ചപ്പോൾ പരിശോധന ഇരട്ടിയോളം കൂട്ടി. ഡൽഹിയിൽ ഓരോ 10 ലക്ഷം പേരിലും 1,53,565 പേർക്കു കോവിഡ് പരിശോധന. പുതുച്ചേരിയിൽ 1,21,370. കേരളത്തിൽ 76,109 മാത്രം.

ഗസറ്റഡ് ഉദ്യോഗസ്ഥരെ സ്‌പെഷൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ അധികാരത്തിൽ രംഗത്തെത്തുന്നു

കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ആൾക്കൂട്ട നിയന്ത്രണമുൾപ്പെടെ കർക്കശ നടപടികൾക്കു കൂടുതൽ ഗസറ്റഡ് ഉദ്യോഗസ്ഥരെ സ്‌പെഷൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ അധികാരങ്ങളോടെ രംഗത്തിറക്കാൻ സർക്കാർ തീരുമാനം. ആരോഗ്യം, പൊലീസ്, തദ്ദേശഭരണം ഒഴികെ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണു നിയമിക്കുക.

'ബ്രേക്ക് ദ് ചെയിൻ' കർശനമായി നടപ്പാക്കുക, വിവാഹവും മരണവും പോലുള്ള ചടങ്ങുകളിലെ കോവിഡ് പ്രോട്ടോക്കോൾ പാലനം നിരീക്ഷിക്കുക, ക്വാറന്റൈൻ, ഐസലേഷൻ, റിവേഴ്‌സ് ക്വാറന്റൈൻ എന്നിവ ഉറപ്പാക്കുക, കടകളിലും ചന്തകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക തുടങ്ങിയവയാകും ഇവരുടെ പ്രധാന ചുമതലകൾ. ഇതു സംബന്ധിച്ചു ദുരന്തനിവാരണ നിയമ പ്രകാരം സർക്കാർ ഉത്തരവിറക്കി.

ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) വകുപ്പ് 21 പ്രകാരമുള്ള അധികാരം ഇവർക്കു നൽകാൻ ആഭ്യന്തര വകുപ്പു വേറെ ഉത്തരവിറക്കും. നിലവിൽ റവന്യു വകുപ്പിലെ തഹസിൽദാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് അധികാരം.

സെക്ടർ മജിസ്‌ട്രേട്ട് ആൻഡ് കോവിഡ് സെന്റിനൽ (കോവിഡിന്റെ കാവൽഭടന്മാർ) എന്ന പേരിൽ അറിയപ്പെടുന്ന ഇവരെ കോവിഡ് പോസിറ്റീവായവർ കൂടുതലായ പഞ്ചായത്തുകളോ നഗരസഭകളോ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷരായ കലക്ടർമാരാകും നിയമിക്കുക. ഇവരുടെ അധികാരപരിധി വ്യക്തമായി നിർവചിച്ചു കലക്ടർ നിയമന ഉത്തരവിറക്കും. ഈ ഉദ്യോഗസ്ഥർ അവരുടെ വകുപ്പുകളിലെ സഹപ്രവർത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ഒരു സംഘമായി പ്രവർത്തിക്കാനാണു നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP