Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ല; ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല; എല്ലായിടത്തും സ്ഥാനാർത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്; യുഡിഎഫ് സമരം നിർത്തിയത് കൂടിയാലോചനകൾ ഇല്ലാതെ; നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാർ; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്നത് അസത്യ പ്രചരണമെന്ന് തുറന്നടിച്ചു കൊടിക്കുന്നിൽ സുരേഷും

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ല; ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല; എല്ലായിടത്തും സ്ഥാനാർത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്; യുഡിഎഫ് സമരം നിർത്തിയത് കൂടിയാലോചനകൾ ഇല്ലാതെ; നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ എം പി; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാർ; നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്നത് അസത്യ പ്രചരണമെന്ന് തുറന്നടിച്ചു കൊടിക്കുന്നിൽ സുരേഷും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ തയ്യാറെടുത്തു കൊണ്ട് ഏഴോളം എംപിമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചെന്ന വാർത്തകൾ വരുന്നതിനിടെ തന്റെ നിലപാട് അറിയിച്ചു വടകര എംപി കെ മുരളീധരൻ രംഗത്തെത്തി.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് മുരളീധരൻ രംഗത്തെത്തിയത്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താൻ ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള കെ.മുരളീധരന്റെ നാടകീയ രാജി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള മുന്നൊരുക്കമാണെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഈ വാദങ്ങളെയെല്ലാം അദ്ദേഹം തള്ളിക്കളയുന്നു. അതേസമയം തന്റെ രാജിക്ക് പിന്നിൽ പാർട്ടി സംസ്ഥാന നേതൃത്വവുമായുള്ള അതൃപ്തിയാണെന്നും മുരളീധരൻ സൂചിപ്പിച്ചു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും സ്ഥാനാർത്ഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകളുണ്ട്. മത്സരിക്കാൻ ആഗ്രഹമുള്ളവരുണ്ട്.

വട്ടിയൂർക്കാവിൽ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ട്. അതിനാൽ തന്നെ ഇവിടെ തന്റെ് സ്ഥിരം സാന്നിധ്യമുണ്ടാവുമെന്നും മുരളീധരൻ സൂചിപ്പിച്ചു. നേരത്തെയുള്ള പുനഃസംഘടനയിൽ യുഡിഎഫ് കൺവീനർ സ്ഥാനം താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രചരണസമിതി എന്ന സ്ഥിരം സമിതിയുടെ സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. പാർട്ടിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനയില്ല. സമരം നിർത്തുകയല്ല. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് പാർട്ടി മാറുകയാണ് ചെയ്യേണ്ടിയിരുന്നത്. ഇതിപ്പോൾ പേടിച്ചു സമരം നിർത്തി എന്ന അവസ്ഥയായി. പാർട്ടിയിലേക്ക് തന്നെ മടക്കികൊണ്ടു വരാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രനുമായി തനിക്ക് നല്ല ബന്ധമുണ്ട്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിൽ തുടർന്നും താനുണ്ടാവുമെന്നും മുരളീധരൻ വ്യക്തമാക്കി. കെപിസിസി പുനഃസംഘടനയിൽ തന്റെ കൂടെയുള്ളവരെ തീർത്തും അവഗണിക്കപ്പെട്ടെന്നും മുരളി തുറന്നടിക്കുന്നു.

അതേസമയം മുരളീധരന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തുവന്നു. എംപിമാർ സ്ഥാനം രാജിവെച്ച് എംഎ‍ൽഎമാരായി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാർ എന്നും അദ്ദേഹം പറഞ്ഞു. എംപിമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോൺഗ്രസിൽ ശക്തമാണ്. ഈ അസത്യ പ്രചാരണം പാർട്ടിക്കുള്ളിൽനിന്നു തന്നെയാണ് നടക്കുന്നതെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

താൻ ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഒരു എംപിയും നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെയോ കെപിസിസിയെയോ സമീപിച്ചിട്ടില്ല. പാർട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങൾക്കിടയിൽ അല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ഞങ്ങൾക്ക് അപഖ്യാതി ഉണ്ടാക്കുന്നു. അല്ലെങ്കിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നിർഭാഗ്യവശാൽ ചില കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

പാർട്ടി പുനഃസംഘടനയിൽ താൻ നിർദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാർട്ടി നേതൃത്വത്തിനും ഹൈക്കമാൻഡിനും പരാതി നൽകിയിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവർക്ക് ഈ ഭാരവാഹി പട്ടികയിൽ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതി താൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ കെപിസിസി. വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്തു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എംപിമാരുടെ നിയമസഭാ മോഹത്തിന് എതിരായ നിലപാടാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സ്വീകരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയസാധ്യതയുണ്ടെന്ന വിലയിരുത്തൽ ശക്തമായതോടെ, നിരവധി എംപിമാരാണ് നിയമസഭയിലേക്ക് മൽസരിക്കാൻ താൽപ്പര്യവുമായി രംഗത്തുള്ളത്. എംപിമാരായ കെ സുധാകരൻ, അടൂർ പ്രകാശ്, കെ മുരളീധരൻ, ബെന്നി ബഹനാൻ എന്നിവരെല്ലാം മന്ത്രിപദം ലക്ഷ്യമിട്ട് നിയമസഭയിലേക്ക് കണ്ണെറിഞ്ഞ് നിൽക്കുകയാണ്.

എന്നാൽ എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള നീക്കത്തെ കെപിസിസി നേതൃത്വം ശക്തമായി എതിർക്കുകയാണ്. എംപിമാർ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മൽസരിക്കേണ്ട സാഹചര്യം ഇല്ലെന്നും, ഒരാൾക്ക് ഒരു പദവി കർശനമായി നടപ്പാക്കണമെന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. എംപിമാർ കൂട്ടത്തോടെ മൽസരിക്കാനുള്ള നീക്കത്തെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണയ്ക്കുന്നില്ല.

കോന്നിയിൽ അടൂർ പ്രകാശും വട്ടിയൂർക്കാവിൽ കെ മുരളീധരനും കണ്ണൂരിൽ കെ സുധാകരനും മൽസരിക്കാനാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യിപിഎ അധികാരത്തിലേറിയാൽ ഈഴവ പ്രാതിനിധ്യ പ്രകാരം കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു കെ സുധാകരന്റെയും അടൂർ പ്രകാശിന്റെയും കണക്കുകൂട്ടൽ. എന്നാൽ യുപിഎ ദയനീയമായി തോറ്റതോടെ മോഹം പൊലിഞ്ഞു. ഡൽഹിയിൽ കാര്യമായ റോളില്ലാതായതോടെയാണ് നേതാക്കൾ സംസ്ഥാനമന്ത്രിപദത്തിലേക്ക് കണ്ണെറിഞ്ഞ് വീണ്ടും കരുക്കൾ നീക്കുന്നത്.

അതിനിടെ എംപിമാർ നിയമസഭയിലേക്ക് മൽസരിക്കാനുള്ള നീക്കത്തെ കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നെതിർത്തു. എംപിമാർ ഇപ്പോൾ രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കേണ്ട കാര്യം കോൺഗ്രസിനില്ല. യോഗ്യതയുള്ളവരും വിജയസാധ്യതയുള്ളവരുമായ നിരവധി നേതാക്കളാണ് പാർട്ടിയിൽ സ്ഥാനാർത്ഥിത്വത്തിനായി ക്യൂ നിൽക്കുന്നത്. മാത്രമല്ല, എംപിസ്ഥാനം രാജിവച്ചാൽ വീണ്ടും ജയിക്കാനാവുമെന്ന സ്ഥിതിയല്ല ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കെ മുരളീധരൻ പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത് വലിയ വിഷയമായി എടുക്കേണ്ടതില്ല. സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പിരിച്ചുവിടേണ്ടതാണ് പ്രചാരണ സമിതി. അത്തരത്തിൽ പിരിച്ചുവിട്ട സമിതിയുടെ അധ്യക്ഷസ്ഥാനം ഒരാൾ രാജി വയ്ക്കുന്നത് ഒരു കാര്യമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പരാതി പറയുന്നവർ മുമ്പ് അധികാരസ്ഥാനത്ത് ഇരുന്നപ്പോഴും ഇത്തരം പരാതികൾ ഉയർന്നിരുന്നുവെന്നും എന്നാൽ അതൊന്നും പരിഗണിച്ചിരുന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ നിന്നും എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് അടൂർ പ്രകാശിനേയും വട്ടിയൂർക്കാവിൽ നിന്നും രാജിവെപ്പിച്ച് കെ മുരളീധരനേയും ലോക്സഭയിലേക്ക് മൽസരിപ്പിക്കേണ്ടിയിരുന്നില്ല. അവിടെ യോഗ്യരായ വേറെ സ്ഥാനാർത്ഥികളുണ്ടായിരുന്നു എന്നായിരുന്നു എന്നാണ് തന്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് ഇവരെ മൽസരിപ്പിച്ചതോടെ, കോന്നിയും വട്ടിയൂർക്കാവും യുഡിഎഫിന് നഷ്ടമാകുകയും ചെയ്തുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP