Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുരളീമനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് 'ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചുപറഞ്ഞത് ഉമാഭാരതി; മിനിറ്റുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു; ചോദിച്ച പണം കൊടുത്ത് കാവി തുണി വാങ്ങി തലയിൽ കെട്ടി 'ജയ് ശ്രീറാം' വിളിച്ചാണ് ഞങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ടത്'; ബാബറി മസ്ജിദ് തകർത്തതിന് ദൃക്സാക്ഷിയായ ജോൺ ബ്രിട്ടാസിന്റെ ലേഖനം വൈറൽ

മുരളീമനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് 'ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചുപറഞ്ഞത് ഉമാഭാരതി; മിനിറ്റുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു; ചോദിച്ച  പണം കൊടുത്ത് കാവി തുണി വാങ്ങി തലയിൽ കെട്ടി 'ജയ് ശ്രീറാം' വിളിച്ചാണ് ഞങ്ങൾ അവിടെ നിന്ന് രക്ഷപ്പെട്ടത്'; ബാബറി മസ്ജിദ് തകർത്തതിന് ദൃക്സാക്ഷിയായ ജോൺ ബ്രിട്ടാസിന്റെ ലേഖനം വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത കേസിൽ 28 വർഷത്തിനുശേഷം എല്ലാവരെയും കുറ്റവിമക്തുരാക്കി സിബിഐ കോടതിയുടെ വിധി വന്ന ദിവസമാണ് ഇന്ന്. കോടതിക്ക് ഇതിൽ ഒരു ഗൂഢാലോചനയും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഇത് പൊലീസ് സംരക്ഷണയോടെ നടന്ന കൃത്യമായ രാഷ്ട്രീയ നീക്കം തന്നെയായിരുന്നെന്നാണ്, പള്ളി തകർന്നു വീഴുന്നതിന് സാക്ഷിയായ മാധ്യമ പ്രവർത്തകൻ ജോൺബ്രിട്ടാസ് പറയുന്നത്. അക്രമാസക്തരായ ആൾക്കൂട്ടത്തിൽനിന്ന് ഭാഗ്യത്തിനാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും ബ്രിട്ടാസ് മൂന്ന് വർഷം മുമ്പ് എഴുതിയിരുന്നു. ഈ ലേഖനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

ബ്രിട്ടാസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിൽനിന്ന് ആഗ്രയിലെ താജ്മഹലിലേക്കുള്ള ദൂരം എത്രയാണ്? ആഗ്ര ലഖ്‌നൗ എക്സ്‌പ്രസ് വേയും തുടർന്ന് ദേശീയപാത 27ഉം എടുത്താൽ 475 കിലോമീറ്റർ എന്ന് ഉത്തരം പറഞ്ഞിരുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും സൃഷ്ടിച്ച വിദ്വേഷത്തിന്റെ ശൃംഖലതാണ്ടി വേണം ആഗ്രയിലെത്താൻ.

ബാബ്‌റി മസ്ജിദിന്റെ പതനത്തിന് കാൽനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ഇന്ത്യ എത്തപ്പെട്ട വഴിത്താരയുടെ നഖചിത്രം ഇതാണ്. ബാബ്‌റി മസ്ജിദ് അവസാനം കാണാൻ ഭാഗ്യം സിദ്ധിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് ഞാൻ.

അന്ന് ദേശാഭിമാനിക്കുവേണ്ടി എഴുതിയ വാർത്താശകലങ്ങൾക്ക് പ്രവചനങ്ങളുടെ സ്വഭാവമാണ് ഉണ്ടായത്. ഡിസംബറിന്റെ കൊടുംതണുപ്പിൽ മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങളുടെ വെളുത്ത അംബാസഡർ ഫൈസാബാദിൽനിന്ന് അയോധ്യയിലേക്ക് തിരിച്ചപ്പോൾ അത് 'മതനിരപേക്ഷഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു എന്നു ഞങ്ങളാരും നിനച്ചിരുന്നില്ല...'. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുമ്പോൾ അന്ന് കോറിയ വരികൾ അക്ഷരംപ്രതി ശരിയായിരുന്നു. മസ്ജിദിന്റെ ധൂളികൾ കോറിയിട്ട വരകളിലൂടെയാണ് പിൽക്കാല ഇന്ത്യൻ രാഷ്ട്രീയം ചലിച്ചത്.

വാർത്താ മുഹൂർത്തങ്ങൾ ചരിത്രത്തിന്റെ ഗതിയെമാത്രമല്ല, ഒരു മാധ്യമപ്രവർത്തകന്റെ രൂപീകരണത്തെയും സ്വാധീനിക്കുന്നു.മൂന്നുപതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തനപരിചയം വിശകലനം ചെയ്യുമ്പോൾ മനസ്സിലേക്ക് എത്തിനോക്കുന്ന എണ്ണമറ്റ വാർത്താമുഹൂർത്തങ്ങളുണ്ട്. ഞാനെന്ന മാധ്യമപ്രവർത്തകന്റെ ചിന്തയെയും നിലപാടുകളെയും കാഴ്ചപ്പാടുകളെയും നിർണയിക്കുന്നതിൽ ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് ചില്ലറയല്ലാത്ത സ്വാധീനമുണ്ട്.

ബൊഫോഴ്‌സ് കുംഭകോണം, ബാബ്‌റി മസ്ജിദ് തകർച്ച, എണ്ണമറ്റ വർഗീയകലാപങ്ങൾ, ഗുജറാത്തിലെ ഭൂകമ്പം, ഗുജറാത്തിലെ മുസ്‌ളിം കൂട്ടക്കുരുതി, ഇറാഖ് യുദ്ധം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞത് വലിയതോതിൽ എന്റെ ചിന്താപഥത്തെ നിർണയിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ചില വാർത്താവിസ്‌ഫോടനങ്ങളുടെ ബാക്കിപത്രം മനസ്സിൽ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. മറക്കാനാഗ്രഹിക്കുന്ന ഈ പ്രതലങ്ങൾ പലപ്പോഴും കാലികരാഷ്ട്രീയത്തിൽ തെളിഞ്ഞുവരാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബർ ആറ് എന്ന കറുത്തദിനമാണ്.

500 വർഷം പഴക്കമുള്ള ബാബ്‌റി മസ്ജിദിന്റെ തകർച്ച റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽനിന്ന് വണ്ടികയറിയതുമുതലുള്ള ഓരോ രംഗവും ഒരുനിമിഷംകൊണ്ട് എനിക്ക് ഓർത്തെടുക്കാനാകും. ഡിസംബർ ആറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തിൽ വെള്ളകീറുന്നതിനുമുമ്പ് ഫൈസാബാദിലെ ഹോട്ടലിൽനിന്ന് ഞങ്ങൾ ഒരുകൂട്ടം മാധ്യമപ്രവർത്തകർ അയോധ്യയിലേക്ക് യാത്ര ആരംഭിച്ചു.

അഞ്ചു കിലോമീറ്റർമാത്രമേ ദൂരമുള്ളൂവെങ്കിലും അംബാസഡർ കാറിനുള്ളിൽ ഞെരുങ്ങിയിരുന്ന് നിശബ്ദതയുടെ ആഴങ്ങളിൽ ഓരോരുത്തരും നീണ്ട അനുമാനങ്ങൾ നടത്തിയിട്ടുണ്ടാകും. വെങ്കിടേഷ് രാമകൃഷ്ണൻ, എം കെ അജിത്കുമാർ, ഇ എസ് സുഭാഷ്, പി ആർ രമേഷ്, മുരളീധർ റെഡ്ഡി എന്നിങ്ങനെ ഒരുപിടി പേരുകൾ മനസ്സിലേക്ക് വരുന്നു.

ബാബ്‌റി മസ്ജിദിന് തൊട്ട് എതിരെയുള്ള മാനസ്ഭവന്റെ പടവുകൾ ചവിട്ടി ടെറസ്സിലേക്ക് പോകുമ്പോൾ അന്തരീക്ഷം 'ജയ് ശ്രീറാം' വിളികളാൽ മുഖരിതമായിരുന്നു.

കാവിത്തുണികളും ഷാളുകളും തലപ്പാവുകളും ത്രിശൂലങ്ങളും വിറ്റുകൊണ്ടിരുന്ന ഒരുകൂട്ടംപേരെ വകഞ്ഞുമാറ്റിയാണ് ഞങ്ങൾ ടെറസ്സിലെത്തിയത്. മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സിൽ പുറത്ത് ബിജെപിയുടെയും സംഘപരിവാറിന്റെയും മുതിർന്ന നേതാക്കൾ തങ്ങിയിരുന്നു.

എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, അശോക് സിംഗാൾ എന്നിവരും ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കർസേവകർക്കിടയിൽ തല ഉയർത്തിപ്പിടിച്ച് നിൽപ്പുണ്ട്.

ഇടയ്ക്കിടയ്ക്ക് ഇവർ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചുകൂടിയിരുന്ന കർസേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോർത്തുനിന്ന അന്നത്തെ അന്തരീക്ഷം മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.

പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിയിലുള്ള വെല്ലുവിളികളും ഉയർന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യക്ക് ഇതൊക്കെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ, സൂര്യൻ ഞങ്ങളുടെ ഉച്ചിക്കുമുകളിൽ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു.

ഞങ്ങളെയാകെ സ്തംബ്ധരാക്കിക്കൊണ്ട് എവിടെനിന്നോ നൂറുകണക്കിന് കർസേവകർ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയർന്നു. ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷത്തിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിയുമായിരുന്നു.

മുരളീമനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് 'ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചുപറയുന്ന ഉമാഭാരതിയുടെ ചിത്രം മറക്കുന്നതെങ്ങനെ. അവിശ്വസനീയമായിരുന്നു രംഗം. മിനിറ്റുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു.

വിശ്വസിക്കാനാകാതെ കണ്ണ് തിരുമ്മി തുറന്ന ഞങ്ങൾ മറ്റൊരു അപകടംകൂടി അഭിമുഖീകരിക്കാൻ പോവുകയായിരുന്നു. എവിടെയോ തയ്യാറാക്കിയ തിരക്കഥപോലെ പത്രക്കാർക്കെതിരെയുള്ള വേട്ട ആരംഭിച്ചു. കുറുവടി ഏന്തിവന്ന ഒരുപറ്റം കർസേവകർ മാധ്യമപ്രവർത്തകരെ തലങ്ങും വിലങ്ങും മർദിച്ചു. ബാലൻ എന്ന പേര് സ്വീകരിക്കാൻ എനിക്ക് നിമിഷങ്ങളേ വേണ്ടിയിരുന്നുള്ളൂ.

മാനസ്ഭവന്റെ ടെറസ്സിൽ കുടുങ്ങിയ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും? എന്റെ എളിയ ബുദ്ധിയിൽ വിരിഞ്ഞ ഒരാശയം ഞങ്ങൾക്ക് സുരക്ഷാ ഇടനാഴി തീർക്കാൻ സഹായിച്ചു. വിൽപ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി പലകഷണങ്ങളാക്കി ഞങ്ങൾ ഓരോരുത്തരും തലയിൽ കെട്ടി. അപ്പോഴേക്കും വിൽപ്പനക്കാർ തുണിയുടെ വില പതിന്മടങ്ങായി ഉയർത്തിയിരുന്നു.

ജീവന്റെ മുമ്പിൽ ഇതൊക്കെ നിസ്സാരമായിരുന്നതുകൊണ്ട് ചോദിച്ച പണം കൊടുത്ത് തുണി വാങ്ങി കെട്ടി. കാവിയുടെ ആവരണത്തിൽ കർസേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങൾ 'ജയ് ശ്രീറാം' എന്ന് വിളിച്ച് പടിയിറങ്ങി. ഒരുവിധത്തിൽ സുരക്ഷിതമായ ഭൂമികയിലേക്ക് ˜ഞങ്ങൾ പലായനം ചെയ്തു.

മസ്ജിദ് തകർത്തതിന്റെ പിറ്റേന്ന് ഞങ്ങൾ അയോധ്യ സന്ദർശിച്ചു. അപ്പോഴേക്കും കോലാഹലങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ടതുകൊണ്ട് കേന്ദ്രഭരണത്തിന്റെ തണലിലായി ഈ ഭൂമികയും. കൊടുംചതിയുടെ കഥകൾ വിളിച്ചുപറഞ്ഞ് സരയു നദി ഒഴുകിക്കൊണ്ടേയിരുന്നു.

ബാബ്‌റി പള്ളി നിലനിന്ന സ്ഥാനത്ത് ടാർപോളിൻ കെട്ടിയ ടെന്റിനുള്ളിൽ അമ്പലം തീർത്തുകഴിഞ്ഞിരുന്നു. തലേന്ന് ചരിത്രമന്ദിരം പൊളിക്കുമ്പോൾപ്പോലും നിഷ്‌ക്രിയരായി കടലകൊറിച്ച് സരയു നദിക്കരയിൽ കഴിഞ്ഞിരുന്ന കേന്ദ്ര സേനാംഗങ്ങൾ താൽക്കാലിക ക്ഷേത്രത്തിന് കാവൽ നിൽക്കുന്നതിന്റെ വിരോധാഭാസം തിരിച്ചറിയാതിരുന്നില്ല.

ബാബ്‌റി പള്ളി തകർക്കുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്രത്തിലെ നരസിംഹറാവു സർക്കാർ നിശബ്ദത പാലിച്ചത്? നിർണായക ഘട്ടത്തിൽ അദ്ദേഹം പൂജാമുറിയിലായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. അയോധ്യയിലുയർന്ന ഭ്രാന്തൻ മന്ത്രോച്ചാരണങ്ങൾക്ക് ശക്തിപകരാൻ റാവു ധ്യാനമഗ്‌നനായിട്ടാണോ പൂജാമുറിയിൽ നിമിഷങ്ങൾ തള്ളിനീക്കിയത്?

കാൽനൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോധ്യയിൽ നടന്ന സംഭവവികാസങ്ങൾ എന്റെ മനസ്സിനെ ഇന്നും കൊളുത്തിവലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കംമറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചിരിക്കുന്നത്. അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടരവ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്.

1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ഞാനാദ്യം അയോധ്യയിൽ എത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡൽഹിയിൽനിന്ന് തീവണ്ടിയുടെ ജനറൽ കംപാർട്‌മെന്റിൽ ലഖ്‌നൗവരെ. അവിടെനിന്ന് യുപി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തുരുമ്പിച്ച ബസിൽ ഫൈസാബാദിലേക്ക്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യയായിരുന്നില്ല എന്റെ മുമ്പിൽ.

ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിക്കാൻ പോകുന്ന വൻവിപത്തിന്റെ വാതായനമായിട്ടാണ് എനിക്കന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ എന്റെ നാവിൽ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസിൽ തുടങ്ങി മൂന്നുവർഷത്തിനുള്ളിൽ മസ്ജിദിനെ കീഴ്‌പെടുത്തി അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ, ഇന്ത്യൻ രാഷ്ട്രീയം പതുക്കെ തമോഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.

കാൽനൂറ്റാണ്ടുമുമ്പ് അയോധ്യയിൽ സംഹാരമാടിയ ശൂലം ദീപിക പദുകോണിന്റെ മൂക്കിനുനേർക്ക് തിരിയുമ്പോൾ, നമ്മുടെ സ്വാതന്ത്യ്‌രവും ബഹുസ്വരതയും മൂക്കോളം മുങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു

(ബാബ്റി മസ്ജിദ് തകർത്ത സംഭവം ദേശാഭിമാനിക്കുവേണ്ടി അയോധ്യയിൽ പോയി റിപ്പോർട്ട് ചെയ്ത ജോൺ ബ്രിട്ടാസ് 2017 ഡിസംബർ ആറിനു പ്രസിദ്ധീകരിച്ച ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP