Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുണിടെക്കിന് വേണ്ടി ഇറക്കിയ കള്ള ഉത്തരവ് പോലെ ഒന്നുകൂടി; കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് പ്ലാൻ പോലുമില്ലാത്ത കെട്ടിടത്തിനു കിഫ്ബി നൽകിയത് അറുപത് കോടി രൂപ; പ്രോജക്റ്റ് കൺസൽട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ്; സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃക കേന്ദ്രത്തിലെ നിർമ്മാണം ജൈവ വൈവിധ്യ ബോർഡിന്റെയോ കോർപറേഷന്റെയോ അനുമതിയില്ലാതെ; നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ സ്ഥാനം പോയത് ജൈവ വൈവിധ്യ ബോർഡ് ചെയർമാന്; ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തെ ചുറ്റിപ്പറ്റി ആകെ ദുരൂഹത

യുണിടെക്കിന് വേണ്ടി ഇറക്കിയ കള്ള ഉത്തരവ് പോലെ ഒന്നുകൂടി; കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് പ്ലാൻ പോലുമില്ലാത്ത കെട്ടിടത്തിനു കിഫ്ബി നൽകിയത് അറുപത് കോടി രൂപ; പ്രോജക്റ്റ് കൺസൽട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ്; സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃക കേന്ദ്രത്തിലെ നിർമ്മാണം ജൈവ വൈവിധ്യ ബോർഡിന്റെയോ കോർപറേഷന്റെയോ അനുമതിയില്ലാതെ;  നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടതോടെ സ്ഥാനം പോയത്  ജൈവ വൈവിധ്യ ബോർഡ് ചെയർമാന്; ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തെ ചുറ്റിപ്പറ്റി ആകെ ദുരൂഹത

എം മനോജ് കുമാർ

 കൊല്ലം: ജൈവ പൈതൃക കേന്ദ്രമായ ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം എന്ന പേരിൽ അറുപത് കോടി മുടക്കി വൻകിട കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്നെതിരെ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രതിഷേധം ശക്തമാകുന്നു. അഷ്ടമുടി കായലിനോട് ഓരം ചേർന്നുള്ള ഈ ജൈവ വൈവിധ്യകേന്ദ്രത്തിൽ കോൺക്രീറ്റ് കാട് കെട്ടിപ്പൊക്കുന്നതിന്നെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് സാംസ്‌കാരിക പ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും കൂട്ടായ്മയിൽ തീരുമാനമായത്.

അഷ്ടമുടികായലിന്റെ തീരത്തുള്ള കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച ജൈവ പൈതൃക കേന്ദ്രത്തിലാണ് ഈ കോൺക്രീറ്റ് കാട് ഉയരുന്നത്. കിഫ്ബിയിൽ നിന്നും കാശ് എടുത്താണ് 56 കോടിയുടെ കെട്ടിടം ഇവിടെ കെട്ടിപ്പൊക്കുന്നത്. ജൈവ വൈവിധ്യ കേന്ദ്രത്തിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി വൻകിട കെട്ടിട സമുച്ചയ നിർമ്മാണം നടക്കുന്നത് മുൻപ് തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ തുടങ്ങാൻ തീരുമാനിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയും ഈ കെട്ടിട സമുച്ചയത്തിലാണ് വരുന്നത് എന്നും സൂചനയുണ്ട്.

ഒട്ടനവധി ദുരൂഹതകളാണ് സാംസ്‌കാരിക സമുച്ചയത്തെ ചൊല്ലി ഉയരുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കൈവശമുണ്ടായിരുന്ന 72 ഏക്കറോളം സ്ഥലത്ത് നിന്നും മൂന്നര ഏക്കറോളം സ്ഥലം സാംസ്‌കാരിക വകുപ്പിന് കൈമാറിയാണ് ഈ കൂറ്റൻ കെട്ടിടം പടുത്തുയർത്തുന്നത്. ജൈവ പൈതൃക കേന്ദ്രത്തിലെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എസ്.സി.ജോഷിയെ സർക്കാർ ഈ പോസ്റ്റിൽ നിന്നും തെറുപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പ്ലാൻ കൊല്ലം കോർപറേഷനിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. വിവരാവകാശ പ്രവർത്തകൻ എം.കെ.സലിം കോർപറേഷനിൽ ബന്ധപ്പെട്ടപ്പോൾ പ്ലാൻ ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചത് എന്നാണ് സലിം മറുനാടനോട് പറഞ്ഞത്. നിർമ്മാണം നടക്കുന്ന കാര്യം കൊല്ലം കളക്ടറും അറിഞ്ഞിട്ടില്ല. പ്ലാൻ ഇല്ലാത്ത നിർമ്മിതി നിർത്തിവയ്ക്കാൻ കോർപറേഷൻ നോട്ടീസ് നൽകിയേക്കും.

കേരളത്തിൽ വിവാദമാകാൻ വേണ്ട ചേരുവകൾ മുഴുവൻ ഈ കെട്ടിടസമുച്ചയത്തിൽ അടങ്ങിയിട്ടുണ്ട്. കിഫ്ബിയുടെ അറുപത് കോടി രൂപ. പ്ലാൻ പോലുമില്ലാത്ത ഒരു കെട്ടിടസമുച്ചയത്തിനാണ് കിഫ്ബി അറുപത് കോടി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ കൊല്ലം ആശ്രാമം ഗസ്റ്റ് ഗൗസ് പരിസരത്ത് തന്നെയാണ് ഈ കോൺക്രീറ്റ് കാട് ഉയരുന്നത്. സംസ്ഥാനം ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്താൻ ആലോചിക്കുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ആണ് പ്രോജക്റ്റ് കൺസൽട്ടൻസി. കോർപറേഷനോ, കലക്ടറോ അറിയാതെയാണ് നിർമ്മാണം നടത്തുന്നത്.

ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം എന്ന വൻകിട കെട്ടിട സമുച്ചയത്തിന്റെ പ്ലാൻ പോലും ലഭ്യമല്ലാത്ത അവസ്ഥയും. സംസ്ഥാനത്തെ ജൈവ പൈതൃക കേന്ദ്രത്തിൽ എങ്ങനെയാണ് കോൺക്രീറ്റ് കാടിനു കോർപറേഷന് ലൈസൻസ് കൊടുക്കാൻ കഴിയുക എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. ഇത്രയും പ്രശ്‌നങ്ങൾ തുടരുമ്പോഴും കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഇതുവരെ നിർത്തിവയ്ക്കുകയും ചെയ്തിട്ടില്ല. സ്‌കാരിക പ്രവർത്തകർക്ക് സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമ്മാണ ചുമതല നൽകിയിട്ടുണ്ട്. പക്ഷെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകർ ഈ സമിതിയിൽ ഉൾപ്പെട്ടിട്ടുമില്ല.

അതീവ ജൈവപ്രാധാന്യമുള്ള സ്ഥലത്താണ് കോൺക്രീറ്റ് കാട് വരുന്നത് എന്നതിനാലാണ് കൊല്ലത്ത് പ്രതിഷേധം രൂക്ഷമാകുന്നത്. അപൂർവമായ വിവിധ ഇനം കണ്ടലുകൾ ആശ്രാമം ഗസ്റ്റ് ഹൗസ് ഉൾപ്പെടുന്ന അഷ്ടമുടിക്കായലിന്റെ പരിസരത്തുണ്ട്. 15 തരം കണ്ടലുകളും അതിനു അനുബന്ധമായി 22 തരം കണ്ടലുകൾ വേറെയുമുണ്ട്. 122 തരം ജലസസ്യങ്ങളും ഭക്ഷ്യയോഗ്യമായ മുപ്പത്തിനാല് തരം മീൻ വർഗങ്ങളും 62ൽ പരം പക്ഷികളുമുണ്ട്. 160 ൽ പരം അപൂർവ സസ്യങ്ങളും ഈ മേഖലയിലുണ്ട്. ചരിത്രപ്രാധാന്യമുള്ള ഗസ്റ്റ് ഹൗസ് ആണ് ആശ്രാമത്തിലേത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച ഗസ്റ്റ് ഹൗസ് ആണിത്. ഇത്രയധികം പ്രത്യേകതകൾ ഉള്ള മേഖലയായതിനാലാണ് സംസ്ഥാനത്ത് ആദ്യമായി ജൈവ പൈതൃക കേന്ദ്രമായി ഈ ആശ്രാമം ഗസ്റ്റ് ഹൗസ് മേഖലയെ പ്രഖ്യാപിച്ചത്. മുംബൈ ആസ്ഥാനമായ റേ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 56 കോടിയുടെ നിർമ്മാണത്തിനു പിന്നിൽ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് ഉൾപ്പെടെ രണ്ടു കൺസൽട്ടൻസികൾ എന്നത് തന്നെ സംശയാസ്പദവും ദുരൂഹവുമായി നിലനിൽക്കുന്നു. കർണാടക ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷനെ .പ്രോജക്റ്റ് മാനെജ്മെന്റ് കൺസൽട്ടൻസിയാക്കിയും മാറ്റിയിട്ടുമുണ്ട്.

ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇതിന്റെ നിർമ്മാണം തടയണം എന്ന് കോർപറേഷൻ തന്നെ അവശ്യപ്പെട്ടിട്ടുണ്ട്-ബയോഡൈവേഴ്സിറ്റി ബോർഡിന്റെ കൊല്ലം കോർഡിനെറ്റർ രാഖി മറുനാടനോട് പറഞ്ഞിരുന്നു. നിർമ്മാണം തടയുന്നതുമായി ബന്ധപ്പെട്ടു തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്ത് പുതിയ നിർമ്മിതി വരുമ്പോൾ ബോർഡിനെ അറിയിക്കണം. എന്നാൽ ബോർഡിനെ അറിയിച്ചിട്ടില്ല. ഇപ്പോൾ പരാതി വന്നിട്ടുണ്ട്. സാംസ്‌കാരിക സമുച്ചയ നിർമ്മാണം നിർത്തിവയ്ക്കാൻ തന്നെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്-രാഖി പറയുന്നു.

 

ഇത് വലിയ അഴിമതിയാണ് വിവരാവകാശ പ്രവർത്തകൻ എം.കെ.സലിം മറുനാടനോട് പറഞ്ഞു. ഒരു പ്ലാനുമില്ലാതെയാണ് സാംസ്‌കാരിക സമുച്ചയം ജൈവ പൈതൃക കേന്ദ്രത്തിൽ ഉയരുന്നത്. ബയോഡൈവേഴ്സിറ്റിക്കാർ അറിഞ്ഞിട്ടില്ല

യൂണിടെക്കിന് വേണ്ടി ഇറക്കിയ കള്ള ഓർഡർ പോലെയാണ് ഈ ഓർഡറും ഇറക്കിയിരിക്കുന്നത്. നിലവിലെ 72 ഏക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിനു അനുമതിയില്ല. എന്നിട്ടും 56 കോടി രൂപയുടെ വലിയ കെട്ടിട സമുച്ചയം പണിതുയർത്തുകയാണ് ചെയ്യുന്നത്. ഇത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ്-സലിം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP