Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോൾ ആരാധകർ കരുതിയത് ഫോം ആവർത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങൾ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാൻ റോയൽസ്; ടോം കറന്റെ ഒറ്റയാൾ പോരാട്ടവും പാഴായി; കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ഓർത്തിരിക്കാൻ സഞ്ജുവിന്റെ ഉഗ്രൻ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിൻ ഉത്തപ്പയും വിവാദത്തിൽ

ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോൾ ആരാധകർ കരുതിയത് ഫോം ആവർത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങൾ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാൻ റോയൽസ്; ടോം കറന്റെ ഒറ്റയാൾ പോരാട്ടവും പാഴായി; കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ഓർത്തിരിക്കാൻ സഞ്ജുവിന്റെ ഉഗ്രൻ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിൻ ഉത്തപ്പയും വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: രാജസ്ഥാൻ റോയൽസ് ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കളിക്കുമ്പോൾ ഐപിഎല്ലിലെ മലയാളി ആരാധകർ പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസന്റെ ഉഗ്രൻ ബാറ്റിങ് പ്രകടനമായിരുന്നു. തുടർച്ചയായ മൂന്നാം മ്ത്സരത്തിലും സഞ്ജു തിളങ്ങുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. രണ്ട് വിജയങ്ങളുമായി എത്തിയ രാജസ്ഥാൻ റോയൽസിന് ദുബായിലെ വലുപ്പം കൂടിയ സ്റ്റേഡിയത്തിൽ തോൽവി പിണയുകയായിരുന്നു. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 37 റൺസ് വിജയമാണ് രാജസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാൻ നിരയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറൻ മാത്രമാണ് പൊരുതിയത്. 36 പന്തിൽ 54 റൺസുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാൻ ബാറ്റ്‌സ്മാന്മാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസൺ 9 പന്തിൽ 8 റൺസെടുത്തു പുറത്തായി.

നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ സഞ്ജു കൂറ്റനടിക്ക് മുതിർന്നതോടെയാണ് പിഴച്ചത്. ടൈമിങ് പിഴച്ചപ്പോൾ താരം ക്യാച്ചു നൽകി മടങ്ങേണ്ടി വന്നു. ഫോമിലുള്ള സഞ്ജു പോയതോടെ രാജസ്ഥാൻ തോൽവി മണത്തിരുന്നു. പിന്നാലെ വന്നവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 34 പന്തിൽ 47 റൺസെടുത്ത ഓപ്പണർ ശുഭ്മാൻഗില്ലും 23 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത ഒയിൻ മോർഗനുമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്.

ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റൺസെടുത്തു നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനിൽ നരെയ്‌നെ ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്‌ദേവ് ഉനദ്ഘട്ട്. 14 പന്തിൽ 15 റൺസെടുത്ത നരെയ്ൻ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്‌കോർ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്‌ക്കെതിരെ 9, സൺറൈസേഴ്‌സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്‌ന്റെ പ്രകടനങ്ങൾ.

നിതീഷ് റാണയോടൊപ്പം ശുഭ്മാൻ ഗിൽ കൊൽക്കത്ത സ്‌കോർ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുൽ തെവാത്തിയ റയാൻ പരാഗിന്റെ കൈകളിലെത്തിച്ചു. 17 പന്തിൽ 22 റൺസാണ് റാണ നേടിയത്. പിന്നാലെ ശുഭ്മാൻ ഗില്ലും മടങ്ങി. 47 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ സ്വന്തം പന്തിൽ ക്യാച്ചെടുത്താണ് മടക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാൻ കൊൽക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തുന്നത് രാജസ്ഥാൻ ബോളർമാർ തുടർന്നു.

ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റൻ ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ചെടുത്ത് കാർത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്‌സുകൾ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകൾ ആന്ദ്രെ റസ്സൽ കാണിച്ചു. 14 പന്തിൽ 24 റൺസെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിൻ മോർഗനിലായിരുന്നു പിന്നീട് കൊൽക്കത്തയുടെ പ്രതീക്ഷ. പാറ്റ് കമ്മിൻസുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ മോർഗനെ രാജസ്ഥാൻ അനുവദിച്ചില്ല. ടോം കറന്റെ പന്ത് ഉയർത്തിയടിച്ച കമ്മിൻസിനെ തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു സാംസൺ പുറത്താക്കി.

അവസാന ഓവറുകളിൽ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോർഗൻ കെകെആർ സ്‌കോർ 170 കടത്തി. രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പെടെ 23 പന്തിൽനിന്ന് മോർഗൻ 34 റൺസെടുത്തു. കംലേഷ് നാഗർകോട്ടിയും ( 5 പന്തിൽ 8) പുറത്താകാതെനിന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ജോഫ്ര ആർച്ചർ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്‌ദേവ് ഉനദ്ഘട്ട്, ടോം കറൻ, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഇന്നലെ തുടക്കം മുതൽ വിക്കറ്റുകൾ താരങ്ങൽ വലിച്ചെറിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. കൊൽക്കത്ത ബോളർമാർ രാജസ്ഥാൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീതിച്ചെടുത്തു എന്നു വേണം പറയാൻ. സ്‌കോർ 15ൽ നിൽക്കെ മൂന്ന് റൺസ് മാത്രമെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് രാജസ്ഥാൻ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാൻ സാധിച്ചില്ല. 9 പന്തിൽ 8 റൺസെടുത്ത താരത്തെ ശിവം മാവിയുടെ പന്തിൽ സുനിൽ നരെയ്ൻ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അർധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മർദത്തിലാക്കി. രണ്ട് സിക്‌സും ഒരു ഫോറും പറത്തിയ ജോസ് ബട്ലർ 21 റൺസെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്‌ലറുടേയും വിക്കറ്റ്.

റോബിൻ ഉത്തപ്പയും റയാൻ പരാഗും തുടർച്ചയായ മൂന്നാം മത്സരത്തിലും സമ്പൂർണ പരാജയമായി. കംലേഷ് നാഗർകോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് സിക്‌സറുകൾ പറത്തി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 10 പന്തിൽ 14 റൺസെടുത്ത് തെവാത്തിയ പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ തെവാത്തിയ ബൗൾഡായി. ജോഫ്ര ആർച്ചറെ പുറത്താക്കി വരുൺ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റൺസെടുത്ത ശ്രേയസ് ഗോപാലിനെ സുനിൽ നരെയ്ൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാൾ പോരാട്ടം രാജസ്ഥാൻ സ്‌കോർ 100 കടത്തി. 9 റൺസെടുത്ത് ഉനദ്ഘട്ട് പുറത്തായി.

36 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെനിന്ന ടോം കറൻ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ഏഴ് റൺസെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗർക്കോട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.

ആശങ്ക ഉയർത്തി സഞ്ജുവിന്റെ കിടിലൻ ക്യാച്ച്

ഇന്നലെ കെകെആർ ഇന്നിങ്സിൽ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാൻ ആരാധകരെയും ലോകമെമ്പാടും തൽസമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആർച്ചറുടെ ബൗളിങിൽ കെകെആർ താരം പാറ്റ് കമ്മിൻസിനെ ഒരു സൂപ്പർ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആർച്ചറുടെ ഷോർട്ട് ബോളിൽ കമ്മിൻസിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേർഡ് സ്‌ക്വയർ ലെഗിൽ സഞ്ജു പിടികൂടുകയായികരുന്നു.

വായുവിൽ ഉയർന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടിൽ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ പരിക്കൊന്നുമേൽക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകർക്കു ആശ്വാസമായി. മൽസരത്തിൽ 10 പന്തിൽ ഒരു ബൗണ്ടറിയോടെ 12 റൺസായിരുന്നു കമ്മിൻസ് നേടിയത്. ഇയോൻ മോർഗൻ- കമ്മിൻസ് ജോടി 34 റൺസുമായി കെകെആറിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കവെയായിരുന്നു കമ്മിൻസിനെ പുറത്താക്കി രാജസ്ഥാൻ ഈ കൂട്ടുകെട്ടിനെ തകർത്തത്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു റോബിൻ ഉത്തപ്പ

റോബിൻ ഉത്തപ്പ കോവിഡ് പ്രോട്ടോക്കോൾ കളിക്കിടെ ലംഘിച്ചതും വിവാദമായി. ഫീൽഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതിൽ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീർത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളർ ജയദേവ് ഉനാട്കട്ടിന് തിരികെ നൽകുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കൽ പ്രകടനം'.

അന്താരാഷ്ട്ര മൽസരങ്ങളിൽ മാത്രമല്ല ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലും ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതൽ മിനുക്കം ലഭിക്കാൻ പരമ്പരാഗതമായി ബൗളർമാർ പിന്തുടർന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാൻ സാധ്യത കൂടുതലായതിനെ തുടർന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തിൽ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.

ഐസിസി വിലക്ക് വന്ന ശേഷവും പല മൽസരങ്ങളിലും ചില താരങ്ങൾ അബദ്ധത്തിൽ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയിൽ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിലെ ഐപിഎൽ പൂർണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കർശന മാർഗനിർദ്ദേശങ്ങളോടെയാണ് ടൂർണമെന്റ് ഇപ്പോൾ യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടൂർണമെന്റ് അവസാനിക്കുന്നതു വരെ മുഴുവൻ താരങ്ങളും ബയോ ബബ്ളിന്റെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP