Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ അനാഥരാക്കിയത് ന്യുയോർക്കിലെ 4000 കുട്ടികളെ; ഷെൽ കമ്പനിയും 9000 പേരെ പിരിച്ചുവിടും; മാസ്‌ക് വയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാവിനും പിഴ; ന്യുസിലാൻഡിന്റെ രക്ഷകയായ ജസീന്ത തെരഞ്ഞെടുപ്പിൽ തോറ്റേക്കും; കത്തോലിക്ക സഭയെ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ട്രംപിനോട് പോപ്പ്; ലോക വാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം

കൊറോണ അനാഥരാക്കിയത് ന്യുയോർക്കിലെ 4000 കുട്ടികളെ; ഷെൽ കമ്പനിയും 9000 പേരെ പിരിച്ചുവിടും; മാസ്‌ക് വയ്ക്കാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പിതാവിനും പിഴ; ന്യുസിലാൻഡിന്റെ രക്ഷകയായ ജസീന്ത തെരഞ്ഞെടുപ്പിൽ തോറ്റേക്കും; കത്തോലിക്ക സഭയെ നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ട്രംപിനോട് പോപ്പ്; ലോക വാർത്തകളിലൂടെ ഓട്ടപ്രദക്ഷിണം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് നിയന്ത്രണങ്ങളിൽ ഉഴലുന്ന ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വാർത്തകൾക്കും വൈവിധ്യമേറെയാണ്. കണ്ണുനീരണയിക്കുന്ന വാർത്തകൾക്കൊപ്പം, ചുണ്ടിൽ ചെറുപുഞ്ചിരി വിടർത്തുന്ന ശുഭവാർത്തകൾക്കും ലോകത്ത് പഞ്ഞമില്ല. ലോകവിശേഷങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.

കൊറോണ അനാഥരാക്കിയ അമേരിക്കൻ ബാല്യങ്ങൾ

ന്യുയോർക്ക് സംസ്ഥാനത്ത് മാത്രം 4000 ത്തിൽ അധികം കുട്ടികൾക്ക് കോവിഡ് മൂലം അവരുടേ മാതാപിതക്കളേയോ രക്ഷകർത്താക്കളേയോ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഓരോ 1000 കുട്ടികളിലും ഒരാൾക്ക് വീതമാണ് തങ്ങളുടെ മാതാപിതാക്കളിൽ ഒരാളേയോ രക്ഷകർത്താവിനേയോ നഷ്ടപ്പെട്ടത്. ഇതിൽ മിക്ക കുട്ടികളും ഫോസ്റ്റർ കെയർ ഹോമുകളിൽ എത്തുവാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ അധികവും കറുത്ത വർഗ്ഗക്കാരും ഹിസ്പാനിക് വംശജരുമാണ്.

ചെറുപ്പത്തിലെ അനാഥരാകുന്ന ബാല്യങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് വലിയൊരു ഉത്തരവാദിത്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ബാല്യത്തിലെ അനാഥത്വം കുട്ടികളെ പല വിധത്തിലും വിപരീതമായി സ്വാധീനിച്ചേക്കാം. കൊറോണയെന്ന ഭീകര വൈറസ് ഭാവിയിലേക്ക് അവശേഷിപ്പിച്ച ഒരു ദുരന്തമായി ഈ ബാല്യങ്ങൾ മാറാതിരിക്കുവാൻ വലിയരീതിയിൽ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

9,000 ജീവനക്കാരെ പിരിച്ചുവിട്ട് ഷെൽ

കൊറോണാനന്തര കാലത്തിൽ തൊഴിൽ നഷ്ടങ്ങൾ ഒരു തുടർക്കഥയാകുമ്പോൾ അതിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർക്കുകയാണ് റോയൽ ഡച്ച് ഷെൽ. എണ്ണ- പ്രകൃതിവാതക രംഗത്തെ ഈ ഭീമൻ ആഗോളതലത്തിൽ 9,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇത് മൊത്തം ജീവനക്കാരുടെ 10 ശതമാനത്തിൽ അധികം വരും. ഈ നടപടി, 2022 ഓടെ കമ്പനിക്ക് പ്രതിവർഷം 2 ബില്ല്യൺ പൗണ്ടിന്റെ ലാഭം ഉണ്ടാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എണ്ണയുടെ ആവശ്യകതയിൽ വന്ന കുറവും, കൊറോണാ പ്രതിസന്ധിയും കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും എന്ന ഘട്ടമെത്തിയപ്പോഴാണ് കമ്പനി ഇത്തരത്തിൽ ഒരു തീരുമാനത്തിന് മുതിർന്നത്. ഈ വർഷം സ്വമേധയാ വിരമിക്കാൻ തയ്യാറായ 1,500 പേർ ഉൾപ്പടെയാണ് ഈ കണക്ക്. ഘട്ടം ഘട്ടമായുള്ള ഈ പിരിച്ചുവിടൽ നടപടി 2022 അവസാനത്തോടെയായിരിക്കും പൂർത്തിയാവുക.

മാസ്‌ക് ധരിക്കാത്തതിന് പ്രധാനമന്ത്രിയുടെ പിതാവിനും പിഴ ശിക്ഷ

കൊറോണയുടെ രണ്ടാം വരവ് ശക്തമായതോടെ ബ്രിട്ടനിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൊന്നാണ് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നത്. മാസ്‌ക് ധരിക്കാത്തവർക്ക് പിഴയും വിധിക്കുന്നുണ്ട്. ഇന്നലെ ഒരു സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തുന്നതിനിടയിൽ മാസ്‌ക് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസനിൽ നിന്നും പിഴ ഈടാക്കി.

മാസ്‌ക് ധരിക്കാത്ത കുറ്റത്തിന് പിടിക്കപ്പെട്ട ഉടനെ 79 കാരനായ സ്റ്റാൻലി ജോൺസൺ പറഞ്ഞത്, വിദേശത്തുനിന്നും വന്നതിനാൽ, പുതിയ നിയമങ്ങൾ പൂർണ്ണമായും മനസ്സിലാക്കാൻ ആയില്ല എന്നാണ്. നേരത്തേ, അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുവാൻ സർക്കാർ ആഹ്വാനം ചെയ്ത സമയത്ത് സ്റ്റാൻലി ജോൺസൺ തന്റെ ഗ്രീസിലുള്ള വസതിയിലേക്ക് പറന്നത് ഏറെ വിമർശനം ഉയർത്തിയിരുന്നു. ഏതായാലും ഇത്തവണ പ്രധാനമന്ത്രിയുടെ പിതാവിന് രക്ഷപ്പെടാനായില്ല. 200 പൗണ്ട് പിഴയിടേണ്ടി വന്നു സ്റ്റാൻലി ജോൺസണ്.

കൊറോണയെ തളച്ച് ജസിന്തയ്ക്ക് കാലിടറുന്നുവോ

കൊറോണയെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു രാജ്യമാന് ന്യുസിലാൻഡ്. പ്രധാനമന്ത്രി ജസിന്ത ആർഡന്റെ ആലോചിച്ചുറപ്പിച്ചുള്ള ഓരോ കാൽവയ്‌പ്പുകളും വിജയം കണ്ടു. എന്നാൽ ആ ശ്രമങ്ങളൊന്നും ന്യുസിലാൻഡ് ജനതയെ സംതൃപ്തരാക്കിയിട്ടില്ലെന്നാണ് ചില അഭിപ്രായ സർവ്വേകൾ കാണിക്കുന്നത്. ഒക്ടോബർ 17 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സർവ്വേയിൽ ജസീന്തയുടെ പാർട്ടിക്ക് ലഭിച്ചത് 47 ശതമാനം വോട്ടുകൾ മാത്രമായിരുന്നു.

അതായത് ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാൻ അവർക്കാവില്ലെന്ന് സാരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഡിബേറ്റുകളിലും പ്രതീക്ഷിച്ചത്ര തിളങ്ങാൻ ജസിന്തയ്ക്ക് കഴിയുന്നില്ലെന്നും നിരീക്ഷകർ പറയുന്നു. ചെലവ് കുറഞ്ഞ വീട്, നികുതി പരിഷ്‌കരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ സർക്കാർ പരാജയപ്പെട്ടതാണ് ജസീന്തയുടെ ജനപ്രീതി കുത്തനെ ഇടിയാൻ കാരണമായതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഏതായാലും മറ്റു കക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ ജസിന്തക്ക് കഴിയുമെന്നാണ് പലരും കരുതുന്നത്.

അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് സഭയെ വലിച്ചിഴയ്ക്കരുതെന്ന് മാർപാപ്പ

അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയ്ക്ക് സന്ദർശനാനുമതി നിഷേധിച്ചുകൊണ്ട് ശക്തമായ ഒരു സന്ദേശമാണ് മാർപാപ്പ നൽകിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധങ്ങൾ വിഛേദിപ്പിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സഭയെ ഒരു സംസാരവിഷയമാക്കുവാനാണ് പോംപിയോ ശ്രമിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. നേരത്തേ ബിഷപ്പുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയ്ക്ക് ചൈനയുമായുണ്ടായ കരാർ പുതുക്കിയതിനെ പോംപിയോ വിമർശിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളെ കാണുന്ന രീതി ഇല്ലാത്തതിനാലാണ് മാർപാപ്പ പോംപിയോക്ക് സന്ദർശനാനുമതി നിഷേധിച്ചതെന്നാണ് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചത്. ചൈനയുമായുള്ള കരാർ അനുസരിച്ച്, ചൈനീസ് ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തിൽ മാർപാപ്പയ്ക്ക് വളരെ ചെറുതാണെങ്കിലും, ഒരു പങ്കുണ്ട്. ഈ കരാർ അടുത്തമാസം കാലാവധി തീരുന്ന പശ്ചാത്തലത്തിൽ ആണ് ഇത് പുതുക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP