Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയുടെ ബന്ധുക്കളെ വീടിനുള്ളിൽ പൂട്ടിയിട്ടു; മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകൾ നടത്താനോ മാതാപിതാക്കളെ പോലും അനുവദിക്കാതെ പൊലീസ് കാടത്തം; സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഹഥ്രാസിൽ എത്തിച്ച മൃതദേഹം അന്ത്യകർമ്മം നടത്താൻ പോലും അനുവദിക്കാതെ സംസ്‌ക്കരിച്ച് പൊലീസ്: യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനം: പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

യുവതിയുടെ ബന്ധുക്കളെ വീടിനുള്ളിൽ പൂട്ടിയിട്ടു; മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകൾ നടത്താനോ മാതാപിതാക്കളെ പോലും അനുവദിക്കാതെ പൊലീസ് കാടത്തം; സഫ്ദർജങ് ആശുപത്രിയിൽനിന്ന് ഹഥ്രാസിൽ എത്തിച്ച മൃതദേഹം അന്ത്യകർമ്മം നടത്താൻ പോലും അനുവദിക്കാതെ സംസ്‌ക്കരിച്ച് പൊലീസ്: യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനം: പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനൊടുവിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം അവസാനമായി വീട്ടുകാരെ ഒരു നോക്ക് പോലും കാണാൻ അനുവദിക്കാതെ സംസ്‌ക്കരിച്ച് പൊലീസ്. മൃതദേഹത്തിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും അനുവദിക്കാതെ വീട്ടുകാരെ പൂട്ടിയിട്ട ശേഷം മൃതദേഹം പൊലീസ് സംസ്‌ക്കരിക്കുക ആയിരുന്നു. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകൾ നടത്താനോ പോലും മാതാപിതാക്കളെ അനുവദിക്കാത്ത പൊലീസ് കാടത്തത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടാണ് പൊലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം.

കുടുംബാംഗങ്ങളുടെ എതിർപ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാർ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയതും സംസ്‌ക്കരിച്ചതും. പൊലീസ് നടപടി തടസ്സപ്പെടുത്താൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പലയിടത്തുവെച്ചും ആംബുലൻസ് തടയാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പൊലീസ് ഇതെല്ലാം മറികടന്നു മൃതദേഹം സംസ്‌ക്കരിക്കുക ആയിരുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയത്. ഹഥ്രാസിൽ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംസ്‌കരിച്ചത്.

യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതിൽ തീർത്ത് പ്രതിരോധിച്ച പൊലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിർത്തി ദഹിപ്പിക്കുകയായിരുന്നു. കനത്ത പൊലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്രാസിൽ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. എന്നാൽ മൃതദേഹം ധൃതിയിൽ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങൾ നിലപാടെടുത്തതോടെയാണ് മൃതദേഹം പൊലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയിൽ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ആ പെൺകുട്ടിയുടെ മൃതദേഹത്തിനോട് പോലും നീതി പുലർത്താതെ പൊലീസ് സംസ്‌ക്കാരം നടത്തി.

നേരത്തെ, തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ആരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർക്കൊപ്പം കോൺഗ്രസ്, ഭീം ആർമി പ്രവർത്തകരും ചേർന്നു. സഫ്ദർജങ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.

'ഹഥ്രാസ് ഇരയെ ആദ്യം ചില പുരുഷന്മാർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു ഇന്നലെ മുഴുവൻ വ്യവസ്ഥിതിയും അവളെ ക്രൂരമായി പീഡിപ്പിച്ചു. നടന്ന മുഴുവൻ സംഭവങ്ങളും വളരെയധികം വേദനയുണ്ടാക്കുന്നതാണ്.' ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

മൃതദേഹം സംസ്‌കരിച്ച രീതിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അപലപിച്ചു.' ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്തുകൊപ്പെടുത്തിയിരിക്കുന്നു. വസ്തുതകൾ അടിച്ചമർത്തപ്പെട്ടു, അവസാനം അന്ത്യകർമ്മങ്ങൾ നടത്താനുള്ള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്.' രാഹുൽ ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി വധേരയും രംഗത്തെത്തി. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അവസാന ചടങ്ങുകൾ നടത്താനുമുള്ള അവകാശം യുവതിയുടെ അച്ഛനിൽ നിന്ന് അപഹരിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

'മകൾക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആ പിതാവ് എന്നോട് പറഞ്ഞത്. മൃതദേഹം അവസാനമായി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനും അവളുടെ അവസാനചടങ്ങുകൾ നടത്തുന്നതിനുമുള്ള ആ പിതാവിന്റെ അവകാശം അപഹരിക്കപ്പെട്ടു. ഇരയേയും യുവതിയുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കേണ്ടതിന് പകരം മരണത്തിൽ പോലും അവളുടെ മനുഷ്യാവകാശങ്ങൾ കവരുന്നതിൽ നിങ്ങളുടെ സർക്കാർ പങ്കാളികളാവുകയാണുണ്ടായത്. ഒരു മുഖ്യമന്ത്രിയായി തുടരാൻ താങ്കൾക്ക് അർഹതയില്ല.' പ്രിയങ്ക പറഞ്ഞു. ബിഎസ്‌പി നേതാവ് മായാവതിയും മൃതദേഹം ഏകപക്ഷീയമായി സംസ്‌കരിച്ചതിനെ അപലപിച്ചു.

അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് വെട്ടാൻ പോയ യുവതി ഈ മാസം പതിനാലിനാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കവെ പുല്ലിനിടയിലേക്ക് വലിച്ചിഴച്ച് നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചതിന് കഴുത്തുഞെരിച്ചപ്പോൾ സ്വന്തം പല്ലിനിടയിൽക്കുടുങ്ങി യുവതിയുടെ നാവിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂർണമായും തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദർജങ്ങിലേക്കു മാറ്റിയത്.

സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവർക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്‌പി. അറിയിച്ചിട്ടുണ്ട്. യുവതിയെ 'ഉത്തർ പ്രദേശിന്റെ നിർഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.

25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ലഖ്‌നൗ: കൂട്ടബലാത്സംഗത്തിനൊടുവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പെൺകുട്ടിയുടെ പിതാവുമായും സഹാദരനുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയത്.

മകളുടെ മരണത്തിന് കാരണക്കാരയവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെൺകുട്ടിയുടെ പിതാവ് ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബത്തിന് വീടും നിർമ്മിച്ചു നൽകുമെന്ന് ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP