Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണ്ണക്കടത്തു കേസിൽ കൊടുവള്ളിയിലെ ഇടതു മുന്നണി കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ; കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തത് വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം; കേന്ദ്ര ഏജൻസിയുടെ നടപടി നയതന്ത്ര ബാഗിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്; മുമ്പും സ്വർണ്ണക്കടത്തു കേസുകളിൽ പ്രതിയായ കാരാട്ട് ഫൈസൽ വിവാദ നായകനായത് കോടിയേരിക്ക് യാത്ര ചെയ്യാൻ മിനി കൂപ്പർ വിട്ടുകൊടുത്ത വിവാദത്തിൽ; കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരന് മേൽ പിടിവീഴുമ്പോൾ

സ്വർണ്ണക്കടത്തു കേസിൽ കൊടുവള്ളിയിലെ ഇടതു മുന്നണി കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ; കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തത് വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം; കേന്ദ്ര ഏജൻസിയുടെ നടപടി നയതന്ത്ര ബാഗിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്; മുമ്പും സ്വർണ്ണക്കടത്തു കേസുകളിൽ പ്രതിയായ കാരാട്ട് ഫൈസൽ വിവാദ നായകനായത് കോടിയേരിക്ക് യാത്ര ചെയ്യാൻ മിനി കൂപ്പർ വിട്ടുകൊടുത്ത വിവാദത്തിൽ; കൊടുവള്ളിയിലെ സ്വർണ്ണക്കടത്തുകാരന് മേൽ പിടിവീഴുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ കൗൺസിലർ കാരാട്ട് ഫൈസൽ കസ്റ്റംസിന്റെ കസ്റ്റഡിയിൽ. ഫൈസലിന്റെ വീട് റെയ്ഡ് ചെയ്ത് ശേഷമാണ് കസ്റ്റംസ് അധികൃതർ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗൺസിലറാണ് കാരാട്ട് ഫൈസൽ. വ്യവസായി കൂടിയായ കാരാട്ട് ഫൈസൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായിരുന്നു.

നേരത്തെ ഇദ്ദേഹം വിവാദ നായകനായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുമ്പു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാർ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു കൊടുവള്ളിയിൽ കോടിയേരിയുടെ സഞ്ചാരം. സ്വർണ്ണക്കടത്തു കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസൽ. കൊടുവള്ളി കേന്ദ്രീകരിച്ചു നടത്തുന്ന സ്വർണ്ണക്കടത്തു സംഘങ്ങളിലെ പ്രധാനിയാണ് കാരാട്ട് ഫൈസൽ എന്ന ആരോപണങ്ങളും ശക്തമായിരുന്നു.

കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും. കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിൽ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ ഈ പാർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫൈസൽ.

കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലിം യൂത്ത് ലീഗ് ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎയും കൊടുവള്ളിയിൽ റെയ്ഡ് നടത്തിയിരുന്നു. ഡിആർഐ അന്വേഷിച്ച കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയിൽ ഏഴാമാനായിരുന്നു ഫൈസൽ. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആർഐ പ്രതി ചേർത്തത്. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസായിരുന്നു.

2013 നവംബർ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വർണം ഡിആർഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപ്പള്ളി സ്വദേശിനി എയർഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടർന്നു 2014 മാർച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആർഐ പിടികൂടി.

ഫൈസലിനെ ഡിആർഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു. ഡിആർഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

കരിപ്പൂർ സ്വർണക്കടത്തു കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് ഫൈസലാണെന്നാണു ഡിആർഐ ഉദ്യോഗസ്ഥർ പറയുന്നത്. പിടികൂടിയ ഒന്നാം പ്രതി ഷഹബാസ്, രണ്ടും മൂന്നും പ്രതികളായ നബീൽ, അബ്ദുൽ ലായിസ്, നാലും അഞ്ചും പ്രതികളായ ഹീറോമോസ വി.സെബാസ്റ്റ്യൻ, റാഹില ചീരായി എന്നിവർ ഫൈസലിനെതിരേ മൊഴി നൽകിയിരുന്നു. നേരത്തേ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന ഫൈസൽ ഇടതു പിന്തുണയോടെ മൽസരിച്ചു വിജയിച്ചു നിലവിൽ കൊടുവള്ളി നഗരസഭാംഗമാണ്. കൊടുവള്ളിയിൽ ജനജാഗ്രതാ യാത്രയ്ക്കു നൽകിയ സ്വീകരണത്തിന്റെ പൂർണ ചുമതല ഫൈസലിനായിരുന്നു.

അതിനിടെ സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 33 പേജ് മൊഴിയുടെ പകർപ്പിനാണ് അപേക്ഷ സമർപ്പിച്ചിച്ചുള്ളത്. നേരത്തെയും ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാൽ സീൽഡ് കവറിൽ നൽകിയ രഹസ്യ രേഖയാണ് മൊഴി എന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വപ്ന മൊഴി പകർപ്പ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയുടെ പകർപ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണ്. കേസിന്റെ തുടർ നടപടികൾക്കായി പകർപ്പ് ലഭിക്കേണ്ടതുണ്ടെന്നും സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP