Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വെച്ച് 20,000 രൂപ പിഴയോ? മുൻവശത്തെ ഗ്ലാസ്സിൽ പേരെഴുതിയതിനും നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്തതിനും 3000 രൂപ പിഴയോ? കൂടിയ പിഴ ഈടാക്കിയാൽ ഉദ്യോഗസ്ഥർക്ക് കമ്മീഷനോ? കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് വാഹന യാത്രക്കാരെ പിഴിയുന്നതായി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം; മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ

അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വെച്ച് 20,000 രൂപ പിഴയോ? മുൻവശത്തെ ഗ്ലാസ്സിൽ പേരെഴുതിയതിനും നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്തതിനും 3000 രൂപ പിഴയോ?  കൂടിയ പിഴ ഈടാക്കിയാൽ ഉദ്യോഗസ്ഥർക്ക് കമ്മീഷനോ? കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് വാഹന യാത്രക്കാരെ പിഴിയുന്നതായി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം; മറുനാടൻ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ

ആർ പീയൂഷ്

കോട്ടയം: കോവിഡ് കാലത്ത് മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി വ്യാപകമാകുന്നു. ഇതേ ചൊല്ലി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണങ്ങളും തകൃതിയാണ്. അനാവശ്യമായി അമിതതുക പിഴയീടാക്കുന്നതായി കാട്ടിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. പ്രചാരണങ്ങളുടെ സത്യാവസ്ഥ മറുനാടൻ അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ.

മോട്ടോർ വാഹന വകുപ്പിന് എതിരെയുള്ള പ്രചാരണങ്ങളും, അവയ്ക്ക് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണങ്ങളും പരിശോധിക്കാം.

പ്രചാരണം -1

വാഹന പ്രേമികളുടെ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു വാഹനത്തിൽ അലോയ് വീലുണ്ടായിരുന്നതിനാൽ അഞ്ച് ടയറുകൾക്കും 5000 രൂപ വച്ച് 25,000 രൂപ പിഴ ഈടാക്കി എന്ന തരത്തിലാണ് ഒരു വീഡിയോയിൽ പറയുന്നത്. പിന്നീട് ചില ഓഡിയോ ക്ലിപ്പുകളിൽ പെറ്റി എഴുതുന്ന ഉദ്യോഗസ്ഥന് കമ്മീഷനുണ്ടെന്നും കൂടിയ തുക എഴുതുമ്പോൾ അത്രയും കമ്മീഷൻ ലഭിക്കാനാണ് ഇത്തരത്തിൽ പെറ്റി എഴുതുന്നതെന്നുമാണ് മറ്റൊരാരോപണം. വീടിന്റെ കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് വരെ ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നു എന്നും സന്ദേശങ്ങളിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം

ഇത് വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വാഹനത്തിൽ അഞ്ച് ടയറുകളിലും അലോയ് വീലുള്ളതിന് 25000 രൂപ പെറ്റി അടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ റസീപ്റ്റ് എന്തായാലും ഉദ്യോഗസ്ഥൻ നൽകും. കാരണം ഇപ്പോൾ ഇ-ചെല്ലാൻ സംവിധാനമാണുള്ളത്. അപ്പോൾ അങ്ങനെയുള്ള എ്തെങ്കിലും തെളിവുമായിട്ടല്ലേ ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടത് എന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു വാഹനത്തിന് അലോയ് വീലുണ്ട് എന്ന് കരുതി വെറുതെ പെറ്റി അടിക്കില്ല. വാഹനത്തിൽ നിർമ്മാതാവ് അനുവദിച്ചിരിക്കുന്ന സൈസിൽ നിന്നും വ്യത്യസ്തമായി ആയി പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലും മറ്റും ഘടിപ്പിക്കുന്ന ഫാൻസി ടൈപ്പിലുള്ള അലോയ് വീലുകൾക്ക് മാത്രമാണ് പിഴ ചുമത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണം കഴിഞ്ഞാഴ്ച മുതൽ

മോട്ടോർ വാഹന വകുപ്പ് അന്യായമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്നു എന്ന്കാട്ടിയുള്ള ഓഡിയോ സന്ദേശങ്ങൾ കഴിഞ്ഞ ആഴ്ച മുതലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കാതിരുന്നത് കഴിഞ്ഞ മാസങ്ങളിൽ പുനരാരംഭിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ലോക്ഡൗൺ പിൻവലിക്കുകയും സർക്കാർ ,സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവസരത്തിൽ പൊതുഗതാഗത വാഹനങ്ങളുടെ കുറവുമൂലം സ്വകാര്യവാഹനങ്ങൾ ധാരാളമായി നിരത്തിലിറങ്ങുകയും വാഹനപരിശോധന കുറഞ്ഞ സാഹചര്യത്തിൽ ,അപകടങ്ങളും മരണങ്ങളും കൂടുന്ന അവസ്ഥയും ഉണ്ടായി. ഇതോടെ വീണ്ടും പരിശോധന തുടരാൻ തീരുമാനിക്കുകയായിരുന്നു.

സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ വാഹന പരിശോധന നടത്താൻ കഴിയുന്ന തരത്തിൽ ഇ-ചെല്ലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ മോട്ടോർ വാഹന വകുപ്പ് മൂന്നു മാസം മുൻപ് പ്രാവർത്തികമാക്കിയത് മുതൽ വാഹന പരിശോധന കർശനമായി നടന്നുവരുന്നു. ഇത്തരം പരിശോധനകൾ കർശനമായതിനെത്തുടർന്ന് ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗം വർദ്ധിക്കുകയും റോഡപകട മരണനിരക്ക് കുറയുകയും ചെയ്തു. ഇ-ചെല്ലാൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ ഫോട്ടോ, നിയമലംഘനങ്ങളുടെ ഫോട്ടോ എന്നിവ സഹിതം വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ തന്നെ പരിശോധന നടത്താമെന്ന സാഹചര്യം ഉണ്ടാവുകയും ഇത്തരത്തിൽ ധാരാളം നിയമലംഘനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. മുൻപ് തെളിവുകളുടെ അഭാവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പല നിയമലംഘനങ്ങളും ഇപ്പോൾ പുതിയ സംവിധാനം വഴി കേസെടുക്കുന്നുണ്ട്.

അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ പിഴയോ?

വാഹനങ്ങളിലെ അനിയന്ത്രിതമായതും അമിതമായതുമായ മോദിഫിക്കേഷനുകൾക്കെതിരെ കർശനമായും കേസ് എടുക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങളിൽ ഘടനാപരമായതും അപകടകരമായതുമായ മാറ്റങ്ങൾ ചെയ്തു നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രകോപിതരാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ പൊതുജനവികാരം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തിരിക്കുക എന്ന ഉദേശത്തോടെ ഇവരാവണം വ്യാജപ്രചാരണങ്ങൾ നടത്തുന്നതിന്റെ പിന്നിലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അലോയ് വീൽ ഘടിപ്പിച്ചാൽ വീൽ ഒന്നിന് 5000 രൂപ വെച്ച്, 20,000 രൂപ പിഴ എന്നിങ്ങനെയുള്ള കള്ളക്കഥകൾ പ്രചരിച്ചത്.

കൂടാതെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പെറ്റി എഴുതുന്നതിന്റെ 30 ശതമാനം കമ്മീഷൻ ലഭിക്കുന്നു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്യായമായി ആർക്കെങ്കിലും പിഴ ചുമത്തപ്പെട്ടു എന്ന തോന്നൽ ഉണ്ടായാൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ യെ സമീപിക്കാവുന്നതാണ്. പിഴയടയ്ക്കാൻ ആരെയും നിർബന്ധിക്കുന്നില്ലാത്ത സാഹചര്യത്തിൽ കുറ്റം സമ്മതിക്കുന്നുവെങ്കിൽ ഓൺലൈനായി പിഴയടയ്ക്കാനും അല്ലാത്തപക്ഷം കോടതിയുടെ തുടർ നടപടികളിൽ നിരപരാധിത്വം തെളിയിക്കാനും അവസരം ഉണ്ട്. അങ്ങനെയുള്ളപ്പോൾ മനഃപൂർവ്വം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് കൃത്യമായ ഗൂഢ ലക്ഷ്യം വച്ചു തന്നെയാണ്.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി മോട്ടോർ വാഹന വകുപ്പിന്റെ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വാഹനപരിശോധനയിൽ 2 മാസത്തിനുള്ളിൽ തന്നെ സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യാനും അപകടനിരക്ക് 37 ശതമാനത്തോളം കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാഹനപരിശോധനകളെ പറ്റിയുള്ള നിറംപിടിപ്പിച്ച കള്ളകഥകളിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളെയും അക്കങ്ങളെയും ചൊല്ലി

വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തിയതായി പരാതി. കല്ലാർ സ്വദേശിയായ സഞ്ചോ ജോയിയാണ് ഉദ്യോഗസ്ഥർ വൻ തുക പിഴ ഈടാക്കിയതയായി കാട്ടി ഇടുക്കി എൻഫോഴ്സ് മെന്റ് ആർ.ടി.ഒയ്ക്ക് പരാതി നൽകിയത്. എന്നാൽ നിയമപരമായ പിഴ മാത്രമേ ചുമത്തിയിട്ടുള്ളൂ എന്നും പരാതിക്കാരനെ നേരിൽ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിയുമെന്നും ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഹരികൃഷ്ണൻ മറുനാടനോട് പറഞ്ഞു.

ഫോട്ടോ ഗ്രാഫറായ സഞ്ചോ കഴിഞ്ഞ 28 ന് ജോലി സംബന്ധമായി തൊടുപുഴയിലെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴ ഈടാക്കിയത്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിൽ പേരെഴുതിയതിനും നമ്പർ പ്ലേറ്റ് കാണാൻ സാധിക്കാത്തതിനാലും പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നാണ് സഞ്ചോ പരാതിയിൽ പറയുന്നത്. എന്നാൽ നമ്പർ പ്ലേറ്റ് എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിലാണല്ലോ എന്ന് തിരിച്ചു പറഞ്ഞപ്പോൾ സർക്കാർ ടാർഗറ്റ് തികയ്ക്കാനായി എന്തെങ്കിലും കാരണം പറഞ്ഞ് പിഴ ഈടാക്കുകയാണ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും പരാതിയിൽ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ 3000 രൂപ പെറ്റി ചുമത്തുകയും 14 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്യായമായ പിഴചുമത്തലാണ് എന്നും സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എന്നും സഞ്ചോ പരാതിയിൽ പറയുന്നു.

അതേസമയം പരാതിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സഞ്ചോയുടെ വാഹനം പരിശോധിക്കുമ്പോൾ മുൻ വശത്തെ ഗ്ലാസ്സിൽ പേരെഴുതിയിരുന്നത് വലിപ്പത്തിലായിരുന്നു. ഇത് എതിർ വശം വരുന്ന വാഹനങ്ങളിലേക്ക് ലൈറ്റ് റിഫ്ളെക്ട് ചെയ്ത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. പിന്നീട് ലൈറ്റുകളിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. സഞ്ചോയെകൊണ്ട് തന്നെ ഇത് നീക്കം ചെയ്യിക്കുകയും ചെയ്തു. ബമ്പറിൽ രണ്ടു ലൈറ്റുകളും അനധിൃതമായി ഘടിപ്പിച്ചിരുന്നു. കൂടാതെ നമ്പർ പ്ലേറ്റിന്റെ വലിപ്പവും കുറവായിരുന്നു. ഇതെല്ലാം ചേർത്ത് വലിയ തുക പിഴ ചുമത്താനുള്ള സാഹചര്യമായിരുന്നു. എന്നാൽ കോവിഡായതിനാൽ ജോലിക്ക് പോകാത്തതിനാൽ പിഴ അടക്കാൻ നിർവ്വാഹമില്ലെന്ന് ഇയാൾ പറയുകയും അതനുസരിച്ച് പിഴ തുക നമ്പർ പ്ലേറ്റിന് മാത്രം ചുമത്തുകയായിരുന്നു എന്നും ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു. 15 മിനിട്ടോളം ബോധ വൽക്കരണവും നൽകുകയും ചെയ്തു.

ഫോർ വീലർ മുതൽ മുകളിലേക്കുള്ള വാഹനങ്ങൾക്ക് 65 മില്ലിമീറ്റർ പൊക്കവും 10 മില്ലിമീറ്റർ കനവും അകലവുമാണ് വേണ്ടത്. എന്നാൽ ഇതിൽ നിന്നും വളരെ ചെറിയ വലിപ്പത്തിലാണ് നമ്പർ രേഖപ്പെടുത്തിയിരുന്നത്. കൂടാതെ നമ്പർ പ്ലേറ്റിൽ ചില നിറങ്ങളും പേരും രേഖപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് നമ്പർ പ്ലേറ്റുമായിരുന്നു. ഇതെല്ലാം നിയമ വിരുദ്ധമായതിനാലാണ് പിഴ ചുമത്തിയത് എന്നും ഉദ്യോഗസ്ഥർ പറയുന്നു. നമ്പർ പ്ലേറ്റുകൾ വേഗം ക്യാമറയിൽ പതിയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം കർശനമാക്കുന്നത്.

പരാതിയെ പറ്റിയുള്ള പ്രതികരണത്തിനായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഹരികൃഷ്ണനുമായി മറുനാടൻ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരന്റെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു. അതേ സമയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP